Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

Friday, September 25, 2009

കവിതകള്‍- സനാതനന്‍


sanathanan
പാറ
മഴപെയ്യുമ്പോൾ മാത്രം പുറത്ത് വരുന്ന
ഒരു പാറക്കഷണമുണ്ട്,
വീട്ടിന് മുന്നിലുള്ള നാട്ടുവഴിയിൽ..
മഴപ്പിറ്റേന്ന് വെയിലിലേക്ക് മുളച്ച് പൊന്തുന്ന
തകരകൾക്കൊപ്പം അതും കൌതുകപൂർവം
തലയുയർത്തി ആകാശം നോക്കിയിരിപ്പുണ്ടാവും.
മഴച്ചേറിൽ വഴുക്കി വഴുക്കി ആണുങ്ങൾ
അതുവഴിയേ പോകുമ്പോഴൊക്കെ
വെയിൽ കായാനിരിക്കുന്ന അരണകളെപ്പോലെ
ഉപദ്രവിക്കുമോ ഈ മനുഷ്യരെന്ന്,
തലചെരിച്ച് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
തോട്ടിൽകുളിച്ച് മുലക്കച്ചകെട്ടിപ്പോകുന്ന പെണ്ണുങ്ങളെ
ഒളികണ്ണിട്ട് നോക്കുന്നതും എനിക്കറിയാം.
മീശമുളച്ച ആണുങ്ങളെക്കണ്ടാൽ പേടിക്കും,
മുലമുളച്ച പെണ്ണുങ്ങളെക്കണ്ടാൽ നാണിക്കും,
എന്നല്ലാതെ
എത്ര ഒഴിഞ്ഞ് നടന്നാലും സ്കൂൾപിള്ളേരെ
കാലിൽ തടഞ്ഞ് വീഴിക്കും കള്ളക്കരുമാടി.
മുട്ട് പൊട്ടിയ സങ്കടത്തിൽ നിർത്താതെ കരയുന്ന
കുട്ടികളെ തണുപ്പിക്കാൻ അമ്മമാരെത്തും
പാറത്തലയിൽ തല്ലുന്നതായി അഭിനയിക്കും.
പാറയാണെങ്കിലും അമ്മമാരുടെ നാടകത്തിൽ
തന്മയത്വത്തോടെ അതും പങ്കെടുക്കുന്നുണ്ടാവും.
കുട്ടികൾ നിർത്തിയാലും തുടരുന്ന
ഒരു പാറക്കരച്ചിൽ ഞാൻ കേട്ടിട്ടുണ്ട്.
മഴപെയ്യുന്ന നാളുകളത്രയും നനഞ്ഞും
ഇടവെയിൽ കാഞ്ഞും
ഒരേ കിടപ്പ് കിടക്കും വഴിയിൽ.
ഇടയ്ക്കിടെ കണ്ട് കണ്ടുള്ള പരിചയം കൊണ്ട്
ചിലപ്പോൾ എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട്.
മഴ തീർന്നാൽ തലയിൽ
മണ്ണിട്ട് ആളുകൾ വഴിനന്നാക്കും.
അപ്പോഴും കേൾക്കാം ഒരു പാറക്കരച്ചിൽ...
മഴപെയ്യുന്ന കാലമത്രയും പുറത്തേക്ക് വന്നോളാനും
സ്കൂൾപിള്ളേരെ വഴിയിൽ വീഴിച്ചോളാനും
ഏതോ അവതാരം വരം നൽകിയിട്ടുണ്ടാകും അതിന്...
You might also like:


പുഞ്ചിരി
മഞ്ഞുമലകളുടെ മുകളറ്റം
എല്ലാ കപ്പലുകളേയും നോക്കി
പുഞ്ചിരിക്കുന്നുണ്ടാകും
ശൂന്യശൂന്യമായ കടലിനുമുകളിൽ
കാതങ്ങൾ ഓടിത്തളർന്ന
ഏകാകിയായ കപ്പലുകൾ
ആ പുഞ്ചിരിയിൽ പുളകം കൊള്ളുന്നുണ്ടാകും
കപ്പിത്താന്മാരുടെ കണ്ണുവെട്ടിച്ച് ചിലതെങ്കിലും
അതിന്റെ ലഹരിയിലേക്ക് ഒഴുകുന്നുണ്ടാകും
ഒരുനിമിഷത്തേക്ക് കടൽ ഉണരും
കരയിലേക്കെത്താത്ത നിലവിളികളെ
വായ്പിളർന്ന് വിഴുങ്ങും...


സംയമം
വീടില്ല,
റോഡില്ല,
ജോലിയില്ല,
കൂലിയില്ല,
ഞങ്ങൾക്ക്‌
കടത്തിണ്ണയിൽ
കടലുപോലെ സമയം.

വീടുതരാം
റോഡുതരാം
ജോലിതരാം
കൂലിതരാം
സമയത്തിന്റെ കടലിൽ
നിങ്ങൾ ചൂണ്ടലിട്ടു.

ഞങ്ങൾ കൊതിപിടിച്ചു
കൊടിപിടിച്ചു,
ജയ്‌ വിളിച്ചു,
വോട്ടുപിടിച്ചു,
ബൂത്ത്‌ പിടിച്ചു,
നിങ്ങൾ ജയിച്ചു.

നിങ്ങൾക്ക്‌ കാറായി,
വീടായി,
പാറാവിനാളായി,
ജോലികൊണ്ട്‌ തിരക്കായി,
ഒന്നിനും നേരമില്ലാതായി
എന്തൊരുമാറ്റം...

ഞങ്ങൾക്കിന്നും വീടില്ല
റോഡില്ല,
ജോലിയില്ല,
കൂലിയില്ല
ഇപ്പോഴും
കടലുപോലെ സമയം
ഒരുമാറ്റവുമില്ല...


നിങ്ങൾ വീണ്ടും ചൂണ്ടലിടൂ
ഞങ്ങൾ കൊതിപിടിക്കാം
കൊടിപിടിക്കാം
ജയ്‌ വിളിക്കാം
വോട്ടുപിടിക്കാം
ബൂത്ത്‌ പിടിക്കാം
നിങ്ങൾ ജയിക്കട്ടെ
മാറ്റം മാറാതെയിരിക്കട്ടെ...

ഒഴുക്കിൽ ഒരു പാറത്തം.

മുറിവിൻ മൂർത്തിഞാൻ.
അറിവിൻ പൂർത്തിയിൽ നി-
ന്നടർന്ന്പോകയാൽ
ഒഴുക്കിലേക്ക്
തെറിച്ചുവീണു.

ഉണ്ടെനിക്ക്
മുറിവുകൾ തീർത്തൊരായിരം
മുനകൾ, മുഖങ്ങൾ
മുർച്ച,മൂപ്പുകൾ..
പുഴയിൽ വീണൊരു
വെറും കരിങ്കൽക്കഷണമായ്
കരുതരുതെന്നെ.

മുറിവുകളായിരുന്നെന്റെ സ്വത്വം
ജനിച്ചുവീഴവേ തന്നെ
ഒഴുക്കിന്മേനിയിൽ
മുറിവേൽ‌പ്പിച്ചു ഞാ-
നെന്റെ വരവറിയിച്ചു.
മുറിഞ്ഞില്ലെങ്കിൽ,
ഞാനുണ്ടാകുമോ!
മുറിച്ചില്ലെങ്കിൽ,
ഞാനുണ്ടെന്നറിയുമോ!

കൂർപ്പു മൂർപ്പുകൾ
മെരുങ്ങാത്ത തൃഷ്ണകൾ..
മരുവുകയായിഞാൻ,
ഒഴുക്കിൻമടിത്തട്ടിൽ,
പരുക്കൻ പാറത്തം.
പുഴക്കവിളിൽ
ഒഴുക്കിൻ മിനുസങ്ങളിൽ
എന്റെ മുനയെടുപ്പുകൾ
മുദ്രകളായി.

എന്തൊരത്ഭുതം
പുഴയിൽ
ഒരൊറ്റമുറിവും,
ഒരുനിമിഷത്തിൽ
കൂടുതൽ നിൽക്കുന്നില്ല,
മുറിവുകളെല്ലാമറിവുകളാക്കി
ഒഴുകുന്നൂ
പുഴ-
യോരോമുറിവിലു
മെന്നെത്തഴുകി
ചെറുതാക്കീടുന്നു!

അറവുകൾ കൊണ്ടെ-
ന്നടയാളം പുഴയിൽ
ഞാൻ തീർക്കുമ്പോൾ തന്നെ,
തലോടൽ കൊണ്ടെന്നിൽ
ചാർത്തുന്നു,
സൌ‌മ്യം,
പുഴ തന്നെത്തന്നെ.
അറവുകൾ തീർക്കും
മുറിവുകളേക്കാൾ
ശാശ്വതമാണെന്നോ,
കുളിരുകൾ തീർക്കും
മുദ്രകളെന്നോർ-
ത്തുലഞ്ഞുപോയി
ഞാൻ!

അറിവിൻ മൂർഛയിൽ നിന്നും
കുടഞ്ഞു-
ണർന്നെണീൽക്കുമ്പോൾ
അറിഞ്ഞുഞാൻ
പുഴയെന്നെപിഴു-
തെടുത്തുപോകുന്നു!
പിടിച്ചുനിൽക്കാൻ
ആവതു ഞാനും
ശ്രമിച്ചുനോക്കി, പക്ഷേ
ഒഴുക്കിനെതിരെ
നിൽക്കുമ്പോൾ
ഞാനറിഞ്ഞു
ദൌർബല്യം!

ബലിഷ്ഠമാമെൻ വേരുകളെല്ലാം
പറിച്ചെടുത്തുംകൊണ്ട്
കുതിച്ചുചാടും വെള്ളപ്പാച്ചിൽ
കാതങ്ങൾ താണ്ടീ.
ഒഴുക്കിനൊപ്പം
ഒലിച്ചു ഞാനുമൊരുരുളൻ കല്ലായി,
വക്കും മുനയും ഉരഞ്ഞുതീർന്നൂ
മേനിമിനുപ്പായി.
മുറിവേൽ‌പ്പിക്കും മൂർച്ചകളെല്ലാം
അലിഞ്ഞു പൊയ്പ്പോയി,
അഴുക്ക് ലേശം തീണ്ടാതായെൻ
പളുങ്ക് ദേഹത്തിൽ.

ഒടുക്കമുണ്ടാമല്ലോ എല്ലാ
ഒഴുക്കിനുമൊരുനാൾ.
പഴുത്തുസൂര്യൻ വീണുകഴിഞ്ഞൊരു
സന്ധ്യാനേരത്തിൽ
അടിഞ്ഞുഞാനൊരു വശ്യവിശാല
സരസിൻ തീരത്തിൽ.
പൊഴിഞ്ഞുവീഴും ആകാശത്തിൻ
ശതപത്രങ്ങൾക്കിടയിൽ
അറിഞ്ഞുഞാനെൻ വാഴ്വിനെ
ആയിരമുരുളൻ കല്ലുകളായ്,
മുറിവുകളില്ലാമുഖങ്ങളില്ലാ
ഒരൊറ്റയൊന്നായ് ഞാൻ.
അവനവനില്ല അന്യവുമില്ലാ
അനേകമൊന്നായ് ഞാൻ.

അച്ചടക്കം
ഏറെ നാളായി ഒന്നൊച്ചവച്ചിട്ട്,
നാടറിയും വിധം കുലുങ്ങിച്ചിരിച്ചിട്ട്,
കാതടപ്പിക്കും മട്ടിൽ ഒന്നാക്രോശിച്ചിട്ട്.
എന്തിനേറെ പറയുന്നു,
പുറംകൈകൊണ്ട് വായപൊത്താതെ
ഞെളിഞ്ഞ് പിരിഞ്ഞ്
ഹാ..മ്മേ എന്നൊരുകോട്ടുവായിട്ടിട്ടുപോലും.....

ഇഞ്ചക്ഷൻ സൂചികണ്ടാൽ
ഏഴുവായിൽ നിലവിളിച്ചിരുന്നു
കൂട്ടാനിൽ ഉപ്പുകുറഞ്ഞാൽ
അയൽവീടറിയെ കലഹിച്ചിരുന്നു
ഉത്സവ ഘോഷയാത്രയിലെ
നെയ്യാണ്ടിമേളത്തിനൊപ്പം
അറഞ്ഞാടിയിരുന്നു..
ഇലക്ഷൻ പ്രചരണത്തിൽ
ഉച്ചഭാഷിണിതോൽക്കുമാറ്
ഹിയ്യാ ഹുയ്യാ എന്നലറിയിരുന്നു...

അതൊക്കെ പഴയ കഥ

പുഴക്കക്കരേയ്ക്ക്
എറിഞ്ഞുകൊള്ളിക്കുമ്പൊലെ
ഉന്നം പിഴക്കാതെ കൂക്കിയിരുന്ന
കാലം മറന്നു
നിറഞ്ഞ ബസിനുള്ളിൽ
ക്രിമിനൽ കോടതിപോലെ
ക്രോസു വിസ്തരിച്ചിരുന്ന
കാലവും മറന്നു
P.W.D.കലുങ്കിലുയർന്നിരുന്ന
രാഷ്ട്രീയത്തർക്കങ്ങളുടെ
ഒച്ചക്കുന്നുകളിടിഞ്ഞു....

അതൊക്കെ പഴയ കഥ

ഈയിടെയായി
ക്യൂവിൽ നിന്ന്,
യാത്രാരേഖകാട്ടി,
കസ്റ്റംസ് ചെക്കിങ്ങ് കഴിഞ്ഞ് ,
മറ്റൊരു രാജ്യത്തേക്കിറങ്ങുന്ന
വിമാനയാത്രികരെപ്പോലെയാണെന്റെ ശബ്ദം..
തൊണ്ടയിൽ തടഞ്ഞ് പരിശോധിക്കപ്പെടാതെ
ഒന്നും പുറത്തുവരാറേയില്ല.
അറിഞ്ഞവരറിഞ്ഞവർ പറയുന്നു
എനിക്ക് പക്വത വന്നത്രേ....


ബുരി ഗൊങ്ങ
ഏറെ നാളായി ഗൂഗിൾഭൂമിയിൽ
വീടുകാട്ടിക്കൊടുക്കാമോ എന്നുചോദിക്കുന്നു
ടീ ബോയി, ആലം ബിസു മിയാ,
അറുനൂറു റിയാലിന് മുന്നൂറു മണിക്കൂർ എല്ലുമുറിക്കുന്നവൻ
നൂറിനുപോലും പല്ലുമുറിക്കാതെ
മുന്നൂറിനും ഫോൺ കാർഡ് വാങ്ങി കാതുനിറക്കുന്നവൻ
ബാക്കിയൊക്കെ മുടങ്ങാതെ വയറു മുറുക്കുന്നവൻ...

അവന് അവന്റെ “ബൊഡാ ഗാവ്‌“ കാണണം
“ഛോട്ടാ ഗൊർ“ കാണണം
നാലുവർഷങ്ങൾക്കപ്പുറം വിമാനം കയറാൻ
ആദ്യമായ് നഗരത്തിലെത്തുമ്പോൾ
ധാക്കയിലേക്കവനെ അനുഗമിച്ച
പ്രിയപ്പെട്ട “ബുരിഗൊങ്ങ” കാണണം...

അവന്റെ എല്ലുന്തിയ പുഞ്ചിരി
ഇല്ലാത്തിരക്കിൽ പൂഴ്ത്തി,
ഗൂഗിൾ ചാറ്റിൽ ഞാൻ മുങ്ങി ഏറെക്കാലം.
ഓരോ ചായക്കും മോണിറ്ററിലേക്ക് ഓരോ
എത്തിനോട്ടമെന്ന അവന്റെ ശല്യം
ശകാരിച്ചൊതുക്കിയ കുറ്റബോധം
കുത്തി നോവിച്ചപ്പോൾ, അവനായി ഞാൻ
പരതി “ബുരി ഗൊങ്ങ”.

ഗംഗയിൽ നിന്നറ്റുപോയ ചില്ല,ബുരിഗംഗ
തരം താണവരുടെ നദി
ബംഗാളി എന്ന് തലയുയർത്താത്ത
ബംഗാളികളുടെ ഗംഗ
അറ്റുപോയതിന്റെ മുറിവുണങ്ങാത്ത
നോവ് പേറുന്ന ഒഴുക്ക്

ബിസൂ,
യന്ത്രബോട്ടുകളെ വിഴുങ്ങിമരിച്ച
മലമ്പാമ്പിന്റെ എക്സ്രേചിത്രമാണോ
നിന്റെ ബൂരിഗംഗ,
അതോ ഇലപൊഴിഞ്ഞുണങ്ങിയ
കാട്ടുമരത്തിന്റെ മിഴിവുള്ള എണ്ണച്ഛായമോ
അഴുക്കുചാലുകളുടെ കരയിൽ വീടുവയ്ക്കുന്നവരുടെ
നഗരമാണോ ധാക്കയും?
പാപമൊക്കെ ഏറ്റുവാങ്ങുന്നുണ്ടോ,
കട്ടിലിൽ തളച്ചിട്ട പെണ്ണിനെപ്പോലെ,
പമ്പയെപ്പോലെ,ഗംഗയെപ്പോലെയിവളും...?

ഏതുതീരത്താണ് നിന്റെ കുടിൽ
ഏതുമരച്ചുവട്ടിൽ
ഏതുമലയടിവാരത്തിൽ?
വീതിയേറിയ പാതയോരത്തല്ലെങ്കിൽ,
കണ്ടെത്താനാവില്ല ഈ-വീട്

ബിസൂ,
നിന്റെ ഗംഗയിൽ എന്റെ പുഴയുടേയും
ശവമൊഴുകുന്നുണ്ടെന്നറിയാമോ
ഒരൊറ്റക്ലിക്കുകൊണ്ടെനിക്കെത്താം
ഗൂഗിൾ ഭൂമിയിൽ, നെയ്യാറിലും.
കണ്ണടച്ചാൽ കേൾക്കാം
ഹൈവേയിൽ ലോറികയറി മരിച്ച
നായയുടെ കുടൽ മാലപോലെ
ചതഞ്ഞുനീണ്ട രോദനം..
അതിന്റെ കരയിലെവിടെയോ
ഉണ്ടെനിക്കും
ഒരു “ചോട്ടാ ഗൊർ”

ഇത്രനാൾ തിരഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല
എന്റെയും വീടെനിക്കിതേവരെ
പേരറിയാവുന്ന മലകളെ
പേരറിയാവുന്ന പാറകളെ
പേരറിയാവുന്ന മരങ്ങളെ,
കാണാനാവില്ല ഈ - ഭൂമിയിൽ..

നിനക്കറിയാമോ,
ഗൂഗിൾ ഭൂമിയിൽ അധിവസിക്കുന്നവരുടെ
മക്കൾക്ക് കോഴിമുട്ടകണ്ടാലിനി
ഓർമവരില്ല ഭൂമിയെ......

എത്ര ദൂരം
സുദീർഘമായ ഈ മരണത്തിന്
ജീവിതമെന്ന് പേരിട്ടതാര് !

