Saturday, September 26, 2009

മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...-ഷൈന്‍






shine

യാത്ര -1
മഞ്ജനകരൈയിലെ തണുത്ത രാവുകളിൽ ഒന്നിച്ചിരുന്ന സം സാരിച്ച കുറെ സുഹ്രുത്തുക്കളെ ഇന്നു FaceBook വഴി കണ്ടുമുട്ടാൻ പറ്റി.
എന്റെ ജീവിതത്തിലെ ഏറ്റവും സ്വഛ്ചവും,
സ്വതന്ത്രവുമായ ദിവസങ്ങൾ..


ഊട്ടിയിൽ നിന്നും ഒരു 10 minute നീലഗിരി റെയിൽ പാതയിലൂടെ നടന്നാൽ എത്തിച്ചേരുന്ന തേയിലതോട്ടങ്ങൾക്കിടയിലുള്ള ഗ്രാമമാണു മഞ്ജനകരൈ. അവിടെ Fernhill ൽ ആയിരുന്നു ഞാനും സുഹ്രുത്തുക്കളും കഴിഞ്ഞിരുന്നതു.

Libraryൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നതു. എന്നെ അവിടെ താമസിപ്പിച്ചതു Computer അവിടെ ആയിരുന്നതു കൊണ്ടാണു. പക്ഷെ പുസ്തകങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്കു Fantacy പോലെ സ്വപ്നതുല്യമായ ഒരനുഭവം ആയിരുന്നു അത്‌. മഹാന്മാരുടെ ചിത്രങ്ങൾ തൂക്കിയ മുറിയിൽ, അവരെഴുതിയ പുസ്തകങ്ങൾ നിറഞ്ഞ അലമാരകൾക്കിടയിൽ കിടന്നു ഉറക്കത്തിലേക്കു ശരിക്കും നടന്നു കയറുക ആയിരുന്നു. ജീവിതവും, വിധിയും തമ്മിലുള്ള സംവാദങ്ങളും, മനോഹരമായ ചിത്രങ്ങളും നിറഞ്ഞ സ്വപ്നങ്ങൾ.

പുലർകാലങ്ങളിൽ നന്നെ തണുപ്പായിരിക്കും. എന്നാലും ഞാൻ രാവിലെ അഞ്ചര- ആറ്‌ ആവുമ്പോൾ തന്നെ എഴുന്നേറ്റു കുളിക്കുമായിരുന്നു. ഞാൻ എഴുന്നേൽക്കുന്നതിനു മുൻപു തന്നെ, മറ്റൊരു സുഹ്രുത്ത്‌ എഴുന്നേറ്റ്‌ എല്ലാവർക്കും കുളിക്കാനുള്ള വെള്ളം ചൂടാക്കും. കുളിച്ചിട്ടു ഞാൻ തിരികെ Libraryയിൽ പോയി, കിഴക്കോടുള്ള വലിയ ജനാലയുടെ അടുത്ത്‌ ഒരു കസേര വലിചിട്ടു അവിടെ ഇരിക്കും. ചിലപ്പോൾ Art Sectionൽ നിന്നും ഏതെങ്കിലും Paintingsന്റെ Print ഉള്ള പുസ്തകം എടുത്തു തുറന്നു വെചു അതും നോക്കിയിരിക്കും.


കുറച്ചു കഴിഞ്ഞാൽ പുകപോലെ മഞ്ഞുമൂടിയ മലഞ്ചെരിവിനും, അതിനുമപ്പുറത്തുള്ള മലയോരങ്ങൾക്കും അപ്പുറത്തു കിഴക്കു വെള്ള കീറുന്നതു കാണാം.. തേയില തോട്ടങ്ങൾക്കപ്പുറമുള്ള മലഞ്ചെരിവിലെ നടപ്പാത തെളിഞ്ഞു വരും.. എങ്ങുനിന്നോ വരുന്ന അ വഴി അവസാനിക്കുന്നതു ഞങ്ങളുടെ മലഞ്ചെരിവ്‌ അവസാനിക്കുന്നിടത്താണു. അവിടെ ഒരു രണ്ടു നില വീടുണ്ട്‌. പുലർകാലങ്ങളിൽ അവിടെ നിന്നും ഒരു jeep ആ വഴിയെ പോകുന്നതു കാണാം. ആ വീടിന്റെ ചിമ്മിനിയിൽ കൂറ്റി വെള്ള പുക വന്നു, മഞ്ഞുപോലെ പരക്കാൻ തുടങ്ങുമ്പോൾ ഞാൻ പതുക്കെ Library പൂട്ടി പുറത്തിറങ്ങും..

Libraryയുടെ തെക്കു വശത്തു അന്നു ഞങ്ങൾ Cabbageഉം, ഉരുളക്കിഴങ്ങും ക്രുഷി ചെയ്യുന്നുണ്ടായിരുന്നു. രാത്രിയിൽ ആരെങ്കിലും Compound Gate അടക്കാൻ മറന്നു പോയാൽ അലഞ്ഞു നടക്കുന്ന കുതിരകൾ കയറി മുഴുവൻ ചവിട്ടി നാശമാകുമായിരുന്നു. Gate അടച്ചാൽ തന്നെയും, ഞങ്ങളുടെ ക്രുഷിയിടതിനു തെക്കു വശത്തുള്ള പൊളിഞ്ഞ വേലിക്കിടയിലൂടെ ചിലപ്പോൾ കുതിരകൾ കയറാറുണ്ട്‌. രാവിലെ തന്നെ അതു പോയി നോക്കി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തമ്പാൻ അണ്ണനോടു പറയണം.





