Sunday, September 27, 2009

പ്രയാണം, പാദമുദ്രകളില്ലാതെ... ഡോണ മയൂര






dona mayoora
അന്ന് ജനാലയിലൂടെ പോക്കുവെയില്‍ അരിച്ചെത്തുന്നുണ്ടായിരുന്നു. നിന്റെ മുറിയുന്ന വാക്കുകള്‍ക്ക്‌ കാതോര്‍ക്കുകയായിരുന്നു ഞാന്‍, തിരിച്ചൊന്നും മിണ്ടാതെ. നിന്റെ കരിവാളിച്ച കണ്‍തടത്തിലൂടെ ചാലുകീറിയൊഴുകുന്ന കണ്ണീര്‍, അതില്‍ കുതിര്‍ന്നൊട്ടിപ്പോയ കണ്‍പീലികള്‍, അഴിഞ്ഞുലഞ്ഞ വെള്ളികെട്ടിത്തുടങ്ങിയ ചുരുണ്ട മുടി, വിയര്‍പ്പില്‍ ഒഴുകിയിറങ്ങി മൂക്കിന്‍തുമ്പില്‍ വെയിലിന്റെ വിരലുകള്‍ ചുമന്ന വൈഡൂര്യമായി തിളക്കിനിര്‍ത്തിയ സിന്ദൂരം, എല്ലുകളുന്തിനില്‍ക്കുന്ന കുഴിഞ്ഞ കവിള്‍ത്തടങ്ങള്‍. തൊണ്ടയില്‍‍ കുരുങ്ങുന്ന വാക്കുകളുടെ വീര്‍പ്പുമുട്ടലില്‍ ശ്വാസമെടുക്കാന്‍ പാടുപെട്ട്‌ വിതുമ്പുന്ന വരണ്ടുകീറിയ ചുണ്ടുകളും ഉയര്‍ന്നുതാഴുന്ന മാറിടവും. കഴുത്തിലെ കുരുക്കിറുക്കിയ നീലച്ച മുറിപ്പാട്‌... ഇവയൊക്കെ ഒന്നു പോലും വിടാതെ വീഡിയോ ക്യാമറയെപ്പോലെ ഓര്‍മയുടെ ഓരോ ഏടിലേക്കും ഒപ്പിയെടുക്കുകയായിരുന്നു എന്റെ കണ്ണുകള്‍ എന്ന്‌ ഓര്‍ത്തിരുന്നില്ല; നിന്റെ വാക്കുകളും തേങ്ങലും, ഇടയ്‌ക്ക്‌ ഉച്ചത്തിലാകുന്ന നിലവിളിയും അവയ്‌ക്ക്‌ പശ്ചാത്തല സംഗീതമൊരുക്കിയെന്നും...



എന്തൊക്കെയോ പറഞ്ഞുപറഞ്ഞ്‌ നിന്നെ ആശ്വസിപ്പിക്കാന്‍ നോക്കുമ്പോഴും അറിയാമായിരുന്നു വാക്കുകള്‍ക്ക്‌ ഉണക്കാനാവാത്ത ആഴമുള്ള മുറിവുകളാണ്‌ നിന്റെയുള്ളില്‍ പലരുമുണ്ടാക്കിയതെന്ന്‌. നീ പറഞ്ഞുതന്ന രേഖാചിത്രങ്ങള്‍ മനസ്സില്‍ ഒരു വെളിച്ചപ്പാടിനെപ്പോലെ തുള്ളിയുറയുന്നുണ്ടായിരുന്നു. അവര്‍ നിന്നോടുചെയ്‌തതിന്‌ ശിക്ഷവാങ്ങിക്കൊടുക്കുമെന്നുറപ്പിച്ചാണ്‌ അവിടെനിന്നു മടങ്ങിയതും. തുടര്‍ന്നുള്ള നാളുകളിലെ എന്റെ ഫോണ്‍വിളികള്‍ നിന്നെ അലോസരപ്പെടുത്തിയിരിക്കാം. ആര്‍ക്കുവേണമല്ലേ കൊള്ളിയാനെപ്പോലെ മിന്നിവീഴുന്ന ചോദ്യങ്ങളും സഹതാപവുമെല്ലാം? അന്നെനിക്ക്‌ അതിനേ കഴിയുമായിരുന്നുള്ളൂ. പറഞ്ഞുകേട്ടവയുടെ കണ്ണികള്‍ എവിടെയൊക്കെയോ അറ്റുപോയിട്ടുണ്ടെന്നായിരുന്നു എന്റെ മനസ്സില്‍. കേട്ടറിവിന്‌ അനുഭവത്തിന്റെ ആഴമില്ലല്ലോ. വൈകാതെ ഞാന്‍ തിരക്കുകളിലേക്കുവഴുതിവീണു.., അവയ്‌ക്കിടയിലെങ്ങോ നിന്നെയും മറന്നു, മനഃപൂര്‍വമല്ലെങ്കിലും. നിയമത്തിന്റെ വെള്ളാനകള്‍വിഴുങ്ങി നിനക്ക്‌ നീതിനിഷേധിക്കപ്പെട്ടത്‌ വൈകിയാണറിഞ്ഞതും. കുറ്റവാളികള്‍ക്ക്‌ രക്ഷപ്പെടാനുള്ള വഴികള്‍ എനിക്ക്‌ അടയ്‌ക്കാമായിരുന്നു..., ചെയ്‌തില്ല. തെറ്റായി... എല്ലാം തെറ്റായിപ്പോയി...


