Wednesday, September 30, 2009

ദേശമംഗലം ഒരു സമൂഹത്തെ കാണുന്നു-രാജേഷ്‌ എം.ആർ





rajesh m r

ആഗോളീകരണം പരിസ്ഥിതി, സർഗാത്മകത, മാനുഷിക ബന്ധങ്ങൾ എന്നിങ്ങനെയുള്ള സാമൂഹിക വ്യവഹാരത്തിന്റെ വിവിധ മേഖലകളിലെല്ലാം പരിവർത്തനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്‌. ഓർമ്മയെ കേവലം ഗൃഹാതുരതയോടെ, അരാഷ്ട്രീയമായി സമീപിക്കുന്ന കാലമാണ്‌ ആഗോളീകരണം. ഓർമ്മയെ മായ്ച്ച്‌, ചരിത്രത്തെ നിഷേധിച്ച്‌ സമൂഹം ചെറിയ ചെറിയ കൂട്ടങ്ങളായി മാറുന്നു. സാഹിത്യവും ഇതുപോലെ ചെറിയ ചെറിയ കൗതുകങ്ങളും പ്രതിഷേധങ്ങളുമായി മാറുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഇന്നു കാണുന്നുണ്ട്‌.


24 വരിയിൽ ഒതുങ്ങുന്ന കവിതകളുടെ ആവിഷ്കാരത്തിലുള്ള ഉറച്ച വിശ്വാസങ്ങൾക്ക്‌ ഇന്ന്‌ ഇളക്കം തട്ടിയിരിക്കുന്നു. പ്രമേയത്തിന്റെയും ശക്തമായ നിലപാടുകളുടേയും അടിസ്ഥാനത്തിൽ കവിതയുടെ രൂപത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ്‌ ദേശമംഗലം രാമകൃഷ്ണന്റെ 'ഓർക്കരുതിപ്പഴയ കാര്യങ്ങൾ' എന്ന കവിത. മുതലാളിത്തത്തിന്റെയും പ്രതിലോമ ആശയാവലികളുടെയും സർഗനിർവചനങ്ങളിൽ കവിത വഴി മാറി നടക്കുകയാണെന്ന സൊ‍ാചനയാണ്‌ ഇതു മുന്നോട്ടുവയ്ക്കുന്നത്‌. മറവി/ഓർമ്മ, നാഗരികത/ഗ്രാമീണത, കാൽപ്പനികത/യഥാർത്ഥം, ഗൃഹാതുരത/വർത്തമാനം തുടങ്ങിയ ദേശംമംഗലം കവിതകളിൽ ആവർത്തിച്ചു വരുന്ന വിരുദ്ധദ്വന്ദങ്ങൾ ഈ കവിതയിലും കാണാനാകും.


പരിസ്ഥിതി എന്നും കവിതയുടെ വിഷയമാണ്‌. കവികൾ മാറി മാറി വ്യത്യസ്ത രീതിയിൽ പ്രകൃതിയെക്കുറിച്ച്‌ പാടിയിരിക്കുന്നു. 'മരണത്തിന്റെ നിഴൽ വിളയുന്ന നിലങ്ങൾ കണ്ട്‌ ആഹ്ലാദിക്കുന്ന കൃഷിക്കാരൻ' എന്നത്‌ സമകാലിക ലോകത്തിന്റെ ഒരു 'ഭ്രാന്തൻ' ബിംബമാണ്‌. കൃഷി എന്നത്‌ ലാഭകരമല്ലാത്ത ഭ്രാന്തമായ ഒരു പ്രക്രിയയായി കരുതുന്ന ലോകത്തെയാണ്‌ കൃഷിക്കാരന്റെ ആഹ്ലാദം അഭിസംബോധന ചെയ്യുന്നത്‌. മണ്ണിൽ നിന്ന്‌ അന്നുനാവുന്ന, മാർക്കറ്റ്‌ ഇക്കോണമിയുടെ പ്രത്യയശാസ്ത്രം പേറുന്ന യുവത്വത്തിനു മുമ്പിൽ കൃഷി എന്നത്‌ നഷ്ടപ്രവൃത്തിയാണ്‌. ഇത്തരമൊരു കാലത്ത്‌ എഴുത്തുകാരന്റെ സർഗാത്മകതാ/പുരോഗമനപക്ഷം എന്നത്‌ അയാൾ സ്വയം ചോദിക്കേണ്ട ഒന്നാണ്‌. കെട്ട കാലത്ത്‌ എഴുത്ത്‌ തനിക്കു മുമ്പിലെ പ്രശ്നങ്ങളെ എപ്രകാരം ആവിഷ്കരിക്കുന്നു എന്നതിനനുസരിച്ചായിരിക്കും കവിയുടെ 'ആത്മം' രൂപപ്പെടുന്നത്‌. ഇത്തരം നിരവധി പ്രശ്നങ്ങളുൾക്കൊള്ളുന്നതാണ്‌ 'ഓർക്കരുതിപ്പഴയ കാര്യങ്ങൾ' എന്ന കവിത.