അവിടെ കുറെ നേരം നിന്നു, Cabbageഉം Cauliflowerഉം ഒക്കെ മുളച്ചു വരുന്നതു നോക്കിയിരിക്കും. അവിടെ അങ്ങനെ ഇരിക്കുമ്പോൾ, Australia യിൽ നിന്നും വന്ന എമ്മ അവളുടെ മുറിയിൽ നിന്നും ഇറങ്ങി വരും. ഞാൻ തോട്ടത്തിൽ നിൽക്കുന്നതു അവളുടെ മുറിയിൽ നിന്നും കാണാം. അവൾ അധികം ആരോടും സം സാരിക്കാറില്ല. ഞാൻ അന്നു ഗുരുകുലത്തിലെ "പയ്യൻ" ആയതുകൊണ്ടാവണം എന്നോടു ഒരു ചേച്ചി മട്ടു കാണിക്കും. അവൾ വന്നാൽ ഞങ്ങൾ താഴെ അടുക്കളയിൽ ചായ കുടിക്കാൻ പോവും. ഞങ്ങൾ ചെല്ലുമ്പോൾ മിക്കവാറും, ഷൗക്കത്തും,സുധിയേട്ടനും, പ്രമോദേട്ടനു, തമ്പാൻ ഡോക്ടറും കാണും. ചിലപ്പോൾ ആരെങ്കിലും guest കൾ ഉണ്ടെങ്കിൽ അവരും മൗനമായിരുന്നു ചായ കുടിക്കുന്നതു കാണാം. ഷൗക്കത്തും,സുധിയേട്ടനു കൂടി രാവിലെ തന്നെ തമാശകൾ പറയാൻ തുടങ്ങും. അതു കേട്ടു ഒരു മൗനസ്മിതത്തോടെ പ്രമോദ്‌ ചേട്ടൻ പതിവു പോലെ സൗമ്യനായി നിന്നു കറിവെക്കനുള്ളതു മുറിക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലികളൊ ചെയ്തു കൊണ്ടിരിക്കും. തമ്പാൻ ഡോക്ടർ രാവിലത്തെ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാവും. അതിനിടക്കു ഷൗക്കത്തേട്ടൻ എഴുന്നേറ്റു പോവും. ഷൗക്കത്തേട്ടൻ ചെന്നിട്ടേ ജോസെഫേട്ടൻ ചായ കുടിക്കാൻ വരു.

ചായ കുടിച്ചിട്ടു ഞാൻ കാലികളുടെ അടുത്തേക്കു പോവും. എമ്മക്കു പെയ്ന്റ്‌ ചെയ്യാനോ, എഴുതാനോ ഉള്ള മൂടിൽ അല്ലെങ്കിൽ അവളും വരും. അപ്പോഴേക്കും തഴെ നിന്നും ശങ്കരൻ വന്നു പശുക്കളെ കറന്നു കഴിയും. ശങ്കരൻ പറന്നാണു ജോലികൾ ചെയ്യുക..

ഞാൻ പശുക്കളുടെ അടുത്തു നിൽക്കുമ്പോൾ ജോസഫേട്ടൻ, ഒരു ഷാളും ചുറ്റി രണ്ടു കൈകൊണ്ടും ചായ ഗ്ലാസ്സ്‌ പിടിച്ചുകൊണ്ടു വന്നു എന്നോടു സം സാരിക്കാൻ തുടങ്ങും. കൂടുതലും സം സാരിക്കുന്നതു ജീവിതത്തെപ്പറ്റിയും. അതു എങ്ങനെ അർത്ഥപൂർണ്ണമാക്കാം എന്നും ഒക്കെ ആയിരിക്കും. ജോസെഫേട്ടൻ വൈദിക പഠനം ഇടക്കു നിർത്തിപ്പോന്ന ആളാണു. അതുകൊണ്ടാണു എപ്പോഴും active ആയ ജീവിതത്തെക്കുറിച്ചു സം സാരിക്കുന്നതെന്നു മോഹനൻ ചേട്ടൻ പറയും. മോഹനൻ ചേട്ടൻ വളരെ താമസിച്ചേ എഴുന്നേൽക്കാറുള്ളു.

മോഹനൻ ചേട്ടനെ കാണുമ്പോൾ, നടൻ ശ്രീനിവാസൻ അഭിനയിച്ച ചില കഥാപാത്രങ്ങളെ ഓർമ വരും. English സാഹിത്യം അരച്ചു കലക്കി കുടിച്ച ഒരാളാണു. ഊണിലും, ഉറക്കത്തിലും tolstoy യെക്കുറിച്ചു ചിന്തിച്ചും, സം സാരിച്ചും ജീവിക്കും. "അനിയാ" എന്നു വിളിച്ചു കൊണ്ടു അദ്ദേഹം സം സാരിച്ചു തുടങ്ങുന്നതു പലപ്പോഴും മനുഷ്യന്റെ സാമൂഹിക പ്രശ്നങ്ങളെക്കുറിചായിരിക്കും; സം സാരം അവസാനിക്കുന്നതു ഒരു "വിപ്ലവ ആഹ്വാനം" പോലെയും. പക്ഷെ അതിനുവേണ്ടി കാര്യമായി ഒന്നും ചെയ്യില്ലെന്നു മാത്രം!

