Wednesday, September 30, 2009

മുരത്തി-ഡെൽന നിവേദിത




delna niveditha
തോടയിട്ട്‌ നിറഞ്ഞ കാതുകൾ-
ഓട്ടമാത്രം ബാക്കിയായ്‌.
ചുട്ടികുത്തിയ കവിളുമവളുടെ
ഒട്ടി-മങ്ങി-ചുളിഞ്ഞുപോയ്‌!
മാറ്‌ ചുറ്റിയുടുത്തമുണ്ടിൽ,
മടിയിൽ വെറ്റില കൂട്ടുമായ്‌.
നൂറ്‌-തേച്ച്‌ മുറുക്കി പല്ല്‌.
കറപിടിച്ച്‌ നിറഞ്ഞതും.
എണ്ണതേച്ച്‌ മിനുക്കിമുടികൾ
ചുരുണ്ടുകഴുത്തിനൊപ്പമായ്‌
പതിഞ്ഞമൂക്കിൽ ഇളകിയാടി
പഴയ ക്ലാവിൻ 'മൂക്കുത്തി'
മുത്തുമാല കഴുത്തിലുണ്ടത്‌
പത്ത്‌ നിറമായ്‌ മുത്തുകൾ
ചിതലരിച്ചൊരു പാദമവളുടെ
വിരലിൽ മിഞ്ചി വളഞ്ഞുപോയി
കാഴ്ചയൊട്ടും മങ്ങിയില്ല
തളിർത്ത മോഹവുമില്ലവൾ
ഒറ്റക്കന്ന്‌ പിറുപിറുത്തവൾ
തെറ്റും കാലത്തിൻ രോഷമോ?
ഇണങ്ങിയവളുടെ ജീവിതവും
നിറഞ്ഞ പ്രകൃതിക്കൊപ്പമായ്‌
ഇപ്പിമലയിൽ ജനിച്ചുവേന്നൊരു
കൊച്ചു കഥയും കേട്ടു ഞാൻ
കുടിലിൻ തിണ്ണേൽ, കടതൻമൂലേൽ
കുത്തിയിരിക്കുമെൻ 'മുരത്തി'!

('മുരത്തി'-കേരളത്തിലെ ഗോത്രസമൂഹത്തിലുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട പണിയരിൽ (കൂടുതലായി വയനാട്‌ ജില്ലയിൽ) പ്രായമായ സ്ത്രീകളെ വിളിക്കുന്ന പേരാണ്‌ മുരത്തി. ചില ചരിത്രപുസ്തകങ്ങളിൽ 'മൊരത്തി' എന്നും കാണാം.