Friday, September 25, 2009

ചോക്ലേറ്റ്‌ -ജെ.അനിൽകുമാർ


j anil kumar
സ്കൂളിലെത്തണമെന്ന അടിയന്തിര സന്ദേശത്തെ തുടർന്ന്‌, മേരിമാതാ കോൺവെന്റ്‌ സ്കൂളിലെ വിസിറ്റേഴ്സ്‌ പാർക്കിംഗ്‌ ഏരിയയിൽ വണ്ടി നിർത്തി, ജോസ്‌ പ്രിൻസിപ്പലിന്റെ മുറിയിലേയ്ക്ക്‌ വേഗത്തിൽ നടന്നു. ക്ലാസ്സ്‌ സമയം കഴിഞ്ഞതിനാലാവും, അപൂർവ്വം കുട്ടികളെ സ്കൂൾ പരിസരത്തുണ്ടായിരുന്നുള്ളൂ. വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള പലവിധ ഗെയിമുകളുടെ കളിയിടങ്ങളിൽ നിന്നും ഇംഗ്ലീഷിലുള്ള ആഹ്ലാദ പ്രകടനങ്ങളും, കുലീനത്വമുള്ള ആക്രോശങ്ങളുമുയരുന്നുണ്ട്‌. സ്കൂളിന്റെ ഉപരിതലമാകട്ടെ ഒരു നക്ഷത്ര ഹോട്ടലിന്റെ ആഡംബരങ്ങളെ ഓർമ്മിപ്പിച്ച്‌ പരന്നുകിടക്കുന്നു. ഫോൺ കിട്ടിയിട്ടും ഒന്നരമണിക്കൂറിലേറെ വൈകിയതിന്റെ ജാള്യത പരിശ്രമിച്ച്‌ വരുത്തി, ജോസ്‌ പ്രിൻസിപ്പലച്ചന്റെ മുറിയിലേയ്ക്ക്‌ കടന്നിരുന്നു. ജോസിനെ കണ്ടതും, "അഞ്ജലീ നായർ യു കാൻ ഗോ നൗ", എന്ന്‌ ഇടവക വികാരി എന്ന അഡീഷണൽ ചാർജ്ജ്‌ കൂടി വഹിക്കുന്ന സാമുവേലച്ചൻ നീതുവിന്റെ ക്ലാസ്‌ ടീച്ചറിന്‌ നിർദ്ദേശം നൽകി. ഒരുതരം പുച്ഛരസത്തിൽ ജോസിനെ നോക്കി, ചെറിയ ഹാൻഡ്ബാഗും തൂക്കി, കട്ടിക്കണ്ണട വച്ച അഞ്ജലീനായർ പോയപ്പോൾ, ചരക്കാണല്ലോ എന്ന ജോസ്‌ മനസ്സിൽ കരുതി. നീതു സാറാ ഇട്ടൂപ്പാവട്ടെ, താൻ സ്നേഹപൂർവ്വം അഞ്ജലീ മാഡത്തിന്‌ സമ്മാനിച്ച ചോക്ലേറ്റ്‌ ബാറുമായി പുറത്തോട്ട്‌ നടക്കുന്നതിനിടയിൽ തിരിഞ്ഞു പറഞ്ഞു. "ഡാഡി, വൺ മിനിട്ട്‌. അഞ്ജലീ മാം ഫോർഗോട്ട്‌ ദിസ്‌." ഇതിനിടയിൽ ജോസും ഫാദറും പരസ്പരം ഉപചാരപദങ്ങൾ കൈമാറുകയും, താമസിച്ചതിന്‌ ജോസ്‌ ക്ഷമാപണം നടത്തുകയും ചെയ്തു. തുടർന്ന്‌ മകളെ സാക്ഷിയാക്കി സാമുവേലച്ചൻ ആംഗലഭാഷയുടെ ഓക്സ്ഫോർഡ്‌ ശുദ്ധിയിലെന്ന മട്ടിൽ ജോസിനോട്‌ വിവരിച്ച കാര്യങ്ങൾ താഴെ പറയും വിധം സംഗ്രഹിക്കാം.