ഏഴര ആകുമ്പോഴേക്കും ഞാൻ ഒന്നു കൂടി കയ്യും കാലും കഴുകാൻ dormitory ടെ അടുത്തുള്ള കുളിമുറിയിലേക്കു പോവും. അപ്പോഴും പ്രസാദേട്ടന്റെ മുറിയിൽ നിന്നും സംഗീതം സാധകം ചെയ്യുന്ന നല്ല ഇമ്പമുള്ള ശബ്ദം കേൾക്കാം. കയ്യും, കാലും കഴുകി താഴെ പ്രെയർ റൂമിൽ ചെന്നു ഇരിക്കും. 8 മണി ആവുമ്പോൾ ഞാൻ മണി അടിക്കും.

ഒരോരുത്തരായി പ്രെയർ റൂമിൽ വന്നിരിക്കും. ജോസെഫേട്ടനും, ഷൗക്കത്തിനുമൊപ്പം ഗുരു വന്നിരിക്കും. എല്ലാവരും കണ്ണുകളടച്ചു ധ്യാനത്തിലമരും. പരമമായ ആ ശാന്തതയിൽ ഞാൻ മാത്രം ഓരോരുത്തരുടെയും മുഖത്തു മാറി മാറി നോക്കിയിരിക്കും. ഞങ്ങൾ എല്ലാവരും എങ്ങനെ ഇവിടെ എത്തിയെന്നും മറ്റും ആലോചിച്ചിരിക്കും. പിന്നെ നിറഞ്ഞു കത്തുന്ന വിളക്കിലേക്കു നോക്കിയിരുന്നിട്ട്‌ ആ വെളിച്ചം ഉള്ളിലേക്കെടുക്കുന്ന പോലെ കണ്ണുകൾ അടക്കും..

യാത്ര- 2

പുലർകാലത്തെ ആ പ്രാർത്ഥനയിലാണു എല്ല സുഹ്രുത്തുക്കളും ഒത്തുചേരുക. എല്ലാവരും താഴെ പായ വിരിച്ചോ, കുഷ്യനുകളിട്ടോ (ഊട്ടിയിലെ തണുപ്പിൽ Tile ഇട്ട തറയിൽ പായ വിരിച്ചലും തണുപ്പരിച്ചു കയറും. പ്രായമുള്ളവർക്ക്‌ കുഷ്യനുകളില്ലാതെ ഇരിക്കാനാവില്ല.) ഇരിക്കും. ഏതാണ്ട്‌ അരമണിക്കൂറോളം ധ്യാനത്തിലമർന്നുള്ള ആ ഇരിപ്പു, അന്നൊരു പയ്യനായിരുന്ന എനിക്കു ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. പിന്നെ എല്ലാവരും അങ്ങനെ ഇരിക്കുമ്പോൾ ഞാനും ഇരിക്കുമായിരുന്നു എന്നു മാത്രം- പ്രത്യേകിച്ചും തമ്പാൻ ഡോക്ടർ ഒരു ഹെഡ്മാഷെപ്പോലെ നോക്കുമ്പോൾ!

ധ്യാനത്തിന്റെ ശാന്തവും, സുന്ദരവുമായ അവസ്ഥകളിലേക്കു ഞാൻ എത്തിപ്പെടുന്നതു പിന്നെയും കുറെ നാളുകൾക്കു ശേഷമാണു. ഞാൻ ഗുരുകുലത്തിൽ ചെന്നു പെട്ടതു, സാധാരണ അവിടെയുള്ളവർ എത്തിപ്പെട്ടതു പോലെ philosophical ആയ അറിവു നേടുക എന്ന ഉദ്ദേശ്യത്തിലായിരുന്നില്ല. പഠനം കഴിഞ്ഞു ചെറിയ വരുമാന മാർഗ്ഗവുമായി ജീവിക്കുമ്പോൾ എനിക്കു തോന്നി, ഞാൻ കണ്ടതിനും, അറിഞ്ഞതിനും അപ്പുറത്തേക്കുള്ള ഒരു ഒരു ജീവിതത്തിലേക്കു കടക്കണമെന്നു- ആത്മീയ ജീവിതതിലേക്കു എന്നു ഞാൻ പറയില്ല, പക്ഷെ കൂടുതൽ കരുത്തും ധൈര്യവും നേടി കുറച്ചു കൂടി അർത്ഥപൂർണ്ണമായ ഒരു ജീവിതം വേണമെന്നു തോന്നിത്തുടങ്ങിയിരുന്നു. എന്നെ സ്നേഹിക്കുന്നവരോടുള്ള കടമകൾ ചെയ്തു തീർക്കുകയും, കുറെയാളുകൾക്കു ജീവിക്കാൻ സഹായം ചെയ്തുകൊടുക്കുകയും ഒക്കെ ആയിരുന്നു എന്റെ സ്വപ്നം.