എല്ലാ ഉയരങ്ങൾക്ക് മേലെയും
എല്ലാ ആഴങ്ങൾക്ക് കീഴെയും
സദാ നിറഞ്ഞിരിക്കുന്ന നിശ്ചലതേ,
ദൂരങ്ങളെയെല്ലാം വെട്ടിച്ചുരുക്കി
ഈ നോവൽ ഒന്നു സംഗ്രഹിക്കാൻ
സമയപ്രമാണങ്ങളുടെ
എഴുത്തുകാരനെ ഉപദേശിക്കൂ..

ഒരൊറ്റത്തവണ മരിക്കാൻ ഒരു മനുഷ്യൻ
കാത്തിരിക്കേണ്ടുന്ന കാലം കൊണ്ട്
പുഴുക്കൾക്കെത്രവട്ടം ചിറകുമുളയ്ക്കുന്നു
പൂമ്പാറ്റകൾ എത്രവട്ടം ഇണചേർന്ന് മരിക്കുന്നു !


ഈ ജീവിതത്തിന്റെ ഒരു കാര്യം !
ബഹുരസമാണ് ഈ ജീവിതത്തിന്റെ
ഒരു കാര്യം....
അളന്നുതയ്പ്പിച്ച കുപ്പായങ്ങൾ
അപ്പപ്പോൾ തരും
കൃത്യമായി അണിഞ്ഞുനടക്കണം
മുൻപോട്ടും പാടില്ല പിന്നോട്ടും പാടില്ല
അത്ര കൃത്യമാണ് ടൈമിംഗ്.
ആറുമണിയുടെ പെരുക്കം വരെ
സാറേ എന്ന് വിളിച്ചിരുന്നവനെ
അലാറത്തിന്റെ വാതിൽ കടന്നാൽ
“ആ മൈരൻ” എന്ന് വിളിക്കുന്നത്ര കൃത്യം

ഇരുപത്തിരണ്ടാമത്തെ വയസിൽ
ഒരു പെണ്ണിനെക്കൊതിച്ചതിന്,
അവളില്ലാതെ ജീവിതമില്ലെന്ന്
ശഠിച്ചതിന്, എന്നെ “ഞരമ്പ്”
എന്ന് വിളിച്ച കൂട്ടുകാരൻ
മുപ്പത്തിമൂന്നാമത്തെ വയസിൽ
ഒരു പെണ്ണുകിട്ടുമോ എന്ന് കുഴഞ്ഞ്
പത്രത്തിൽ പരസ്യം കൊടുത്തിരിക്കുന്നു...
എന്റെ ഞരമ്പ് തളരാൻ തുടങ്ങുമ്പോൾ
അവന് മുളച്ചതാകുമോ!

ചുംബനവും കെട്ടിപ്പിടുത്തവുമൊക്കെ
നിരോധിച്ച ദൈവം....
ഗർഭത്തിനും പ്രസവത്തിനുമൊക്കെ
അവാർഡ് കൊടുക്കുന്നദൈവം.....
പുള്ളിയാകുമോ ഇതിനൊക്കെ പിന്നിൽ?

സംസാരിക്കുന്ന ഓക്കുമരം-സംസാരിക്കുന്ന ഓക്കുമരം









mathew nellickunnu
ഹാസ്യം
അതിരാവിലെ ഫോൺ ശബ്ദിക്കുന്നതു കേട്ടുകൊണ്ടാണ്‌ സാംസൺ ഉണർന്നത്‌. അങ്ങേത്തലയ്ക്കൽ തോമസ്സുകുട്ടിയാണ്‌ .എന്തെങ്കിലും പ്രാധാന്യമുള്ള വാർത്തകൾ ലഭിക്കുമ്പോൾ മാത്രമേ അയാൾ വിളിക്കാറുള്ളു. സാധാരണ രാത്രി ജോലികഴിഞ്ഞുവരുന്ന സാംസൺ ഈ സമയം നല്ല ഉറക്കത്തിലായിരിക്കും.
"എന്താണ്‌ തോമസ്സുകുട്ടി വിശേഷിച്ച്‌"
"ക്ഷമിക്കണം, ഒരു ദുഃഖവാർത്ത അറിയിക്കാനാണ്‌ വിളിച്ചതു."
"എന്താണു സംഭവം?"
"നമ്മളെല്ലാം അറിയുന്ന സൂസമ്മ രാത്രി മൂന്നുമണിയോടെ മരിച്ചു. തീരെ സുഖമില്ലാതെ അവരെ രണ്ടുമൂന്ന്‌ ദിവസംമുമ്പ്‌ ആശുപത്രിയിലാക്കിയിരുന്നു. അവിടെവച്ചായിരുന്നു അന്ത്യം".
കഴിഞ്ഞ രണ്ടു വർഷമായിട്ട്‌ പക്ഷവാതം പിടിപെട്ട്‌ ചികിത്സയിലായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. സാംസണ്‌ അവരുമായി കൂടുതൽ അടുപ്പമില്ല. തോമസ്സുകുട്ടിയുടെ നാട്ടുകാരിയാണ്‌ സൂസമ്മ.
"ഏതായാലും അടക്കത്തിന്റെ സമയം വിളിച്ചറിയിക്കണം". സാംസൺ പറഞ്ഞു.
പിറ്റേദിവസം തോമസ്സുകുട്ടി വിളിച്ച്‌ അടക്കത്തിന്റെ തീയതിയും സമയവും അറിയിച്ചപ്പോൾ ചടങ്ങിൽ ഒരുമിച്ച്‌ സംബന്ധിക്കാമെന്നുള്ള തീരുമാനമായി.
പിറ്റേദിവസം പതിനൊന്നുമണിക്കായിരുന്നു ശവസംസ്കാരം. വലിയൊരു ജനക്കൂട്ടം സംസ്കാരത്തിന്‌ വന്നെത്തിയിട്ടുണ്ട്‌. സ്വന്തക്കാരും, സുഹൃത്തുക്കളും മറ്റ്‌ പല സംസ്ഥാനങ്ങളിൽ നിന്നും എത്തിയിരുന്നു. സാംസൺ കുറച്ചുമാറി ഒരു ഓക്കുമരത്തിന്റെ തണൽപറ്റി ചടങ്ങുകൾ വീക്ഷിക്കുകയാണ്‌. തന്നിൽനിന്നും അകലെയല്ലാതെ ഓക്കുമരത്തെ ആശ്രയമായി പിടിച്ചുകരഞ്ഞുകൊണ്ട്‌ ഒരു സ്ത്രീ ഏകയായി നിൽക്കുന്നു.
സാംസണ്‌ ആ സ്ത്രീയുടെ ദുഃഖം കണ്ടപ്പോൾ സഹതാപംതോന്നി.
"അപരിചിതയായ സ്ത്രീ, നീ ഈ ഓക്കുമരത്തെ പിടിച്ചുകൊണ്ട്‌ എന്തിനാണ്‌ കണ്ണീർ പൊഴിക്കുന്നത്‌?"
"എനിക്കും കുടുംബത്തിനും വളരെ വേണ്ടപ്പെട്ടവളായിരുന്നു സൂസമ്മഅക്കച്ചി."
"അപ്പോള്‌ നിങ്ങളുടെ അക്കച്ചിയായിരുന്നോ സൂസമ്മ"
"അല്ല, ഞങ്ങൾ ബന്ധുക്കളായിരുന്നില്ല. പക്ഷെ ഒരു കുടുംബംപോലെയായിരുന്നു കഴിഞ്ഞുകൂടിയത്‌."
അകലെനിന്നും തോമസ്സുകുട്ടി വിളിക്കുന്നു.
"വാടേ, ഇത്രദൂരത്തില്‌ നിന്നാല്‌ ചടങ്ങുകള്‌ കാണുന്നതെങ്ങനെ?"
"ഞാൻ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മറ്റൊരാളെ കാണേണ്ടതിനാൽ വരട്ടെ. പിന്നെക്കാണാം."
സാംസൺ തോമസ്സുകുട്ടിയുടെ അടുത്തേക്കുനടന്നു. തോമസ്സുകുട്ടിയുടെ അടുത്തെത്തിയ സാംസന്റെ ശ്രദ്ധ ഓക്കുമരത്തിലേക്ക്‌ ഒരു നിമിഷം തിരിഞ്ഞു. ഓക്കുമരത്തിൽ ചാരി ആ സ്ത്രീ വിഷാദത്തോടെ നിൽക്കുന്നു.
"താനെന്തിനാണ്‌ ആ സ്ത്രീയുമായി സംസാരിക്കാൻപോയത്‌?"
തോമസ്സുകുട്ടി അൽപം കോപത്തോടെ ചോദിച്ചു.
"സുഹൃത്തേ, ദുഃഖിക്കുന്നവർ പ്രത്യേകിച്ച്‌ അവരൊരു സ്ത്രീയാണെങ്കിൽ നമുക്ക്‌ കണ്ടില്ലെന്ന്‌ നടിക്കുവാൻ സാധിക്കുമോ? സാംസന്റെ സ്വരത്തിൽ സഹതാപം.
"താനൊരു മണ്ടശിരോമണി. ആ സ്ത്രീ ദുഃഖിക്കുകയല്ല. ഉള്ളിൽ സന്തോഷിക്കുകയാണ്‌". തോമസ്സുകുട്ടി പറഞ്ഞു.
"അത്‌ തനിക്കെങ്ങനെ അറിയാം. താൻ ആ സ്ത്രീയെ അറിയുമോ? സാംസന്റെ സ്വരത്തിൽ ആകാംക്ഷ.
"ഞാൻ കാര്യങ്ങൾ അറിഞ്ഞിട്ടുതന്നെയാണ്‌ പറയുന്നത്‌."
തോമസുകുട്ടി.
"നിങ്ങൾക്ക്‌ എന്തുകാര്യമാണ്‌ ആ സ്ത്രീയെക്കുറിച്ച്‌ അറിവുള്ളത്‌?" സാംസൺ ചോദിച്ചു.
"എനിക്കും ഈ നാട്ടിലെ മലയാളികൾക്കും അറിയാവുന്ന ഒരു സത്യം ഞാൻ പറയാൻ ശ്രമിച്ചെന്നുമാത്രം". തോമസ്സുകുട്ടി.
"എന്നാൽ സത്യങ്ങൾ എനിക്കും അറിയാൻ താത്പര്യമുണ്ട്‌."
"ഞാനാണ്‌ സാംസന്റെ സ്ഥാനത്തെങ്കിൽ അവളോട്‌ ചോദിക്കുമായിരുന്നു. ഹേ, സ്ത്രീയേ നിനക്കെന്തുകാര്യമിവിടെ? നിന്റെ കപടമായ കണ്ണുനീർ നീയെന്തിന്‌ ഈ ഓക്കുമരത്തിൽ വീഴ്ത്തി അതിനെ അശുദ്ധമാക്കുന്നു. വിട്ടുപോയ നിന്റെ ഭർത്താവും കുഞ്ഞുങ്ങളും ഇന്നെവിടെയാണ്‌, നീ അവരെക്കുറിച്ച്‌ ഓർമ്മിക്കാറുണ്ടോ, അവരുടെ അകൽച്ചയിൽ നിനക്ക്‌ വേദനയില്ലേ, നീയെന്തിനാണ്‌ ഈ അവസരത്തിൽ ഇവിടെ വന്നത്‌? മരിച്ചുപോയിട്ടും അവരുടെ ആത്മാവിന്‌ ശാന്തിനൽകാതിരിക്കാനോ. അതോ ജഡം മണ്ണിനടിയിലിട്ടുമുടുന്നതുകണ്ട്‌ തെര്യപ്പെടാനോ? സ്ത്രീയെ നീ ഇവിടംവിട്ടുപോകുക".
"തോമസ്സുകുട്ടീ, എന്തൊക്കെയാണ്‌ ഈ പറഞ്ഞുകൂട്ടുന്നത്‌? എനിക്കൊന്നും മനസ്സിലാകുന്നില്ല. കഥയറിയാതെ ആട്ടംകാണുന്ന ഒരു കാഴ്ചക്കാരനാണ്‌ ഞാൻ." സാംസന്റെ ആകാംക്ഷ ഉച്ചാവസ്ഥയിലായി.
ചടങ്ങുകൾ പര്യവസാനിച്ചപ്പോൾ ആളുകൾ പിരിഞ്ഞുതുടങ്ങി. തോമസ്സുകുട്ടിയുടെ കാർ പ്രധാനവീഥിയിലെത്തിക്കഴിഞ്ഞു.
"എന്നാൽ താൻ ഉറക്കംതൂങ്ങാതെ കഥ കേട്ടുകൊള്ളുക."
തോമസ്സുകുട്ടി പറഞ്ഞുതുടങ്ങി:
"മീന പത്താംക്ലാസ്സ്‌ പാസ്സായതോടെ സ്വന്തക്കാരനായ രാജൻ അവളെ കൂട്ടിക്കൊണ്ടുപോയി. അവളുടെ നിർധനകുടുംബത്തിന്‌ അത്‌ വലിയ ആശ്വാസമായി. സുന്ദരിയായ മീനയ്ക്ക്‌ രാജൻ നടത്തുന്ന ട്രാവൽ കമ്പനിയിൽ ജോലിയും നൽകി. നാലഞ്ചുവർഷം രാജന്റെ കൂടെയായിരുന്നു മീനയുടെ സഹവാസം. ഇതിനകം രാജന്റെ ട്രാവൽകമ്പനിയിൽ അവൾ മാനേജരായിവരെ ഉയർത്തപ്പെട്ടു.
ആയിടയ്ക്കാണ്‌ അമേരിക്കയിൽനിന്നും തമ്പിച്ചൻ വിവാഹമോചനംനേടി നാട്ടിലെത്തിയത്‌. രണ്ടാമതും പെണ്ണുകെട്ടുകയായിരുന്നു അയാളുടെ ലക്ഷ്യം. തമ്പിച്ചന്റെ വിവാഹപ്പരസ്യം മീനയുടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ മകളെ നാട്ടിലേക്ക്‌ അത്യാവശ്യമായി വിളിപ്പിച്ചു.
വീട്ടുകാർ കാര്യങ്ങൾ വിശദമാക്കിയപ്പോൾ അമേരിക്കയിലെ വിപുലമായ ബിസ്സിനസ്സ്‌ സാദ്ധ്യതകൾ അവൾ മുന്നിൽക്കണ്ടു. കൂടിക്കാഴ്ചയിൽ അമേരിക്കൻവരനായ തമ്പിച്ചന്‌ മീനയെ ഇഷ്ടപ്പെടുകയും ചെയ്തു. 'അമേരിക്കയിൽ എന്താണ്‌ ജോലി?' 'ഗൾഫ്‌ ഓയിൽകമ്പനിയുടെ മാനേജരാണ്‌.' അതായിരുന്നു തമ്പിച്ചന്റെ ഉത്തരം. തെളിവിനായി കമ്പനിയുടെ ബാഡ്ജ്‌ കാണിച്ചപ്പോൾ മീനയ്ക്ക്‌ സന്തോഷമായി. ഉടൻതന്നെ അവൾ രാജിക്കത്ത്‌ ഡൽഹിക്കയയ്ക്കുകയും ചെയ്തു. രാജൻ അവളുടെ കത്തുവായിച്ചു ദുഃഖിച്ചു. എന്തുചെയ്യാം പെണ്ണിനെ വിശ്വസിച്ചാൽ പെരുവഴിയാണല്ലോ പ്രതീക്ഷിക്കേണ്ടത്‌. എങ്കിലും നാലഞ്ചുവർഷം അവൾ തന്മയത്വമായി സേവിച്ചതല്ലേ. രാജൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
തമ്പിച്ചായൻ മീനയുടെ വിസ ശരിയാകുന്നതുവരെ നാട്ടിൽതങ്ങി. അവർ ഒരുമിച്ചാണ്‌ അമേരിക്കയിലേക്ക്‌ തിരിച്ചതു.
അമേരിക്കയിൽ വന്ന്‌ ഏറെ താമസിയാതെ തമ്പിച്ചായന്റെ യഥാർത്ഥ ചിത്രം പുറത്തുവന്നു. ഗൾഫ്‌ പെട്രോൾപമ്പിലെ ഗ്യാസ്‌ വിൽപനക്കാരനാണ്‌ അയാൾ. ഏറെക്കാലം പമ്പിൽ ജോലിചെയ്തപ്പോൾ മാനേജർ പദവിയും ലഭിച്ചിരുന്നു. മീനയ്ക്ക്‌ കാര്യത്തിന്റെ തിരിമറികൾ അത്രരസിച്ചില്ല. അവൾ ക്രമേണ ഒരു ട്രാവൽ ഏജൻസിയിൽ ജോലിക്കു കയറി.
ഇതിനിടെ രണ്ട്‌ കുട്ടികളും പിറന്നു. മറ്റു മലയാളികളെപ്പോലെ വലിയ വീടും വിലകൂടിയ കാറും വാങ്ങാൻ കഴിയാത്തതിൽ അവൾക്ക്‌ ദുഃഖമുണ്ട്‌. പത്തു വർഷങ്ങൾകൊണ്ട്‌ മീന ട്രാവൽകമ്പനിയിലെ ഏറ്റവും കൂടുതൽ ബിസിനസ്സ്‌ ഉണ്ടാക്കുന്ന ജോലിക്കാരിയായി. ആയിടയ്ക്കാണ്‌ സൂസമ്മയ്ക്ക്‌ അസുഖം തുടങ്ങിയത്‌. അവൾക്ക്‌ ഉടൻ നാട്ടിൽപോയി എല്ലാവരെയും കാണണം. അവളുടെ ഭർത്താവ്‌ എസ്തപ്പാൻ മീനയുടെ അടുത്താണ്‌ ടിക്കറ്റെടുക്കാൻ സമീപിച്ചതു. സീസൺസമയത്ത്‌ പെട്ടെന്നുള്ള യാത്രയായതിനാൽ സീറ്റുകിട്ടാൻ പ്രയാസമായിരുന്നു. എങ്കിലും മീനയുടെ മിടുക്കുകൊണ്ട്‌ ടിക്കറ്റ്‌ തരപ്പെട്ടു.
മടങ്ങിവന്ന എസ്തപ്പാൻ മീനയുമായി കൂടുതൽ അടുത്തു. ക്രമേണ തമ്പിച്ചന്റെ ചെവിയിലും വാർത്തയെത്തി. എസ്തപ്പാന്റെ പണത്തിനുമുൻപിൽ തമ്പിച്ചൻ നിഷ്പ്രഭനായി. അയാൾ വിവാഹബന്ധം പിരിഞ്ഞ്‌ കുട്ടികളുമായി മറ്റൊരു സംസ്ഥാനത്തിലേക്ക്‌ പോയി. ക്രമേണ സൂസമ്മയുടെ രോഗാവസ്ഥ വഷളായി. മിക്കവാറും എസ്തപ്പാൻ മീനയുടെ വീട്ടിൽതന്നെയാണ്‌ ഊണും ഉറക്കവും. സൂസമ്മ നേഴ്സിംഘോമിലും. ഇപ്പോൾ സൂസമ്മയുടെ മരണാനന്തരചടങ്ങുകൾ അകലെനിന്ന്‌ വീക്ഷിക്കുവാനേ അവൾക്കാവൂ. കല്ലാര്റയുടെ അടുത്തുവരുവാൻ അവൾക്കാവില്ല.
എന്താ കാര്യങ്ങളുടെ ഗതി ഏറെക്കുറെ പിടികിട്ടിയോ?"
തോമസ്സുകുട്ടി കഥ പറഞ്ഞവസാനിപ്പിച്ചു.
"പിടികിട്ടിവരുന്നു." സാംസൺ മെല്ലെ തലകുലുക്കി. കാർ സാംസന്റെ വീടിനു താഴെയെത്തിയിരുന്നു.
"എന്നാൽ ബാക്കിക്കാര്യങ്ങൾ ഫോണിൽ സംസാരിക്കാം."
സാംസൺ കാറിൽനിന്നിറങ്ങി വീടിനെ ലക്ഷ്യമാക്കി നടന്നു.

