Friday, September 25, 2009

തൂവൽനിറച്ച തലയണകൾ-മാത്യു നെല്ലിക്കുന്ന്‌mathew nellickunnu
ഇയ്യിടെ അവൾക്കെന്തൊക്കെയോ മാറ്റം സംഭവിച്ചിട്ടുണ്ട്‌. എന്താണാവോ കാരണം? അയാൾക്കത്ഭുതം തോന്നി.
അവധി ദിവസങ്ങളിലെ അവളുടെ നീണ്ട ഷോപ്പിങ്ങുകളും വ്യായാമ സങ്കേതത്തിലേക്കുള്ള പ്രയാണങ്ങളും അദ്യമൊക്കെ അയാൾ കൗതുകത്തോടെയാണ്‌ വീക്ഷിച്ചതു. ബ്യൂട്ടിപാർലറുകൾ സന്ദർശിച്ചതിന്റെ സുദീർഘമായ വിവരങ്ങൾ അയാൾ ക്ഷമയോടെ കേട്ടു കൊണ്ടിരുന്നു. ദിവസവും നിലക്കണ്ണാടിയുടെ മുൻപിൽ മേക്കപ്പിനു വേണ്ടി ധാരാളം സമയം ചെലവഴിക്കുക എന്നത്‌ അവളുടെ ദിനചര്യയുടെ ഭാഗമായി മാറുന്നത്‌ അയാൾക്ക്‌ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഒരിക്കൽ ഷോപ്പിങ്ങു കഴിഞ്ഞ്‌ രണ്ടു പുതിയ തലയണകളുമായി വന്നു. തൂവൽനിറച്ച തലയണകൾ. അവയുടെ നേർമ്മയും ഭംഗിയും അയാളെ ഏറെ ആകർഷിച്ചു.
പിന്നീടൊരു ദിവസം അവൾ ജോലിക്കു പോയപ്പോൾ അയാൾ രഹസ്യമായി ആ തലയണകളെടുത്തു മടിയിൽ വച്ചു. അയാൾക്ക്‌ അവയെ ലാളിക്കാനും താലോലിക്കാനും തോന്നി. അവയുടെ തൂവൽ സ്പർശം അയാൾ അനുഭവിച്ച്‌ ആസ്വദിച്ചു. തന്റെ ഭാര്യ അത്തരം ഓമനത്തമുള്ള തലയണകൾ കണ്ടെത്തിയതിൽ അയാൾ ഗോ‍ൂഢമായി ആനന്ദിച്ചു.
അക്കാലത്ത്‌ അവളുടെ മൗനത്തിന്റെ നിമിഷങ്ങൾ നീളുകയും അപ്പോഴെല്ലാം നീണ്ട നിശ്വാസങ്ങൾ അവളറിയാതെ അവളിൽ നിന്നുതിരുകയും ചെയ്തു. ആ തൂവൽത്തലയണകളിൽ അഭയം തേടുമ്പോഴാണ്‌ അവൾ ദീർഘചിന്തകളിൽ ആമഗ്നയായിത്തീർന്നിരുന്നത്‌.
അയാൾ മുറിയിൽ വന്ന അവസരങ്ങളിൽ അവളുടെ മനസ്സ്‌ മറ്റെവിടെയോ ആയിരുന്നു. നിദ്രയിൽ വീണുകിട്ടാത്ത മറ്റേതോ വിശ്രമസങ്കേതങ്ങൾ അവളുടെ തിളങ്ങുന്ന കണ്ണുകളിൽ അയാൾ കണ്ടു.
അവളുടെ ഏകാന്തത്തയെ അയാൾ ഒരിക്കലും അലോസരപ്പെടുത്തിയില്ല.
ആ തലയണകളെയും അവ സൂക്ഷിച്ചിരുന്ന മെത്തയെയും അതു കിടന്നിരുന്ന മുറിയെയും അവൾ ഇഷ്ടപ്പെടുന്നുവേന്ന്‌ അയാളറിഞ്ഞു. അവയെ വിട്ടുപോകാനാവാത്തവണ്ണം അവളെപ്പോഴും അവയിൽ തലചായ്ച്ചു കിടന്നു.
അവളുടെ സ്വൈരംകെടുത്താതിരിക്കാൻ അയാൾ പലപ്പോഴും അടുക്കളയിൽ കയറി തന്നത്താൻ ഭക്ഷണം പാചകം ചെയ്തു. ചൂടുള്ള കാപ്പി അവൾക്കുവേണ്ടി അയാൾ കിടപ്പറയിൽ കൊണ്ടുചെന്നെങ്കിലും അൽപം സ്വസ്ഥതയും വിശ്രമവും മാത്രമാണു തനിക്കു വേണ്ടതെന്ന്‌ അവൾ പറഞ്ഞു.
വീട്ടുകാര്യങ്ങളിൽ അവൾ കാണിച്ച അനാസ്ഥ അയാളെ അമ്പരപ്പിക്കാതിരുന്നില്ല. എങ്കിലും ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകളും തൊഴുത്തിൽക്കുത്തുമൊക്കെയാവാം ഇതിനെല്ലാം കാരണമെന്ന്‌ അയാൾ ആശ്വസിച്ചു.
വാരാന്ത്യത്തിൽ ജിമ്മിയുടെ വീട്ടിൽ നടക്കാനിരിക്കുന്ന വിരുന്നിനെക്കുറിച്ച്‌ അയാൾ ഭാര്യയെ വീണ്ടും ഓർമ്മിപ്പിച്ചു. എന്നാൽ അവൾ അതിൽ തീരെ താൽപര്യം കാട്ടിയില്ല. 'ഞാനിവിടെയെങ്ങാനും കിടന്നു കൊള്ളാം. നിങ്ങൾ പോയേച്ചു വന്നാ മതി.'
വിരുന്നിനു പോവാൻ കൂട്ടാക്കാതെ അവൾ തന്റെ സ്വകാര്യമായ ഏകാന്തത്തയിൽ തൂവൽത്തലയണകളെ കൂട്ടുപിടിച്ചു കിടന്നു.
ജിമ്മിയുടെ ക്ഷണം നിരസിക്കാൻ അയാൾ ഒരുക്കമായിരുന്നില്ല. പല കാര്യങ്ങളിലും പലപ്പോഴും അയാളെ സഹായിച്ചിട്ടുള്ള സുഹൃത്താണു ജിമ്മി.
ജിമ്മിയുടെ സ്വീകരണ മുറിയിൽ അയാൾ ഏറെ നേരം ചെലവഴിച്ചു.
സംസാരത്തിനിടയ്ക്ക്‌ ജിമ്മി ആയിടെ വാങ്ങിയ തൂവൽത്തലയണകൾ അയാളെ കാണിച്ചു. അവയിൽ തലവെച്ചു കിടക്കുമ്പോഴുണ്ടാകുന്ന സുഖത്തെക്കുറിച്ചു ജിമ്മി വിവരിച്ചപ്പോൾ അയാൾ തലയാട്ടി കേട്ടുകൊണ്ടിരുന്നു.