m k janardhanan
മഞ്ഞപ്പൂവിതളുകളിൽ കറുപ്പു
പുള്ളികൾ ചൂടിയ ഈ പൂമ്പാറ്റകളുടെ
കളിയാട്ടം കാണുക.
നിലംതൊടാപ്പുക്കൾ,തെന്നി തെന്നി നൃത്തത്തിൽ
ഇളം കാറ്റിൻറെ കിന്നരമൊഴികൾ!
ദൈവസൗഹൃദമുണരുന്നു!
പൂക്കൾ അവയെ നോക്കി ദൈവമിഴികൾ തുറക്കുന്നു.
പുൽച്ചാടികൾ അഴകു യാചിച്ച് ചാടിനടക്കുന്നു.
കിളികൾ അവയ്ക്കായി ദൈവത്തിൻറെ പാട്ടുകൾ പാടുന്നു.
കുട്ടികൾ ചാരുത കടംകൊള്ളുന്നു.
കവിത ഇപ്രകാരം പ്രാർത്ഥിക്കുന്നു:
ഇവരെ ആട്ടിയോടിക്കുകയും
അടർത്തിക്കളയുകയും ചെയ്യരുതേ ,
ഇവർ ഭൂമിയുടെ നിഗൂഢ ചൈതന്യങ്ങൾ .
പ്രപഞ്ചചാരുതകൾ ഇവരിലത്രേ .
മനുഷ്യ പ്രകൃതിയെ നിഗ്രഹിച്ച്
നീ സ്വാർത്ഥനാകൂമ്പോൾ ,
ഈ മൃദുലതകളെ കൺകളിൽ ചേർത്തുവയ്ക്കാഞ്ഞാൽ
ജീവിതം ശൂന്യം സ്വപ്നം മൃതം.
നോക്ക് ,നിശ്ശബ്ദതകളുടെ ചിലങ്ക കെട്ടിയാടൂന്ന
ജീവനൃത്തം എത്ര മനോജ്ഞം!