ഒടുവില്‍, തിരുത്താനായെങ്കില്‍ എല്ലാം എന്നാശിച്ച്‌ മുന്നില്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാ വാതിലുകളും എല്ലാവര്‍ക്കുംനേരെ കൊട്ടിയടച്ച്‌.., ആര്‍ക്കും പിടികൊടുക്കാതെ, ആര്‍ക്കും എത്തിപ്പെടാനാവാത്ത അകലത്തേക്ക്‌... നീ....


ഇപ്പോള്‍ നീ അന്നുപറഞ്ഞതൊക്കെയും ദുഃഖപര്യവസായിയായിമാത്രം തീരുന്നൊരു മുഴുനീള ചലച്ചത്രമായി മനസ്സില്‍ പ്രദര്‍ശനത്തിനെത്തുന്നു- ഇടവേളകളില്ലാതെ.. ആവര്‍ത്തിച്ച്‌... അവയ്‌ക്കിടയിലെപ്പോഴോ ഞാന്‍ നീയായി താദാത്മ്യം പ്രാപിക്കുന്നു. സഹിക്കാനാവുന്നില്ലെനിക്ക്‌, ഉള്ളില്‍ കരിങ്കല്ലുകളടുക്കുമ്പോലുള്ള ഭാരം തോന്നുന്നെന്ന്‌ നീ പറഞ്ഞത്‌ എനിക്കിപ്പോള്‍ അതേപടി അനുഭവിക്കാനാവുന്നുണ്ട്‌. ഇടയ്‌ക്ക്‌ എന്റെ കഴുത്തില്‍ ആരോ കയറിട്ടുമുറുക്കുന്നു. ശ്വാസംകിട്ടാതെ പിടഞ്ഞെണീറ്റ്‌ ഓടാന്‍ ശ്രമിച്ച്‌ ഭ്രാന്തമായ ആവേശത്തോടെ കഴുത്തില്‍ പാടുകളുണ്ടോയെന്ന്‌ തടവിനോക്കുന്നു. ബോധമനസ്സിലെവിടെയോ അറിയാം ഞാന്‍ നീയല്ലെന്നും ഇതൊക്കെയെന്റെ തോന്നലാണെന്നും. പക്ഷേ വയ്യ.. നിന്റെ വേദനയെന്റെ മനസ്സിന്റെ താളുകള്‍ക്കിടയില്‍ നിമിഷംപ്രതി പെറ്റുപെരുകുന്നു. ഒരു വലിയ മുട്ടപൊട്ടിച്ച്‌ അരിച്ചിറങ്ങുന്ന ചിലന്തിക്കുഞ്ഞുങ്ങള്‍ ശരീരത്തിലാകമാനം പരതുന്നപോലെ. ഞാന്‍പോലുമറിയാതെ ഞാന്‍ നീയാവുകയാണ്‌. നീ പറഞ്ഞ ഒറ്റപ്പെടലിന്റെ വേദന, അവഗണനയുടെ ഒളിയമ്പുകള്‍, പിന്നില്‍നിന്നുള്ള പിറുപിറുക്കലുകള്‍- എല്ലാമെനിക്ക്‌ അനുഭവിക്കാനാവുന്നുണ്ട്‌. നിന്റെ ശരീരത്തില്‍ അന്നുണ്ടായിരുന്ന സിഗരറ്റുകൊണ്ട്‌ കുത്തിപ്പൊള്ളിച്ച പാടുകള്‍ ഉറ്റവരുടെ കൂര്‍ത്ത നോട്ടത്തിന്റെ തീക്ഷ്‌ണതകൊണ്ട്‌ രൂപപ്പെട്ടതായിരുന്നോ? അവയെന്റെ ദേഹത്തും പ്രത്യക്ഷമാകുന്നെന്ന്‌ ഭയന്ന്‌ വിഹ്വലതയോടെ ഞാന്‍ എന്നെ നോക്കുമ്പോള്‍ സ്വന്തം ദൃഷ്ടിയാല്‍ എന്റെ ശരീരം പൊള്ളിയടരുന്നുവോ!..


