Friday, September 25, 2009

തിരുവോണം തൃപ്പൂണിത്തുറയിൽ നിന്നും തുടങ്ങുന്നു-പ്രഫുല്ലൻ തൃപ്പൂണിത്തുറ

praphullan thrippunithura

മലയാളത്തിന്റെ മഹാഭാഗ്യമായ തിരുഓണത്തിന്റെ കൊടിയേറ്റം 23-08-2009 ഞായറാഴ്ച അത്തംനഗറിൽ (തൃപ്പൂണിത്തുറ) സർക്കാർ ബോയ്സ്‌ ഹൈസ്കൂൾ ഗ്രൗണ്ട്‌) ആഘോഷം നടന്നു.
ഓണത്തെപ്പോലെത്തന്നെ അത്തവും തൃപ്പൂണിത്തുറക്കാർക്ക്‌ ഗൃഹാതുരത്വമുണർത്തുന്ന ആഘോഷമാണ്‌.
പണ്ടേ മുതൽ തൃപ്പൂണിത്തുറയിൽ നടന്നുവന്നിരുന്നത്‌"അത്തച്ചമയ"മായിരുന്നു. സാക്ഷാൽ കൊച്ചി മഹാരാജാവ്‌ ചമഞ്ഞ്‌ ഒരുങ്ങിയിറങ്ങിയിരുന്ന അത്തച്ചമയം. അത്‌ 1947-ൽ രാജഭരണം അവസാനിച്ചതോടെ നിന്നു പോയി. പിന്നീട്‌ 13 വർഷക്കാലത്തേയ്ക്കു അത്തച്ചമയമുണ്ടായില്ല; അത്തച്ചമയത്തോടനുബന്ധിച്ച്‌ നഗരവീഥികളിൽ നടന്നിരുന്ന വഴിവാണിഭമൊഴികെ! 1961 ലാണു അത്താഘോഷം എന്ന പേരിൽ പൊതുജനങ്ങൾ ഇതു പുനരാവിഷ്കരിച്ചതു. ചരിത്രമറിയാത്ത ചില പുതിയ മാദ്ധ്യമ പ്രവർത്തകർ ഇതിനെ അത്തച്ചമയമെന്നു തെറ്റായി വിളിക്കുന്നു.
1961-ൽ ജനകീയ അത്താഘോഷം പുനരാവിഷ്കരിച്ചപ്പോൾ മുതൽ അമരത്തുണ്ടായിരുന്ന ചിലനാമധേയങ്ങൾ പ്രത്യേകം പരിഗണിയ്ക്കപ്പെടേണ്ടതുണ്ട്‌. രാജ്യത്തിനു തൃപ്പൂണിത്തുറയുടെ സംഭാവനയായ മുൻ സാംസ്കാരിക വകുപ്പുമന്ത്രി ടി.കെ.രാമകൃഷ്ണൻ (മുമ്പ്‌ പഞ്ചായത്തുമെമ്പറും പ്രസിഡന്റുമൊക്കെയായിരുന്ന ഇദ്ദേഹം അത്താഘോഷ പുനരാവിഷ്കരണത്തിനുള്ള പഞ്ചായത്തു കമ്മിറ്റിയുടെ സാരഥിയായിരുന്നു. 1961 മുതൽ 2006 ൽ മരിയ്ക്കുന്നതുവരെ എല്ലാ അത്താഘോഷ വേദിയിലും ഉൽഘാടകനോ അധ്യക്ഷനായോ ആശംസാ പ്രാസംഗികനായോ നിറഞ്ഞു നിന്നിരുന്നു) ഒടുവിലത്തെ പഞ്ചായത്തു പ്രസിഡന്റായിരുന്ന പി.എ.രാഘവഷേണായി (ഇദ്ദേഹം 16 വർഷം പഞ്ചായത്തു പ്രസിഡന്റായിരുന്നു) തൃപ്പൂണിത്തുറയുടെ ആദ്യത്തെ നഗരസഭാദ്ധ്യക്ഷൻ ഇ.ജി.രാഘവമേനോൻ, നിസ്വാർത്ഥ പൊതുപ്രവർത്തകനായിരുന്ന പയ്യന്നൂർ പ്രഭാകരൻ, സിനിമാ നടൻ രവീന്ദ്രന്റെ പിതാവും പൊതുപ്രവർത്തകനുമായരിരുന്ന ഏലിയാസ്‌, തൃപ്പൂണിത്തുറയിൽ നിന്നുള്ള ആദ്യ എം.എൽ.എ ആയിരുന്ന ഡോ. എൻ.കെ.കുമാരൻ, പത്രപ്രവർത്തകനായ എം.എം.പീറ്റർ, വേണു തീയ്യേറ്റർ ഉടമയും കോൺട്രാക്ടറുമായിരുന്ന വേണു മൂപ്പൻ, സേൻട്രൽ ജയമാരുതി തീയ്യേറ്ററുകളുടെ ഉടമയായിരുന്ന സൂര്യനാരായണയ്യർ തുടങ്ങിയവരാണവർ.