നീതുവിന്‌ ക്ലാസ്സിൽ വെച്ച്‌ ബ്ലീഡിംഗ്‌ ആയി. അവൾ ഭയന്നു നിലവിളിച്ചു. ക്ലാസ്സ്‌ ടീച്ചർ കൂടിയായ അഞ്ജലീനായർ നീതുവിനെ ആശ്വസിപ്പിച്ച്‌, സ്കൂൾ സ്റ്റോറിൽ നിന്നു വാങ്ങിയ നാപ്കിന്റെ സുരക്ഷിതത്വം നൽകി. ജോസ്‌ വരും വരെ കൂട്ടിരുന്നു.
നീതുവിനെ ഏതെങ്കിലും ഡോക്ടറെ കാണിയ്ക്കണമോ എന്ന ജോസിന്റെ ആകാംക്ഷനിറഞ്ഞ ചോദ്യത്തിന്‌, ഡോക്ടറെയല്ല, വീട്ടിലെ ഏതെങ്കിലും മുതിർന്ന സ്ത്രീയെ കാണിയ്ക്കൂ എന്ന്‌ തമാശപൂർവ്വം നിർദ്ദേശിച്ച ഫാദർ ഇത്ര കൂടി കൂട്ടിച്ചേർത്തു. "യു സീ ജോസ്‌. നീതു ഈസ്‌ ടൂ ഫാറ്റ്‌. യു ഹാവ്‌ ടു ടേക്ക്‌ ഹർ ടു എ ഹെൽത്ത്‌ ക്ലിനിക്ക്‌. അഡ്വൈസ്‌ ഹർ ടു കൺട്രോൾ ഹർ ഡയറ്റ്‌. അതർവൈസ്‌ ഇറ്റ്‌ വിൽ ബി ഡെയിഞ്ചറസ്‌. ഷീ ഈസ്‌ ടൂ യംഗ്‌ ടു ബികം എ ലേഡി." മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന തന്റെ മകളെ ലേഡി എന്ന്‌ ഫാദർ സൂചിപ്പിച്ചതിലുള്ള അസ്വാരസ്യം പൊടുന്നനെ ജോസിന്റെ മുഖത്ത്‌ തെളിഞ്ഞെങ്കിലും, നീതുവിന്റെ ശരീരത്തിന്റെ അളവുകളെ അയാൾ പേടിയോടെ നോക്കി.
ഫാദറിനോട്‌ ഔപചാരികതയുടെ പേരിൽ വാക്കുകളിൽ മാത്രം നന്ദി പറഞ്ഞ്‌, പുറത്തിറങ്ങിയപ്പോൾ ജോസ്‌ നീതുവിനോട്‌ ചോദിച്ചു.
"നിന്റെ അഞ്ജലീന മാഡം പോയോ ഡിയർ?"
"അൻചലീന അല്ല ഡാഡി. അൻചലീ നായർ. ഈ ഡാഡീടെ ഒരു കാര്യം. മാം പോയി." നീതു ഗൗരവത്തോടെ പറഞ്ഞു.
ഡ്രൈവിംഗ്‌ സീറ്റിലിരിക്കെ നീതുവിന്റെ ശരീരമുഴുപ്പ്‌ ജോസ്‌ വെപ്രാളത്തോടെ ഒരിയ്ക്കൽ കൂടി അളന്നു... സാമുവേലച്ചൻ പറഞ്ഞ കാര്യങ്ങളൊക്കെ, ഒൻപത്‌ വയസ്സുകാരിയുടെ അമിത വർണ്ണനകളിലൂടെ അവൾ വീണ്ടും പറഞ്ഞു. മകളുടെ ഭാവം ഡ്രൈവ്‌ ചെയ്യുന്നതിനിടയിൽ ജോസ്‌ വേർതിരിച്ചെടുക്കാനായില്ല....ഒടുവിൽ അവൾ ചോദിക്കുന്നു. "ഞാൻ മമ്മിയെ വിളിച്ച്‌ പറയട്ടെ ഡാഡി."
