Saturday, September 26, 2009

രണ്ടു കവിതകള്‍ - സത്യനാരായണൻ

sathya narayanan
വെളുപ്പിലെ കറുപ്പ്‌
വെറുതെയാകുമ്പോൾ
കറുത്ത കടലാസിൽ
കറുത്ത മഷികൊണ്ടെഴുതാം
ഓ! അതും വ്യർത്ഥമാണ്‌
ഞെരിച്ചമർത്തി കൊന്ന
മിനറൽവാട്ടർകുപ്പി
വലിച്ചെറിഞ്ഞ ചെവിത്തോണ്ടി,
ബീഡികുറ്റി, ബസ്‌ ടിക്കറ്റ്‌
എല്ലാം വെറുതെയാകുന്നു
മാടിനെ നിറച്ച ലോറി
പറിച്ചെടുത്ത കോഴിത്തൂവൽ
കശാപ്പുശാലയിലെ മണം
കുഴിച്ചുമൂടിയ കിനാവുകൾ
നിഴലുകൾ, പ്രേതങ്ങൾ
ഓ! അടയാളങ്ങൾ
എല്ലാം വ്യർത്ഥമാണ്‌
വീണ്ടുമൊരു വൈകുന്നേരം
ശവവണ്ടിയ്ക്ക്‌ പിറകേ പോകാം
വിലപിക്കാം
കല്ലാര്റയിൽ പൂക്കളർപ്പിക്കാം
ഒടുവിൽ, ഒറ്റയ്ക്കിരിക്കുമ്പോൾ
ശൂന്യത ശ്വാസം മുട്ടിക്കുമ്പോൾ
അടക്കിപ്പിടിച്ച വൃത്തികേട്‌
വീണ്ടും തൊണ്ടയിൽ


സി.പി.എം
സത്യനാരായണൻ
ഇതൊരു റോഡാണ്‌
റോഡിൽ നിയമങ്ങളുണ്ട്‌
വേഗത ആപത്ത്‌
പണ്ടേയുള്ള നിയമമാണ്‌
ഉഗ്രവേഗതയിൽ
കാറ്‌ പറത്തി
ചിറകൊടിഞ്ഞവൻ ബുദ്ധദേവ്‌.
ഈ റോഡിൽ ഗട്ടറുണ്ട-
തിലഴിമതിയുടെ ചെളിവെള്ളം
കുഴിയിൽ വീണത്‌ പിണറായി
പിന്നാലെ വന്നവരും വീണു
വീണവർ പറഞ്ഞു "വീണിട്ടില്ല"
ഇതൊരു റോഡാണ്‌
ട്രാഫിക്ക്‌ പോലീസുണ്ട്‌
സർവസമ്മതൻ കാരാട്ട്‌
പ്രകാശം പരത്തേണ്ടയാൾ
വഴികാട്ടിയാകേണ്ടയാൾ-
ക്കൊരു പലക നഷ്ടപ്പെട്ടു
'സ്റ്റോപ്പെ'ന്നെഴുതിയ പലക
പലരും നടന്ന റോഡാണ്‌
ഒരിക്കളൊരാൾ വന്നു
ജനങ്ങൾ വിളിച്ചു 'മിശിഹ'
അയാൾ പറഞ്ഞു
'ഇത്‌ കിഴക്കോട്ടുള്ള റോഡാണ്‌,
വരൂ, ഉദയം കാണിക്കാം'
അയാൾ നടന്നു
ജനങ്ങൾ പൈന്തുടർന്നു.
കുറച്ച്‌ ദൂരം പിന്നിട്ടു
അച്യുതാന്ദൻ നിന്നു
കണ്ണുകളിറുക്കിയടച്ച്‌
ഇരുകൈകളാൽ വാപൊത്തി
മേൽപോട്ടുയർന്ന്‌ ചാടി
മിശിഹാ മറഞ്ഞു
ജനങ്ങൾ ചുറ്റിനും നോക്കി
എവിടെ അയാൾ ?
ഇതാണോ ഉദയം?
ജനങ്ങൾ അന്തിച്ചു
ജാഗ്രതാ ബോർഡുകളിൽ
എ.കെ.ജിയുടെ പേര്‌
മാഞ്ഞ്‌ തുടങ്ങുന്നു
വഴിവക്കിൽ
'മൂലധനം'കത്തുന്നു
റോഡ്‌ തകരുന്നു
സഖാക്കളേ, ഉണരൂ
അറ്റകുറ്റ പണികൾക്ക്‌ നേരമായ്‌
വരൂ, കനത്ത മഴയിലും
ഒന്നിച്ചു പണിയാം.