എന്നാൽ കഴിഞ്ഞ 25 വർഷമായി ജനകീയ കമ്മിറ്റികൾ രൂപീകരിയ്ക്കാതെ നഗരസഭ നേരിട്ടാണു അത്താഘോഷം സംഘടിപ്പിയ്ക്കുന്നത്‌. ഓരോ നഗരസഭാ കൗൺസിലർമാരെയും ഓരോ ചുമതലകൾ ഏൽപിക്കുകയാണു ചെയ്തുവരുന്നത്‌. സ്ഥിരമായി ഓരോ വ്യക്തികൾ തന്നെ ഓരോ ചുമതലകൾ കയ്യാളുന്നതുകൊണ്ടും തികച്ചും ഔദ്യോഗിക പരിവേഷമുള്ളതുകൊണ്ടും അത്താഘോഷം യാന്ത്രികമായി ചുരുങ്ങിപ്പോകുന്നുവേന്നു പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നുണ്ട്‌.
1961-ൽ അത്താഘോഷം തുടങ്ങിയപ്പോൾ ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നുമാരംഭിച്ച ഘോഷയാത്ര കനകക്കുന്നിൽ പോയി തിരിച്ചുവരുകയായിരുന്നു; രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷം ആ പതിവുമാറ്റി തൃപ്പൂണിത്തുറ നഗരം ചുറ്റുന്ന രീതിയാക്കി. അതിപ്പോഴും തുടരുന്നു.
ഉന്നത നേതാക്കളും ഭരണകർത്താക്കളും പങ്കെടുക്കുന്ന അത്താഘോഷത്തിന്റെ ഉൽഘാടന കർമ്മം കഴിഞ്ഞാലുടനെ അത്തം ഘോഷയാത്ര ആരംഭിയ്ക്കുകയായി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, മുത്തുക്കുടകൾ, അത്തപ്പതാകയേന്തിയ വിദ്യാർത്ഥികൾ, വിദ്യാർത്ഥികളുടെ ഡിസ്പ്ലേകൾ, പരമ്പരാഗത നാടൻ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, പുരാണകഥാപാത്രങ്ങളേയും പുതിയ സാമൂഹ്യപ്രശ്നങ്ങളേയും പ്രദർശിപ്പിയ്ക്കുന്ന നിശ്ചലദൃശ്യങ്ങൾ ബാന്റു-നാദസ്വരമേളങ്ങൾ, അനുഷ്ഠാനകലാപ്രകടനങ്ങൾ തുടങ്ങിയ ഇനങ്ങൾ അണിനിരന്നുനീങ്ങുന്ന അത്തംഘോഷയാത്ര കണ്ണിനും കരളിനും ഇമ്പമേകുന്ന ഒരു വിസ്മയക്കാഴ്ച തന്നെയാണ്‌. ഇതു ദർശിയ്ക്കുന്നതിനായി തൃപ്പൂണിത്തുറയിലെ രാജവീഥികളെല്ലാം പൊതുജനങ്ങൾ നിറഞ്ഞുകവിയും, തൃപ്പൂണിത്തുറയ്ക്കു പുറത്തുനിന്നും ജില്ലയ്ക്കുപുറത്തു നിന്നുമൊക്കെ എത്തുന്നവർ അക്കൂട്ടത്തിലുണ്ടാകും. രാവിലെ ഒമ്പത്‌ മുതൽ ഉച്ചയ്ക്കു രണ്ടു വരെ നഗരത്തിലേയ്ക്കു ബസ്സുകളെയും കാറുകളെയും മറ്റു വലിയ വാഹനങ്ങളേയും കടത്തിവിടില്ല. ആദ്യകാലങ്ങളിൽ അശ്വാരൂഢ ഭടന്മാർ, എൻ.സി.സി, നേവിബാന്റ്‌, പോലീസ്ബാന്റ്‌ എന്നിവരും ഘോഷയാത്ര വിപുലീകരിയ്ക്കാൻ എത്താറുണ്ടായിരുന്നു.