പിന്നീടാവട്ടെ എന്ന്‌ പറഞ്ഞപ്പോൾ, നീതു ബാഗ്‌ തുറന്ന്‌ ച്യൂയിങ്ഗം പൊളിച്ച്‌ വായിലിട്ട്‌ നുണയാൻ തുടങ്ങി. വിലകൂടിയ കാർ പെർഫ്യൂമിന്റെ സുഗന്ധത്തെ തോൽപ്പിച്ച്‌ ച്യൂയിങ്ഗത്തിന്റെ വാൽസല്യ മണം കാറിലാകെ നിറഞ്ഞു.
മൊബെയിലിൽ സാന്ദ്രയുടെ മിസ്ഡ്‌ കോൾ. ഇപ്പോൾ തന്നെ നാലെണ്ണമായി. ഡ്രൈവ്‌ ചെയ്യുന്നതിനിടയിൽ തിരിച്ച്‌ വിളിച്ച്‌ മകളോടൊപ്പമാണെന്ന്‌ പറഞ്ഞപ്പോൾ സാന്ദ്ര അക്ഷമയോടെ അപ്പുറത്ത്‌ പൂരിപ്പിക്കുന്നു. "നിന്റെയൊരു മോൾ"
അതെ. എന്റെ മോൾ. അമ്മമാർ കൂടെയില്ലാത്ത ചെറിയ പെൺകുട്ടികൾ എപ്പോഴും നിലാവത്ത്‌ ഇറക്കിവിടപ്പെട്ട കോഴിക്കുഞ്ഞിനെപ്പോലെയാണ്‌. എല്ലാത്തിനും ഒരാത്മവിശ്വാസക്കുറവുണ്ടാകും. അതിനാൽ തന്നെ എനിയ്ക്കെന്റെ മോളോടൊപ്പമുണ്ടായേ പറ്റൂ. നിനക്കൊന്നും മനസ്സിലാവില്ല സാന്ദ്രാ. നീ പ്രസവിച്ചിട്ടില്ലല്ലോ? അഥവാ നീ പ്രസവിച്ചാലും ആരുടെ കുഞ്ഞിനെയാവും പെറുക? നിന്റെ വി.ഐ.പി കസ്റ്റമേഴ്സിൽ ഒരുവൻ മാത്രമല്ലേ ഞാൻ? നിന്റെ നാട്യം അതല്ലെങ്കിലും - ജോസ്‌ വണ്ടി പാക്ക്‌ -മീ-ഹോമിലേയ്ക്ക്‌ വിട്ടു. അയാളങ്ങിനെയാണ്‌. തനിക്കോ, മകൾക്കോ ചെറിയ വിഷമമായാൽ പോലും നീതുവിനെയും കൂട്ടി ഏതെങ്കിലും റെസ്റ്റോറന്റിലേയ്ക്കോ, ഫാസ്റ്റ്‌ ഫുഡ്‌ കോർണറിലേയ്ക്കോ, അതുമല്ലെങ്കിൽ കടൽക്കരയിലേയ്ക്കോ പോകും.
കടൽതീരത്തെ ബീച്ച്‌ റസ്റ്റോറന്റിലെ നീതുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ട തായ്ന്യൂഡിൽസും, ടൈഗർ പ്രോൺസും, ലോബ്സ്റ്ററും..... അപ്പോഴൊക്കെ മകൾ വളരെയേറെ സന്തോഷവതിയാവുന്നു. അപ്പോൾ മാത്രമാണ്‌ നീതുവിന്റെ ബാല്യ കുതൂഹലങ്ങൾ നൃത്തം ചവിട്ടാറുള്ളത്‌...