മതവിശ്വാസങ്ങളെക്കുറിച്ചും, തത്വചിന്തയ്യെകുറിച്കുമൊക്കെ എനിക്കെന്നും എന്റേതായ ഒരു കഴ്ചപ്പാടുണ്ടായിരുന്നു. വിദ്യാഭാസപരമായി നല്ല ഉന്നതി നേടിയവരും, പുരോഗമനപരമായി ചിന്തിക്കുന്നവരും ഉള്ള ഒരു അന്തരീക്ഷത്തിലായിരുന്നു ഞാൻ വളന്നത്‌ എന്നതു കൊണ്ടും, വായനയോടുള്ള അതിയായ താൽപര്യ്ം കൊണ്ടുമാവാം അങ്ങനെ വന്നത്‌. എന്തായാലും, എന്റെ സുഹ്രുത്തുക്കളുടെ അടുത്ത്‌ എത്തിപ്പെട്ടതിൽ ഇതിലൊന്നിനും വല്യ പങ്കില്ലായിരുന്നു; എന്നു മുഴുവനും പറഞ്ഞുകൂടാ- ഞാൻ ഗുരു നിത്യയുടെ ചുരുക്കം ചില പുസ്തകങ്ങൾ വായിച്ചിരുന്നു. മതത്തിന്റെ ചട്ടകൂടുകൾക്കുള്ളിൽ നിന്നും മാറി നിന്നു ചിന്തിക്കുന്ന, സാധാരണക്കരന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണു ഞാൻ അദ്ദേഹത്തെക്കണ്ടതു. മതവിശ്വാസങ്ങളെ ലാഖവത്തോടെ കണ്ടിരുന്ന എന്നെ അദ്ധേഹം ഹ്രുദയപൂർവ്വം സ്വാഗതം ചെയ്തു! കായബലം കൊണ്ടു ആൾക്കൂട്ടത്തെ നിയന്ത്രിക്കൻ കഴിയാത്തവൻ കണ്ടുപിടിച്ച ശക്തിയുള്ള ഒരു ആശയമാണു മതം എന്നാണു എന്നും ഞാൻ വിശ്വസിക്കുന്നതു.

ഗുരുകുലത്തിൽ എത്തുന്നതു മുൻപ്‌ ഞാൻ ചില NGO കളുമായി സഹകരിച്ചിരുന്നു. അതുപോലെ ചില കലാ പ്രവർത്തനങ്ങളോടും. പക്ഷെ ഉത്കൃഷ്ടമായ ആശയങ്ങളുടെ മറവിൽ, സാമൂഹികമ ചിട്ടവട്ടങ്ങളോടു കലഹിച്ച്‌ സ്വാതന്തൃയം പ്രഖ്യാപിക്കാൻ കൊതിച്ചു, വീടും, നാടും വിട്ടു വന്ന ചെറുപ്പക്കാരായിരുന്നു അവിടെ കൂടുതലും. എന്തു സ്വാതന്ത്ര്യത്തിന്റെ പേരിലായാലും, സ്വന്തം ഇഷടങ്ങളുടെ സാഫല്യത്തെക്കുറിച്ചു മാത്രം ചിന്തിച്ചു, വളർത്തി വലുതാക്കിയവരെ കണ്ണീർ കുടിപ്പിച്ചു നേടുന്ന സ്വാതന്തൃയത്തിനു ഒരു മഹത്വവും കാണാൻ എനിക്കു കഴിഞ്ഞിരുന്നില്ല. അനുസരണയിലൂടെയും, സഹനത്തിലൂടെയും കടന്നുപോയി, തെളിഞ്ഞ ബുദ്ധിയോടെ സ്വതന്തൃയ്ത്തിൽ എത്തിചേരാം എന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷെ അതിനു മനസ്സിനു നല്ല ബലം വേണം. എനിക്കു ആ ബലം കിട്ടിയതു ഗുരുകുലത്തിൽ വെച്ചു ആദ്യം വായിച്ച പുസ്തകത്തിൽ നിന്നാണു -"മിലരേപ".

പുലർകാലങ്ങളിലെ ധ്യാനത്തിനു ശേഷം, ഗുരു രണ്ടു മണിക്കൂറോളം നീളുന്ന class എടുക്കും. ചുട്ടുമിരിക്കുന്നവർ അതു എഴുതിയെടുക്കും.. ഞാൻ മിക്കപ്പോഴും എഴുതാറില്ലായിരുന്നു. ഒരിക്കൽ ജോസെഫേട്ടൻ എന്നോടും എഴുതാൻ പറഞ്ഞപ്പോൾ ഞാൻ വെറുതെ ചിരിച്ചുകൊണ്ടു കണ്ണടച്ചു കാണിച്ചു. പക്ഷെ കാണേണ്ട ആൾ അതു കണ്ടു! അതിനു ശേഷം, ഗുരുവിന്റെ ക്ലാസുകളുടെ manuscript, computerൽ ടൈപ്പ്‌ ചെയ്തു print എടുത്ത്‌ അടുത്ത ദിവസം ഗുരുവിനെ ഏൽപ്പിക്കണമായിരുന്നു. മിക്കപ്പോഴും, ഗുരു എഴുതുന്ന പുസ്തകങ്ങളായിരിക്കും..അക്കാലത്തു ബൃഹദാരണ്യകോപനിഷദ്‌ ആയിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നതു. അതിലെ ഉപമകളും, വ്യഖ്യാനങ്ങളും ഗുരു modern scienceഉമായി ബന്ധപ്പെടുത്തി പറയുന്നതു കൊണ്ട്‌ അറിയാതെ എന്റെ മനസ്സിലെ ജിജ്ഞാസ ഉണർത്തി. പിന്നെ, പിന്നെ രാത്രികളിൽ ഉറക്കമിളച്ചിരുന്നു വായിക്കാൻ തുടങ്ങി. ഉപനിഷദുക്കളും, psychologyഉം, physicsഉം എല്ലാം ഞാൻ പുതിയ ഒരു ബോധത്തോടെ കാണാൻ തുടങ്ങി.