ആചാരാനുഷ്ടാനങ്ങളുടെ അപകടങ്ങൾ-കലവൂർ രവി





kalavoor ravi
എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌, ദൈവത്തെ അന്വേഷിച്ചു എങ്ങും പോകേണ്ടതില്ലെന്നാണ്‌. ദൈവം സർവ്വവ്യാപിയാണ്‌. പ്രപഞ്ചം മുഴുവൻ ദൈവചൈതന്യം നിറഞ്ഞതാണ്‌. ജീവിതത്തിലെ ആകുലതകൾ, അലട്ടി നിങ്ങളെ പീഡിപ്പിക്കുമ്പോൾ, മനസ്സ്‌ നിശബ്ദമാക്കി, മൂന്നുമിനിട്ടോളം ശൂന്യത സൃഷ്ടിക്കാനാവുമോ- എങ്കിൽ മനസ്സുണർന്നു നിങ്ങളുടെ സങ്കടങ്ങൾ മാറ്റാനുള്ള ഉൾക്കാഴ്ച നൽകുന്നതു കാണാം.
ദൈവത്തെത്തേടി, എങ്ങും പോകേണ്ടതില്ലാ-
ദൈവം എപ്പോഴും, ഒപ്പമുണ്ട്‌.
പള്ളിയിലും, അമ്പലങ്ങളിലും, മറ്റു പ്രാർത്ഥനാലയങ്ങളിലും ദൈവത്തെ തിരഞ്ഞു നടന്നാൽ ഫലം നിരാശ മാത്രമായിരിക്കും! ദൈവത്തെ തേടി നടക്കുന്നവർക്കുള്ള ഉൾക്കാഴ്ച സ്വയം ലഭിക്കുന്നത്‌ അങ്ങനെ അനുഭവിക്കാനാവും.
ജീവിത സാഹചര്യങ്ങളിൽ കുടുംബത്തെ പുലർത്താനും കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും വളർത്തി വലുതാക്കാനും ആഗ്രഹിക്കാത്ത അച്ഛനമ്മമാർ ഉണ്ടാവില്ലല്ലോ?
അവിവാഹിതരായി കഴിയുന്ന പുരോഹിതന്മാർ, എല്ലാ സമുദായങ്ങളിലും കാണാവുന്നതാണ്‌. പ്രത്യേകിച്ച്‌ ഹിന്ദു സമുദായങ്ങളിലും, അതുപോലെ ക്രിസ്ത്യൻ വിഭാഗങ്ങളിൽ ചിലരും (കത്തോലിക്കർ) സിക്കുകാർ, ജൈനമതക്കാർ, മുസ്ലീംങ്ങൾ തുടങ്ങിയവർക്കെല്ലാം ആചാരാനുഷ്ടാനങ്ങൾ വിവിധ തരത്തിലാണ്‌.
ഗുണവും ദോഷവും, ഉണ്ടാകരുത്‌, പുരോഹിതന്റെ മാനുഷികമായ ദൗർബ്ബല്യങ്ങളുടെ ഫലമായിരിക്കും. അങ്ങനെ ബലാൽസംഗവും, കൊലകളും, കേസ്സും കോടതിയുമായി കഴിയുന്ന നിർഭാഗ്യന്മാർ അനവധിയാണ്‌.
സമൂഹത്തിലെ ആചാരാനുഷ്ടാനങ്ങൾക്ക്‌ അടിമുടി മാറ്റം വരികയും, മനപ്പൊരുത്തമാണ്‌, ജാതകപ്പൊരുത്തമല്ല, വിവാഹം വിജയിപ്പിക്കുന്നതെന്നുള്ള തിരിച്ചറിവ്‌ നേടുകയും വേണം.
സത്യം തുറന്നു പറയാൻ ധീരത കാണിക്കുന്ന സ്ത്രീയെ നാശകാരിയായ മന്ത്രവാദിനി, എന്നാക്ഷേപിച്ച്‌, അകറ്റി നിർത്തുകയാണ്‌ തൽപര കക്ഷികളായ പുരോഹിതന്മാർ ചെയ്യുന്നത്‌.
എല്ലാ ജാതിമതങ്ങളിലും, പല രൂപത്തിലും ഭാവത്തിലും ഇതു നിലനിന്നുപോരുന്നു. ശ്രീനാരായണ ഗുരു അവധൂതനായി, നാടെങ്ങും സഞ്ചരിക്കുന്ന, സമയം ഹിന്ദുക്കളെ ഒരു അമ്പലത്തിൽ വെളിച്ചപ്പാട്‌ അട്ടഹസിച്ച്‌ വാളും ചിലമ്പുമായി തുള്ളി കൊലവിളി നടത്തി ഭയപ്പെടുത്തുന്ന ജുഗുപ്ലാസാവഹമായ കാഴ്ച കാണുകയുണ്ടായി.
ഗുരു ശാന്തനായി ആൾക്കൂട്ടത്തിൽ ശാന്തനായി നിൽക്കുന്നത്‌ വെളിച്ചപ്പാട്‌ കാണുകയുണ്ടായി. വെളിച്ചപ്പാടിന്‌ ശ്രീനാരായണ ഗുരുവിനെ ശരിക്കും അറിയാമായിരുന്നു. എല്ലാ അന്ധവിശ്വാസങ്ങൾക്കും ഗുരു എതിരായിരുന്നുവല്ലോ?-അങ്ങനെ ശാന്തനായി നിൽക്കുന്ന ശ്രീനാരായണഗുരുവിനെ വെല്ലുവിളിച്ചു കൊണ്ട്‌ എന്താ പരീക്ഷിക്കാൻ വന്നതാണോ? -എന്ന്‌ വെളിച്ചപ്പാട്‌ അട്ടഹസിക്കുകയുണ്ടായി.
ഗുരു ശാന്തനായി, സൗമ്യതയോടെ മറുപടി നൽകി, എനിക്കപേക്ഷിക്കാനുള്ളത്‌ വെളിച്ചപ്പാട്‌ ഒന്നു ചിരിച്ചു കാണണമെന്നാണ്‌. വെളിച്ചപ്പാടിന്റെ വായിൽ
ഒറ്റപ്പല്ലുകൾ ഉണ്ടായിരുന്നില്ലെന്ന്‌ ഗുരു എങ്ങനെയോ മനസ്സിലാക്കിയിരുന്നു.
ഗുരുവിന്റെ നർമ്മോക്തി കലർന്ന ചോദ്യം കേട്ട്‌ വെളിച്ചപ്പാടും പൊട്ടിച്ചിരിക്കുകയുണ്ടായി. വായിൽ ഒറ്റപ്പല്ലുപോലുമില്ലാത്ത വെളിച്ചപ്പാടും കണ്ടു നിന്നവരും സൗമ്യനായ ഗുരുവിന്റെ സമീപനത്തെ, ഭക്തിയോടെ കേട്ടതിനൊപ്പം എല്ലാവരും പൊട്ടിച്ചിരിക്കുകയുമുണ്ടായി.
അങ്ങനെ സന്തോഷം നിറഞ്ഞ സായം സന്ധ്യയിലെ അമ്പലമുറ്റത്ത്‌ കൂടി നിന്നവരോട്‌ ഗുരു പറഞ്ഞത്‌ നിങ്ങൾ സന്തോഷിച്ചുകൊള്ളുക, പക്ഷേ തെങ്ങിന്റെ കതിരുകൾ പറിച്ചു നശിപ്പിച്ച്‌, തള്ളാതെ, മാവിലക്കമ്പുകളോ, മറ്റോ പോരെ! അമ്പലമുറ്റത്ത്‌ അൽപനേരം ഒരുമിച്ചിരുന്നു പാട്ടുപാടി സന്തോഷിക്കാനെന്ന മൃദുലവും യുക്തി സഹവുമായ മറുപടിയായിരുന്നു.
ഗുരുവിന്റെ മൗനമന്ദഹാസത്തിൽ ഭക്തജനങ്ങളും പങ്കുചേർന്ന ആ സന്ധ്യാവന്ദനം ചൈതന്യ പൂർണ്ണമായി! മനുഷ്യന്‌ അത്യന്താപേക്ഷിതമായ തെങ്ങിൻ പൂക്കുലകൾ നശിപ്പിക്കരുതെന്ന്‌, ജനത്തെ ശ്രീനാരായണ ഗുരു ബോധവൽകരിക്കുകയുണ്ടായി. മന്ത്രവാദിനിയെന്നു മുദ്രകുത്തി അകറ്റി ഓടിച്ചുകൊണ്ടിരുന്ന സ്ത്രീകൾ, അന്വേഷണക്കോടതിയിൽ അവരെ സമൂഹത്തിലെ, മതനേതാക്കൾ പീഡിപ്പിക്കുകയും അവിഹിതവേഴ്ചയ്ക്കു പ്രേരിപ്പിക്കുകയും ചെയ്തിട്ടുള്ള ഹീനകൃത്യങ്ങൾ വിവരിക്കുകയുണ്ടായി. എന്നാൽ സമൂഹത്തിലെ മാന്യന്മാർ എന്നു നടിക്കുന്ന പുരോഹിതന്മാർ, കോടതിയിൽ, പാവപ്പെട്ട സ്ത്രീകളെക്കൊണ്ട്‌ മാറ്റിപ്പറയിക്കുകയുണ്ടായി, അവർ പുരുഷന്മാർ അവരെ സ്വയം മാംസദാഹം തീർക്കാനുപയോഗിക്കുകയുണ്ടായി.
തൽപ്പരകക്ഷികളുടെ നീതിന്യായകോടതി അവരുടെ കാട്ടായത്തരങ്ങൾക്ക്‌ മറയിട്ട്‌, പാവപ്പെട്ട, അനേകായിരം സ്ത്രീകളെ ചുട്ടുകരിക്കാൻ ഉത്തരവും നൽകി എന്നത്‌, പഴയകാല കാട്ടാളത്തരങ്ങളിൽപ്പെട്ട വകതിരിവില്ലായ്മയാണ്‌. മന്ത്രവാദിനിയെന്ന സ്ത്രീകൾ വളരെ വിജ്ഞാനമുള്ളവരും പുരോഹിതവൃത്തത്തിന്റെ കുത്സിത പ്രവർത്തനങ്ങളെ വെളിപ്പെടുത്തുന്നതു തടയാൻ, അക്കാലങ്ങളിലെ പുരോഹിത ചൂഷക വർഗ്ഗത്തിന്റെ താൽപര്യം സംരക്ഷിക്കുന്ന മുതലാളിത്ത്വ സംവിധാനം, എത്രയോ നിരപരാധികളെയാണ്‌ പീഡിപ്പിച്ച്‌ ദാരുണമായി നരഹത്യ നടത്തിയിട്ടുള്ളതെന്ന്‌ ഇന്നു ജനം തിരിച്ചറിഞ്ഞിരിക്കുകയാണ്‌.
സംഘടിത മതത്തിനെതിരെ കാട്ടാളത്തം, കള്ളത്തരങ്ങൾ അങ്ങനെ പുരോഹിത വർഗ്ഗത്തിന്റെ മ്ലേഛവും ഹീനവുമായ പേക്കുത്തുകൾ, തുടർന്നു കൊണ്ടിരിക്കുന്ന നാളുകളിൽ, തന്നെ അവർ ഭാവിയിൽ അവരുടെ പ്രസ്ഥാനങ്ങൾ സമൂഹത്തിനാവശ്യമില്ലാതാകുമെന്നും, അതു സംരക്ഷിച്ചു നിറുത്താനായില്ലെങ്കിൽ പരഭോജികളായി കഴിയുന്ന പുരോഹിതവർഗ്ഗം, അടിതെറ്റി മനുഷ്യരെ വിശ്വാസത്തിലെടുക്കാനാവാതെ തകരുമെന്നും അവർ മുൻകൂട്ടി കാണുകയുണ്ടായി.
ഓം എന്ന ശബ്ദത്തോടെയാണ്‌ പ്രപഞ്ചസൃഷ്ടി നടന്നത്‌!
ബൃഹത്തായ സ്ഫോടനത്തോടെ, പ്രപഞ്ച സൃഷ്ടി നടന്നുവേന്ന്‌ പറയുന്ന ശാസ്ത്രജ്ഞന്മാർ (Big Bang theory)പ്രപഞ്ചോൽപത്തിയിലെ 'ഓം' ശബ്ദത്തെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌.!!
ജനങ്ങൾ പ്രാർത്ഥിക്കുന്ന ഗീതങ്ങളും, "ഓം" ശബ്ദത്തിന്റെ വൈവിധ്യ ശബ്ദങ്ങളെ വിവിധ ഭാഷകളിലും ശബ്ദത്തിലും, ജനം പ്രപഞ്ചനാഥനെ സ്തുതിക്കുന്ന ഗാനങ്ങളിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന്‌, സ്തുതിഗീതങ്ങളിൽ നമ്മൾ കേൾക്കുന്നില്ലേ?
"Maya is a concept expounded by some Indian philosophers to enlighten the world we live in.''
It exists only in the mind of each one of us and is experienced by the limited abilities of our senses.
Swamy Vivekananda emphasis our sensory limits stating that world be something different if we had additional senses.

തൂവൽനിറച്ച തലയണകൾ-മാത്യു നെല്ലിക്കുന്ന്‌







mathew nellickunnu
ഇയ്യിടെ അവൾക്കെന്തൊക്കെയോ മാറ്റം സംഭവിച്ചിട്ടുണ്ട്‌. എന്താണാവോ കാരണം? അയാൾക്കത്ഭുതം തോന്നി.
അവധി ദിവസങ്ങളിലെ അവളുടെ നീണ്ട ഷോപ്പിങ്ങുകളും വ്യായാമ സങ്കേതത്തിലേക്കുള്ള പ്രയാണങ്ങളും അദ്യമൊക്കെ അയാൾ കൗതുകത്തോടെയാണ്‌ വീക്ഷിച്ചതു. ബ്യൂട്ടിപാർലറുകൾ സന്ദർശിച്ചതിന്റെ സുദീർഘമായ വിവരങ്ങൾ അയാൾ ക്ഷമയോടെ കേട്ടു കൊണ്ടിരുന്നു. ദിവസവും നിലക്കണ്ണാടിയുടെ മുൻപിൽ മേക്കപ്പിനു വേണ്ടി ധാരാളം സമയം ചെലവഴിക്കുക എന്നത്‌ അവളുടെ ദിനചര്യയുടെ ഭാഗമായി മാറുന്നത്‌ അയാൾക്ക്‌ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഒരിക്കൽ ഷോപ്പിങ്ങു കഴിഞ്ഞ്‌ രണ്ടു പുതിയ തലയണകളുമായി വന്നു. തൂവൽനിറച്ച തലയണകൾ. അവയുടെ നേർമ്മയും ഭംഗിയും അയാളെ ഏറെ ആകർഷിച്ചു.
പിന്നീടൊരു ദിവസം അവൾ ജോലിക്കു പോയപ്പോൾ അയാൾ രഹസ്യമായി ആ തലയണകളെടുത്തു മടിയിൽ വച്ചു. അയാൾക്ക്‌ അവയെ ലാളിക്കാനും താലോലിക്കാനും തോന്നി. അവയുടെ തൂവൽ സ്പർശം അയാൾ അനുഭവിച്ച്‌ ആസ്വദിച്ചു. തന്റെ ഭാര്യ അത്തരം ഓമനത്തമുള്ള തലയണകൾ കണ്ടെത്തിയതിൽ അയാൾ ഗോ‍ൂഢമായി ആനന്ദിച്ചു.
അക്കാലത്ത്‌ അവളുടെ മൗനത്തിന്റെ നിമിഷങ്ങൾ നീളുകയും അപ്പോഴെല്ലാം നീണ്ട നിശ്വാസങ്ങൾ അവളറിയാതെ അവളിൽ നിന്നുതിരുകയും ചെയ്തു. ആ തൂവൽത്തലയണകളിൽ അഭയം തേടുമ്പോഴാണ്‌ അവൾ ദീർഘചിന്തകളിൽ ആമഗ്നയായിത്തീർന്നിരുന്നത്‌.
അയാൾ മുറിയിൽ വന്ന അവസരങ്ങളിൽ അവളുടെ മനസ്സ്‌ മറ്റെവിടെയോ ആയിരുന്നു. നിദ്രയിൽ വീണുകിട്ടാത്ത മറ്റേതോ വിശ്രമസങ്കേതങ്ങൾ അവളുടെ തിളങ്ങുന്ന കണ്ണുകളിൽ അയാൾ കണ്ടു.
അവളുടെ ഏകാന്തത്തയെ അയാൾ ഒരിക്കലും അലോസരപ്പെടുത്തിയില്ല.
ആ തലയണകളെയും അവ സൂക്ഷിച്ചിരുന്ന മെത്തയെയും അതു കിടന്നിരുന്ന മുറിയെയും അവൾ ഇഷ്ടപ്പെടുന്നുവേന്ന്‌ അയാളറിഞ്ഞു. അവയെ വിട്ടുപോകാനാവാത്തവണ്ണം അവളെപ്പോഴും അവയിൽ തലചായ്ച്ചു കിടന്നു.
അവളുടെ സ്വൈരംകെടുത്താതിരിക്കാൻ അയാൾ പലപ്പോഴും അടുക്കളയിൽ കയറി തന്നത്താൻ ഭക്ഷണം പാചകം ചെയ്തു. ചൂടുള്ള കാപ്പി അവൾക്കുവേണ്ടി അയാൾ കിടപ്പറയിൽ കൊണ്ടുചെന്നെങ്കിലും അൽപം സ്വസ്ഥതയും വിശ്രമവും മാത്രമാണു തനിക്കു വേണ്ടതെന്ന്‌ അവൾ പറഞ്ഞു.
വീട്ടുകാര്യങ്ങളിൽ അവൾ കാണിച്ച അനാസ്ഥ അയാളെ അമ്പരപ്പിക്കാതിരുന്നില്ല. എങ്കിലും ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകളും തൊഴുത്തിൽക്കുത്തുമൊക്കെയാവാം ഇതിനെല്ലാം കാരണമെന്ന്‌ അയാൾ ആശ്വസിച്ചു.
വാരാന്ത്യത്തിൽ ജിമ്മിയുടെ വീട്ടിൽ നടക്കാനിരിക്കുന്ന വിരുന്നിനെക്കുറിച്ച്‌ അയാൾ ഭാര്യയെ വീണ്ടും ഓർമ്മിപ്പിച്ചു. എന്നാൽ അവൾ അതിൽ തീരെ താൽപര്യം കാട്ടിയില്ല. 'ഞാനിവിടെയെങ്ങാനും കിടന്നു കൊള്ളാം. നിങ്ങൾ പോയേച്ചു വന്നാ മതി.'
വിരുന്നിനു പോവാൻ കൂട്ടാക്കാതെ അവൾ തന്റെ സ്വകാര്യമായ ഏകാന്തത്തയിൽ തൂവൽത്തലയണകളെ കൂട്ടുപിടിച്ചു കിടന്നു.
ജിമ്മിയുടെ ക്ഷണം നിരസിക്കാൻ അയാൾ ഒരുക്കമായിരുന്നില്ല. പല കാര്യങ്ങളിലും പലപ്പോഴും അയാളെ സഹായിച്ചിട്ടുള്ള സുഹൃത്താണു ജിമ്മി.
ജിമ്മിയുടെ സ്വീകരണ മുറിയിൽ അയാൾ ഏറെ നേരം ചെലവഴിച്ചു.
സംസാരത്തിനിടയ്ക്ക്‌ ജിമ്മി ആയിടെ വാങ്ങിയ തൂവൽത്തലയണകൾ അയാളെ കാണിച്ചു. അവയിൽ തലവെച്ചു കിടക്കുമ്പോഴുണ്ടാകുന്ന സുഖത്തെക്കുറിച്ചു ജിമ്മി വിവരിച്ചപ്പോൾ അയാൾ തലയാട്ടി കേട്ടുകൊണ്ടിരുന്നു.