പാക്ക്‌-മീ-ഹോമിൽ കൗമാരത്തിന്റെയും, യൗവ്വനത്തിന്റെയും, കൂട്ടായ്മയുടെ ബഹളങ്ങൾ യുവമിഥുനങ്ങളും, കോളേജ്‌ കുട്ടികളും സംഘം ചേർന്നിരുന്ന്‌ ഷവർമ്മയുടേയും, ചിക്കൻ ബ്രോസ്റ്റിന്റെയും രുചിഭേദങ്ങളെ ആഘോഷമാക്കുന്നു. നീതുവിന്‌ അറബിയുടെ നാട്ടിൽ നിന്നും തനതുരുചിയുമായെത്തിയ ചിക്കൻബ്രോസ്റ്റിന്‌ ഓർഡർ ചെയ്തു. അയാൾ ഒരു കോൾഡ്‌ കോഫിയും.
മറ്റുള്ളവരുടെ ബഹളത്തിലേയ്ക്ക്‌ നിഷ്കളങ്കതയോടെ ചെവിയോർക്കുന്നതിനിടയിലും അവർക്കു മുന്നിലെ വിഭവ സമൃദ്ധിയിലേയ്ക്ക്‌ കൊതിയോടെ കണ്ണുകൾ പായിച്ച്‌ നീതു. കഴിഞ്ഞ തവണ ഇവിടെ നിന്നും കഴിച്ച ഷവർമ്മയുടെ ടേസ്റ്റ്‌ ഓർത്തെടുത്ത്‌ വാചാലയായി.....
നീതുവിനെ മാത്രം ശ്രദ്ധിച്ചിരുന്ന ജോസ്‌ അപരാധം പോലെ നീതുവിന്റെ വളർച്ചയെ കുറിച്ച്‌ സാമുവേലച്ചന്റെ ഉപദേശം ഓർത്തെടുത്തു. അധികം വൈകാതെ തന്നെ ഡോക്ടർ രാജീവ്‌ കോശിയുടെ പെർഫെക്ട്‌ ഹെൽത്ത്‌ ക്ലിനിക്കിൽ മകളെ കൊണ്ടു പോകാൻ അയാൾ തീരുമാനിച്ചു.
സാമുവേലച്ചൻ പറഞ്ഞപോലെ മുതിർന്ന സ്ത്രീ ആരാണുള്ളത്‌. ലീലയോ? വേണ്ട. അവർ നാട്ടിലാകെ പറഞ്ഞു നടക്കും. അമ്മച്ചിയെ വിളിക്കാം. വയ്യാതെയാണെങ്കിലും അമ്മച്ചി വരും. ട്രീസ പ്രായപൂർത്തിയായപ്പോൾ പായസവും, ഒരപ്പവുമുണ്ടാക്കി അമ്മച്ചി അയൽക്കാരെയൊക്കെ അറിയിച്ചതോർത്തു. അന്ന്‌ അപ്പച്ചനുമുണ്ടായിരുന്നു. ട്രീസ 10-​‍ാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ആ ആഘോഷങ്ങളുടെ സമൃദ്ധിയിൽ മയങ്ങിയാവണം ട്രീസ പത്തിൽ തോറ്റത്‌. ഏതേത്‌ ആഘോഷങ്ങളുടെ വശ്യതയിൽ ഭ്രമിച്ചാണ്‌ അവൾ ജീവിതത്തിൽ തോറ്റത്‌? അമ്മച്ചിയ്ക്ക്‌ എപ്പോഴും കരഞ്ഞു പെറുക്കാൻ പഴയ ഓർമ്മകളുടെ കുമ്പിളപ്പവുമായി ട്രീസ എത്താറുണ്ട്‌-അയാളും അമ്മച്ചിയും തനിച്ചാവുന്ന അപൂർവ്വം സന്ദർഭങ്ങളിൽ....