അത്തത്തിൻ നാൾ വൈകിട്ട്‌ കലാസന്ധ്യ ഉദ്ഘാടനം ചെയ്യുന്നതോടെ അത്താഘോഷ സമാപന ദിവസംവരെ നിറയെ കലാപരിപാടികളുണ്ടാകും. ആദ്യം മൂന്ന്‌ ദിവസമായിരുന്നു ആഘോഷങ്ങൾ. പിന്നെ അഞ്ചു ദിവസമായി. ഇപ്പോൾ ഓണംവരെയാണു പരിപാടികൾ. കലാസന്ധ്യ ഉദ്ഘാടനം ചെയ്യുന്നതിനു ജെമിനി ഗണേശൻ, ശീർകാഴി ഗോവിന്ദരാജൻ, പ്രേംനസീർ തുടങ്ങി പ്രസിദ്ധരായ പലരും എത്താറുണ്ടായിരുന്നു. ഓരോ രാത്രികളിലും അതാതുകാലത്തെ ഏറ്റവും നല്ല കഥാപ്രസംഗം, നാടകം, കളരിപ്പയറ്റ്‌, മാജിക്‌ തുടങ്ങിയവയാണു അരങ്ങേറുക. കാട്ടുകുതിര, ക്രോസ്ബെൽറ്റ്‌, കാപാലിക, രാഗംതാനം പല്ലവി തുടങ്ങിയ പ്രോഫഷണൽ നാടകങ്ങൾ അത്താഘോഷ വേദിയിൽ കണ്ടത്‌ ഈ ലേഖകൻ ഓർക്കുന്നു.
കേരളത്തിന്റെ സർക്കാർ ഓണാഘോഷത്തിന്റെ ഘോഷയാത്രയേക്കാൾ എത്രയോ മടങ്ങ്‌ വലുതും വർണ്ണശബളവുമാണ്‌ തൃപ്പൂണിത്തുറ അത്താഘോഷ യാത്ര. കഴിഞ്ഞ കുറേ വർഷങ്ങളായി അത്താഘോഷത്തിനു സർക്കാരിൽ നിന്നും എന്തെങ്കിലും ധനസഹായം വാങ്ങിയെടുക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടു. പക്ഷേ ഈ വർഷം മുതൽ ഒരു ലക്ഷം രൂപ സഹായധനമായി സർക്കാരിൽ നിന്നും അനുവദിക്കുമെന്ന്‌ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനയോഗത്തിൽ പ്രഖ്യാപിച്ചു. അതുപോലെ തന്നെ പതാക ഉയർത്തിയ കേന്ദ്രമന്ത്രി പ്രോഫ.കെ.വി.തോമസ്‌ ഈ വർഷം മുതൽ മരട്‌ പൊതുമാർക്കറ്റിൽ അരങ്ങേറുന്ന "ഹരിതോത്സവം" അത്താഘോഷത്തോട്‌ ബന്ധിപ്പിക്കുമെന്നു പറഞ്ഞു. (17 സംസ്ഥാനങ്ങൾ തങ്ങളുടെ പരാമ്പരഗത കാർഷിക ഉൽപന്നങ്ങളുമായി സമ്മേളിക്കുന്ന ഈ ബൃഹത്തായ പ്രദർശനം ഇതേവരെ ഡൽഹിയിൽ മാത്രമേ നടത്തിയിട്ടുള്ളു.)