വംശമഹിമയുടെ ഋതുക്കൾ-ഗണേശ്‌ പന്നിയത്ത്‌




ganesh panniyath


പുസ്തക നിരൂപണം



ഭയാനകമായൊരു സ്വപ്നത്തിന്റെ പുരാബിംബങ്ങളിലേയ്ക്ക്‌ മിഴിതുറക്കുമ്പോൾ തുടങ്ങുകയും കൃതിയുടെ കൊടിയ ശൈത്യത്തിലേയ്ക്ക്‌ കണ്ണടയ്ക്കുമ്പോൾ അവസാനിക്കുകയും ചെയ്യുന്ന വലിയൊരു കാലഘട്ടത്തിനിടയിലെ ലോത്തിന്റെ ജീവിതക്രമങ്ങളാണ്‌ വിജയൻ കോടഞ്ചേരിയുടെ 'സോദോം പാപത്തിന്റെ ശേഷപത്രം' എന്ന നോവലിന്റെ ഇതിവൃത്തം. അതിരുകളില്ലാത്ത ലൈംഗികാസക്തിയുടെ തീക്ഷ്ണത നിറഞ്ഞു നിൽക്കുന്ന പഴയ നിയമത്തിന്റെ പാപപങ്കിലമായ ജീവിതത്തിന്റെ ഒരംശമാണ്‌ വിജയൻ ഈ നോവലിന്റെ അടിത്തറയായി മാറ്റുന്നത്‌.
ഭൂമിയിലെ മനുഷ്യന്റെ തിന്മ വലുതാണെന്നും ഹൃദയവിചാരങ്ങളിൽ നിഴലിക്കുന്ന എല്ലാ ഭാവങ്ങളും എപ്പോഴും ദുഷ്ടതയുടേതാണെന്നും കണ്ടപ്പോൾ ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതിൽ കർത്താവായ ദൈവം വല്ലാതെ ദുഃഖിച്ചു. അത്‌ ദൈവത്തിന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട്‌ കർത്താവ്‌ അരുൾ ചെയ്തു-ഞ്ഞാൻ സൃഷ്ടിച്ച മനുഷ്യനെ ഞാൻ തന്നെ മായ്ച്ചുകളയും. മനുഷ്യനേയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും എല്ലാം. അധർമ്മത്തിലും അക്രമത്തിലും മൂല്യച്യുതിയിലും അഭിരമിക്കുന്ന മനുഷ്യകുലത്തെ നശിപ്പിച്ച്‌ പുതിയൊരു വംശപരമ്പരയ്ക്ക്‌ തുടക്കമിടാനായിരുന്നു ദൈവനിശ്ചയം. അതിന്‌ നീതിമാനും ധർമ്മിഷ്ഠനുമായ നോഹയെ തന്റെ സൃഷ്ടിയുടെ അധിപനായി ദൈവം മാറ്റി നിർത്തി.
അധാർമ്മികതയിൽ വിരാജിക്കുന്ന മനുഷ്യകുലത്തെ ഭൂമിയിൽ നിന്ന്‌ ഇല്ലായ്മചെയ്യാൻ ദൈവം ഭൂമിയിൽ പ്രളയം സൃഷ്ടിച്ചു. മനുഷ്യരും ആടുമാടുകളും ചത്തൊടുങ്ങിക്കൊണ്ടിരുന്നു. മരങ്ങളും ചെടികളും പ്രളയജലത്തിൽ അനാഥമായി ഒഴുകികൊണ്ടിരുന്നു. പ്രളയത്തിന്റെ ഭയനാകരൂപമായി മാറി ഭൂമി. മൃതിയുടെ ആവർത്തനങ്ങളിൽ ഭൂമിയിലാകെ ശവം നിറഞ്ഞു. അഗാധങ്ങളിലെ ഉറവകൾ പൊട്ടിയും ആകാശത്തിലെ വാതായനങ്ങൾ തുറന്നും ജലംപെരുകി. പ്രളയത്തിലൂടെ എന്നാൽ ഗോഫർമരത്തിൽ തീർത്ത നോഹയുടെ വലിയ പെട്ടകം മാത്രം സൃഷ്ടിയുടെ ചൈതന്യമായി ആടിയുലഞ്ഞ്‌ നീങ്ങി. പ്രളയത്തിന്റെ ഭീകരാവസ്ഥയിൽ ഭൂമിയിലാകെ നിലവിളിയായിരുന്നു. ആ നിലവിളിയിലേക്കാണ്‌ ലോത്ത്‌ മിഴി തുറന്നത്‌. സ്വപ്നങ്ങൾ സൊ‍ാചനകളാണ്‌. അതിൽ കാലത്തിനു പ്രസക്തിയില്ല. സംഭവങ്ങളുടെ ക്രമരഹിതമായ അവസ്ഥയാണത്‌.
പൗരാണികമായൊരു കാലത്തിൽ നടക്കുന്ന സംഭവങ്ങളുടെ സ്വപ്ന ദർശനം ആ കാലത്തിന്റേതാവണമെന്നില്ല.അത്‌ വർത്തമാനസമസ്യകളാവാം.അല്ലെങ്കിൽ, ഭാവിയിൽ സംഭവിക്കാവുന്ന ഒന്നിന്റ പ്രത്യക്ഷങ്ങൾ.
വിജയൻ കോടഞ്ചേരി തന്റെ നോവലിലെ നായകനായ ലോത്തിനെ അവതരിപ്പിക്കുന്നത്‌ മുകളിൽ പറഞ്ഞ സ്വപ്ന ദർശനത്തിലൂടെയാണ്‌.ലോത്തിന്‌ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന അനിവാര്യമായൊരു യാത്രയുടെ പൊരുൾ നോഹയുടെ യാത്ര ചിത്രീകരിക്കുന്നതിലൂടെ വിജയൻ പറഞ്ഞുവെക്കുന്നു. സ്തോഭജനകമായ ഈ പ്രത്യ ക്ഷങ്ങൾ തന്റെ പിന്നീടുള്ള ജീവിതത്തിൽ ലോത്ത്‌ അറിയുന്നുണ്ട്‌. സ്വവർഗരതിക്കാരുടെ സോദോം ദേശത്തുനിന്ന്‌ ബേലായിലേക്കുള്ള പലായനം. ഒപ്പമുണ്ടായിരുന്നത്‌ സുന്ദരികളായ രണ്ടു പെൺമക്കൾ മാത്രം. രതിയുടെ തീച്ചൂളയായ ഭാര്യ ഒപ്പം കൂടാൻ തയ്യാറായില്ല. പരപുരുഷന്മാരെ പ്രാപിച്ചാലെ പുണ്യംകിട്ടൂ എന്ന സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്ന അവൾ സോദോയിൽ തന്നെ ഉറച്ചുനിന്നു. ഭാര്യയെ നിഗോ‍ൂഢമായി ഭയപ്പെട്ടിരുന്ന ലോത്ത്‌ എന്നാൽ സുന്ദരികളായ പെൺമക്കളുമായി പുതിയ ഇടംതേടി. അത്‌ മറ്റൊരു ജീവിതത്തിന്റെ തുടക്കമായിരുന്നു. എണ്ണിയാലൊടുങ്ങാത്ത വംശപരമ്പരകളിലേക്കുള്ള ജൈത്രയാത്ര.
മൂല്യച്യുതി സംഭവിച്ച മനുഷ്യകുലത്തെ ഭൂമിയിൽ നിന്ന്‌ തുടച്ചുനീക്കാനായിരുന്നു ദൈവം പ്രളയം സൃഷ്ടിച്ചതു. പ്രളയത്തിൽ നിന്ന്‌ രക്ഷപ്പെടാൻ മനുഷ്യജന്മം കൊണ്ടവരിൽ നിന്ന്‌ ദൈവം അനുവദിച്ചതു നീതിമാനായ നോഹയേയും ഭാര്യയേയും പുത്രന്മാരേയും പുത്രഭാര്യമാരേയും മാത്രമാണ്‌. പിന്നെക്കുറച്ച്‌ പക്ഷി മൃഗാദികളേയും.
പിറവിയുടെ ഉദാരതകൾ ആവർത്തിക്കപ്പെടുമ്പോൾ അധാർമ്മികതയുടെ ബോധങ്ങളും മനുഷ്യരിൽ ഉടലെടുക്കുന്നുണ്ടായിരുന്നു. പരസ്പരം കലഹിച്ചും ജൈവവാസനകളിൽ അതിരുകളില്ലാതെ അഭിരമിച്ചും വംശങ്ങൾ പെരുകിയപ്പോൾ ഒരു ശുദ്ധികളശത്തിന്റെ ആവശ്യകത ചില ദേശങ്ങളിലെങ്കിലും വേണ്ടിവരുമെന്ന്‌ വീണ്ടും ദൈവത്തിനു ബോധ്യമാവുകയായിരുന്നു. സോദോയിലും ഗോമോറായിലും നടമാടിയിരുന്നത്‌ സ്വവർഗ്ഗരതിക്കാരുടേയും അഗമ്യഗമനക്കാരുടേയും ആഭിചാരങ്ങളായിരുന്നു. ആകാശത്തുനിന്ന്‌ ഗന്ധകവും തീയുമെടുത്ത്‌ സോദോമിന്റെയും ഗോമോറയുടേയും മേൽ വർഷിക്കുമ്പോൾ ദൈവം അവിടെ നിന്ന്‌ മാറ്റിനിർത്തിയത്‌ ലോത്തിനെയായിരുന്നു. ഒപ്പം ഇയാൾക്ക്‌ താൽപര്യമുള്ള സ്വന്തക്കാരെയും. ലോത്തിനോടൊപ്പം ചെല്ലാൻ താൽപര്യം കാണിച്ചതു പെൺമക്കൾമാത്രം. പെൺകുട്ടികളെ വിവാഹം കഴിക്കാൻ നിശ്ചയിച്ചവരും ലോത്തിന്റെ ഭാര്യയും സോദോമിന്റെ ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി നിന്നു.
വിജയൻ എഴുതുന്നു.
"അവർ നാഴികകളോളം സഞ്ചരിച്ചു.അപ്പോൾ സൂര്യൻ ഉദിച്ചുയർന്നു. അവരെ നടുക്കിക്കൊണ്ടൊരു മിന്നലുണ്ടായി. പിന്നീട്‌ കാതടപ്പിച്ചുകൊണ്ടൊരു ഇടിവെട്ടി. ആകാശത്തിൽ നിന്ന്‌ തീമഴ സോദോമിനും ഗോമാറയ്ക്കുമേലെ പ്രപഹിക്കുന്നത്‌ കണ്ട്‌ അവർ ബോധമറ്റു വീണു.
കടുത്ത ചൂടേറ്റ്‌ ലോത്ത്‌ കണ്ണു തുറന്നപ്പോൾ സൂര്യൻ കുന്നിന്റെ മുകളിലെത്തിയിരുന്നു. അവൾ ചാടിയെഴുന്നേറ്റ്‌ സോദോം നിന്ന ഭാഗത്തേക്ക്‌ നോക്കി. സോദോമിൽ നിന്നും ഗോമറിയയിൽ നിന്നും തീച്ചൂളയിൽ നിന്നെന്നപോലെ പുകയുയരുന്നത്‌ കണ്ട്‌ ലോത്ത്‌ പെൺകുട്ടികളെ ഉണർത്തി.
ലോത്തിന്റെ പെൺമക്കൾ മിഴിതുറന്ന്‌ പുതിയ ദേശത്ത്‌, പുതിയ കാലത്തിൽ അവശേഷിച്ച ഒരേയൊരു പുരുഷനിലേക്കായിരുന്നു. ഈ പുരുഷബിംബത്തിൽ ഊന്നിനിന്നാണ്‌ വിജയൻ കോടഞ്ചേരി തന്റെ 'സോദോം പാപത്തിന്റെ ശേഷപത്രം' വികസിപ്പിക്കുന്നത്‌. വംശപാരമ്പര്യത്തിന്റെ ജലാംശം ഓരോ ജൈവാവസ്ഥയിലും ഉറഞ്ഞിരിക്കുന്നുണ്ടെന്നും അത്‌ ആൺ-പെൺ സ്നേഹസംഗമങ്ങളിൽ പ്രത്യുൽപാദനത്തിന്റെ രീതി സ്വീകരിക്കുമെന്നുള്ള പ്രകൃതി നിയമം വിജയൻ അതിമനോഹരമായി വ്യാഖ്യാനിക്കുകയാണ്‌ ഈ നോവലിൽ. ലോത്ത്‌ പെൺകുട്ടികളുടെ അച്ഛനായിരിക്കാം. എന്നാൽ ഒപ്പം തന്നെ ഇയാളൊരു പുരുഷൻ കൂടിയാണ്‌. ജൈവവാസനകൾ അവസാനിച്ചിട്ടില്ലാത്ത ഒരാൾ. അല്ലെങ്കിൽ പച്ചയായ മനുഷ്യൻ.
ജീവിതയാത്രയുടെ ഒടുവിൽ അസ്തമയത്തിന്റെ ദിക്കിലേക്ക്‌ മിഴിയോടിച്ചു കിടക്കുമ്പോൾ അരികിലെവിടെയോ ഉള്ള മൃത്യുവിന്റെ പാദപതനങ്ങൾ കേൾക്കാൻ ലോത്തിനാവുന്നുണ്ട്‌. ആസന്നമായ മരണത്തിന്റെ നിശ്ശബ്ദസംഗീതം; അതിന്റെ ആനന്ദലഹരി. ജീവനൊടുങ്ങാൻ ഇനി അധിക സമയമില്ല. പ്രക്ഷുബ്ധവും അർത്ഥപൂർണ്ണവുമായി ഒരുപാട്‌ കാലങ്ങൾ ലോത്തിലൂടെ മിന്നിമറയുകയാണ്‌. അപ്പോൾ മറ്റുള്ളവരോടായി ലോത്ത്‌ പറഞ്ഞു: "ഞാൻ ഒരുപാട്‌ ജനതകളോടൊപ്പം ജീവിച്ചു. ആരുടേയും വിശ്വാസസംഹിതകളെയോ, ആചാരങ്ങളെയോ ഞാൻ വെല്ലുവിളിച്ചിട്ടില്ല. അനിവാര്യതകളോട്‌ പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ സമൂഹത്തിന്റെ ഭാഗമായ എന്റെ ബോധവും എന്നിലെ ജൈവവാസനകളും പോരടിച്ചു. മിക്കപ്പോഴും ജൈവവാസനകളാണ്‌ ജയിച്ചതു. ശരിയേതെന്നോ തെറ്റേതെന്നോ പറയാൻ ഞാൻ പ്രാപ്തനല്ല. ഈ ലോത്ത്‌ പച്ചയായ മനുഷ്യൻ മാത്രമാണ്‌.
പഴയനിയമത്തിലെ തീരെ ചെറിയൊരംശത്തിൽ നിന്ന്‌ ലോത്ത്‌ എന്ന പച്ചയായ മനുഷ്യന്റെ ജീവിതക്രമങ്ങളെ അതിമനോഹരമായി വികസിപ്പിച്ചെടുക്കാൻ വിജയൻ കോടഞ്ചേരിനായി എന്നതാണ്‌ ഈ നോവലിന്റെ വിജയം. സ്വന്തം പെൺമക്കളുമായി സംഭോഗത്തിലേർപ്പെടുന്ന ഒരച്ഛനെയല്ല വിജയൻ അവതരിപ്പിക്കുന്നത്‌ മറിച്ച്‌ വംശ പാരമ്പര്യമെന്ന പ്രാചീനബോധവും ലൗകിക ജന്മങ്ങൾക്കായുള്ള കാമനകളും സൂക്ഷിക്കുന്ന ഒരു പുരുഷബിംബത്തെയാണ്‌.
ഘനീഭവിച്ച നൈരാശ്യത്തിലുറഞ്ഞുകൂടി സ്വയം തിരസ്കരിക്കുന്ന ഒരാളല്ല ലോത്ത്‌. പ്രതീക്ഷകളുടെ തിരിനാളങ്ങൾ പ്രകാശം ചുരത്തുന്നൊരു മനസ്സ്‌ അയാളെന്നും സൂക്ഷിക്കുന്നുണ്ട്‌. അയാൾ ഒരേസമയം സംരക്ഷിക്കനും ഭോഗിയും പടയാളിയും വേദാന്തിയുമാണ്‌. ദൈവം നിഷേധിക്കുന്ന പറുദീസയിലഭിരമിക്കുവാനുള്ള തീക്ഷ്ണമായ അഭിവാഞ്ഛയിലൂടെ അയാൾ പിന്നെ നിഷേധിയും ഒപ്പം തന്നെ ഒരു വിപ്ലവകാരിയുമായും മാറുന്നു. വിജയൻ കോടഞ്ചേരി വരച്ചു ചേർക്കുന്ന ലോത്തിലൂടെ ഒരു നായക ബിംബത്തിന്റെ സമഗ്രത അങ്ങനെ നാം അറിയുന്നു.
ഭാഷയുടെ സൗന്ദര്യമാണ്‌ ഈ നോവലിന്റെ മറ്റൊരു പ്രത്യേകത. വിജയൻ വികസിപ്പിച്ചെടുക്കുന്നത്‌ ചരിത്രാംശമാണ്‌. പ്രാചീനമാണ്‌ ചരിത്രത്തിന്റെ ഭാവം. അതുകൊണ്ടുതന്നെ പൗരാണികമായൊരു ഭാഷാപ്രയോഗത്തിന്റെ പ്രസക്തി ഈ നോവലിലുടനീളം നോവലിസ്റ്റ്‌ വിജയകരമായി വിനിയോഗിക്കുന്നുണ്ട്‌.
ജീവിതം തളംകെട്ടിയ ജലംപോലെയാവരുത്ത്‌ എന്ന ലോത്തിന്റെ മാനസിക നില തന്നെയാണ്‌ ഈ നോവൽ നൽകുന്ന സന്ദേശം. ജീവിതം എല്ലാ അർത്ഥത്തിലും ജീവിച്ചു തീർക്കുകതന്നെ വേണം. അസ്തമയോന്മുഖമായൊരു സംസ്കാരത്തിന്റെ പ്രതീകമല്ല ലോത്ത്‌ മറിച്ച്‌ പുതിയവംശമഹിമയ്ക്ക്‌ അരുണോദയം തീർത്ത മഹാമുദ്രയാണ്‌. അയാൾ മോവാബിനും ബെൻ അമ്മിയ്ക്കും ജന്മം നൽകി. അവർ പുതിയ തലമുറയുടെ പിതാക്കന്മാരായി. അങ്ങനെ ലോത്തിന്റെ ജീവിതം ഭൂമിയിൽ പോരാടി നിറഞ്ഞു.