അപ്പച്ചന്റെ മരണശേഷം മൂത്ത മകന്റെ ഭാര്യയുടെ കർശന നിയന്ത്രണങ്ങൾക്കും, പ്രായസംബന്ധിയായ കൈ-കാൽ വേദനകൾക്കുമിടയിൽ, സീരിയൽ കഥാപാത്രങ്ങൾക്ക്‌ നേരെ പ്രതിഷേധിച്ചും, അവരെ ന്യായവിസ്താരം നടത്തിയും അമ്മച്ചിയങ്ങനെ കഴിയുന്നു. അമ്മച്ചി പിണക്കമായിരിക്കും. ഇതു കേട്ടാലെന്തായാലും അമ്മച്ചിയ്ക്ക്‌ സന്തോഷമാകും. വരാതിരിക്കില്ല. നെയ്യപ്പവും കുമ്പിളപ്പവുമായി അമ്മച്ചി വരും....
ഭക്ഷണ ശേഷം അടുത്തു തന്നെയുള്ള മെഡിക്കൽ ഷോപ്പിൽ നിന്ന്‌ രണ്ട്‌ പാക്കറ്റ്‌ നാപ്കിൻ വാങ്ങി വണ്ടിയിലെത്തിയപ്പോഴേയ്ക്കും, നീതു ചോക്ലേറ്റ്‌ ബാർ എടുത്ത്‌ ഒരു ചതുരക്കഷണം പൊട്ടിച്ചെടുത്ത്‌ ജോസിന്‌ നീട്ടി. നിഷേധാർത്ഥത്തിൽ തലയാട്ടിയപ്പോൾ അവൾ ചോദിച്ചു.
"ആർ യു ആൻഗ്രി വിത്ത്‌ മമ്മീസ്‌ ചോക്ലേറ്റ്‌ ടൂ?"
"ൻഘൂം..." പരിഹാസച്ചിരി ജോസിന്റെ ചുണ്ടിലുണ്ടായിരുന്നു.
മാസാമാസമെത്തുന്ന ഗിഫ്റ്റ്‌ ബോക്സിൽ ടീന നിറച്ചുവിടുന്ന ഗാലക്സിയുടേയും, പിങ്ക്‌-വണ്ണിന്റെയുമൊക്കെ ഗോളാകൃതിയും, ചതുരാകൃതിയും സ്തൂപാകൃതിയുമൊക്കെയുള്ള മധുരക്കഷണങ്ങൾ. ഓറഞ്ചിന്റെയും ലിച്ചിയുടേയും ടേസ്റ്റുകൾക്കൊപ്പം ടീനയുടെ ടേസ്റ്റും അലിഞ്ഞിട്ടുണ്ടോ എന്ന്‌ തോന്നുന്ന പല ഫ്ലേവറുകളിലുള്ള ച്യൂയിങ്ഗങ്ങൾ. ഒരു പ്രത്യേക തരം ചോക്ലേറ്റ്‌ 'ടേസ്റ്റ്‌ ഓ ഫ്‌ മദർ മിൽക്‌' എന്ന പേരിൽ ഇത്തരം കുഞ്ഞുങ്ങൾക്കു വേണ്ടി പ്രത്യേക ചേരുവകൾ നിറച്ച്‌...കുഞ്ഞുന്നാൾ മുതലേ അമ്മയുടെ പാൽമണം പേറിയെത്തുന്ന അത്തരം ചോക്ലേറ്റുകൾക്ക്‌ അഡിക്ടായി മാറിയ നീതു. യൂണിഫോമിന്റെ ഇറുക്കത്തെ തോൽപ്പിച്ച്‌, നീതുവിന്റെ ശരീരത്തിൽ നിന്ന്‌ പുറത്തു ചാടാൻ വെമ്പുന്ന അവയവത്തുണ്ടുകൾ പല ജ്യാമിതീയ രൂപങ്ങൾ പേറുന്ന ചോക്ലേറ്റ്‌ കഷണങ്ങളായി തോന്നി ജോസിന്‌....
