Friday, September 25, 2009

വേദനകളുടെ റീമിക്സ്‌ -രവിമേനോൻ

പാടിയത്‌ സാക്ഷാൽ ടി.എം.സൗന്ദർരാജൻ ഈണമിട്ടത്‌ 'മെല്ലിശൈ മന്നൻ' എം.എസ്‌.വിശ്വനാഥൻ 'സ്വർഗം' എന്ന ചിത്രത്തിലെ 'പൊൻമകൾ വന്താൽ' എന്നഗാനം ഹിറ്റാകാതിരിക്കാൻ ന്യായമൊന്നുമുണ്ടായിരുന്നില്ല.
പക്ഷേ, പാട്ടു റെക്കോർഡു ചെയ്തു കേട്ടപ്പോൾ പടത്തിലെ നായകൻ നടികർ തിലകം ശിവാജിഗണേശന്റെ മുഖം മങ്ങി. "ഇതിനെ പാട്ടെന്ന്‌ വിളിക്കാമോ? തിരുപ്പുകഴ്പാരായണം ചെയ്യുന്നതുപോലുണ്ട്‌. സാധാരണക്കാരന്‌ ഇഷ്ടമാവില്ല. തീർച്ച"-ശരാശരി തമിഴ്‌ പ്രേക്ഷകന്റെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച്‌ സ്വന്തമായ കാഴ്ചപ്പാടുണ്ടായിരുന്ന ശിവാജി പറഞ്ഞു.
പാട്ട്‌ ഹിറ്റാകാതെ പോകില്ലെന്നും ജനം സ്വീകരിക്കുമെന്നും ശിവാജിയെ ബോധ്യപ്പെടുത്താൻ ഏറെ പാടുപെടേണ്ടിവന്നുവേന്ന്‌ എം.എസ്‌.വിശ്വനാഥൻ പറയുന്നു. മനസ്സില്ലാമനസ്സോടെയെങ്കിലും ഒടുവിൽ 'തിലകം'വഴങ്ങി. പാട്ട്‌ സിനിമയിൽ ഇടംനേടുകയും ചെയ്തു.1970-ൽ പുറത്തിറങ്ങിയ 'സ്വർഗം' എന്ന ചിത്രത്തെ ഇന്ന്‌ നാമോർക്കുന്നത്‌ 'പൊൻമകൾ വന്താൽ'എന്ന ഗാനത്തിന്റെ പേരിലാണെന്നതല്ലേ സത്യം?
ചില പാട്ടുകളുടെ തലവിധി അതാണ്‌ എഴുതിയ ആലംകുടി സോമുവോ ഈണമിട്ട എം.എസ്‌.വിയോ പാടിയ ടി.എം.എസ്സോ അഭിനയിച്ച ശിവാജിയോ സങ്കൽപിച്ചിരിക്കുമോ നാലു പതിറ്റാണ്ടുകഴിഞ്ഞാലും 'പൊൻമകൾ'ജനത്തിന്റെ ചുണ്ടിലുണ്ടാകുമെന്ന്‌? 'സ്വർഗ'ത്തിലെ സൂപ്പർഹിറ്റ്‌ ഗാനം മൂളിനടക്കുക മാത്രമല്ല, അതിന്റെ താളത്തിനൊത്ത്‌ ചുവടുവെക്കുകകൂടി ചെയ്യുന്നു പുതുതലമുറ.
കെട്ടും മട്ടും മാറ്റി 'പൊൻമകളി'നെ മിനുക്കിയെടുത്ത്‌ പുതിയ കാലത്തിന്‌ സമർപ്പിച്ചതു എ.ആർ.റഹ്മാനാണ്‌. അഴകിയ തമിഴ്‌ മകൻ എന്ന ചിത്രത്തിനു വേണ്ടി കൃഷ്ണചേതൻ എന്ന സൗണ്ട്‌ എഞ്ചിനീയറുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ സഹായത്തോടെ റഹ്മാൻ റീമിക്സ്‌ ചെയ്ത ഗാനം പഴയ 'ഒറിജിനൽ' പൊൻമകളിന്റെ നനഞ്ഞ പ്രേതം മാത്രമാണെന്ന്‌ വാദിക്കുന്നവർ കണ്ടേക്കാം. സോമുവിന്റെ വരികളിലെ കാവ്യാംശത്തെയും എം.എസ്‌.വി.യുടെ സംഗീതത്തിലെ ഭാവസൗന്ദര്യത്തെയും സൗന്ദർരാജന്റെ ആലാപനഗാംഭീര്യത്തെയും റീമിക്സിലൂടെ റഹ്മാൻ കശാപ്പുചെയ്തു കളഞ്ഞു എന്നും വിവാദങ്ങൾ മുറുകുമ്പോഴും ഗാനത്തിന്റെ ജനപ്രീതി കൂടിവരികയാണെന്നു മാത്രം മറക്കാതിരിക്കുക.
