Wednesday, September 30, 2009

കവിതയുടെ പിറവി-ദേശമംഗലം രാമകൃഷ്ണൻdesamangalam ramakrishnan
'ഓർക്കരുതിപ്പഴയകാര്യങ്ങൾ' - ഇങ്ങനെയൊരു കവിതയാണ്‌ ഞാൻ എഴുതുവാൻ പോകുന്നതെന്ന്‌ നിശ്ചയമുണ്ടായിരുന്നില്ല. ഏറെ നാളായി എന്നത്തേയും പോലെ വല്ലാത്തൊരു അനിശ്ചിതത്വത്തിൽ കുടുങ്ങിക്കിടക്കയായിരുന്നു. Half of an yellow sun എന്ന നോവൽ വിവർത്തനം നിർത്തിവച്ച്‌ എന്റെ ഉള്ളിൽകടന്ന്‌ പരക്കംപായാൻ തന്നെ തീരുമാനിച്ചു. സ്വയം എന്തൊക്കെയോ പറയാനുണ്ടെന്നൊരു വെമ്പലിൽ ഭ്രാന്തമായിത്തീർന്നു. ആ ഭ്രാന്തിൽ ഓണപ്പതിപ്പുകൾക്കായി കുറേ എഴുതിവെച്ചു (അവയൊക്കെ അച്ചടിച്ചുവന്നു; എനിക്കതിൽ ഒരു സന്തോഷം ഇല്ലായ്കയില്ല). പിന്നെ തുടർച്ചയായി പ്രശസ്ത നിരൂപകൻ എം.കെ.ഹരികുമാറിന്റെ 'എഴുത്ത്‌ ഓൺലൈൻ' വിളികൾ വന്നു. ഒരു Break Through വേണം. ഹരിക്ക്‌ വ്യത്യസ്തമായ ഒരു കവിത വേണം. പ്രേരണയുടെ അസ്വസ്ഥ ദിവസങ്ങൾക്കിടയിൽ ഒരു പാതിരാക്കവിത എനിക്കു കൈവന്നു. പൂതലിപ്പുകളോടൊട്ടി നിൽക്കുന്ന എന്റെ സ്ഥായിയായ ഗൃഹാതുരത്വത്തെ കുടഞ്ഞുകളയുംതോറും അതു തിരിച്ചുവരാറുണ്ട്‌. അപ്പോഴൊക്കെ ഇടശ്ശേരി പറഞ്ഞപോലെ 'പൊട്ടിയാട്ടാറു'മുണ്ട്‌. എന്താണെന്റെ പഴയ അറകൾ, എന്താണെന്റെ പുതിയ പ്രതിഷ്ഠകൾ. ഏതാണ്‌ വസ്തു. ഏതാണ്‌ നിഴൽ. ഏതാണ്‌ യാഥാർത്ഥ്യം, ഏതാണ്‌ സ്വപ്നം. ഏതായാലും നിഴലല്ലയോ കവിത. തലതിരിഞ്ഞ സ്വപ്നമല്ലോ കവിത.
മങ്ങിയ വെട്ടത്തിൽ നിഴലുകളുടെ കേളി കണ്ടിരിക്കുക എനിക്ക്‌ പ്രിയം. തള്ളവിരലും ചൂണ്ടുവിരലും നടുവിരലും കൂട്ടിപ്പിടിച്ചുള്ള പേനയുടെ നിശ്ചലത മാറിക്കിട്ടിയത്‌. ഈ നിഴലുകൾ വന്ന്‌ ഉന്തിയതുകൊണ്ടാണ്‌ എന്ന്‌ തോന്നുന്നു. നിഴലുകളുടെ ഭാഷയിൽ ഞാൻ എഴുതിത്തുടങ്ങി. 'എഴുത്തു കൈ'യിന്റെ നിഴലാണ്‌ എനിക്ക്‌ അപ്പുറങ്ങളും ഇപ്പുറങ്ങളും കാട്ടിത്തന്നത്‌. ഭൂമിയും ഭൂമിയുടെ നിഴലും തമ്മിലുള്ള സംവാദത്തിൽ നിന്നും തുടങ്ങി കാമുകനും പ്രണയിനിയുമായുള്ള സംവാദംവരെ എത്തുന്ന ഒരു ഭ്രമാത്മക കഥനം നിർവഹിച്ചുകിട്ടുകയും ചെയ്തു. പഴമ, മാറ്റം എന്നീ രണ്ടു സങ്കൽപനങ്ങളുടെ അടരുകളാണ്‌ മറവി, ഓർമ്മ എന്നീ വിരുദ്ധ പാരസ്പര്യങ്ങളിലൂടെ ഇതിൽ ഊടും പാവുമായി വരുന്നത്‌ എന്നും കവിതവായിച്ചപ്പോൾ എനിക്കുതോന്നി. എഴുതുമ്പോൾ ഇങ്ങനെയൊരു നിർണ്ണയം എനിക്കില്ലായിരുന്നു. സംവാദമെന്നു പറഞ്ഞെങ്കിലും ഇതൊരു ഏകാന്തഭാഷണമാണ്‌.
പഴയതൊന്നും ഓർക്കരുത്‌ എന്നാണ്‌ പറയുന്നതെങ്കിലും പഴയതൊന്നും ഓർക്കാതെ പുതിയതൊന്നും ഉണ്ടാകുന്നില്ലെന്ന എന്റെ അടിസ്ഥാനചിന്ത ഇതിൽ തെഴുത്തു വരുന്നു എന്നും എനിക്കു തോന്നുന്നു. സ്ഥലകാലങ്ങളിൽ സംഭവിച്ച സ്ഫോടനങ്ങളും തൽഫലമായുണ്ടായ മുറിവുകളും ആഘാതങ്ങളും മരണങ്ങളും ആവാഹിക്കാനുള്ള അബോധാത്മകമായ ഒരു ശ്രമത്തിന്റെ ഫലമാണ്‌ ഈ കവിത എന്നും തോന്നുന്നു.

