Wednesday, September 30, 2009

തണൽമരങ്ങൾ തേടിയ എന്റെ ജീവിതം-കെ.കെ.രാജു


k k raju
ആലപ്പുഴ ജില്ലയിലെ ആര്യനാട്‌ എന്ന ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ കെ.കൃഷ്ണൻ, അമ്മ ഭാർഗ്ഗവി, സ്വന്തമായി ഒരു തരിമണ്ണുപോലുമില്ലായിരുന്നു.
അച്ഛന്‌ പാരമ്പര്യ തൊഴിലായ കൊല്ലപ്പണിയായിരുന്നു. ഒറ്റ മുറി വീടിനോടു ചേർന്ന ആല. എനിക്ക്‌ മൂന്ന്‌ അനുജന്മാർ, ഒരു സഹോദരി, കടുത്ത ദാരിദ്ര്യം. അച്ഛന്‌ പണിക്കുറവും. എൽ.പി, യു.പി ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഏറ്റവും വലിയ ആഗ്രഹം ഒരു നേരമെങ്കിലും വയറുനിറച്ച്‌ ഉണ്ണുകയെന്നതായിരുന്നു. 13-​‍ാം വയസ്സിൽ എന്റെ അച്ഛൻ എന്റെ പഠിപ്പു നിറുത്തി. നിർബന്ധിച്ച്‌ ആലയിലിരുത്തി കൊല്ലപ്പണി പഠിപ്പിച്ചു. കളിക്കാനോ, സ്കൂളിൽപോകാനോ അനുവദിച്ചില്ല. പിന്നെ സ്കൂളിൽ പോയാലോ കളിക്കാൻ പോയാലോ കഠിനശിക്ഷ. പത്രം വായിക്കുന്നതിനുപോലും തല്ലു മേടിച്ചിട്ടുണ്ട്‌. സാഹിത്യത്തിലും, സംഗീതത്തിലും, ചിത്രരചനയിലും, ഇതര കലകളിലും ജന്മവാസനയുള്ള എനിക്ക്‌ ആ ജീവിതം ദുസ്സഹമായി. അച്ഛനമ്മമായരുടെ സ്നേഹം എന്നത്‌ കഥകളിലും, സിനിമയിലും മാത്രം കാണുന്ന ഒരു ലക്ഷ്വറിയാണ്‌ എനിക്കിപ്പോഴും.
14-​‍ാം വയസ്സിൽ നാടുവിട്ട്‌ കായംകുളത്തുവന്നു. ഒരു കാർ വർക്കഷോപ്പിൽ സഹായിയായി കൂടി. അഞ്ചാറുമാസം അവിടെ നിന്നു. വളരെ കഷ്ടപ്പാട്‌, ഭക്ഷണം മാത്രം കിട്ടും. മേസ്തിരിമാരുടെ അശ്ലീലഭാഷണവും അസഹനീയമായിരുന്നു. ഒരു ദിവസം വെളുപ്പിനെ എഴുന്നേറ്റു നടന്നു. നടന്നെത്തിയത്‌ കൊല്ലത്ത്‌ ചിന്നക്കടയിൽ . രണ്ടുമൂന്നു ദിവസം തൊഴിലന്വേഷിച്ചു നടന്നു. പൈപ്പുവെള്ളം മാത്രം ശരണം. നാലാം ദിവസം ഒരു ഹോട്ടലിൽ ജോലി കിട്ടി. എച്ചിൽപാത്രമെടുക്കാനും മേശ തുടയ്ക്കാനും. വെളുപ്പിന്‌ നാലര മുതൽ രാത്രി 11 വരെ ജോലി. ഭക്ഷണം കഴിക്കാമെന്നു മാത്രം. പിന്നീട്‌ ജില്ലാ ആശുപത്രി ജംഗ്ഷനിൽ ഒരു തട്ടുകടയിൽ, സർബത്ത്‌ കടയിൽ, അതു മടുത്തപ്പോൾ വീണ്ടും ആലപ്പുഴയിൽ പോയി. തിരുവല്ലയിൽ ഒരു ഇൻസ്റ്റോള്‍മന്റ്‌ കടയിൽ സൈക്കിൾ പിരിവ്‌, ആലപ്പുഴ സെന്റ്‌ ജോർജ്ജ്‌ ലോഡ്ജിൽ ർറൂം ബോയ്‌, വീണ്ടും രണ്ടു മൂന്നു വർഷം അച്ഛന്റെ ആലയിൽ...വീണ്ടും പഠനം പുനരാരംഭിച്ചു. കഷ്ടപ്പെട്ട്‌ പഠിച്ച്‌ എസ്‌.എസ്‌.എൽ.സി ജയിച്ചു. 1977 മാർച്ചിൽ ആണ്‌ ഞാൻ എസ്‌.എസ്‌.എൽ.സി പരീക്ഷ ജയിച്ചതു. ആലപ്പുഴ എസ്‌.ഡി കോളേജിൽ പ്രീ-ഡിഗ്രി കൊമേഴ്സ്‌ ഗ്രൂപ്പ്‌ എടുത്ത്‌ ഒന്നര വർഷം പഠിച്ചു പിന്നെ തുടരാനായില്ല. പിന്നെയും ഓരോ തൊഴിലിൽ ഏർപ്പെട്ടു. ഈ കാലത്താണ്‌ ശ്രീ.