ഒക്കെയൊരു സ്വപ്‌നമായിരുന്നെങ്കില്‍, അതില്‍നിന്നൊന്ന്‌ ഉണരാനായെങ്കില്‍ എന്നാശിക്കുന്നുണ്ട്‌ ഞാന്‍. പക്ഷേ ബോധം വീണ്ടുകിട്ടുന്ന നിമിഷങ്ങളിലും തിരിച്ചറിയാനാകുന്നുണ്ട്‌ ഒന്നും സ്വപ്‌നമല്ലെന്ന്‌. ദിനരാത്രങ്ങളായി ചിന്തകളാല്‍ വേട്ടയാടപ്പെടുന്നതു സഹിക്കാനാവാതെ ഓടിയൊളിക്കപ്പെട്ട ഉറക്കം ഇനിയും എന്നെത്തേടി മടങ്ങിവന്നിട്ടില്ല. മണിക്കൂറുകള്‍ നീളുന്ന സ്‌നാനങ്ങള്‍ ഒന്നും കഴുകിക്കളയുന്നില്ല. ചിന്തകള്‍ക്ക്‌ സ്‌ഫടികത്തിന്റെ തിളക്കമേറ്റി വയ്ക്കുന്നു. ഞാന്‍ ആരെന്ന്‌ സ്വയം മറക്കുന്ന നിമിഷങ്ങളും, നീയാരെന്ന്‌ ഞാന്‍ സ്വയമറിയുന്ന നിമിഷങ്ങളും ഏറിവരുന്നു. ഞാന്‍ നിന്റെ കാല‌ടികള്‍‍ പിന്തുടരുകയല്ല, നിന്റെ പാദങ്ങളാവുകയാണ്‌. നീ നടന്ന വഴികളിലൂടെയാണിപ്പോള്‍ എന്റെ സഞ്ചാരം. കാണാനില്ല നിന്നെ, പക്ഷേ കൂടെയുണ്ട്‌ നീ... എന്റെ കൂടെ... നിഴലായല്ല, ഞാനായിട്ട്‌. എനിക്ക്‌ മുഖത്തോടുമുഖം കാണണമെന്നുണ്ട്‌ നിന്നെ. എന്തുപറഞ്ഞാശ്വസിപ്പിക്കണം നിന്നെയെന്ന്‌ എനിക്ക്‌ വെളിപാടുണ്ടായിരിക്കുന്നു. ഞാനിപ്പോള്‍ നീതന്നെയാണല്ലോ... അതോ നീ ഞാനോ?...നിന്റെ മനസ്സാണ്‌ ഇപ്പോഴെനിക്കും... ഉറപ്പ്‌....


ഒരേയൊരു പടവ്‌.. അതുമാത്രമേ ബാക്കിയുള്ളൂ എനിക്ക്‌ പൂര്‍ണമായും നീയായിമാറാന്‍. ഞാനത്‌ നടന്നുകയറുകയാണ്‌., അതോ പറന്നോ! എന്റെ വരവ്‌ നീ പ്രതീക്ഷിക്കുന്നുണ്ടാവില്ല. എങ്കിലും ഞാന്‍നിനക്കൊരു അധികപ്പറ്റാവുമെന്ന വേവലാതിയില്ല. ഇനിയൊരു യാത്രയോ മടക്കയാത്രയോ ഇല്ലല്ലോ...


ഞാനൊരു ചെറിയ പട്ടമായി പറന്നുപറന്ന്‌ നിന്റെയരികിലെത്തും. അതില്‍ കോര്‍ക്കാന്‍ ബലമുള്ളൊരു ചരട്‌ ഞാന്‍ കണ്ടുവച്ചിട്ടുണ്ട്‌. മഴവില്ലിന്റെ നിറങ്ങളത്രയും ഉള്ളിലാവാഹിച്ച ഒരു തൂവെള്ളപ്പട്ടം. ഒരു മരക്കൊമ്പില്‍ കുരുങ്ങിക്കിടക്കുന്ന പട്ടം. തെല്ലിട അത്‌ കാറ്റിന്റെ വഴിയില്‍ പാറിക്കളിക്കും.... കാറ്റുനിലയ്‌ക്കുംമുമ്പേ നിശ്ചലമാവും. അപ്പോളെനിക്ക്‌ നിന്നെയും നിനക്കെന്നെയും കാണാനാകും. കുറേപ്പേര്‍ അപ്പോള്‍ കാറ്റത്തും പറക്കാന്‍മറന്ന്‌ മരത്തില്‍ കുരുങ്ങിയ പട്ടംകണ്ട്‌ മുഖമുയര്‍ത്തും... പിന്നെ നെറ്റിചുളിച്ച്‌ മുഖംകുനിക്കും... എന്നിട്ടും കുറേപ്പേര്‍ കണ്ടില്ലെന്നുനടിക്കും.., തിടുക്കത്തില്‍ നടന്നകന്നു പോകും.