ഓർമ്മകൊണ്ടുമാത്രമല്ല ജീവിക്കുന്നതെന്നു പറയാം. ജീവനശക്തിയാണ്‌ ഓർമ്മ. പക്ഷേ ഈതിബാധയായിത്തീരരുത്‌. പലപ്പോഴും എനിക്ക്‌ അതൊരു ബാധയാണ്‌. ആ ബാധയിലിരുന്നാണ്‌ ഞാൻ സാധകം ചെയ്യുന്നത്‌. തിരിച്ചുവരാത്ത അസാധ്യത്തിൽ നിന്നാണ്‌ മാറ്റത്തിന്റെ സാധ്യത തേടുന്നതെന്നും എനിക്കുതോന്നാറുണ്ട്‌. അതിനാൽ 'ഐറണി'യിൽ കുടുങ്ങിക്കിടക്കുന്നു. സ്വാഭാവികമാണല്ലോ, അത്തരം അവസ്ഥയിൽ ശീലങ്ങളുടെ 'ഹാങ്ങ്‌ഓവർ' വിട്ടുപോകാതിരിക്കാൻ എഴുതി മറിച്ചുനോക്കിയപ്പോൾ പഴയതൊന്നും വിട്ടുപോയിട്ടില്ലെന്നും സ്വത്വഗതികളുടെ പുനരാവിഷ്കാരമാണിതെന്നും തോന്നി. ഇവിടെ ഒരു കവിതയുടെ പിറവിക്കു നിദാനമായവ പറയുന്നതിനു പകരം പിറവിയെടുത്ത ഉൽപന്നത്തെ പരിശോധിക്കലായില്ലേ എന്നും തോന്നുന്നുണ്ട്‌. സ്വയം മറഞ്ഞുമാഞ്ഞുപോയ ഏതാനും നിമിഷങ്ങളിൽ ഇരുന്നെഴുതിയ കവിതയാണിത്‌. തോന്നിയപോലെ എഴുതി. അതിനാൽ ഇതിൽ തോന്നലുകളുടെ നാട്യധർമ്മിക്കും അനുഭവിച്ചതിന്റെ ലോകധർമ്മിക്കും ഇടംകിട്ടി. ചക്രവർത്തിത്വത്തിന്റെ പശ്ചാത്തലത്തിൽ ശവവസ്ത്രധാരിയായി നിൽക്കുന്ന ഒരു ചിത്രം-കവിതയുടെ അവസാനംവരെ ആ ചിത്രം നൂലിട്ടുപിടിച്ചുനിർത്തിയിട്ടുണ്ട്‌. ഓർമ്മകളുടെയും മരണങ്ങളുടെയും ഗതാനുഗതികശീലക്കോമരങ്ങളുടെയും ആട്ടങ്ങൾ ഈ നൂലിഴയിലാണ്‌. പശ്ചാത്തലമായി ഈ വിഭ്രമാത്മക സന്നിവേശങ്ങളും പുരസ്ഥലമായി വർത്തമാനകാല മാറ്റങ്ങളും സന്നിഹിതമാക്കിയാണ്‌ ഈ രചന നിർവഹിച്ചിട്ടുള്ളത്‌.
അതിന്‌ വേണ്ടുന്ന ദൈർഘ്യവും ഉണ്ടായി. ഓരോ ഖണ്ഡമായി നിലകൊള്ളുന്ന ഭാവഘടനകൾ ഒന്നിച്ചൊരു കാഴ്ചതരും എന്നാണെന്റെ വിചാരം. എന്റെ നാലഞ്ചുദശകങ്ങളിലെ അനുഭവങ്ങളുടെ ലാഞ്ഛനകൾ എന്ന്‌ ഇതിനെ വിളിക്കാം. രചനയെപറ്റി അവകാശവാദങ്ങൾ ഇല്ലതന്നെ. ആകെക്കൂടി നന്ദിപറയാനുള്ളത്‌ എന്നെ മായ്ച്ചുകളയാനും എന്നെത്തന്നെ ഏങ്കോണിപ്പോടെയെങ്കിലും വീണ്ടെടുക്കാനും സഹായിച്ച ആ രചനാനിമിഷങ്ങളോടാണ്‌. 'കരിമ്പടക്കുപ്പായക്കാരന്‌ ഇരിക്കാനിടം കൊടുത്താൽ കിടക്കാനും ഇടംകൊടുക്കേണ്ടിവരും' എന്ന എന്റെ അമ്മയുടെ ചൊല്ലാണ്‌ യഥാർത്ഥത്തിൽ ഈ കവിതയുടെ മർമ്മം. 'ഓർക്കരുത്‌ സാൻഡ്‌വിച്ചുതിന്നുമ്പോൾ/ഓക്കാനം വരുത്തുന്ന കാര്യങ്ങൾ' എന്നെഴുതിയപ്പോൾ എനിക്കൊരു അനിർവചനീയ സംതൃപ്തിയാണുണ്ടായത്‌. തുടർന്നുവരുന്ന ഭാഗങ്ങൾ അതിന്‌ തീർത്തും അനുപൂരകവും ഉചിതവുമാണ്‌ എന്ന തോന്നലും ഉണ്ടായി.