മൂന്ന്‌ ആനകൾ, ആനച്ചമയങ്ങൾ, പട്ടു കുടകൾ, തുടങ്ങി തൃപ്പൂണിത്തുറ ദേവസ്വത്തിൽ നിന്നും ലഭിയ്ക്കുന്ന എല്ലായിനങ്ങളും കൊച്ചി ദേവസ്വം ബോർഡ്‌ സൗജന്യമായി എല്ലാവർഷവും അനുവദിയ്ക്കുന്നു. ആനയേക്കം, തീറ്റച്ചിലവ്‌, ആനക്കാരുടെ ശബളവും ബത്തയും ആനച്ചമയങ്ങളുടേയും, മുത്തുക്കുടകളുടേയും വാടക തുടങ്ങിയവ കണക്കാക്കുമ്പോൾ കൊച്ചി ദേവസ്വം ബോർഡാണ്‌ അത്താഘോഷത്തിനു ഏറ്റവും വലിയ സംഭാവനയും പ്രായോഗിക സഹകരണവും നൽകിപ്പോരുന്നത്‌ എന്നുകാണാം.
അത്താഘോഷത്തോട്‌ നേരിട്ടു ബന്ധമില്ലെങ്കിലും ചമ്പക്കരകായലിൽ അത്തംനാളിൽ അരങ്ങേറുന്ന ജലോത്സവും അത്താഘോഷത്തെ ആനന്ദലഹരിമയമാക്കുന്നു. ഏറ്റവും അടുത്തിരുന്നുകൊണ്ട്‌ വള്ളംകളി കാണാനുള്ള ഭൂമിശാസ്ത്രപരമായ സൗകര്യം ഈ ജലോത്സവത്തിനു മാത്രമുള്ളതാണ്‌.
ഉപ്പുതൊട്ടു കർപ്പൂരംവരെയുള്ള ഇനങ്ങൾ അത്തംനാളിലെ വഴിവാണിഭത്തിനു പണ്ടേ മുതൽ എത്തിച്ചേരുന്നു. കുട്ട, വട്ടി, മുറം, ചിരവ, കത്തികൾ, തൂമ്പ, ഇടങ്ങഴി, പറ, ഓണത്തപ്പൻ, തലമപ്പന്ത്‌ തുടങ്ങിയ ഗ്രാമീണ ഉൽപ്പന്നങ്ങൾക്കായിരുന്നു ഈ വിപണന മേളയിൽ കൂടുതൽ പ്രാധാന്യം. ഓണത്തോടനുബന്ധിച്ച്‌ തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലുമുള്ള മൈതാനങ്ങളിൽ സജീവമായി അരങ്ങേറിയിരുന്ന നാടൻപന്തുകളി മത്സരം ഇപ്പോൾ പൂർണ്ണമായും നിലച്ചുപോയിരിയ്ക്കുന്നതുകൊണ്ടാവണം ഇപ്പോൾ വിപണിയിൽ തലപ്പന്തു കാണാനേയില്ല. വഴിയോരക്കച്ചവടവും നിലച്ചുപോയിരിയ്ക്കുന്നു.
രാജഭരണക്കാലത്തു നടത്തിയിരുന്ന അത്തച്ചമയത്തിന്റെ പശ്ചാത്തലത്തിലുള്ള ഐതിഹ്യങ്ങളെക്കുറിച്ചുകൂടി ഇവിടെ വിവരിയ്ക്കാം.
