Wednesday, September 30, 2009

ജനങ്ങൾ-സത്യനാരായണൻ

ജനങ്ങൾ
ഇതൊരു റോഡാണ്‌
റോഡിൽ നിയമങ്ങളുണ്ട്‌
വേഗത ആപത്ത്‌
പണ്ടേയുള്ള നിയമമാണ്‌
ഉഗ്രവേഗതയിൽ
കാറ്‌ പറത്തി
ചിറകൊടിഞ്ഞവൻ ബുദ്ധദേവ്‌.
ഈ റോഡിൽ ഗട്ടറുണ്ട-
തിലഴിമതിയുടെ ചെളിവെള്ളം
കുഴിയിൽ വീണത്‌ പിണറായി
പിന്നാലെ വന്നവരും വീണു
വീണവർ പറഞ്ഞു "വീണിട്ടില്ല"
ഇതൊരു റോഡാണ്‌
ട്രാഫിക്ക്‌ പോലീസുണ്ട്‌
സർവസമ്മതൻ കാരാട്ട്‌
പ്രകാശം പരത്തേണ്ടയാൾ
വഴികാട്ടിയാകേണ്ടയാൾ-
ക്കൊരു പലക നഷ്ടപ്പെട്ടു
'സ്റ്റോപ്പെ'ന്നെഴുതിയ പലക
പലരും നടന്ന റോഡാണ്‌
ഒരിക്കളൊരാൾ വന്നു
ജനങ്ങൾ വിളിച്ചു 'മിശിഹ'
അയാൾ പറഞ്ഞു
'ഇത്‌ കിഴക്കോട്ടുള്ള റോഡാണ്‌,
വരൂ, ഉദയം കാണിക്കാം'
അയാൾ നടന്നു
ജനങ്ങൾ പൈന്തുടർന്നു.
കുറച്ച്‌ ദൂരം പിന്നിട്ടു
അച്യുതാന്ദൻ നിന്നു
കണ്ണുകളിറുക്കിയടച്ച്‌
ഇരുകൈകളാൽ വാപൊത്തി
മേൽപോട്ടുയർന്ന്‌ ചാടി
മിശിഹാ മറഞ്ഞു
ജനങ്ങൾ ചുറ്റിനും നോക്കി
എവിടെ അയാൾ ?
ഇതാണോ ഉദയം?
ജനങ്ങൾ അന്തിച്ചു
ജാഗ്രതാ ബോർഡുകളിൽ
എ.കെ.ജിയുടെ പേര്‌
മാഞ്ഞ്‌ തുടങ്ങുന്നു
വഴിവക്കിൽ
'മൂലധനം'കത്തുന്നു
റോഡ്‌ തകരുന്നു
സഖാക്കളേ, ഉണരൂ
അറ്റകുറ്റ പണികൾക്ക്‌ നേരമായ്‌
വരൂ, കനത്ത മഴയിലും
ഒന്നിച്ചു പണിയാം.

സിറ്റി സെന്റർ

സത്യനാരായണൻ
നഗരം
അത്‌ വളർന്ന്‌ വളഞ്ഞ്‌
ഗ്രാമങ്ങളെ വിഴുങ്ങി.
നഗരത്തിൻ
വയറ്‌ പിളർന്ന്‌
സിറ്റിസെന്ററുയർന്നു
എസ്കലേറ്ററുകളിൽ
ലിഫ്ടുകളിൽ
ജീൻസിട്ടയാത്മാക്കളലഞ്ഞു
കാലിവയറും നോവുമാവ്‌
പഴയ കർഷകൻ വന്നു
പിന്നെ നീർക്കോലി, തവള
കൊറ്റി, എലി, ഒച്ച്‌
ഒടുവിൽ മണ്ണിരയും;
കാശ്‌ വെച്ച്‌ നീട്ടിയിട്ട്‌
തകർന്ന ശബ്ദത്തിൽ
അവർ പറഞ്ഞു
"ഒരു പാക്കറ്റ്‌ മണ്ണ്‌"