മുഖം -കെ.പി.എം. നവാസ്‌


k p m navaz

കെ.പി.എം. നവാസ്‌
രാവിലെ പത്രമെടുത്ത്‌ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന മുഖങ്ങളിൽ കണ്ണോടിക്കുമ്പോൾ തന്റെ മുഖവും അതിൽ അച്ചടിച്ചു വന്നിരുന്നെങ്കിലെന്ന്‌ അയാൾ അറിയാതെ ആശിച്ചു പോകാറുണ്ട്‌.
പിന്നെ, പത്രത്തിൽ ഫോട്ടോ അച്ചടിച്ചു വന്നു കാണണമെന്നുള്ളത്‌ അയാളുടെ ഉത്ക്കടമായ മോഹമായി വളർന്നു.
പത്രത്തിലൂടെ തന്നെ നാലാളുകൾ ശ്രദ്ധിക്കുക, അവർക്കിടയിൽ താനൊരു നക്ഷത്രമായി ജ്വലിക്കുക... അലോചിക്കുന്തോറും ഉള്ളിലെ കോരിത്തരിപ്പ്‌ ഹൃദയതടങ്ങളിൽ തട്ടി ചിറ്റോളങ്ങളായി മൂർദ്ധാവിൽ വന്നടിക്കുന്നു.
അങ്ങനെ, ഒരു ദിവസം അയാളുടെ ഫോട്ടോ പത്രത്തിൽ അച്ചടിച്ചു വന്നു. പക്ഷേ, ആ ചിത്രം കാണുവാൻ അന്നയാൾ ഉണ്ടായിരുന്നില്ല.



ഒഴിവ്‌


അങ്ങനെയാണ്‌ അവർ ആ സാഹസത്തിനു തയ്യാറായത്‌.
നാട്ടിൽ തൊഴിലില്ലായ്മയും വിലക്കയറ്റവും ദാരിദ്ര്യവും കൊടികുത്തി വാഴുവാൻ തുടങ്ങിയപ്പോൾ ജനങ്ങൾ സംഘടിച്ചു. അഭ്യസ്തവിദ്യരായ യുവാക്കൾ സർക്കാർ ഉദ്യോഗസ്ഥരെ നോക്കി പല്ലിറുമ്മുകയും അസൂയപൂണ്ട്‌ കലിതുള്ളുകയും ചെയ്തു.
ഏതു വറുതിയിലും അണ പൈ കുറയാതെ മാസപ്പടി എണ്ണി വാങ്ങുന്നവർ! കൂടാതെ ഭരണചക്രത്തിന്റെ നട്ടും ബോൾട്ടും എന്ന പേരിൽ വിലക്കയറ്റത്തിന്റെ തോത്‌ അളന്നു തൂക്കി, അതിന്‌ ക്ഷാമബത്തയും മറ്റും വേറെയും എന്തിന്‌, റവന്യൂ വരുമാനത്തിന്റെ മുക്കാൽ പങ്കും ശമ്പളവും പെൻഷനുമായി അടിച്ചെടുക്കുന്ന കൂട്ടർ. നാടാകെ കത്തിയെരിഞ്ഞ്‌, ഭൂമി അടിമേൽ മറിഞ്ഞാലും പോറലേൽക്കാത്ത ഒരു വർഗ്ഗം!....
യുവാക്കളുടെ ചോര തിളച്ചു.
ഇതിനൊരു അറുതി വരുത്തണം. ചുരുങ്ങിയത്‌ ആനുകൂല്യം കൈപ്പറ്റുന്നവരിൽ ചിലരെങ്കിലും തങ്ങളിൽ നിന്നുള്ളവരായിരിക്കണം. അങ്ങനെ നീതി ഉറപ്പുവരുത്തണം.
അതിനെന്തു വഴി ?
അവർ സെക്രട്ടറിയേറ്റിലേയും സർക്കാർ ആഫീസുകളുടെയും മുമ്പിലെ വെള്ളക്കോളർ പട്ടാളത്തെ നോക്കി തലപുകഞ്ഞാലോചിച്ചു.
"ഒരു വഴിയുണ്ട്‌" അവരിൽ ഒരു ബുജിക്കു വെളിപാടുണ്ടായി. "സെക്രട്ടറിയേറ്റിൽ ബോംബു വയ്ക്കുക. ഒരു പൊട്ടലിൽ കുറേയെണ്ണം കായണം!
"അത്യുഗ്ര ശേഷിയുള്ളതു തന്നെവയ്ക്കണം..."
"ഒരു... പത്ത്‌, ആയിരമെങ്കിലും ചാകണം". മറ്റു ചിലർ ആവേശപൂർവ്വം പൈന്തുണ പ്രഖ്യാപിച്ചു." അവരുടെ ഒഴിവുകളിൽ ഞങ്ങളിൽ കുറേയാളുകൾ കയറിപ്പറ്റും.....അങ്ങനെ സാമൂഹ്യനീതി ഉറപ്പാക്കും..."
ആലോചിച്ചപ്പോൾ സൂപ്പർ ഐഡിയ.
നിർദ്ദേശം ഐകകണ്ഠ്യേന പാസായി. ഒടുവിൽ ഒരു ശുഭമുഹൂർത്തത്തിൽ അവർ അക്കാര്യം ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.
ഡും !....
ഓപ്പറേഷൻ സക്സസ്സ്‌. ഉദ്ദേശിച്ച പോലെ കുറേയെണ്ണം ചത്തൊടുങ്ങി. തൂപ്പുകാരൻ മുതൽ കാര്യക്കാരൻവരെയുള്ള അനേകം പേരുടെ കസേരകൾ ഒറ്റയടിക്കു കാലി.
യുവ വിപ്ലവകാരികളുടെ കണ്ണിൽ പൂത്തിരി കത്തി. തങ്ങളെ ഉൾപ്പെടുത്തി ഒഴുവുകൾ നികത്തപ്പെടുന്ന ശുഭ മുഹൂർത്തത്തിനായി അവർ കാതോർത്തു.
ഒരു നാൾ ഒഴിഞ്ഞു കിടന്ന കസാലകളിലൊക്കെ പുതിയയാളുകൾ കുടിയേറിയ വാർത്ത കേട്ട്‌ യുവജനസേന ആഘോഷപൂർവ്വം ആഫീസുകളിൽ ഇരച്ചു കയറി തങ്ങളിൽ ചിലരുടെയെങ്കിലും മുഖം ആ കസാലകളിൽ കുടികൊള്ളുന്നുണ്ടോ എന്നവർ പരതി.
ആ കാഴ്ച കണ്ട്‌ അവർ ഞെട്ടി.
ഒഴിവു വന്ന കസാലകളിൽ ഇരിക്കുന്നവരൊക്കെ മരിച്ചവരുടെ ആശ്രിതരായിരുന്നു. !.....

യാമങ്ങൾ തീരുമ്പോൾ -മാത്യു നെല്ലിക്കുന്ന്‌






mathew nellickunnu

വിശ്വാസികൾ ഭക്തിപൂർവ്വം കുർബാന കാണുന്നു.
കേരളത്തിലെ എല്ലാ ചിട്ടകളും - പള്ളിവികാരിയും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും ചേർന്ന്‌ അമേരിക്കയിലും അവതരിപ്പിച്ചിട്ടുണ്ട്‌. വിശുദ്ധസ്ഥലത്തേക്ക്‌ ചെരുപ്പുകളണിഞ്ഞ്‌ പ്രവേശിച്ചുകൂടാ. സ്ത്രീകൾമാത്രം പള്ളിയുടെ ഇടതുഭാഗത്ത്‌ ആസനസ്ഥരാകുക. പുരുഷന്റെ ഇടതുഭാഗത്തെ വാരിയെല്ലാണല്ലോ സ്ത്രീയുടെ ഉൽപത്തിക്കുകാരണം. ആർക്കും ഉതപ്പുനൽകാതെ സ്ത്രീകൾ വസ്ത്രംധരിക്കുക, ശിരസ്സും ശരീരഭാഗങ്ങളും മറച്ച്‌ ദിവ്യബലിയിൽ സംബന്ധിക്കുക. ഇതെല്ലാം പരസ്യമായി എഴുതിവെച്ചിട്ടില്ലെങ്കിലും പള്ളിയങ്കണത്തിലെ അലംഘനീയ നിയമങ്ങളായിരുന്നു.
അന്നൊരു വിവാഹകൂദാശയുടെ ദിനമായിരുന്നു. മറ്റുപള്ളികളിലെ വിശ്വാസികളും ക്രിസ്ത്യാനികളല്ലാത്ത മലയാളികളും വിവാഹത്തിന്‌ വന്നെത്തിയിട്ടുണ്ട്‌. പലരും ചെരുപ്പിന്റെ വാറഴിക്കാനോ, ചെരുപ്പുകൾ പള്ളിയുടെ പുറത്തിടാനോ മെനക്കെട്ടില്ല. കൂട്ടത്തിൽ സാംസണും കല്യാണത്തിന്‌ വന്നിട്ടുണ്ട്‌. പള്ളിയിലെ ഒരു നേതാവ്‌ ചെരുപ്പുമായി ആളുകൾ അകത്തുകടക്കുന്നത്‌ കണ്ടെത്തി. അൾത്താരയിൽ കല്യാണം കെട്ടിക്കുന്നതിനുമുൻപുള്ള നീണ്ടുകുർബാനയ്ക്ക്‌ മറ്റ്‌ അച്ചന്മാരുമായി പള്ളിവികാരി പ്രവേശിച്ചു. നേതാവ്‌ അച്ചന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. പള്ളിവികാരി ജനക്കൂട്ടത്തെ അഭിസംബോധനചെയ്ത്‌ സംസാരിക്കുകയാണ്‌.
"ആരും വിശുദ്ധസ്ഥലത്ത്‌ ചെരുപ്പുധരിച്ച്‌ പ്രവേശിക്കരുത്‌. ആരെങ്കിലും ചെരുപ്പ്‌ ധരിച്ചിട്ടുണ്ടെങ്കിൽ പുറത്ത്‌ അഴിച്ചുവെയ്ക്കുക. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ നിൽക്കരുത്‌. സ്ത്രീകൾ പള്ളിയുടെ ഇടതുവശത്ത്‌ നിൽക്കുക".
ഇതുകേട്ടപ്പോൾ സാംസണ്‌ ചിരിവന്നു.
"എന്താണ്‌ നിങ്ങൾ ചിരിക്കുന്നത്‌. അച്ചൻ പറഞ്ഞതുകേട്ടില്ലേ? ചെരുപ്പഴിച്ച്‌ പുറത്തിടുക, അല്ലെങ്കിൽ പള്ളിക്ക്‌ പുറത്തുപോവുക".
തോമാച്ചൻ എന്ന ഒരു ഭക്തനാണ്‌ സാംസണോട്‌ ഇങ്ങനെയാവശ്യപ്പെട്ടത്‌.
"താങ്കൾ ആദ്യം പള്ളിക്കകത്ത്‌ നിൽക്കുന്നവരെ പുറത്തിറക്കി ചെരുപ്പഴിപ്പിക്കുക. പിന്നെ അച്ചന്മാരുടെ ചെരുപ്പുകൾ അഴിച്ചുമാറ്റാനാവശ്യപ്പെടുക. വേലിതന്നെ വിളവുതിന്നാൽ പറ്റുമോ.താൻ കൂടുതൽ നേതാവുകളിച്ചാൽ തന്റെ മുഖത്തിന്റെ ഷെയ്പ്പ്‌ ഞാൻ മാറ്റും. ഈ പള്ളിപ്പണിക്ക്‌ ഞാനും സംഭാവന നൽകിയതാണ്‌."
പള്ളി നേതാവ്‌ ആളുകൾ ശ്രദ്ധിക്കുന്നതിനുമുൻപ്‌ തൽക്കാലം അവിടെനിന്നും വലിഞ്ഞു.
"എന്താണ്‌ നേതാവുമായി രാവിലെ ഒരു ഉടക്ക്‌?"
ചെറിയാച്ചൻ ന്യൂസുപിടിക്കാൻ സാംസണോട്‌ കാര്യമാരാഞ്ഞു.
"അവന്റെയൊക്കെ ഒരു പത്രാസുകണ്ടില്ലേ. പള്ളി പണിയുന്നതിനുമുൻപ്‌ കുഞ്ഞാടുകളുടെ പിറകെനടന്ന്‌ പിരിക്കുക. കെട്ടിടം ഉയർന്നു കഴിഞ്ഞപ്പോൾ എങ്ങുമില്ലാത്ത ഗമ. എന്താണ്‌ ഇവനോക്കെ കരുതുന്നത്‌. ഒരു പള്ളി ഉയർത്തിക്കെട്ടിയാൽ എല്ലാം നേടിയെന്നോ. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?
സാംസൺ.
"സാംസൺ, നിങ്ങൾ ശാന്തനാകു. നാട്ടിൽ നിന്നും ഒന്നുമില്ലാതെ ഇരതേടിവന്നവനോക്കെ ചില്ലറക്കാശിന്‌ വകയായപ്പോൾ ആരോടെങ്കിലും മെക്കിട്ടുകേറിയില്ലെങ്കിൽ ശ്രദ്ധിക്കപ്പെടുമോ."
ചെറിയാച്ചൻ സാംസണെ ആശ്വസിപ്പിച്ചു.
"ഇത്തരം ശ്രദ്ധക്ഷണിക്കൽ പദ്ധതികൊണ്ട്‌ മലയാളികൾ ഇവിടെ രക്ഷപ്പെടുമോ. എത്ര പള്ളികൾ ഇവിടെ മത്സരിച്ചുനിർമ്മിച്ചു. എല്ലാവർക്കും വാസ്തവത്തിൽ ഒരു പള്ളിയുടെ ആവശ്യമല്ലേയുള്ളു. വിവിധ സമയങ്ങൾ ചിട്ടപ്പെടുത്തി ഞായറാഴ്ച കുർബ്ബാനകൾ ഒരു പള്ളിയിൽത്തന്നെ നടത്താനാകും. അനേകം ആരാധനാലയങ്ങൾ മത്സരിച്ച്‌ കെട്ടിപ്പടുക്കുമ്പോൾ മനുഷ്യർതമ്മിലുള്ള ബന്ധങ്ങൾ ചിതറുന്നു. പോക്കറ്റിലെ കാശ്‌ കല്ലിനും, കോൺക്രീറ്റിനും, ഇവിടുത്തെ കാടു പിടിച്ചുകിടക്കുന്ന സ്ഥലങ്ങൾക്കുമായി ചോർന്നുപോകുന്നു. ഇത്തരം ധൂർത്തടികളുടെ പിന്നിൽ ദീർഘവീക്ഷണമില്ലാത്ത സാമൂഹ്യനേതാക്കളുടെ കറുത്തകൈകൾ പ്രവർത്തിക്കുന്നു. അവർക്ക്‌ പള്ളിപ്പണിയിൽ കാശടിച്ചുമാറ്റാനും അവസരമൊരുങ്ങുന്നു. വൈദികർ സാമുഹ്യനന്മയെ ലക്ഷ്യംവെച്ചുവേണം വിശ്വാസികളെ നയിക്കുവാൻ."
സാംസൺ ക്ഷോഭിച്ചു.
"ഇത്‌ ക്രിസ്ത്യാനികളുടെമാത്രം പ്രശ്നമല്ല. മറ്റു സമുദായക്കാരും ഇതുതന്നെയാണ്‌ ചെയ്യുന്നത്‌".
ചെറിയാച്ചൻ സാധാരണമട്ടിൽ പറഞ്ഞു.
"അതെ, എല്ലാവിഭാഗവും പണം എങ്ങനെ വിനിയോഗിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്‌. ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം പുത്തൻപണമാണ്‌. ദീർഘവീക്ഷണവും സംയമനവും പാലിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു." സാംസൺ പറഞ്ഞു.
"എന്താണ്‌ സാമൂഹ്യക്ഷേമത്തിനു ചെയ്യാനാവുക?"
ചെറിയാച്ചൻ ചോദിച്ചു.
"എത്രയോ നല്ലകാര്യങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യാനാവും. നോക്കൂ, ഇവിടെ കുടിയേറിപ്പാർത്ത യഹൂദരും, പോളിഷുകാരും ഇറ്റലിക്കാരും അവരുടെ സമൂഹനന്മയ്ക്കായി ഒത്തൊരുമിച്ചുപ്രവർത്തിച്ചു. അതുകൊണ്ട്‌ അവർ സമൂഹത്തിൽ പുരോഗമിച്ചു. രാഷ്ട്രീയതലത്തിൽ സ്വാധീനമുള്ള നേതാക്കന്മാരുണ്ടായി. സാമ്പത്തികമായി വലിയ നേട്ടങ്ങളും കൈവരിച്ചു. എല്ലാത്തിന്റെയും തുടക്കം പള്ളിയും കൂട്ടായ്മയുമായിരുന്നു. ഉദാഹരണത്തിന്‌ പള്ളിയിൽ ഒരു പുതിയ മെമ്പർക്ക്‌ വീടുവാങ്ങണം. പള്ളിഫണ്ടിൽനിന്നും പലിശയില്ലാതെ പണംകൊടുത്ത്‌ വീടുവാങ്ങിക്കുന്നു. എത്രയോ പണമാണ്‌ ബാങ്കുകാർ പലിശയായി വാങ്ങുന്നത്‌. മനുഷ്യന്റെ ജന്മാവകാശത്തിന്റെ ഒരു ഭാഗമാണല്ലോ സ്വന്തമായി ഒരുതുണ്ട്‌ ഭൂമിയും അവിടെ അവന്റെ സ്വപ്നമായ വീടും. കാറില്ലാതെ ഒരു വ്യക്തിക്കും തൊഴിൽചെയ്യുവാനോ സാമൂഹ്യവ്യവസ്ഥിതിയെ ഉൾക്കൊള്ളാനോ സാധിക്കുമോ? ഈ രണ്ട്‌ ആവശ്യങ്ങൾക്കുമായി എത്രമാത്രം പണമാണ്‌ ഓരോ വ്യക്തിയും പലിശയായി മാസംതോറും ചെലവാക്കുന്നത്‌. ഈ പ്രശ്നത്തിന്‌ സമൂഹത്തിന്റെ മുഖമുദ്രയായ ആരാധനാലയങ്ങൾ മുൻകൈയെടുത്താൽ എത്രയോ കുടുംബങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തമാവും. നമ്മളിൽ ഏറെപ്പേരും മധ്യപ്രായം കഴിഞ്ഞവരാണ്‌. വാർദ്ധക്യത്തിന്റെ മുദ്രകൾ നമ്മിൽ പതിഞ്ഞുകഴിഞ്ഞു. ചുളിഞ്ഞതൊലിയും നരവീണ തൊലിയും വിവിധ രോഗങ്ങളും നമ്മെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്‌. പണ്ടത്തെപ്പോലെ വരുമാനമാർഗ്ഗമില്ല. ആരോഗ്യം നഷ്ടമായി. വീടിന്റെയും കാറിന്റെയും വിലവർദ്ധന. നമ്മുടെ കുറഞ്ഞവരുമാനത്തിൽ എങ്ങനെ ഇവ നിലനിർത്തും?" സാംസൺ സ്വയംമറന്ന്‌ പറഞ്ഞുകൊണ്ടിരുന്നു.
"ഇതിനെന്താണ്‌ ഒരു രക്ഷാമാർഗ്ഗം?"
ചെറിയാച്ചൻ സ്വകാര്യമായി ചോദിച്ചു.
"സമൂഹം ഒറ്റക്കെട്ടായി നിൽക്കുക. അതിന്‌ വൈദികരും നേതൃത്വനിരയിലുള്ളവരും സഹകരിക്കുക. എല്ലാ സാധനങ്ങളും വിൽക്കുന്ന ഗ്രോസറിക്കടകൾ സഹകരണാടിസ്ഥാനത്തിൽ ആരംഭിക്കുക. ഒരു വീടിനാവശ്യമായ എല്ലാം അവിടെ കുറഞ്ഞവിലയ്ക്ക്‌ നൽകുവാൻ കഴിയും. അനേകംപേർക്ക്‌ തൊഴിൽനൽകുവാനും ഇത്തരം സ്ഥാപനങ്ങൾക്കു സാധിക്കും. 50 കഴിഞ്ഞവർക്കായി കുറേ സ്ഥലം വാങ്ങി അപ്പാർട്ടുമന്റുകൾ സ്ഥാപിക്കുക. അവിടെ കൂട്ടമായി സമ്മേളിക്കുവാനും വെടിപറയുവാനും ചീട്ടുകളിക്കുവാനും കമ്മ്യൂണിറ്റിഹാൾ ഉപകരിക്കും. വാടകയ്ക്കെടുക്കാതെ പാർട്ടികൾ നടത്താം. അവിടെ വ്യായാമത്തിനും മറ്റുല്ലാസങ്ങൾക്കും സൗകര്യമൊരുക്കുക. ഏതാനും വാനുകളുണ്ടെങ്കിൽ അവിടെ പോകുന്നതിനും സൗകര്യമായി. ഈ സംവിധാനംകൊണ്ട്‌ പ്രായമായവർക്ക്‌ വീടിന്റെയോ കാറിന്റെയോ ആവശ്യമില്ല. മാസംതോറും എത്രയോ പണമാണ്‌ വീടിനും കാറിനും നാം ചെലവാക്കുന്നത്‌."
സാംസൺ വികാരംകൊണ്ടു.
"സമൂഹത്തെ ഇത്തരംകാര്യങ്ങൾ പറഞ്ഞു ബോധവൽക്കരിക്കാൻ നാം കടപ്പെട്ടിരിക്കുന്നു."
ചെറിയാച്ചൻ അതുശരിവച്ചു.
കല്യാണത്തിന്റെ പ്രധാന ചടങ്ങുകളും ദിവ്യബലിയും കഴിഞ്ഞു. ഇനി വധുവരന്മാർ ബന്ധുക്കളുമായി ഫോട്ടോയെടുക്കുക എന്ന ചടങ്ങാണ്‌. അതിന്‌ ക്ഷണിക്കപ്പെട്ടവർ സംബന്ധിക്കണമെന്നില്ല.
ആളുകൾ പാർട്ടിനടക്കുന്ന ഹോട്ടലിലേക്ക്‌ യാത്രയായിത്തുടങ്ങി. സാംസൺ കാറിനെ ലക്ഷ്യമാക്കിനടന്നു.