1. കൊച്ചി മഹാരാജ്യത്തിലെ കരപ്രമാണിമാരുടേയും പൊതുജനങ്ങളുടേയും മുമ്പിൽ മഹാരാജാവിന്റെ പ്രഥമസ്ഥാനവും, പ്രൗഢിയും, നേതൃത്വവും, ശക്തിയുമൊക്കെ വർഷത്തിലൊരിയ്ക്കൽ പ്രദർശിപ്പിയ്ക്കാനുള്ള ഒരൗദ്യോഗികാവസരമായിരുന്നു അത്തച്ചമയം. എല്ലാ ഉയർന്ന ഉദ്യോഗസ്ഥന്മാരുടേയും, ഇളമുറത്തമ്പുരാക്കന്മാരുടേയും, സൈനികരുടേയും മദ്ധ്യത്തിൽ, എല്ലാ വാദ്യമേളങ്ങളുടേയും അശ്വാരൂഢ ഭടന്മാരുടേയും അകമ്പടിയോടെ സർവ്വാഭരണവിഭൂഷിതനായി, മഹാരാജാവ്‌ ചമഞ്ഞൊരുങ്ങുന്ന ഓണാരംഭദിനമായിരുന്നു അത്‌. മഹാരാജാവ്‌ എല്ലാ പ്രജകൾക്കും അന്ന്‌ ഒരു 'പുത്തൻ' സമ്മാനമായി നൽകുമായിരുന്നു. ഈശ്വരതുല്യനായ മഹാരാജാവിനെ നേരിട്ടു അടുത്തുകാണുവാനും അദ്ദേഹത്തിൽ നിന്നും നേരിട്ടു നാണയം സ്വീകരിയ്ക്കുവാനും സാധിയ്ക്കുകയെന്നത്‌ പ്രജകൾ അനുഗ്രഹമായി കണക്കാക്കിയിരുന്നു.
2. കൊച്ചി രാജ്യത്തിന്റെ വടക്കുപടിഞ്ഞാറെ അതിർത്തിഗ്രാമമായ 'വന്നേരി' എന്ന പ്രദേശം കോഴിക്കോടു സാമൂതിരി വെട്ടിപ്പിടിച്ചെടുത്തു. അതു തിരികെ പിടിച്ചെടുക്കാൻ കൊച്ചി മഹാരാജാവ്‌ സർവ്വ സന്നാഹങ്ങളോടെയും സൈന്യത്തിന്റെ അകമ്പടിയോടെയും പടപ്പുറപ്പാടായി പോകുന്നതിന്റെ ഓർമ്മയ്ക്കാണ്‌ ഈ അത്തച്ചമയം എന്നു പറയുന്നവരുമുണ്ട്‌. "വന്നേരി"തിരികെ പിടിച്ചെടുക്കുന്നതുവരെ രാജാധികാര ചിഹ്നമായ കിരീടംതലയിൽവെയ്ക്കില്ലെന്നു കൊച്ചി മഹാരാജാവ്‌ ശപഥം ചെയ്തിരുന്നു. അതുകൊണ്ട്‌ കിരീടം മടിയിൽ വെച്ചുകൊണ്ടാണ്‌ എപ്പോഴും കൊച്ചിരാജാവിന്റെ എഴുന്നള്ളത്ത്‌. വന്നേരി ഇന്നേവരെ തിരിച്ചുപിടിയ്ക്കാനാവാത്തതുകൊണ്ട്‌ കൊച്ചി മഹാരാജാവിനു കിരീടം തലയിൽ വെയ്ക്കാൻ കഴിഞ്ഞില്ല. കിരീടം മടിയിൽവെച്ച്‌ അത്തച്ചമയത്തിന്റെ മദ്ധ്യത്തിൽ പല്ലക്കിലിരിയ്ക്കുന്ന കൊച്ചി മഹാരാജാവ്‌ ആ ദുരന്തസ്മൃതിയുടെ പ്രതീകം കൂടിയാണെന്നു പറയാൻ തൃപ്പൂണിത്തുറക്കാർ ഇഷ്ടപ്പെടുന്നില്ല.