കൂടുതൽ വായിക്കുന്തോറും, artഉം, musicഉം, scienceഉം, politicsഉം എല്ലാം തുടങ്ങുന്നതു psychologയിൽ നിന്നാണെന്നു തോന്നിപ്പോയി...അക്കാലത്തു Science and psyche എന്നൊരു പുസ്തകം വായിച്ചതോർക്കുന്നു. പക്ഷെ സങ്കീണ്ണമായ ചില പ്രശ്നങ്ങളുടെ മുൻപിൽ psychology, parapsychologyയിൽ എത്ത്കയും, physics, metaphysics ൽ എത്തുകയും ചെയ്യുന്നതു കണ്ടപ്പോൾ വീണ്ടും ആ പഴയ പ്രശ്നം എന്റെ മനസ്സിൽ വന്നു. "യഥാർത്തത്തിൽ ദൈവം ഉണ്ടോ?". ഒരു ദിവസം രാവിലെ ഗുരു painting ചെയ്തുകൊണ്ടിരിക്കുമ്പോൾ ചോദിച്ചു. ഒരു മറുപടിയും വരാഞ്ഞതു കൊണ്ട്‌, കേട്ടുകാണില്ല എന്നു കരുതി ഒന്നു കൂടി ചോദിച്ചു..പക്ഷെ മറുപടി കിട്ടിയില്ല. പക്ഷെ കുറെ നാളുകൾക്കു ശേഷം ഗുരു അതിനു മറുപടിയായി ഒരു പുസ്തകം എഴുതി. പക്ഷെ ഞാൻ ഇതു വരെ അതു വായിച്ചിട്ടില്ല!

എന്തോ ആ ചോദ്യത്തിനുത്തരം എന്റെ ഉള്ളിൽ നിന്നു വന്നതു ഞാൻ സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഉത്തരം വളരെ ലളിതം- ഒരു പൂവു കാണുമ്പോൾ അതിന്റെ ഭങ്ങി കണ്ടും, മണതും ആസ്വദിക്കുക. ആ പൂവു നുള്ളിക്കളഞ്ഞു നശിപ്പിക്കാതിരിക്കുക. ആരു ശ്രുഷ്ടിച്ചു എന്നോർത്തു വ്യാകുലപ്പെടാതിരിക്കുക. കാരണം, എനിക്കളക്കാൻ കഴിയുന്ന പരിമാണങ്ങൾക്കെല്ലാം അപ്പുറം ഉള്ള ഒന്നിനേ ഇത്ര മനോഹരമായ സ്രുഷ്ടി നടത്താനാവൂ..

എനിക്കുറപ്പായിരുന്നു, മഞ്ജനകരയിലെ തേയിലത്തോട്ടങ്ങൾക്കിടയിൽ ഞാൻ എത്തിപ്പെട്ടതു ഒരു യാദ്രുശ്ചികത അല്ല. പുലർകാലങ്ങളിൽ മഞ്ഞിൻ കണങ്ങൾ നിറഞ്ഞ പുൽമേട്ടിലൂടെ നടക്കുമ്പോൾ, എനീക്കറിയാമായിരുന്നു..എത്രയോ യുഗങ്ങൾ നീളുന്ന കാലത്തിന്റെ കണ്ണിയിൽ, ഞാൻ ഈ സ്ഥലത്തു എത്തിപ്പെടാൻ ഉള്ള നിയോഗം ഉണ്ടെന്നു. ഞാൻ ആയിടെക്കു "മൗനമന്ദഹാസം" എന്ന പേരിൽ ഗുരു തർജമ ചെയ്ത "Zen Flesh and Zen Bones" എന്ന ചെറു പുസ്തകം വായിക്കാൻ ഇടയായി. അതുവായിച്ചു കഴിഞ്ഞു ഞാൻ Libraryൽ ഒരു പകൽ മുഴുവനും ധ്യാനതിൽ ഇരുന്നു, അല്ല ഇരുന്നു പോയി! ആ പുസ്തകത്തിനു ഒരു മനുഷ്യനെ Hipnotise ചെയ്യണുള്ള ശേഷി ഒന്നുമില്ല.. പക്ഷെ ധ്യാനം എന്റെ ഉള്ളിൽ സ്വയം ഉണ്ടായതു അന്നാണു. മൗനത്തിന്റെ ആഴം ഞാൻ അറിഞ്ഞു.

യാത്ര -3


കഴിഞ്ഞ കുറിപ്പിൽ മഞ്ജനകരയിലെ എന്റെ ജീവിതത്തേക്കാൾ, എന്റെ ചിന്തകളെപ്പറ്റിയാണു കൂടുതലും എഴുതിയത്‌. ഈ post കൾ തുടർന്നു വായിക്കുമ്പോൾ എന്റേതായ നിരീക്ഷണങ്ങൾ കുറേ വന്നേക്കം. എല്ലാ നിരീക്ഷണങ്ങളും, വ്യഖ്യാനങ്ങളും അതു പറയുന്ന ആളുടെ ചിന്തകളുടെയും, സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ? അതുകൊണ്ടു മാത്രമാണു അത്രയും എഴുതിയതു- എന്നെക്കുറിച്ചു നിങ്ങൾക്കു ഒരു സങ്കൽപം ഉണ്ടാവാൻ വേണ്ടി മാത്രം.

ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത, വളരെ സാധാരണക്കാരനായ ഒരു മനുഷ്യൻ മാത്രമാണു ഞാൻ. 10-12 വർഷം മുൻപ്‌, പഠനം കഴിഞ്ഞു, അധികമാരുടെയും സഹായമില്ലാതെ ജീവിതം കെട്ടിപ്പടുക്കേണ്ടുന്ന ചുമതലയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനുണ്ടാവാൻ സാധ്യതയുള്ള എല്ല വിഹല്വതകളും ഉള്ള ഒരാൾ. പക്ഷെ ഇപ്പോൾ, ഇടക്കു മനപൂർവ്വം വിധിക്കു വിട്ടു കൊടുത്തു കൊണ്ടു, ജീവിത്തെ വളരെ ലാഘവത്തോടെയും, നിർഭയത്തോടെയും കാണാൻ കഴിയുന്നെങ്കിൽ അതിനു കാരണം എന്റെ നിസ്സാരത സ്വയം മനസ്സിലാക്കുന്നതു കൊണ്ടു മാത്രമാണു. പക്ഷെ, എല്ലാം വിധിപോലെ നടക്കും എന്നു കരുതി നിഷ്ക്രിയനായി ഞാൻ ഇരിക്കുന്നില്ല. ചെയ്യാനുള്ള കടമകളും, കർത്തവ്യങ്ങളും ചെയ്യുന്നു. ചിലപ്പോൾ ഒക്കെ മടുപ്പു തോന്നാറുണ്ട്‌, എന്നാലും പിൻ തിരിയില്ല. ആ സ്തൈര്യം എനിക്കുണ്ടായത്‌, മഞ്ജനകരയിലെ കുന്നിഞ്ചെരുവുകളീടെ, ഏറെ ദൂരം മനസ്സിലൊന്നുമില്ലാതെ വെറുതെ നടന്നപ്പോൾ ആയിരിക്കണം.

പ്രഭാതങ്ങളിലുള്ള ഗുരുവിന്റെ class നടക്കുമ്പോൾ, ഒരു 11 മണിയോടടുപ്പിച്ച്‌, Fernhill ലെ postman അന്നത്തെ തപാലുമായി വരും. ലോകത്തിന്റെ പല കോണിൽ നിന്നും ആൾക്കാർ അയക്കുന്ന കത്തുകൾ, പുസ്തകങ്ങൾ ഒക്കെ കാണും. ചിലപ്പോൾ money orderകളും. അതെല്ലാം ഏൽപ്പിച്ചു കഴിഞ്ഞാൽ, postman, അടുക്കളയിൽ പോയി ഭക്ഷണം സ്വയം എടുത്തു കഴിച്ചിട്ടു പോകും. എന്തെങ്കിലും കാറണവശാൽ, postman വന്നില്ലെങ്കിൽ, class കഴിഞ്ഞു ഞാനും, മോഹനൻ ചേട്ടനോ, അല്ലെങ്കിൽ പ്രമോദ്‌ ചേട്ടനും കൂടി, മഞ്ജനകരൈയിൽ നിന്നും താഴൊട്ടു നടന്നു post officeലേക്കു പോവും.. വന്നാലും class കഴിയുമ്പോൾ ഞങ്ങൾ പുറത്തേക്കു നടക്കാൻ പോവും. അങ്ങനെ നടക്കുമ്പോൾ പ്രമോദ്‌ ചേട്ടനാണു കൂടെയുള്ളതെങ്കിൽ വൈകിട്ടു marketൽ പോകുമ്പോൾ അടുക്കളയിലേക്കു വാങ്ങേണ്ടുന്ന സാധനങ്ങളെക്കുറിച്ചു പറയും, മോഹനൻ ചേട്ടനാണെങ്കിൽ "Crime and Punishment" പോലെയുള്ള ഏതെങ്കിലും പുസ്തകങ്ങളെക്കുറിച്ചു പറയുകയും, മനുഷ്യന്റെ sex നോടുള്ള അമിത താൽപര്യത്തിൽനിന്നുമാണു എല്ലാ crime ഉം ഉണ്ടാകുന്നത്‌ എന്നും മറ്റും പറഞ്ഞു കൊണ്ടിരിക്കും. മോഹനൻ ചേട്ടൻ ഒരേ സമയം philosophy ഇഷ്ടപ്പെടുകയും, പക്ഷെ അതു മനുഷ്യന്റെ ജീവിതത്തിൽ apply ചെയ്യാൻ വേണ്ടി പറയുന്നത്‌ ഫലിക്കില്ല എന്നും വിശ്യസിച്ചിരുന്ന ഒരാളായിട്ടാണു എനിക്കു തോന്നിയിരുന്നതു. സ്വന്തം അഭിപ്രായങ്ങൾ വലിയ ശബ്ദത്തിൽ വിളിച്ചു പറഞ്ഞ്‌, അതു ശരിയാണെന്നു സ്ഥാപിക്കാൻ ആവേശതോടെ സം സാരിക്കുന്ന ഒരാൾ. എനിക്കിഷ്ടമായിരുന്നു, മോഹനൻ ചേട്ടനെ.. ജീവിതത്തിലെ സാധാരണ പ്രശ്നങ്ങൾ ശരിക്കും നേരിടേണ്ടി വന്ന ഒരു tutorial അധ്യാപകൻ അങ്ങനെയൊക്കയേ സം സാരിക്കു എന്നാണു എനിക്കു തോന്നുന്നത്‌.