ചോക്ലേറ്റ്‌ -ജെ.അനിൽകുമാർ


j anil kumar
സ്കൂളിലെത്തണമെന്ന അടിയന്തിര സന്ദേശത്തെ തുടർന്ന്‌, മേരിമാതാ കോൺവെന്റ്‌ സ്കൂളിലെ വിസിറ്റേഴ്സ്‌ പാർക്കിംഗ്‌ ഏരിയയിൽ വണ്ടി നിർത്തി, ജോസ്‌ പ്രിൻസിപ്പലിന്റെ മുറിയിലേയ്ക്ക്‌ വേഗത്തിൽ നടന്നു. ക്ലാസ്സ്‌ സമയം കഴിഞ്ഞതിനാലാവും, അപൂർവ്വം കുട്ടികളെ സ്കൂൾ പരിസരത്തുണ്ടായിരുന്നുള്ളൂ. വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള പലവിധ ഗെയിമുകളുടെ കളിയിടങ്ങളിൽ നിന്നും ഇംഗ്ലീഷിലുള്ള ആഹ്ലാദ പ്രകടനങ്ങളും, കുലീനത്വമുള്ള ആക്രോശങ്ങളുമുയരുന്നുണ്ട്‌. സ്കൂളിന്റെ ഉപരിതലമാകട്ടെ ഒരു നക്ഷത്ര ഹോട്ടലിന്റെ ആഡംബരങ്ങളെ ഓർമ്മിപ്പിച്ച്‌ പരന്നുകിടക്കുന്നു. ഫോൺ കിട്ടിയിട്ടും ഒന്നരമണിക്കൂറിലേറെ വൈകിയതിന്റെ ജാള്യത പരിശ്രമിച്ച്‌ വരുത്തി, ജോസ്‌ പ്രിൻസിപ്പലച്ചന്റെ മുറിയിലേയ്ക്ക്‌ കടന്നിരുന്നു. ജോസിനെ കണ്ടതും, "അഞ്ജലീ നായർ യു കാൻ ഗോ നൗ", എന്ന്‌ ഇടവക വികാരി എന്ന അഡീഷണൽ ചാർജ്ജ്‌ കൂടി വഹിക്കുന്ന സാമുവേലച്ചൻ നീതുവിന്റെ ക്ലാസ്‌ ടീച്ചറിന്‌ നിർദ്ദേശം നൽകി. ഒരുതരം പുച്ഛരസത്തിൽ ജോസിനെ നോക്കി, ചെറിയ ഹാൻഡ്ബാഗും തൂക്കി, കട്ടിക്കണ്ണട വച്ച അഞ്ജലീനായർ പോയപ്പോൾ, ചരക്കാണല്ലോ എന്ന ജോസ്‌ മനസ്സിൽ കരുതി. നീതു സാറാ ഇട്ടൂപ്പാവട്ടെ, താൻ സ്നേഹപൂർവ്വം അഞ്ജലീ മാഡത്തിന്‌ സമ്മാനിച്ച ചോക്ലേറ്റ്‌ ബാറുമായി പുറത്തോട്ട്‌ നടക്കുന്നതിനിടയിൽ തിരിഞ്ഞു പറഞ്ഞു. "ഡാഡി, വൺ മിനിട്ട്‌. അഞ്ജലീ മാം ഫോർഗോട്ട്‌ ദിസ്‌." ഇതിനിടയിൽ ജോസും ഫാദറും പരസ്പരം ഉപചാരപദങ്ങൾ കൈമാറുകയും, താമസിച്ചതിന്‌ ജോസ്‌ ക്ഷമാപണം നടത്തുകയും ചെയ്തു. തുടർന്ന്‌ മകളെ സാക്ഷിയാക്കി സാമുവേലച്ചൻ ആംഗലഭാഷയുടെ ഓക്സ്ഫോർഡ്‌ ശുദ്ധിയിലെന്ന മട്ടിൽ ജോസിനോട്‌ വിവരിച്ച കാര്യങ്ങൾ താഴെ പറയും വിധം സംഗ്രഹിക്കാം.
നീതുവിന്‌ ക്ലാസ്സിൽ വെച്ച്‌ ബ്ലീഡിംഗ്‌ ആയി. അവൾ ഭയന്നു നിലവിളിച്ചു. ക്ലാസ്സ്‌ ടീച്ചർ കൂടിയായ അഞ്ജലീനായർ നീതുവിനെ ആശ്വസിപ്പിച്ച്‌, സ്കൂൾ സ്റ്റോറിൽ നിന്നു വാങ്ങിയ നാപ്കിന്റെ സുരക്ഷിതത്വം നൽകി. ജോസ്‌ വരും വരെ കൂട്ടിരുന്നു.
നീതുവിനെ ഏതെങ്കിലും ഡോക്ടറെ കാണിയ്ക്കണമോ എന്ന ജോസിന്റെ ആകാംക്ഷനിറഞ്ഞ ചോദ്യത്തിന്‌, ഡോക്ടറെയല്ല, വീട്ടിലെ ഏതെങ്കിലും മുതിർന്ന സ്ത്രീയെ കാണിയ്ക്കൂ എന്ന്‌ തമാശപൂർവ്വം നിർദ്ദേശിച്ച ഫാദർ ഇത്ര കൂടി കൂട്ടിച്ചേർത്തു. "യു സീ ജോസ്‌. നീതു ഈസ്‌ ടൂ ഫാറ്റ്‌. യു ഹാവ്‌ ടു ടേക്ക്‌ ഹർ ടു എ ഹെൽത്ത്‌ ക്ലിനിക്ക്‌. അഡ്വൈസ്‌ ഹർ ടു കൺട്രോൾ ഹർ ഡയറ്റ്‌. അതർവൈസ്‌ ഇറ്റ്‌ വിൽ ബി ഡെയിഞ്ചറസ്‌. ഷീ ഈസ്‌ ടൂ യംഗ്‌ ടു ബികം എ ലേഡി." മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന തന്റെ മകളെ ലേഡി എന്ന്‌ ഫാദർ സൂചിപ്പിച്ചതിലുള്ള അസ്വാരസ്യം പൊടുന്നനെ ജോസിന്റെ മുഖത്ത്‌ തെളിഞ്ഞെങ്കിലും, നീതുവിന്റെ ശരീരത്തിന്റെ അളവുകളെ അയാൾ പേടിയോടെ നോക്കി.
ഫാദറിനോട്‌ ഔപചാരികതയുടെ പേരിൽ വാക്കുകളിൽ മാത്രം നന്ദി പറഞ്ഞ്‌, പുറത്തിറങ്ങിയപ്പോൾ ജോസ്‌ നീതുവിനോട്‌ ചോദിച്ചു.
"നിന്റെ അഞ്ജലീന മാഡം പോയോ ഡിയർ?"
"അൻചലീന അല്ല ഡാഡി. അൻചലീ നായർ. ഈ ഡാഡീടെ ഒരു കാര്യം. മാം പോയി." നീതു ഗൗരവത്തോടെ പറഞ്ഞു.
ഡ്രൈവിംഗ്‌ സീറ്റിലിരിക്കെ നീതുവിന്റെ ശരീരമുഴുപ്പ്‌ ജോസ്‌ വെപ്രാളത്തോടെ ഒരിയ്ക്കൽ കൂടി അളന്നു... സാമുവേലച്ചൻ പറഞ്ഞ കാര്യങ്ങളൊക്കെ, ഒൻപത്‌ വയസ്സുകാരിയുടെ അമിത വർണ്ണനകളിലൂടെ അവൾ വീണ്ടും പറഞ്ഞു. മകളുടെ ഭാവം ഡ്രൈവ്‌ ചെയ്യുന്നതിനിടയിൽ ജോസ്‌ വേർതിരിച്ചെടുക്കാനായില്ല....ഒടുവിൽ അവൾ ചോദിക്കുന്നു. "ഞാൻ മമ്മിയെ വിളിച്ച്‌ പറയട്ടെ ഡാഡി."
പിന്നീടാവട്ടെ എന്ന്‌ പറഞ്ഞപ്പോൾ, നീതു ബാഗ്‌ തുറന്ന്‌ ച്യൂയിങ്ഗം പൊളിച്ച്‌ വായിലിട്ട്‌ നുണയാൻ തുടങ്ങി. വിലകൂടിയ കാർ പെർഫ്യൂമിന്റെ സുഗന്ധത്തെ തോൽപ്പിച്ച്‌ ച്യൂയിങ്ഗത്തിന്റെ വാൽസല്യ മണം കാറിലാകെ നിറഞ്ഞു.
മൊബെയിലിൽ സാന്ദ്രയുടെ മിസ്ഡ്‌ കോൾ. ഇപ്പോൾ തന്നെ നാലെണ്ണമായി. ഡ്രൈവ്‌ ചെയ്യുന്നതിനിടയിൽ തിരിച്ച്‌ വിളിച്ച്‌ മകളോടൊപ്പമാണെന്ന്‌ പറഞ്ഞപ്പോൾ സാന്ദ്ര അക്ഷമയോടെ അപ്പുറത്ത്‌ പൂരിപ്പിക്കുന്നു. "നിന്റെയൊരു മോൾ"
അതെ. എന്റെ മോൾ. അമ്മമാർ കൂടെയില്ലാത്ത ചെറിയ പെൺകുട്ടികൾ എപ്പോഴും നിലാവത്ത്‌ ഇറക്കിവിടപ്പെട്ട കോഴിക്കുഞ്ഞിനെപ്പോലെയാണ്‌. എല്ലാത്തിനും ഒരാത്മവിശ്വാസക്കുറവുണ്ടാകും. അതിനാൽ തന്നെ എനിയ്ക്കെന്റെ മോളോടൊപ്പമുണ്ടായേ പറ്റൂ. നിനക്കൊന്നും മനസ്സിലാവില്ല സാന്ദ്രാ. നീ പ്രസവിച്ചിട്ടില്ലല്ലോ? അഥവാ നീ പ്രസവിച്ചാലും ആരുടെ കുഞ്ഞിനെയാവും പെറുക? നിന്റെ വി.ഐ.പി കസ്റ്റമേഴ്സിൽ ഒരുവൻ മാത്രമല്ലേ ഞാൻ? നിന്റെ നാട്യം അതല്ലെങ്കിലും - ജോസ്‌ വണ്ടി പാക്ക്‌ -മീ-ഹോമിലേയ്ക്ക്‌ വിട്ടു. അയാളങ്ങിനെയാണ്‌. തനിക്കോ, മകൾക്കോ ചെറിയ വിഷമമായാൽ പോലും നീതുവിനെയും കൂട്ടി ഏതെങ്കിലും റെസ്റ്റോറന്റിലേയ്ക്കോ, ഫാസ്റ്റ്‌ ഫുഡ്‌ കോർണറിലേയ്ക്കോ, അതുമല്ലെങ്കിൽ കടൽക്കരയിലേയ്ക്കോ പോകും.
കടൽതീരത്തെ ബീച്ച്‌ റസ്റ്റോറന്റിലെ നീതുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ട തായ്ന്യൂഡിൽസും, ടൈഗർ പ്രോൺസും, ലോബ്സ്റ്ററും..... അപ്പോഴൊക്കെ മകൾ വളരെയേറെ സന്തോഷവതിയാവുന്നു. അപ്പോൾ മാത്രമാണ്‌ നീതുവിന്റെ ബാല്യ കുതൂഹലങ്ങൾ നൃത്തം ചവിട്ടാറുള്ളത്‌...
പാക്ക്‌-മീ-ഹോമിൽ കൗമാരത്തിന്റെയും, യൗവ്വനത്തിന്റെയും, കൂട്ടായ്മയുടെ ബഹളങ്ങൾ യുവമിഥുനങ്ങളും, കോളേജ്‌ കുട്ടികളും സംഘം ചേർന്നിരുന്ന്‌ ഷവർമ്മയുടേയും, ചിക്കൻ ബ്രോസ്റ്റിന്റെയും രുചിഭേദങ്ങളെ ആഘോഷമാക്കുന്നു. നീതുവിന്‌ അറബിയുടെ നാട്ടിൽ നിന്നും തനതുരുചിയുമായെത്തിയ ചിക്കൻബ്രോസ്റ്റിന്‌ ഓർഡർ ചെയ്തു. അയാൾ ഒരു കോൾഡ്‌ കോഫിയും.
മറ്റുള്ളവരുടെ ബഹളത്തിലേയ്ക്ക്‌ നിഷ്കളങ്കതയോടെ ചെവിയോർക്കുന്നതിനിടയിലും അവർക്കു മുന്നിലെ വിഭവ സമൃദ്ധിയിലേയ്ക്ക്‌ കൊതിയോടെ കണ്ണുകൾ പായിച്ച്‌ നീതു. കഴിഞ്ഞ തവണ ഇവിടെ നിന്നും കഴിച്ച ഷവർമ്മയുടെ ടേസ്റ്റ്‌ ഓർത്തെടുത്ത്‌ വാചാലയായി.....
നീതുവിനെ മാത്രം ശ്രദ്ധിച്ചിരുന്ന ജോസ്‌ അപരാധം പോലെ നീതുവിന്റെ വളർച്ചയെ കുറിച്ച്‌ സാമുവേലച്ചന്റെ ഉപദേശം ഓർത്തെടുത്തു. അധികം വൈകാതെ തന്നെ ഡോക്ടർ രാജീവ്‌ കോശിയുടെ പെർഫെക്ട്‌ ഹെൽത്ത്‌ ക്ലിനിക്കിൽ മകളെ കൊണ്ടു പോകാൻ അയാൾ തീരുമാനിച്ചു.
സാമുവേലച്ചൻ പറഞ്ഞപോലെ മുതിർന്ന സ്ത്രീ ആരാണുള്ളത്‌. ലീലയോ? വേണ്ട. അവർ നാട്ടിലാകെ പറഞ്ഞു നടക്കും. അമ്മച്ചിയെ വിളിക്കാം. വയ്യാതെയാണെങ്കിലും അമ്മച്ചി വരും. ട്രീസ പ്രായപൂർത്തിയായപ്പോൾ പായസവും, ഒരപ്പവുമുണ്ടാക്കി അമ്മച്ചി അയൽക്കാരെയൊക്കെ അറിയിച്ചതോർത്തു. അന്ന്‌ അപ്പച്ചനുമുണ്ടായിരുന്നു. ട്രീസ 10-​‍ാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ആ ആഘോഷങ്ങളുടെ സമൃദ്ധിയിൽ മയങ്ങിയാവണം ട്രീസ പത്തിൽ തോറ്റത്‌. ഏതേത്‌ ആഘോഷങ്ങളുടെ വശ്യതയിൽ ഭ്രമിച്ചാണ്‌ അവൾ ജീവിതത്തിൽ തോറ്റത്‌? അമ്മച്ചിയ്ക്ക്‌ എപ്പോഴും കരഞ്ഞു പെറുക്കാൻ പഴയ ഓർമ്മകളുടെ കുമ്പിളപ്പവുമായി ട്രീസ എത്താറുണ്ട്‌-അയാളും അമ്മച്ചിയും തനിച്ചാവുന്ന അപൂർവ്വം സന്ദർഭങ്ങളിൽ....