3. തൃപ്പൂണിറയുടെ വടക്കേഭാഗത്ത്‌ പഴയ തിരുവിതാംകൂറിലുള്ള തൃക്കാക്കരയിലെ വാമനസ്വാമിക്ഷേത്രത്തിൽ അത്തംമുതൽക്ക്‌ 28 ദിവസത്തെ വാർഷിക ഉത്സവമാണത്രെ ഉണ്ടായിരുന്നത്‌. അത്‌ കേരളക്കരയിലെ ആദ്യത്തെ ഉത്സവമായി ഇന്നും തുടരുന്നു. ഈ ഉത്സവത്തിനു എല്ലാ നാട്ടുരാജാക്കന്മാരും പങ്കെടുത്തിരുന്നു. ചമഞ്ഞൊരുങ്ങി സർവ്വസന്നാഹങ്ങളോടെയുമാണ്‌ രാജാക്കന്മാരെല്ലാം എത്തിയിരുന്നത്‌. ഓരോരുത്തരുടേയും പ്രൗഢിയും മഹിമയും പ്രദർശിപ്പിയ്ക്കാനുതകുന്ന ഒരവസരം കൂടിയായിരുന്നു അത്‌. ഒരിയ്ക്കൽ ഇതുപോലെ ചമഞ്ഞൊരുങ്ങി തൃപ്പൂണിത്തുറയിൽ നിന്നും പുറപ്പെട്ട കൊച്ചി മഹാരാജാവിന്‌ വഴിമദ്ധ്യേ ഒരു മുടക്കത്തിന്റെ (പുല) അറിവുകിട്ടി. ഉത്സവത്തിനു സംബന്ധിയ്ക്കാനാവാതെ അക്കൊല്ലം അദ്ദേഹം മടങ്ങി. പിന്നീടുള്ള വർഷങ്ങളിലും പല കാരണങ്ങൾ കൊണ്ടും തൃക്കാക്കരയ്ക്കു പോകാനായില്ല. ഏതായാലും മാതൃകാഭരണാധിപനായിരുന്ന മഹാബലി ചക്രവർത്തിയുടെ സ്മരണാർത്ഥമുള്ള ഓണാഘോഷത്തിന്റെ തുടക്കത്തിലുള്ള ഈ ചമഞ്ഞ്‌ ഒരുങ്ങൽ നിർത്തിയില്ല. പക്ഷേ അതു രാജധാനിയായ കനകക്കുന്നിൽ മാത്രമായി ഒതുങ്ങി. അതാണ്‌ രാജഭരണാവസാനംവരെ അത്തച്ചമയമായി എല്ലാ വർഷവും ആഘോഷിച്ചുപോന്നത്‌.
തൃക്കാക്കര ഉത്സവവും ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണംവരെയുള്ള പത്തു ദിവസങ്ങളിലായി ചുരുങ്ങി.
ഏതായാലും മലയാളത്തിന്റെ മഹാഭാഗ്യമായ ഓണാഘോഷം തൃപ്പൂണിത്തുറയിലെ അത്താഘോഷത്തോടെയാണ്‌ സമാരംഭിയ്ക്കുന്നത്‌. ഓണാന്തരീക്ഷം തുടിച്ചുനിൽക്കുന്ന ഒരു ചരിത്രവ്യഖ്യാനമാണ്‌ അത്താഘോഷം. വാളും കുന്തവും പരിചയും മറ്റും പേറിക്കൊണ്ടുള്ള, പടക്കോപ്പുകൾ വഹിച്ചുകൊണ്ടുള്ള ഒരു പടനീക്കത്തിന്റെ എല്ലാ ലക്ഷണങ്ങളും അത്താഘോഷങ്ങളിൽ ദൃശ്യമാണ്‌. കലാസാംസ്കാരിക രംഗങ്ങളുടെ അപൂർവ്വ ചാരുത വാരി വിതറുന്ന അത്താഘോഷം തൃപ്പൂണിത്തുറയുടെ സമ്പത്തു തന്നെ