post officeൽ പോയി കത്തുകൾ ഉണ്ടോ എന്നന്വേഷിച്ചു അതുമായി ഞങ്ങൾ പിന്നെയും മുന്നോട്ടു നടക്കും. post officeന്റെ തൊട്ടപ്പുറതുകൂടി റെയിൽപാത കടന്നു പോകുന്ന ഒരു ചെറിയ തുരങ്കമുണ്ട്‌. അതിലൂടെ നടക്കാൻ എനിക്കൊരു പ്രത്യേക ഇഷ്ടമായിരുന്നു. തുരങ്കം കഴിഞ്ഞു ഒരു തിരിവു കഴിഞ്ഞാൽ ഊട്ടി തടാകം ആണു. റെയിൽ പാത കടന്നു പോകുന്ന തടാകത്തിന്റെ വശത്തു പൊതുവെ സന്ദർശകർ കുറവായിരിക്കും. അലഞ്ഞു നടക്കുന്ന കുതിരകളോ, കഴുതകളോ അല്ലെങ്കിൽ കുടിച്ചു ബോധം കെട്ടുറങ്ങുന്ന ചിലരോ മാത്രം കാണും അവിടെ.. തടാകം കല്ലു കെട്ടി തിരിച്ചിട്ടുണ്ട്‌. അവിടെ തടാകത്തിലേക്കു ചെരിഞ്ഞിറങ്ങുന്ന പുൽത്തകിടിയിൽ ഞങ്ങൾ ഇരിക്കും..,. . കുറേ നേരം ഒന്നും മിണ്ടാതെ.. കാറ്റാടി മരങ്ങളും, മഞ്ഞ നിറത്തിലുള്ള പൂക്കളും നിറഞ്ഞ അവിടെ ഇരിക്കുമ്പോൾ ചില English Cinemaകളിൽ കാണിക്കാറുള്ള Scotlandലെ തടാക തീരങ്ങൾ ഓർമ്മ വരും..

യാത്ര -4
തടാകത്തിലേക്കു ചെരിഞ്ഞിറങ്ങുന്ന പുൽത്തകിടിയിൽ ഇരിക്കുമ്പോൾ മനസ്സു മിക്കപ്പോഴും ശൂന്യമായിരിക്കും. ഇരിക്കുന്നതിനടുത്ത്‌ ആരെങ്കിലും കള്ളു കുടിച്ചു കിടക്കുന്നുണ്ടെങ്കിൽ ചിലപ്പോൾ മനസ്സിൽ അവരെക്കുറിച്ചും, ജീവിതത്തെക്കുറിച്ച്‌ അവരുടെ ചിന്തകൾ എന്തായിരിക്കും എന്നൊക്കെ ആലോചിക്കും. പിന്നെ തടാകത്തിന്റെ അങ്ങേക്കരയിൽ കൂട്ടം കൂടി നിൽക്കുന്ന സഞ്ചാരികളെ നോക്കിയിരിക്കും. അക്കൂട്ടത്തിൽ സുന്ദരികളായ പെൺകുട്ടികളെക്കാണുമ്പോൾ ഉള്ളിൽ ഒരു ഊഷ്മളത തോന്നും...ഒരു നല്ല കൂട്ടുകാരി വേണമെന്നു അന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌ - നിറുത്തതെ സം സാരിക്കുന്ന, എപ്പോഴും ചിരിക്കുന്ന ഒരു കൂട്ടുകാരി.. പക്ഷെ ഞാൻ ആ മോഹം എന്റെ സ്വപ്നങ്ങളിൽ തന്നെ അടക്കി. ഒരു തമാശക്കു എനിക്കാരേയും പ്രേമിക്കാൻ കഴിയില്ലായിരുന്നു. സ്നേഹിച്ചിട്ടു നഷ്ടപ്പെടുന്നതെനിക്കു താങ്ങാനാവില്ലാ എന്നാണു അന്നു ഞാൻ സ്വയം കരുതിയിരുന്നത്‌. പിന്നീടു വർഷങ്ങൾക്കു ശേഷം "ഒരേ കടൽ" എന്ന cinema കണ്ടപ്പോൾ എനിക്കു തോന്നി, മമ്മുട്ടി അവതരിപ്പിച്ച കഥാപാത്രവും അത്തരം ഒരു ഭയം കൊണ്ടുനടക്കുന്നുവേന്ന്. അതിൽ മമ്മുട്ടിയുടെ കഥാപാത്രം അത്തരം ബന്ധങ്ങളിൽ നിന്നും രക്ഷ നേടാൻ അരാജകത്വുത്തിന്റെ വഴി തിരഞ്ഞെടുത്തു; ഞാൻ സ്വയം ഒരു ഉൾവലിയൽ നടത്തി.

കുറേ നേരം അവിടെയിരുന്നിട്ടു ഞങ്ങൾ തിരിച്ചു വന്ന വഴിയെ നടക്കും.. ഗുരുകുലത്തിലേക്കു പോകേണ്ടുന്ന വഴിയെത്തുമ്പോൾ കൂടെയുള്ള്‌ ആൾ മിക്കവാറും ഗുരുകുലത്തിലേക്കു പോവും. ഞാൻ ഊട്ടി റെയിൽപാതയിലൂടെ കുറേക്കൂടി മുന്നോട്ടു നടക്കും..sterling Resortന്റെ പുറകിലുള്ള കുന്നിൻ ചരുവിലൂടെ കടന്നു പോകുന്ന റെയിൽപാതക്കു, അവിടെ തൊട്ടടുത്ത്‌ ഒരു stop ഉണ്ട്‌- പ്രസിദ്ധമായ ഊട്ടി Lovedale School ന്റെ അടുത്തുള്ള സ്റ്റോപ്‌.(lovedale തന്നെയാണോ എന്നിപ്പോൾ ഒരു സംശയം, അതൊ Lawrence സ്കൂളോ? മറവി കൂടി വരുന്നു.) അവിടെ, മിക്കവാറും വിജനമായ ആ station ന്റെ പരിസരത്തു കുറേ നേരം ഇരിക്കും. ചിലപ്പോൾ ഗുരുകുലത്തിൽ പൂക്കളുമായി വരുന്ന അണ്ണനെ അവിടെ വെച്ചു കാണാറുണ്ട്‌..നല്ല മണമുള്ള മുല്ലപ്പൂവുകൾ. കുറച്ചു നേരം അവിടെ ഇരുന്നിട്ടു school ന്റെ അടുത്തുകൂടി തിരിഞ്ഞു Fernhill ലേക്കു പോവുന്ന വഴിയെ നടക്കും. അതു വഴി പോയാൽ ഏറെ നേരം എടുക്കും ഗുരുകുലത്തിൽ എത്തിച്ചേരാൻ..