കെ.പി.കേശവമേനോൻ രചിച്ച 'ജീവിത ചിന്തകൾ' എന്ന പുസ്തകം വായിക്കാൻ കഴിഞ്ഞത്‌. ജീവിത സാഹചര്യം എത്ര പ്രതികൂലമാണെങ്കിലും ദൃഢനിശ്ചയത്തോടെ പരിശ്രമിച്ചാൽ വിജയിക്കാൻ കഴിയുമെന്ന ഒരു ആത്മവിശ്വാസം ഉടലെടുത്തു. ജീവിതത്തെ പോസിറ്റീവ്‌ ആയി കാണാൻ 'സമാശ്വാസസാഹിത്യം' ഉപകാരപ്പെട്ടു. 'നിങ്ങൾ നിങ്ങളുടെ ശിൽപി'- ശ്രീ. പാവുണ്ണി തൈക്കാട്‌, 'കൈവിളക്ക്‌-സിസ്റ്റർ ആനിമരിയ 'തലയിലെഴുത്ത്‌'-കെ.എ.സെബാസ്റ്റ്യൻ, 'How to win friends and influence to people' -Dale Carnigie, 'Games people play' Eric Berne തുടങ്ങിയവയും ശ്രീ.ടി.ചാണ്ടിയുടെ 'ഇന്നത്തെ ചിന്താവിഷയം' എന്ന പുസ്തകവും എന്നെ വളരെ സ്വാധീനിച്ചവയാണ്‌.
250 മാർക്ക്‌ മാത്രം എസ്‌.എസ്‌.എൽ.സിക്ക്‌ നേടിയ ഞാൻ പി.എസ്‌.സി പരീക്ഷ എഴുതിയെടുക്കുവാൻ ദൃഢനിശ്ചയം ചെയ്തു. ആദ്യപടിയായി മാതൃഭാഷയായ മലയാളവും, ദേശാന്തരീയ ഭാഷയായ ഇംഗ്ലീഷും സ്വയം പഠിക്കാൻ തീരുമാനിച്ചു. തുച്ഛമായ വരുമാനത്തിലും നല്ല നല്ല പുസ്തകങ്ങൾ വാങ്ങാൻ തുടങ്ങി. അമര മലയാള നിഘണ്ടു (വെട്ടം മാണി), കേരളപാണിനീയം, ഭാഷാഭുഷണം, സാഹിത്യ സാഹ്യം, വൃത്തമഞ്ജരി, തെറ്റും ശരിയും, നല്ല മലയാളം, തെറ്റില്ലാത്ത മലയാളം, ശബ്ദവിവേക മഞ്ജരി തുടങ്ങി 'ശബ്ദതാരാവലി' (ശ്രീകണ്ഠേശ്വരം)വരെയും.,
"High School English Grammar and Composition"-Wren & Martin, Remedial English Grammar (F.T.Wood) Oxford Dictionary -Webster's Dictionary, English Pronouncing - Dictionary, Dr.Daniel Jones, 'ഇംഗ്ലീഷ്‌ സംസാരിക്കാനൊരു ഫോർമുല'- പി.വി.രവീന്ദ്രൻ, ... ഇംഗ്ലീഷ്‌-ഇംഗ്ലീഷ്‌-മലയാളം നിഘണ്ടു, ടി.രാമലിംഗംപിള്ള, 'ഇംഗ്ലീഷ്‌ മന്ത്ര'-സി.ആർ.ശങ്കരമേനോൻ, ഒ.അബൂട്ടി, ഡോ.കെ.രാധാ, എം.ദക്ഷിണാമൂർത്തി തുടങ്ങിയവരുടെ പുസ്തകങ്ങളും എന്റെ ശേഖരത്തിലുണ്ട്‌. ഇവയെല്ലാം കുറേശ്ശെ പഠിച്ചുപോന്നു. 1979-മുതൽ 1989 വരെ പി.എസ്‌.ഇ ടെസ്റ്റിനു മാത്രം പഠിച്ചു. 17 ടെസ്റ്റുകൾ നാല്‌ അഭിമുഖങ്ങൾ 1989 ജൂലൈ 10 ന്‌ വയനാട്‌ സുൽത്താൻബത്തേരിയിൽ പട്ടികവർഗ്ഗവികസനവകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1999 വരെ 1999 മുതൽ 2003 വരെ, ഇടുക്കി (തോപ്രാംകുടി, തൊടുപുഴ, മുതലക്കോടം) 2003 മുതൽ മലപ്പുറം, 2005 വരെ 2005 മുതൽ 2006 വരെ തൃശൂർ, 2007 മുതൽ കൊല്ലം. ഇപ്പോൾ 18 വർഷം പൂർത്തിയായി. ഹെഡ്‌ ക്ലാർക്കിന്റെ ശബളസ്കെയിലിൽ വാർഡൻ.