ഗൃഹാതുരത്വം പലപ്പോഴും ഒരു രക്ഷപ്പെടലാണ്‌; ഒരു സേഫ്റ്റിവാൽവാണ്‌. ഇത്തരം ഒരു രക്ഷപ്പെടൽ ദേശമംഗലത്തിന്റെ കവിതകളിലുണ്ടോ എന്നു സംശയം തോന്നിയേക്കാം. എന്നാൽ ഇവിടെ ഗൃഹാതുരത്വം ഒരു ഓർമ്മപ്പെടുത്തലാണ്‌ 'ഓർക്കരുതിപ്പഴയകാര്യങ്ങൾ' എന്നതുതന്നെ ഒരു ഓർമ്മപ്പെടുത്തലാണ്‌; അസ്വസ്ഥതയുളവാക്കുന്ന ഓർമ്മപ്പെടുത്തലുകൾ. കാൽപ്പനികച്ഛായയിലെ പഴയ ഓർമ്മകളെ നിരന്തരം തികട്ടിതപ്പിയെടുക്കുന്ന ദേശമംഗലത്തിന്റെ കവിതയിൽ ശക്തമായ രാഷ്ട്രീയം പ്രത്യക്ഷത്തിൽ തെളിഞ്ഞുകാണുന്നില്ല. എങ്കിലും ഗതകാലത്തിന്റെ സുന്ദരസ്മരണകളെ ഓർമ്മയിലേക്കു കൊണ്ടുവരുകയും വർത്തമാനകാലം ഇതെല്ലാം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നും അതു നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു.
"പഴയ വിചാരങ്ങൾ വിചാരിക്കുവാൻ കൊള്ളാം
പുതിയ കാലത്തിനവ അസ്ഥിഖണ്ഡങ്ങൾ
അസ്ഥികൾ പൂക്കില്ല കായ്ക്കില്ല
ഉള്ളം ചൂടുന്നോരോർമ്മകളാലവയിലൊരു
പച്ചപ്പുമുണ്ടാവുകയില്ല"
പച്ചപ്പുനിറഞ്ഞ ഗതകാലസൗഭാഗ്യങ്ങളെ കേവലം ഓർക്കുവാൻ മാത്രമുള്ളതാണ്‌. സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കുമുമ്പിൽ പഴയവയാതൊരു പ്രയോജനവുമില്ലാത്ത അസ്ഥികൾ മാത്രമാണ്‌. ഇങ്ങനെ ഓർമ്മയിൽ മാത്രം സൂക്ഷിക്കേണ്ട ചില മൂല്യവിചാരങ്ങളുടെ ലോകത്താണ്‌ വർത്തമാനസമൂഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. ആധുനികാനന്തര സമൂഹം ഒരേസമയം മധ്യവർഗസമൂഹത്തിന്റെ അരാഷ്ട്രിയസ്വഭാവം കാണിക്കുകയും ഉപഭോഗസംസ്കാരത്തിനും സ്വാർത്ഥതാൽപര്യത്തിനനുസൃതമായും മാറിക്കൊണ്ടിരിക്കുകയുമാണ്‌. അതിനാൽ 'പഴയതൊക്കെ ഓർമ്മമാത്രം, പുതുമ തേടുക' എന്ന സൂത്രവാക്യമാണ്‌ ഇന്ന്‌ ലോകം പൈന്തുടരുന്നത്‌.
"ഓർക്കരുതിപ്പഴയ കാര്യങ്ങൾ, ഓർത്താൽ തന്നെ
ഓക്കാനിക്കാതിരിക്കാൻ മറക്കൊല്ലേ
എങ്കിലും ഓർക്കണം ഓർക്കുവാൻ മാത്രം"


ഓക്കാനം വരുത്തുന്ന പഴയ കാര്യങ്ങൾ ഓർത്ത്‌ വർത്തമാനം പാഴാക്കുവാൻ തുനിയരുതെന്ന്‌ കവി ഓർമ്മിപ്പിക്കുന്നു ഓർമ്മയെ ഓർമ്മയിൽ മാത്രം നിർത്തുകയും ഭാവിയുടെ വർത്തമാനത്തിന്റെ ചലനത്തിലേക്ക്‌ അതിനെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം ചരിത്രം നഷ്ടപ്പെട്ട ഒരു ജനതയുടേതാണ്‌. പ്രതിരോധത്തെയും വിമർശനത്തെയും ഇല്ലാതാക്കുന്ന ഇത്തരം ഓർമ്മയുടെ നിരാസം വിധേയത്വത്തെയാണ്‌ സൃഷ്ടിക്കുന്നത്‌.


അതുകൊണ്ട്‌ ദേശമംഗലം രാമകൃഷ്ണന്റെ 'ഓർക്കരുതിപ്പഴയ കാര്യങ്ങൾ' എന്ന കവിത ഭൂതകാലത്തിൽ നമ്മൾ അനുഭവിച്ച ജീവിതത്തെയും കൂട്ടായ്മയേയും മറന്നുകൊണ്ടുള്ള ഒരു സമൂഹത്തെയാണ്‌ കാണിച്ചു തരുന്നത്‌.