വണ്ടി മുറ്റത്തെത്തിയ ശബ്ദം കേട്ട്‌, വാതിൽ തുറന്ന്‌ നീതുവിന്റെ ബാഗും വാങ്ങി ലീല വീർപ്പിച്ച മുഖവുമായി നിന്നു. താമസിച്ചതു വിളിച്ചു പറയാത്തതിലുള്ള നീരസമാണ്‌. ഷൂ മാത്രം ഊരിയെറിഞ്ഞ്‌ ലീലയ്ക്കൊപ്പം നടക്കുമ്പോൾ, നീതു തിരിഞ്ഞു നോക്കി കണ്ണടച്ചു കാണിച്ചു.
ജോസ്‌ നെറ്റിൽ വിക്കിപീഡിയയിൽ നിന്ന്‌ ഒബ്സിറ്റിയെക്കുറിച്ച്‌ വായിച്ചെടുത്തു. Obesity is a medical condition in which excess body fat has accumulated to the extent that it may have an adverse effect on health, leading to reduced life expectancy. it is defined by body mass index (BMI) and....... ചൈൽഡ്‌ ഹുഡ്‌ ഒബ്സിറ്റിയെക്കുറിച്ചും ഡൗൺ ലോഡ്‌ ചെയ്തതിനു ശേഷം, രണ്ടു ഫയലുകളും സേവ്‌ ചെയ്തു. നീതുവിന്റെ ബി.എം.ഐ ക്ലാസ്‌ -III ഒബ്സിറ്റിയാണല്ലോ വരുകയെന്ന്‌ വിഷമത്തോടെ ഓർത്തു.
മനസ്സിന്റെ ഇളക്കങ്ങളെ സാന്ത്വനിപ്പിക്കാൻ ജോസ്‌ പീറ്റർസ്കോട്ടിന്റെ മൂടി തുറന്നു. ഫ്രിഡ്ജ്‌ തുറന്ന്‌ ഐസ്ക്യൂബ്സിന്‌ തിരയുമ്പോൾ, ചോക്ലേറ്റ്‌ പൊതിഞ്ഞ പിസ്റ്റ ഫ്ലേവർ ഐസ്ക്രീമിന്റെ ഫാമിലി പാക്കറ്റ്‌. മുഴുവനായും വേസ്റ്റ്‌ ബക്കറ്റിലിട്ടു. നീതു കരഞ്ഞേക്കും. സാരമില്ല. ഫ്രിഡ്ജ്‌ ഡോറിൽ ട്രോപ്പിക്കാനയുടെ ആപ്പിളിന്റെയും, സ്ട്രോബറിയുടേയും ഫ്ലേവറുകളിൽ മധുരച്ചാറുകൾ നിറച്ച കുപ്പികൾ. ഇനി ഇത്തരം സാധനങ്ങൾ വാങ്ങണ്ടായെന്ന്‌ അയാൾ അപ്പോൾ തന്നെ തീരുമാനിച്ചു.