ഭാര്യ ജയശ്രീ-വീട്ടമ്മ, മകൾ അഞ്ജലി.കെ.ജെ, 8-​‍ാം ക്ലാസ്സിൽ പഠിക്കുന്നു. ചിത്രരചനാ, സംഗീതം, നൃത്തം എന്നിവയിൽ അഭിരുചിയുണ്ട്‌... സ്കൂൾ തലത്തിൽ സർട്ടിഫിക്കേറ്റുകൾ ലഭിച്ചിട്ടുണ്ട്‌.
'സംഗീതമാപി സാഹിത്യം സരസ്വത്യാസ്തനദ്വയം' സാഹിത്യത്തോടും സംഗീതത്തോടും ഒരേപോലെ താൽപ്പര്യമുണ്ടെനിക്ക്‌. സംഗീതം ഒട്ടു പഠിച്ചിട്ടില്ല എന്നതാണ്‌ യോഗ്യത. മാസ്റ്റേഴ്സിന്റെ കർണ്ണാടക സംഗീതം കേൾക്കുന്നതാണ്‌ ഹോബി. പിന്നെ, കത്തെഴുത്ത്‌, പ്രശസ്തരുടെ 200 ലധികം കത്തുകൾ ശേഖരത്തിലുണ്ട്‌. ബിരുദക്കടലാസിന്റെ ഭാരം ഇല്ലാത്തതിനാൽ എന്തും വായിക്കാം, പഠിക്കാം അതാണെന്റെ സ്വാതന്ത്ര്യം.
ഇപ്പോൾ മൂന്നു പുസ്തകങ്ങളാണു വായിക്കുന്നത്‌. "1. കർണ്ണാടക സംഗീതമാലിക - എ.ഡി.മാധവൻ 2. മനസ്സ്‌ - ഡോ. കൃഷ്ണൻ ഇളയത്‌, 3. ഉൾക്കാഴ്ച വിജയത്തിന്‌ - ബി.എസ്‌.വാരിയർ" മൂന്നും അമൂല്യമായ പുസ്തകങ്ങൾ.
പട്ടികവർഗ്ഗ വിഭാഗക്കാരായ എന്റെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക്‌ എനിക്കറിയുന്ന കാര്യങ്ങൾ പഠിപ്പിക്കുന്നതിനും സമയം വിനിയോഗിക്കുന്നു.
ഒന്നുമാത്രമാണെനിക്കു പറയാനുള്ളത്‌. അറിവ്‌ നമ്മെ വിനയവാനാക്കുന്നു. സ്വയം എളിയവനെന്നു കരുതുക, ഉയർച്ചയുണ്ടാക്കും. അഹങ്കാരം നമ്മെ എവിടേയും എത്തിക്കുകയില്ല. ഏതു ജോലിയും സത്യസന്ധമായും, കൃത്യതയോടെയും, ആത്മാർത്ഥയോടെയും ചെയ്യുക. നമ്മുടെ നാട്ടിൽ എം.എസ്‌.സി അഗ്രിക്കൾച്ചർ പാസ്സായവർ കൃഷി ഓഫീസറാകുന്നു. പക്ഷെ കൃഷിക്കാരനാകുന്നില്ല. ചിന്തിക്കേണ്ട കാര്യമാണ്‌. മണ്ണിൽ പണിയെടുക്കുന്നവനേയും അദ്ധ്വാനത്തിന്റെ വിയർപ്പുകൊണ്ട്‌ ഭക്ഷിക്കുന്നവനേയും ആദരിക്കുന്ന കാലം വരുമോ? ഇസ്തരിയുടയാത്ത വേഷം, കൈയ്യിൽ മൊബെയിൽ, ഇരുചക്ര, ചതുർചക്ര വാഹനം ഇങ്ങനെ വരുന്നവനെ മാത്രം ആദരിക്കുന്ന സമൂഹമനസ്സു മാറുമോ?-
phone
k k raju
9495155172