അപ്പച്ചന്റെ മരണശേഷം മൂത്ത മകന്റെ ഭാര്യയുടെ കർശന നിയന്ത്രണങ്ങൾക്കും, പ്രായസംബന്ധിയായ കൈ-കാൽ വേദനകൾക്കുമിടയിൽ, സീരിയൽ കഥാപാത്രങ്ങൾക്ക്‌ നേരെ പ്രതിഷേധിച്ചും, അവരെ ന്യായവിസ്താരം നടത്തിയും അമ്മച്ചിയങ്ങനെ കഴിയുന്നു. അമ്മച്ചി പിണക്കമായിരിക്കും. ഇതു കേട്ടാലെന്തായാലും അമ്മച്ചിയ്ക്ക്‌ സന്തോഷമാകും. വരാതിരിക്കില്ല. നെയ്യപ്പവും കുമ്പിളപ്പവുമായി അമ്മച്ചി വരും....
ഭക്ഷണ ശേഷം അടുത്തു തന്നെയുള്ള മെഡിക്കൽ ഷോപ്പിൽ നിന്ന്‌ രണ്ട്‌ പാക്കറ്റ്‌ നാപ്കിൻ വാങ്ങി വണ്ടിയിലെത്തിയപ്പോഴേയ്ക്കും, നീതു ചോക്ലേറ്റ്‌ ബാർ എടുത്ത്‌ ഒരു ചതുരക്കഷണം പൊട്ടിച്ചെടുത്ത്‌ ജോസിന്‌ നീട്ടി. നിഷേധാർത്ഥത്തിൽ തലയാട്ടിയപ്പോൾ അവൾ ചോദിച്ചു.
"ആർ യു ആൻഗ്രി വിത്ത്‌ മമ്മീസ്‌ ചോക്ലേറ്റ്‌ ടൂ?"
"ൻഘൂം..." പരിഹാസച്ചിരി ജോസിന്റെ ചുണ്ടിലുണ്ടായിരുന്നു.
മാസാമാസമെത്തുന്ന ഗിഫ്റ്റ്‌ ബോക്സിൽ ടീന നിറച്ചുവിടുന്ന ഗാലക്സിയുടേയും, പിങ്ക്‌-വണ്ണിന്റെയുമൊക്കെ ഗോളാകൃതിയും, ചതുരാകൃതിയും സ്തൂപാകൃതിയുമൊക്കെയുള്ള മധുരക്കഷണങ്ങൾ. ഓറഞ്ചിന്റെയും ലിച്ചിയുടേയും ടേസ്റ്റുകൾക്കൊപ്പം ടീനയുടെ ടേസ്റ്റും അലിഞ്ഞിട്ടുണ്ടോ എന്ന്‌ തോന്നുന്ന പല ഫ്ലേവറുകളിലുള്ള ച്യൂയിങ്ഗങ്ങൾ. ഒരു പ്രത്യേക തരം ചോക്ലേറ്റ്‌ 'ടേസ്റ്റ്‌ ഓ ഫ്‌ മദർ മിൽക്‌' എന്ന പേരിൽ ഇത്തരം കുഞ്ഞുങ്ങൾക്കു വേണ്ടി പ്രത്യേക ചേരുവകൾ നിറച്ച്‌...കുഞ്ഞുന്നാൾ മുതലേ അമ്മയുടെ പാൽമണം പേറിയെത്തുന്ന അത്തരം ചോക്ലേറ്റുകൾക്ക്‌ അഡിക്ടായി മാറിയ നീതു. യൂണിഫോമിന്റെ ഇറുക്കത്തെ തോൽപ്പിച്ച്‌, നീതുവിന്റെ ശരീരത്തിൽ നിന്ന്‌ പുറത്തു ചാടാൻ വെമ്പുന്ന അവയവത്തുണ്ടുകൾ പല ജ്യാമിതീയ രൂപങ്ങൾ പേറുന്ന ചോക്ലേറ്റ്‌ കഷണങ്ങളായി തോന്നി ജോസിന്‌....
വണ്ടി മുറ്റത്തെത്തിയ ശബ്ദം കേട്ട്‌, വാതിൽ തുറന്ന്‌ നീതുവിന്റെ ബാഗും വാങ്ങി ലീല വീർപ്പിച്ച മുഖവുമായി നിന്നു. താമസിച്ചതു വിളിച്ചു പറയാത്തതിലുള്ള നീരസമാണ്‌. ഷൂ മാത്രം ഊരിയെറിഞ്ഞ്‌ ലീലയ്ക്കൊപ്പം നടക്കുമ്പോൾ, നീതു തിരിഞ്ഞു നോക്കി കണ്ണടച്ചു കാണിച്ചു.
ജോസ്‌ നെറ്റിൽ വിക്കിപീഡിയയിൽ നിന്ന്‌ ഒബ്സിറ്റിയെക്കുറിച്ച്‌ വായിച്ചെടുത്തു. Obesity is a medical condition in which excess body fat has accumulated to the extent that it may have an adverse effect on health, leading to reduced life expectancy. it is defined by body mass index (BMI) and....... ചൈൽഡ്‌ ഹുഡ്‌ ഒബ്സിറ്റിയെക്കുറിച്ചും ഡൗൺ ലോഡ്‌ ചെയ്തതിനു ശേഷം, രണ്ടു ഫയലുകളും സേവ്‌ ചെയ്തു. നീതുവിന്റെ ബി.എം.ഐ ക്ലാസ്‌ -III ഒബ്സിറ്റിയാണല്ലോ വരുകയെന്ന്‌ വിഷമത്തോടെ ഓർത്തു.
മനസ്സിന്റെ ഇളക്കങ്ങളെ സാന്ത്വനിപ്പിക്കാൻ ജോസ്‌ പീറ്റർസ്കോട്ടിന്റെ മൂടി തുറന്നു. ഫ്രിഡ്ജ്‌ തുറന്ന്‌ ഐസ്ക്യൂബ്സിന്‌ തിരയുമ്പോൾ, ചോക്ലേറ്റ്‌ പൊതിഞ്ഞ പിസ്റ്റ ഫ്ലേവർ ഐസ്ക്രീമിന്റെ ഫാമിലി പാക്കറ്റ്‌. മുഴുവനായും വേസ്റ്റ്‌ ബക്കറ്റിലിട്ടു. നീതു കരഞ്ഞേക്കും. സാരമില്ല. ഫ്രിഡ്ജ്‌ ഡോറിൽ ട്രോപ്പിക്കാനയുടെ ആപ്പിളിന്റെയും, സ്ട്രോബറിയുടേയും ഫ്ലേവറുകളിൽ മധുരച്ചാറുകൾ നിറച്ച കുപ്പികൾ. ഇനി ഇത്തരം സാധനങ്ങൾ വാങ്ങണ്ടായെന്ന്‌ അയാൾ അപ്പോൾ തന്നെ തീരുമാനിച്ചു.
മേശപ്പുറത്ത്‌ ലീല അടച്ചുവെച്ച ഭക്ഷണം എന്താണെന്ന്‌ നോക്കിയില്ല. വൃത്തിയില്ലാത്ത എല്ലാം വാരിവലിച്ച്‌ വച്ചിരിക്കുന്നു. ദേഷ്യത്തോടെ അവരെ വിളിച്ചുവേങ്കിലും പ്രതികരണമില്ലാതെയായപ്പോൾ അവർ കിടന്നു കഴിഞ്ഞുവേന്ന്‌ മനസ്സിലായി. ടീനയുടെ നിർദ്ദേശമാവും. അതോ അവളുടെ ഭയമോ? ഭയക്കുന്നതും നല്ലതാണ്‌. ലഹരിയുടെ ആവേശവും, ടീനയോടുള്ള വിരക്തിയുണർത്തുന്ന ആവേഗവും ഒന്നിച്ചുണർത്തുന്ന വികാരങ്ങളെ, സാന്ദ്രയുടെയോ, അനിതാവിശ്വനാഥിന്റെയോ ഓർമ്മകൾ ത്രസിപ്പിക്കുമ്പോൾ, മധ്യവയസ്സിന്റെ അങ്ങേ അറ്റത്തെത്തി നിൽക്കുന്ന അവരുടെ അടഞ്ഞവാതിലിൽ മുട്ടണമെന്ന്‌ പല തവണ ആഗ്രഹിച്ചിട്ടില്ലേ? മകളുടെ സാമീപ്യം അദൃശ്യശക്തിയായി അതിൽ നിന്ന്‌ അകറ്റി നിർത്തിയിട്ടില്ലേ? ലഹരിയുടെ തരംഗങ്ങൾ പൊടുന്നനെ ജോസിൽ മകളോടുള്ള സ്നേഹത്തെ ഊർജ്ജസ്വലമാക്കി. അയാൾ നീതുവിന്റെ മുറിയിലെത്തി. "നീതു..." ജോസ്‌ വിളിച്ചു. "കമോൺ ലെറ്റ്‌ അസ്‌ ഹാവ്‌ ഡിന്നർ"-ബാർബിഡോളുകൾക്കിടയിൽ തടിച്ച ഒരു ബാർബിഡോളായി സ്വപ്നത്തിൽ ചാറ്റു ചെയ്യുന്ന ഭാവത്തിൽ നീതു. "നോ ഡാഡി. ഐ ആം ഫീലിംഗ്‌ സ്ലീപ്പി. ഐ ജസ്റ്റ്‌ ഹാഡ്‌ ബൂസ്റ്റ്‌."
അവളെ നിർബന്ധിക്കണ്ടായെന്ന്‌ ജോസ്‌ കരുതി. മിക്കി മൗസും, ടെഡിബിയറും പല നിറത്തിലും രൂപത്തിലും അലങ്കരിച്ച നീതുവിന്റെ അച്ചടക്കമില്ലാത്ത മുറി...
നീതുവിന്റെ കഴിഞ്ഞ ജന്മദിനത്തിന്‌ ടീന അയച്ച കരയാനും, ചിരിക്കാനും കഴിവുള്ള ബാർബിഡോളിൽ അയാൾ അലാറം ബട്ടൺ സെറ്റു ചെയ്തു. മകൾക്ക്‌ വലിയ ഇഷ്ടമാണ്‌. 'ചിന്നു' എന്ന ആ പാവക്കുട്ടിയെ -
നീതുമോൾ ഗുഡ്നൈറ്റ്‌ പറഞ്ഞപ്പോഴേയ്ക്കും മൊബെയിൽ ചിലച്ചു. ടീന, ഫോൺ ഉടൻ നീതുവിന്‌ കൈമാറി. ഈയാഴ്ച നൈറ്റ്‌ ഡ്യൂട്ടിയായതിനാൽ ഈ സമയത്ത്‌ വിളിയില്ലാത്തത്താണ്‌. ഇന്നെന്താ എന്ന്‌ വിസ്മയിച്ചു നിൽക്കുമ്പോൾ, ടീന ഫോണിലൂടെ നൽകുന്ന എസ്‌.എം.എസ്‌ സ്നേഹത്തിന്റെ മെസ്സേജ്‌ ഡെലിവർ ടോൺ പോലെ നീതുവിന്റെ കൊഞ്ചിയുള്ള മൂളലുകളും ശബ്ദങ്ങളും....മകൾ ഉറക്കച്ചടവിലാണെന്ന്‌ തോന്നി....
നീതുവിന്റെ കമ്പ്യൂട്ടർ ഗെയിം ഓഫാക്കുന്ന സംഗീതത്തിന്റെ ഇടർച്ചയിൽ അവൾ ടീനയോട്‌ പറയുന്നതൊന്നും വ്യക്തമായില്ല. ഇടയ്ക്ക്‌ ബ്ലഡ്‌ എന്നും പെയിൻ എന്നുമൊക്കെ പറയുന്നത്‌ കേട്ടു.
ടീനയ്ക്ക്‌ വിഷമമായിക്കാണുമോ? നീതുവിന്‌ നഷ്ടമാകുന്ന ശൈശവ-ബാല്യകാലവാൽസല്യത്തിന്റെ പേരിലായിരുന്നു ആദ്യം ടീനയെ എതിർത്തത്‌. അവൾ തിരിച്ചു വന്നില്ല. ഇനി.....? ഗാലക്സിയുടേയും, പിക്‌ വണ്ണിന്റേയുമൊക്കെ ചോക്ലേറ്റ്‌ വാത്സല്യം, ബാർബിഡോൾ മാത്രമായി മാറിക്കൊണ്ടിരിക്കുന്ന നീതുവിന്‌ എത്രകാലം സഹിക്കാനാവും-
കുറച്ച്‌ നേരമായി നീതുമൊബെയിലും പിടിച്ച്‌ അനങ്ങാതെ നിൽക്കുന്നു. ടീന എന്തൊക്കെയോ നിർദ്ദേശങ്ങളോ, ഉപദേശങ്ങളോ ഫോൺ വഴി നീതുവിന്‌ പകർന്നുകൊടുക്കുകയാവും-
അത്തരം സന്ദർഭങ്ങളിലാണ്‌ മകൾ ഒരു പാവക്കുട്ടിയെപ്പോലെ ഭാവരഹിതയായി നിൽക്കാറ്‌. ഒടുവിൽ മമ്മിയ്ക്കെന്തോ പറയാനുണ്ടെന്ന്‌ പറഞ്ഞ്‌ നീതു ഫോൺ നീട്ടി.
മകളിലൂടെ മാത്രമാണ്‌ രണ്ടുപേരും സംസാരിക്കുന്നത്‌. അവളിലൂടെ പറയാനുള്ളത്‌ പറയുന്നു. കേൾക്കാനുള്ളത്‌ കേൾക്കുന്നു.
താൽപര്യമില്ലാതെ ജോസ്‌ ഒരു തണുത്ത ഹലോ മൂളി. "ജോസ്‌, ഞാനെന്താണീ കേൾക്കുന്നത്‌. നാട്ടിലെ ഇത്തരം കഥകളൊക്കെ പല വഴിയ്ക്കും ഞാനറിയുന്നുണ്ട്‌. നീയെന്താ എന്റെ മോളോട്‌ ചെയ്തത്‌ ജോസ്‌?" --ദേഷ്യത്തോടെ ടീന പുലമ്പുന്നു.
"വാട്ട്‌ യു മീൻ?"-
"ഐ മീൻ വാട്ട്‌ ഐ സഡ്‌. നീയെന്റെ മോളെ....." തേങ്ങും പോലെ ടീന.
"യൂ ബ്ലഡി ബിച്ച്‌......"അലറിക്കൊണ്ട്‌ ജോസ്‌ ഫോൺ വലിച്ചെറിഞ്ഞു. ജോസിന്റെ ഭാവമാറ്റം കണ്ട്‌ പകച്ചു നിന്ന നീതുവിനെ നെഞ്ചോടമർത്തിപ്പിടിച്ച്‌, ജോസ്‌ ഉച്ചത്തിൽ കരഞ്ഞു. പിതൃത്വത്തിന്റെ സകല പരിശുദ്ധിയുടേയും വേദന പേറി അയാൾ വിളിച്ചു.
"മോളേ......എന്റെ പൊന്നുമോളേ..........."