മേശപ്പുറത്ത്‌ ലീല അടച്ചുവെച്ച ഭക്ഷണം എന്താണെന്ന്‌ നോക്കിയില്ല. വൃത്തിയില്ലാത്ത എല്ലാം വാരിവലിച്ച്‌ വച്ചിരിക്കുന്നു. ദേഷ്യത്തോടെ അവരെ വിളിച്ചുവേങ്കിലും പ്രതികരണമില്ലാതെയായപ്പോൾ അവർ കിടന്നു കഴിഞ്ഞുവേന്ന്‌ മനസ്സിലായി. ടീനയുടെ നിർദ്ദേശമാവും. അതോ അവളുടെ ഭയമോ? ഭയക്കുന്നതും നല്ലതാണ്‌. ലഹരിയുടെ ആവേശവും, ടീനയോടുള്ള വിരക്തിയുണർത്തുന്ന ആവേഗവും ഒന്നിച്ചുണർത്തുന്ന വികാരങ്ങളെ, സാന്ദ്രയുടെയോ, അനിതാവിശ്വനാഥിന്റെയോ ഓർമ്മകൾ ത്രസിപ്പിക്കുമ്പോൾ, മധ്യവയസ്സിന്റെ അങ്ങേ അറ്റത്തെത്തി നിൽക്കുന്ന അവരുടെ അടഞ്ഞവാതിലിൽ മുട്ടണമെന്ന്‌ പല തവണ ആഗ്രഹിച്ചിട്ടില്ലേ? മകളുടെ സാമീപ്യം അദൃശ്യശക്തിയായി അതിൽ നിന്ന്‌ അകറ്റി നിർത്തിയിട്ടില്ലേ? ലഹരിയുടെ തരംഗങ്ങൾ പൊടുന്നനെ ജോസിൽ മകളോടുള്ള സ്നേഹത്തെ ഊർജ്ജസ്വലമാക്കി. അയാൾ നീതുവിന്റെ മുറിയിലെത്തി. "നീതു..." ജോസ്‌ വിളിച്ചു. "കമോൺ ലെറ്റ്‌ അസ്‌ ഹാവ്‌ ഡിന്നർ"-ബാർബിഡോളുകൾക്കിടയിൽ തടിച്ച ഒരു ബാർബിഡോളായി സ്വപ്നത്തിൽ ചാറ്റു ചെയ്യുന്ന ഭാവത്തിൽ നീതു. "നോ ഡാഡി. ഐ ആം ഫീലിംഗ്‌ സ്ലീപ്പി. ഐ ജസ്റ്റ്‌ ഹാഡ്‌ ബൂസ്റ്റ്‌."
അവളെ നിർബന്ധിക്കണ്ടായെന്ന്‌ ജോസ്‌ കരുതി. മിക്കി മൗസും, ടെഡിബിയറും പല നിറത്തിലും രൂപത്തിലും അലങ്കരിച്ച നീതുവിന്റെ അച്ചടക്കമില്ലാത്ത മുറി...
നീതുവിന്റെ കഴിഞ്ഞ ജന്മദിനത്തിന്‌ ടീന അയച്ച കരയാനും, ചിരിക്കാനും കഴിവുള്ള ബാർബിഡോളിൽ അയാൾ അലാറം ബട്ടൺ സെറ്റു ചെയ്തു. മകൾക്ക്‌ വലിയ ഇഷ്ടമാണ്‌. 'ചിന്നു' എന്ന ആ പാവക്കുട്ടിയെ -
നീതുമോൾ ഗുഡ്നൈറ്റ്‌ പറഞ്ഞപ്പോഴേയ്ക്കും മൊബെയിൽ ചിലച്ചു. ടീന, ഫോൺ ഉടൻ നീതുവിന്‌ കൈമാറി. ഈയാഴ്ച നൈറ്റ്‌ ഡ്യൂട്ടിയായതിനാൽ ഈ സമയത്ത്‌ വിളിയില്ലാത്തത്താണ്‌. ഇന്നെന്താ എന്ന്‌ വിസ്മയിച്ചു നിൽക്കുമ്പോൾ, ടീന ഫോണിലൂടെ നൽകുന്ന എസ്‌.എം.എസ്‌ സ്നേഹത്തിന്റെ മെസ്സേജ്‌ ഡെലിവർ ടോൺ പോലെ നീതുവിന്റെ കൊഞ്ചിയുള്ള മൂളലുകളും ശബ്ദങ്ങളും....മകൾ ഉറക്കച്ചടവിലാണെന്ന്‌ തോന്നി....