സ്കൂളിന്റെ അവിടെനിന്നും മഞ്ജനകരൈയിലേക്കെത്തുന്ന ആ വഴിയാണു ഊട്ടിയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വഴി. രണ്ടുവശത്തും, കൂറ്റൻ ഓക്കു മരങ്ങൾ നിറഞ്ഞ പ്രശാന്തമായ ആ വഴിയിലൂടെ നടക്കുക ഒരു അനുഭവം തന്നെയാണു. പൊതു വളരെ വിജനമായിരിക്കും ആ വഴി. ഒരു 10-15 minute നടന്നാൽ, വെള്ള നിറത്തിലും, ഒരു തരം നരച്ച പച്ച നിറത്തീലും അടുക്കിവെച്ചിരിക്കുന്ന പെട്ടികൾ പോലെ വീടുകൾ Fernhillഇന്റെ ചരുവികളിൽ കാണാം. അതു വഴി മുകളിലേക്കു കയറിയാൽ ഗുരുകുലത്തിന്റെ പുറകിലുള്ള തേയിലതോട്ടത്തിനടുതെത്താം. നടന്നു വന്ന വഴിയിൽ നിന്നും, ഗ്രാമങ്ങളിലേക്കു കയറുന്നതിനു മുൻപ്‌, ഒരു ചെറിയ നീർച്ചാലിനു കുറുകെ ഉള്ള പാലം കടന്നു വിശാലമായ ഒരു പുൽമേട്ടിലൂടെ കടന്നു പോവണം. 1-2 കിലോമീറ്റർ നീളത്തിൽ വലിച്ചു കെട്ടിയിരുക്കുന്ന അയയിൽ തുണികൾ ഉണങ്ങാൻ വിരിച്ചിട്ടിരിക്കുന്നതു കാണാം. പശുക്കളും, ചെമ്മരിയാടുകളും കൂട്ടമായി മേയുന്നതും കാണാം. തണുപ്പുകാലങ്ങളിൽ, മഞ്ഞിന്മറക്കപ്പുറത്തു കൂടി അതു കാണുന്നതു മനസ്സിനെ ഒരു തരം മായിക ലോകത്തെത്തിക്കുമായിരുന്നു.

ഗുരുകുലത്തിൽ വരുന്ന ആൾക്കാരിൽ എനിക്കടുപ്പം തോന്നുന്നവരെയും കൊണ്ടു ഞാൻ അതു വഴി നടക്കാറുണ്ട്‌. കുറേ ദൂരമുള്ളതുകൊണ്ട്‌, പലർക്കും മടി തോന്നുമായിരുന്നെങ്കിലും, എന്റെ സൗഹാർദ്ദപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി കൂടെ വരുമായിരുന്ന പലരും, പിന്നീടു കത്തയക്കുമ്പോൾ ആ വഴിയെക്കുറിച്ചും, അതു വഴി നടന്നതിനേക്കുറിച്ചും ഒരു തരം ഗ്രഹാതുരത്യത്തോടെ എഴുതാറുണ്ടായിരുന്നു.

ഒരിക്കൽ,ഉമേഷ്‌ എന്നൊരു ഗുരുകുല സുഹ്രുത്തും ഞാനും കൂടി വളരെ പുലർച്ചേ അതു വഴി നടന്നു. ന ല്ലൊരു, പുല്ലംകുഴൽ വായനക്കാരനായിരുന്നു അവൻ. കണ്ടാൽ ക്രുഷ്ണവർണമാർന്ന, അലസമായി വളർത്തിയ മുടിയുള്ള ഒരു സുന്ദരൻ. ആ പുലർച്ചേ, കിഴക്കു സൂര്യന്റെ സ്വൃണ്ണ വെളിച്ചം, മഞ്ഞിൻ പുകക്കുള്ളിലൂടെ ഒരു തിളക്കത്തോടെ വന്നു മുഖത്തു വീഴുമ്പോൾ അവൻ പ്രഭാതരാഗങ്ങളിലൊന്നിൽ ആ മുളം കുഴലൂതി. നിശ്ശബ്ദമായ ആ പുലരിയിൽ ഗന്ധർവ്വ ഗാനം പോലെ അതു മഞ്ജനകരൈ ഗ്രാമത്തെയും, എന്റെ ആത്മാവിനെയും തൊട്ടുണർത്തി. ആ രാഗം വായിച്ചു തീന്നപ്പോഴേക്കും എന്റെയും,അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. ആ നിമിഷം അവൻ എന്റെ ആജന്മസഹോദരനായി.