തിരുവോണം തൃപ്പൂണിത്തുറയിൽ നിന്നും തുടങ്ങുന്നു-പ്രഫുല്ലൻ തൃപ്പൂണിത്തുറ





praphullan thrippunithura

മലയാളത്തിന്റെ മഹാഭാഗ്യമായ തിരുഓണത്തിന്റെ കൊടിയേറ്റം 23-08-2009 ഞായറാഴ്ച അത്തംനഗറിൽ (തൃപ്പൂണിത്തുറ) സർക്കാർ ബോയ്സ്‌ ഹൈസ്കൂൾ ഗ്രൗണ്ട്‌) ആഘോഷം നടന്നു.
ഓണത്തെപ്പോലെത്തന്നെ അത്തവും തൃപ്പൂണിത്തുറക്കാർക്ക്‌ ഗൃഹാതുരത്വമുണർത്തുന്ന ആഘോഷമാണ്‌.
പണ്ടേ മുതൽ തൃപ്പൂണിത്തുറയിൽ നടന്നുവന്നിരുന്നത്‌"അത്തച്ചമയ"മായിരുന്നു. സാക്ഷാൽ കൊച്ചി മഹാരാജാവ്‌ ചമഞ്ഞ്‌ ഒരുങ്ങിയിറങ്ങിയിരുന്ന അത്തച്ചമയം. അത്‌ 1947-ൽ രാജഭരണം അവസാനിച്ചതോടെ നിന്നു പോയി. പിന്നീട്‌ 13 വർഷക്കാലത്തേയ്ക്കു അത്തച്ചമയമുണ്ടായില്ല; അത്തച്ചമയത്തോടനുബന്ധിച്ച്‌ നഗരവീഥികളിൽ നടന്നിരുന്ന വഴിവാണിഭമൊഴികെ! 1961 ലാണു അത്താഘോഷം എന്ന പേരിൽ പൊതുജനങ്ങൾ ഇതു പുനരാവിഷ്കരിച്ചതു. ചരിത്രമറിയാത്ത ചില പുതിയ മാദ്ധ്യമ പ്രവർത്തകർ ഇതിനെ അത്തച്ചമയമെന്നു തെറ്റായി വിളിക്കുന്നു.
1961-ൽ ജനകീയ അത്താഘോഷം പുനരാവിഷ്കരിച്ചപ്പോൾ മുതൽ അമരത്തുണ്ടായിരുന്ന ചിലനാമധേയങ്ങൾ പ്രത്യേകം പരിഗണിയ്ക്കപ്പെടേണ്ടതുണ്ട്‌. രാജ്യത്തിനു തൃപ്പൂണിത്തുറയുടെ സംഭാവനയായ മുൻ സാംസ്കാരിക വകുപ്പുമന്ത്രി ടി.കെ.രാമകൃഷ്ണൻ (മുമ്പ്‌ പഞ്ചായത്തുമെമ്പറും പ്രസിഡന്റുമൊക്കെയായിരുന്ന ഇദ്ദേഹം അത്താഘോഷ പുനരാവിഷ്കരണത്തിനുള്ള പഞ്ചായത്തു കമ്മിറ്റിയുടെ സാരഥിയായിരുന്നു. 1961 മുതൽ 2006 ൽ മരിയ്ക്കുന്നതുവരെ എല്ലാ അത്താഘോഷ വേദിയിലും ഉൽഘാടകനോ അധ്യക്ഷനായോ ആശംസാ പ്രാസംഗികനായോ നിറഞ്ഞു നിന്നിരുന്നു) ഒടുവിലത്തെ പഞ്ചായത്തു പ്രസിഡന്റായിരുന്ന പി.എ.രാഘവഷേണായി (ഇദ്ദേഹം 16 വർഷം പഞ്ചായത്തു പ്രസിഡന്റായിരുന്നു) തൃപ്പൂണിത്തുറയുടെ ആദ്യത്തെ നഗരസഭാദ്ധ്യക്ഷൻ ഇ.ജി.രാഘവമേനോൻ, നിസ്വാർത്ഥ പൊതുപ്രവർത്തകനായിരുന്ന പയ്യന്നൂർ പ്രഭാകരൻ, സിനിമാ നടൻ രവീന്ദ്രന്റെ പിതാവും പൊതുപ്രവർത്തകനുമായരിരുന്ന ഏലിയാസ്‌, തൃപ്പൂണിത്തുറയിൽ നിന്നുള്ള ആദ്യ എം.എൽ.എ ആയിരുന്ന ഡോ. എൻ.കെ.കുമാരൻ, പത്രപ്രവർത്തകനായ എം.എം.പീറ്റർ, വേണു തീയ്യേറ്റർ ഉടമയും കോൺട്രാക്ടറുമായിരുന്ന വേണു മൂപ്പൻ, സേൻട്രൽ ജയമാരുതി തീയ്യേറ്ററുകളുടെ ഉടമയായിരുന്ന സൂര്യനാരായണയ്യർ തുടങ്ങിയവരാണവർ.
എന്നാൽ കഴിഞ്ഞ 25 വർഷമായി ജനകീയ കമ്മിറ്റികൾ രൂപീകരിയ്ക്കാതെ നഗരസഭ നേരിട്ടാണു അത്താഘോഷം സംഘടിപ്പിയ്ക്കുന്നത്‌. ഓരോ നഗരസഭാ കൗൺസിലർമാരെയും ഓരോ ചുമതലകൾ ഏൽപിക്കുകയാണു ചെയ്തുവരുന്നത്‌. സ്ഥിരമായി ഓരോ വ്യക്തികൾ തന്നെ ഓരോ ചുമതലകൾ കയ്യാളുന്നതുകൊണ്ടും തികച്ചും ഔദ്യോഗിക പരിവേഷമുള്ളതുകൊണ്ടും അത്താഘോഷം യാന്ത്രികമായി ചുരുങ്ങിപ്പോകുന്നുവേന്നു പൊതുജനങ്ങൾ അഭിപ്രായപ്പെടുന്നുണ്ട്‌.
1961-ൽ അത്താഘോഷം തുടങ്ങിയപ്പോൾ ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നുമാരംഭിച്ച ഘോഷയാത്ര കനകക്കുന്നിൽ പോയി തിരിച്ചുവരുകയായിരുന്നു; രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷം ആ പതിവുമാറ്റി തൃപ്പൂണിത്തുറ നഗരം ചുറ്റുന്ന രീതിയാക്കി. അതിപ്പോഴും തുടരുന്നു.
ഉന്നത നേതാക്കളും ഭരണകർത്താക്കളും പങ്കെടുക്കുന്ന അത്താഘോഷത്തിന്റെ ഉൽഘാടന കർമ്മം കഴിഞ്ഞാലുടനെ അത്തം ഘോഷയാത്ര ആരംഭിയ്ക്കുകയായി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, മുത്തുക്കുടകൾ, അത്തപ്പതാകയേന്തിയ വിദ്യാർത്ഥികൾ, വിദ്യാർത്ഥികളുടെ ഡിസ്പ്ലേകൾ, പരമ്പരാഗത നാടൻ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, പുരാണകഥാപാത്രങ്ങളേയും പുതിയ സാമൂഹ്യപ്രശ്നങ്ങളേയും പ്രദർശിപ്പിയ്ക്കുന്ന നിശ്ചലദൃശ്യങ്ങൾ ബാന്റു-നാദസ്വരമേളങ്ങൾ, അനുഷ്ഠാനകലാപ്രകടനങ്ങൾ തുടങ്ങിയ ഇനങ്ങൾ അണിനിരന്നുനീങ്ങുന്ന അത്തംഘോഷയാത്ര കണ്ണിനും കരളിനും ഇമ്പമേകുന്ന ഒരു വിസ്മയക്കാഴ്ച തന്നെയാണ്‌. ഇതു ദർശിയ്ക്കുന്നതിനായി തൃപ്പൂണിത്തുറയിലെ രാജവീഥികളെല്ലാം പൊതുജനങ്ങൾ നിറഞ്ഞുകവിയും, തൃപ്പൂണിത്തുറയ്ക്കു പുറത്തുനിന്നും ജില്ലയ്ക്കുപുറത്തു നിന്നുമൊക്കെ എത്തുന്നവർ അക്കൂട്ടത്തിലുണ്ടാകും. രാവിലെ ഒമ്പത്‌ മുതൽ ഉച്ചയ്ക്കു രണ്ടു വരെ നഗരത്തിലേയ്ക്കു ബസ്സുകളെയും കാറുകളെയും മറ്റു വലിയ വാഹനങ്ങളേയും കടത്തിവിടില്ല. ആദ്യകാലങ്ങളിൽ അശ്വാരൂഢ ഭടന്മാർ, എൻ.സി.സി, നേവിബാന്റ്‌, പോലീസ്ബാന്റ്‌ എന്നിവരും ഘോഷയാത്ര വിപുലീകരിയ്ക്കാൻ എത്താറുണ്ടായിരുന്നു.
അത്തത്തിൻ നാൾ വൈകിട്ട്‌ കലാസന്ധ്യ ഉദ്ഘാടനം ചെയ്യുന്നതോടെ അത്താഘോഷ സമാപന ദിവസംവരെ നിറയെ കലാപരിപാടികളുണ്ടാകും. ആദ്യം മൂന്ന്‌ ദിവസമായിരുന്നു ആഘോഷങ്ങൾ. പിന്നെ അഞ്ചു ദിവസമായി. ഇപ്പോൾ ഓണംവരെയാണു പരിപാടികൾ. കലാസന്ധ്യ ഉദ്ഘാടനം ചെയ്യുന്നതിനു ജെമിനി ഗണേശൻ, ശീർകാഴി ഗോവിന്ദരാജൻ, പ്രേംനസീർ തുടങ്ങി പ്രസിദ്ധരായ പലരും എത്താറുണ്ടായിരുന്നു. ഓരോ രാത്രികളിലും അതാതുകാലത്തെ ഏറ്റവും നല്ല കഥാപ്രസംഗം, നാടകം, കളരിപ്പയറ്റ്‌, മാജിക്‌ തുടങ്ങിയവയാണു അരങ്ങേറുക. കാട്ടുകുതിര, ക്രോസ്ബെൽറ്റ്‌, കാപാലിക, രാഗംതാനം പല്ലവി തുടങ്ങിയ പ്രോഫഷണൽ നാടകങ്ങൾ അത്താഘോഷ വേദിയിൽ കണ്ടത്‌ ഈ ലേഖകൻ ഓർക്കുന്നു.
കേരളത്തിന്റെ സർക്കാർ ഓണാഘോഷത്തിന്റെ ഘോഷയാത്രയേക്കാൾ എത്രയോ മടങ്ങ്‌ വലുതും വർണ്ണശബളവുമാണ്‌ തൃപ്പൂണിത്തുറ അത്താഘോഷ യാത്ര. കഴിഞ്ഞ കുറേ വർഷങ്ങളായി അത്താഘോഷത്തിനു സർക്കാരിൽ നിന്നും എന്തെങ്കിലും ധനസഹായം വാങ്ങിയെടുക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടു. പക്ഷേ ഈ വർഷം മുതൽ ഒരു ലക്ഷം രൂപ സഹായധനമായി സർക്കാരിൽ നിന്നും അനുവദിക്കുമെന്ന്‌ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനയോഗത്തിൽ പ്രഖ്യാപിച്ചു. അതുപോലെ തന്നെ പതാക ഉയർത്തിയ കേന്ദ്രമന്ത്രി പ്രോഫ.കെ.വി.തോമസ്‌ ഈ വർഷം മുതൽ മരട്‌ പൊതുമാർക്കറ്റിൽ അരങ്ങേറുന്ന "ഹരിതോത്സവം" അത്താഘോഷത്തോട്‌ ബന്ധിപ്പിക്കുമെന്നു പറഞ്ഞു. (17 സംസ്ഥാനങ്ങൾ തങ്ങളുടെ പരാമ്പരഗത കാർഷിക ഉൽപന്നങ്ങളുമായി സമ്മേളിക്കുന്ന ഈ ബൃഹത്തായ പ്രദർശനം ഇതേവരെ ഡൽഹിയിൽ മാത്രമേ നടത്തിയിട്ടുള്ളു.)
മൂന്ന്‌ ആനകൾ, ആനച്ചമയങ്ങൾ, പട്ടു കുടകൾ, തുടങ്ങി തൃപ്പൂണിത്തുറ ദേവസ്വത്തിൽ നിന്നും ലഭിയ്ക്കുന്ന എല്ലായിനങ്ങളും കൊച്ചി ദേവസ്വം ബോർഡ്‌ സൗജന്യമായി എല്ലാവർഷവും അനുവദിയ്ക്കുന്നു. ആനയേക്കം, തീറ്റച്ചിലവ്‌, ആനക്കാരുടെ ശബളവും ബത്തയും ആനച്ചമയങ്ങളുടേയും, മുത്തുക്കുടകളുടേയും വാടക തുടങ്ങിയവ കണക്കാക്കുമ്പോൾ കൊച്ചി ദേവസ്വം ബോർഡാണ്‌ അത്താഘോഷത്തിനു ഏറ്റവും വലിയ സംഭാവനയും പ്രായോഗിക സഹകരണവും നൽകിപ്പോരുന്നത്‌ എന്നുകാണാം.
അത്താഘോഷത്തോട്‌ നേരിട്ടു ബന്ധമില്ലെങ്കിലും ചമ്പക്കരകായലിൽ അത്തംനാളിൽ അരങ്ങേറുന്ന ജലോത്സവും അത്താഘോഷത്തെ ആനന്ദലഹരിമയമാക്കുന്നു. ഏറ്റവും അടുത്തിരുന്നുകൊണ്ട്‌ വള്ളംകളി കാണാനുള്ള ഭൂമിശാസ്ത്രപരമായ സൗകര്യം ഈ ജലോത്സവത്തിനു മാത്രമുള്ളതാണ്‌.
ഉപ്പുതൊട്ടു കർപ്പൂരംവരെയുള്ള ഇനങ്ങൾ അത്തംനാളിലെ വഴിവാണിഭത്തിനു പണ്ടേ മുതൽ എത്തിച്ചേരുന്നു. കുട്ട, വട്ടി, മുറം, ചിരവ, കത്തികൾ, തൂമ്പ, ഇടങ്ങഴി, പറ, ഓണത്തപ്പൻ, തലമപ്പന്ത്‌ തുടങ്ങിയ ഗ്രാമീണ ഉൽപ്പന്നങ്ങൾക്കായിരുന്നു ഈ വിപണന മേളയിൽ കൂടുതൽ പ്രാധാന്യം. ഓണത്തോടനുബന്ധിച്ച്‌ തൃപ്പൂണിത്തുറയിലും പരിസരപ്രദേശങ്ങളിലുമുള്ള മൈതാനങ്ങളിൽ സജീവമായി അരങ്ങേറിയിരുന്ന നാടൻപന്തുകളി മത്സരം ഇപ്പോൾ പൂർണ്ണമായും നിലച്ചുപോയിരിയ്ക്കുന്നതുകൊണ്ടാവണം ഇപ്പോൾ വിപണിയിൽ തലപ്പന്തു കാണാനേയില്ല. വഴിയോരക്കച്ചവടവും നിലച്ചുപോയിരിയ്ക്കുന്നു.
രാജഭരണക്കാലത്തു നടത്തിയിരുന്ന അത്തച്ചമയത്തിന്റെ പശ്ചാത്തലത്തിലുള്ള ഐതിഹ്യങ്ങളെക്കുറിച്ചുകൂടി ഇവിടെ വിവരിയ്ക്കാം.
1. കൊച്ചി മഹാരാജ്യത്തിലെ കരപ്രമാണിമാരുടേയും പൊതുജനങ്ങളുടേയും മുമ്പിൽ മഹാരാജാവിന്റെ പ്രഥമസ്ഥാനവും, പ്രൗഢിയും, നേതൃത്വവും, ശക്തിയുമൊക്കെ വർഷത്തിലൊരിയ്ക്കൽ പ്രദർശിപ്പിയ്ക്കാനുള്ള ഒരൗദ്യോഗികാവസരമായിരുന്നു അത്തച്ചമയം. എല്ലാ ഉയർന്ന ഉദ്യോഗസ്ഥന്മാരുടേയും, ഇളമുറത്തമ്പുരാക്കന്മാരുടേയും, സൈനികരുടേയും മദ്ധ്യത്തിൽ, എല്ലാ വാദ്യമേളങ്ങളുടേയും അശ്വാരൂഢ ഭടന്മാരുടേയും അകമ്പടിയോടെ സർവ്വാഭരണവിഭൂഷിതനായി, മഹാരാജാവ്‌ ചമഞ്ഞൊരുങ്ങുന്ന ഓണാരംഭദിനമായിരുന്നു അത്‌. മഹാരാജാവ്‌ എല്ലാ പ്രജകൾക്കും അന്ന്‌ ഒരു 'പുത്തൻ' സമ്മാനമായി നൽകുമായിരുന്നു. ഈശ്വരതുല്യനായ മഹാരാജാവിനെ നേരിട്ടു അടുത്തുകാണുവാനും അദ്ദേഹത്തിൽ നിന്നും നേരിട്ടു നാണയം സ്വീകരിയ്ക്കുവാനും സാധിയ്ക്കുകയെന്നത്‌ പ്രജകൾ അനുഗ്രഹമായി കണക്കാക്കിയിരുന്നു.
2. കൊച്ചി രാജ്യത്തിന്റെ വടക്കുപടിഞ്ഞാറെ അതിർത്തിഗ്രാമമായ 'വന്നേരി' എന്ന പ്രദേശം കോഴിക്കോടു സാമൂതിരി വെട്ടിപ്പിടിച്ചെടുത്തു. അതു തിരികെ പിടിച്ചെടുക്കാൻ കൊച്ചി മഹാരാജാവ്‌ സർവ്വ സന്നാഹങ്ങളോടെയും സൈന്യത്തിന്റെ അകമ്പടിയോടെയും പടപ്പുറപ്പാടായി പോകുന്നതിന്റെ ഓർമ്മയ്ക്കാണ്‌ ഈ അത്തച്ചമയം എന്നു പറയുന്നവരുമുണ്ട്‌. "വന്നേരി"തിരികെ പിടിച്ചെടുക്കുന്നതുവരെ രാജാധികാര ചിഹ്നമായ കിരീടംതലയിൽവെയ്ക്കില്ലെന്നു കൊച്ചി മഹാരാജാവ്‌ ശപഥം ചെയ്തിരുന്നു. അതുകൊണ്ട്‌ കിരീടം മടിയിൽ വെച്ചുകൊണ്ടാണ്‌ എപ്പോഴും കൊച്ചിരാജാവിന്റെ എഴുന്നള്ളത്ത്‌. വന്നേരി ഇന്നേവരെ തിരിച്ചുപിടിയ്ക്കാനാവാത്തതുകൊണ്ട്‌ കൊച്ചി മഹാരാജാവിനു കിരീടം തലയിൽ വെയ്ക്കാൻ കഴിഞ്ഞില്ല. കിരീടം മടിയിൽവെച്ച്‌ അത്തച്ചമയത്തിന്റെ മദ്ധ്യത്തിൽ പല്ലക്കിലിരിയ്ക്കുന്ന കൊച്ചി മഹാരാജാവ്‌ ആ ദുരന്തസ്മൃതിയുടെ പ്രതീകം കൂടിയാണെന്നു പറയാൻ തൃപ്പൂണിത്തുറക്കാർ ഇഷ്ടപ്പെടുന്നില്ല.
3. തൃപ്പൂണിറയുടെ വടക്കേഭാഗത്ത്‌ പഴയ തിരുവിതാംകൂറിലുള്ള തൃക്കാക്കരയിലെ വാമനസ്വാമിക്ഷേത്രത്തിൽ അത്തംമുതൽക്ക്‌ 28 ദിവസത്തെ വാർഷിക ഉത്സവമാണത്രെ ഉണ്ടായിരുന്നത്‌. അത്‌ കേരളക്കരയിലെ ആദ്യത്തെ ഉത്സവമായി ഇന്നും തുടരുന്നു. ഈ ഉത്സവത്തിനു എല്ലാ നാട്ടുരാജാക്കന്മാരും പങ്കെടുത്തിരുന്നു. ചമഞ്ഞൊരുങ്ങി സർവ്വസന്നാഹങ്ങളോടെയുമാണ്‌ രാജാക്കന്മാരെല്ലാം എത്തിയിരുന്നത്‌. ഓരോരുത്തരുടേയും പ്രൗഢിയും മഹിമയും പ്രദർശിപ്പിയ്ക്കാനുതകുന്ന ഒരവസരം കൂടിയായിരുന്നു അത്‌. ഒരിയ്ക്കൽ ഇതുപോലെ ചമഞ്ഞൊരുങ്ങി തൃപ്പൂണിത്തുറയിൽ നിന്നും പുറപ്പെട്ട കൊച്ചി മഹാരാജാവിന്‌ വഴിമദ്ധ്യേ ഒരു മുടക്കത്തിന്റെ (പുല) അറിവുകിട്ടി. ഉത്സവത്തിനു സംബന്ധിയ്ക്കാനാവാതെ അക്കൊല്ലം അദ്ദേഹം മടങ്ങി. പിന്നീടുള്ള വർഷങ്ങളിലും പല കാരണങ്ങൾ കൊണ്ടും തൃക്കാക്കരയ്ക്കു പോകാനായില്ല. ഏതായാലും മാതൃകാഭരണാധിപനായിരുന്ന മഹാബലി ചക്രവർത്തിയുടെ സ്മരണാർത്ഥമുള്ള ഓണാഘോഷത്തിന്റെ തുടക്കത്തിലുള്ള ഈ ചമഞ്ഞ്‌ ഒരുങ്ങൽ നിർത്തിയില്ല. പക്ഷേ അതു രാജധാനിയായ കനകക്കുന്നിൽ മാത്രമായി ഒതുങ്ങി. അതാണ്‌ രാജഭരണാവസാനംവരെ അത്തച്ചമയമായി എല്ലാ വർഷവും ആഘോഷിച്ചുപോന്നത്‌.
തൃക്കാക്കര ഉത്സവവും ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണംവരെയുള്ള പത്തു ദിവസങ്ങളിലായി ചുരുങ്ങി.
ഏതായാലും മലയാളത്തിന്റെ മഹാഭാഗ്യമായ ഓണാഘോഷം തൃപ്പൂണിത്തുറയിലെ അത്താഘോഷത്തോടെയാണ്‌ സമാരംഭിയ്ക്കുന്നത്‌. ഓണാന്തരീക്ഷം തുടിച്ചുനിൽക്കുന്ന ഒരു ചരിത്രവ്യഖ്യാനമാണ്‌ അത്താഘോഷം. വാളും കുന്തവും പരിചയും മറ്റും പേറിക്കൊണ്ടുള്ള, പടക്കോപ്പുകൾ വഹിച്ചുകൊണ്ടുള്ള ഒരു പടനീക്കത്തിന്റെ എല്ലാ ലക്ഷണങ്ങളും അത്താഘോഷങ്ങളിൽ ദൃശ്യമാണ്‌. കലാസാംസ്കാരിക രംഗങ്ങളുടെ അപൂർവ്വ ചാരുത വാരി വിതറുന്ന അത്താഘോഷം തൃപ്പൂണിത്തുറയുടെ സമ്പത്തു തന്നെ