നീതുവിന്റെ കമ്പ്യൂട്ടർ ഗെയിം ഓഫാക്കുന്ന സംഗീതത്തിന്റെ ഇടർച്ചയിൽ അവൾ ടീനയോട്‌ പറയുന്നതൊന്നും വ്യക്തമായില്ല. ഇടയ്ക്ക്‌ ബ്ലഡ്‌ എന്നും പെയിൻ എന്നുമൊക്കെ പറയുന്നത്‌ കേട്ടു.
ടീനയ്ക്ക്‌ വിഷമമായിക്കാണുമോ? നീതുവിന്‌ നഷ്ടമാകുന്ന ശൈശവ-ബാല്യകാലവാൽസല്യത്തിന്റെ പേരിലായിരുന്നു ആദ്യം ടീനയെ എതിർത്തത്‌. അവൾ തിരിച്ചു വന്നില്ല. ഇനി.....? ഗാലക്സിയുടേയും, പിക്‌ വണ്ണിന്റേയുമൊക്കെ ചോക്ലേറ്റ്‌ വാത്സല്യം, ബാർബിഡോൾ മാത്രമായി മാറിക്കൊണ്ടിരിക്കുന്ന നീതുവിന്‌ എത്രകാലം സഹിക്കാനാവും-
കുറച്ച്‌ നേരമായി നീതുമൊബെയിലും പിടിച്ച്‌ അനങ്ങാതെ നിൽക്കുന്നു. ടീന എന്തൊക്കെയോ നിർദ്ദേശങ്ങളോ, ഉപദേശങ്ങളോ ഫോൺ വഴി നീതുവിന്‌ പകർന്നുകൊടുക്കുകയാവും-
അത്തരം സന്ദർഭങ്ങളിലാണ്‌ മകൾ ഒരു പാവക്കുട്ടിയെപ്പോലെ ഭാവരഹിതയായി നിൽക്കാറ്‌. ഒടുവിൽ മമ്മിയ്ക്കെന്തോ പറയാനുണ്ടെന്ന്‌ പറഞ്ഞ്‌ നീതു ഫോൺ നീട്ടി.
മകളിലൂടെ മാത്രമാണ്‌ രണ്ടുപേരും സംസാരിക്കുന്നത്‌. അവളിലൂടെ പറയാനുള്ളത്‌ പറയുന്നു. കേൾക്കാനുള്ളത്‌ കേൾക്കുന്നു.
താൽപര്യമില്ലാതെ ജോസ്‌ ഒരു തണുത്ത ഹലോ മൂളി. "ജോസ്‌, ഞാനെന്താണീ കേൾക്കുന്നത്‌. നാട്ടിലെ ഇത്തരം കഥകളൊക്കെ പല വഴിയ്ക്കും ഞാനറിയുന്നുണ്ട്‌. നീയെന്താ എന്റെ മോളോട്‌ ചെയ്തത്‌ ജോസ്‌?" --ദേഷ്യത്തോടെ ടീന പുലമ്പുന്നു.
"വാട്ട്‌ യു മീൻ?"-
"ഐ മീൻ വാട്ട്‌ ഐ സഡ്‌. നീയെന്റെ മോളെ....." തേങ്ങും പോലെ ടീന.
"യൂ ബ്ലഡി ബിച്ച്‌......"അലറിക്കൊണ്ട്‌ ജോസ്‌ ഫോൺ വലിച്ചെറിഞ്ഞു. ജോസിന്റെ ഭാവമാറ്റം കണ്ട്‌ പകച്ചു നിന്ന നീതുവിനെ നെഞ്ചോടമർത്തിപ്പിടിച്ച്‌, ജോസ്‌ ഉച്ചത്തിൽ കരഞ്ഞു. പിതൃത്വത്തിന്റെ സകല പരിശുദ്ധിയുടേയും വേദന പേറി അയാൾ വിളിച്ചു.
"മോളേ......എന്റെ പൊന്നുമോളേ..........."