പഴയ പൊൻമകളിന്റെ ഈണവും വരികളും ടി.എം.എസ്സിന്റെ ഗൃഹാതുരത്വമുണർത്തുന്ന ശബ്ദവും റീമിക്സിൽ അങ്ങിങ്ങായി നിലനിർത്തിയിട്ടുണ്ടെങ്കിലും റഹ്മാന്റെ വേർഷനിൽ റാപ്പിനാണ്‌ മുൻതൂക്കം യു.ആർ.മൈ ഡയമണ്ട്‌ ഗേൾ (?)എന്ന റാപ്പ്‌ ഭാഗം എംബർ അവതരിപ്പിക്കുന്നു. റഹ്മാന്റെ മറ്റുപല ഗാനങ്ങളിലുമെന്നപോലെ വിമോഹനമായ ഒരു പാരമ്പര്യ ലംഘനം ഈ ഗാനത്തിലും നമുക്ക്‌ അനുഭവപ്പെട്ടേക്കാം.
കുഴപ്പം അവിടെയല്ല. മറ്റൊരു കാലഘട്ടത്തിൽ മറ്റൊരു സിറ്റ്വേഷനുവേണ്ടി കുറേപേർ ചേർന്ന്‌ ഹൃദയം നൽകി സൃഷ്ടിച്ച ഗാനം തന്നിഷ്ടപ്രകാരം കുറേ അപശബ്ദങ്ങൾ കലർത്തി പുനരവതരിപ്പിക്കുന്നതിൽ എവിടെയോ ഒരു ധാർമ്മിക പ്രശ്നം ഒളിഞ്ഞികിടപ്പില്ലേ? "താജ്മഹലിനകത്തെ വെണ്ണക്കൽ പാളികൾ പിഴുതുമാറ്റി പകരം ഗ്രാനൈറ്റ്‌ പാകുന്നതുപോലെ അരോചകവും അധാർമ്മികവുമായ ഇടപാടാണ്‌ പഴയ സുവർണ്ണഗാനങ്ങളുടെ റീമിക്സ്‌" എന്ന സംഗീതസംവിധായകൻ ബോംബെ രവിയുടെ നിരീക്ഷണം ഇതിനോട്‌ ചേർത്ത്‌ വായിക്കാം. റീമിക്സിൽ പഴയ ഗാനത്തിന്റെ ആത്മാവ്‌ കുരുതികഴിക്കപ്പെടുന്നു എന്നാണ്‌ രവി ഉൾപ്പെടെയുള്ള മുൻതലമുറയിലെ സംഗീത സംവിധായകരുടെ മുഖ്യപരാതി. പക്ഷേ, ഇവിടെ ഒരു സംശയമുദിക്കുന്നു. റീമിക്സ്‌ ഗാനങ്ങളിൽ ആത്മാവ്‌ പ്രതീക്ഷിക്കുന്നതേ മണ്ടത്തരമല്ലേ? ഡാൻസ്‌ ഫ്ലോറുകളിൽ ചുവടുവെക്കുന്ന യുവത്വത്തെ മുഖ്യമായും ലക്ഷ്യമിടുന്ന ഇത്തരം തട്ടിക്കൂട്ടു ഗാനങ്ങളിൽ ആത്മാവിന്‌ എന്തു പ്രസക്തി?
ചോദ്യങ്ങൾ അനന്തമായി നീളുന്നു. റീമിക്സിന്റെ ജനപ്രീതിയോടൊപ്പം അതിന്റെ വിമർശകരുടെ എണ്ണവും കൂടിവരികയാണെന്നാണ്‌ ഇന്റർനെറ്റിലെ സിനിമാ സൈറ്റുകളും ബ്ലോഗുകളും ഫോറങ്ങളും നൽകുന്ന സൊ‍ാചന. വിമർശകരിൽ ണല്ലോരു വിഭാഗം പഴയ ഗാനങ്ങൾ പുതിയ കുപ്പിയിലാക്കി വിൽപനയ്ക്കുവെക്കുന്ന ഇടപാടിനേ എതിരാണ്‌. മറ്റുചിലർക്ക്‌ ഗാനങ്ങൾ വികളമായി റീമിക്സ്‌ ചെയ്യുന്നതിലാണ്‌ അമർഷം.
രണ്ടാമത്തെ കൂട്ടരിലാണ്‌ തമിഴിലെ പ്രശസ്ത ഗാനരചയിതാവും കവിയുമായ പുലമൈ പിത്തന്റെ സ്ഥാനം. ഗാനങ്ങൾ റീമിക്സ്‌ ചെയ്യുന്നതിലല്ല അദ്ദേഹത്തിനു പരാതി. അവയെ അപമാനിക്കുന്നതിലാണ്‌. കമ്പ്യൂട്ടറിൽ കിട്ടാവുന്നത്ര അപശബ്ദങ്ങളും ഹിഫോപ്‌ എന്ന പേരിലുള്ള പിച്ചും പേയുമെല്ലാം കലർത്തി ക്ലാസിക്‌ ഗാനങ്ങളെ വികൃതമാക്കുന്നത്‌ നിയമംമൂലം നിരോധിക്കണമെന്ന്‌ പുലമൈ പിത്തൻ ആവശ്യപ്പെടുന്നു. റഹ്മാനും യുവൻ ശങ്കർ രാജയും ജി.വി.പ്രകാശും ഉൾപ്പെടെയുള്ള റീമിക്സ്‌ വിദഗ്ദരെ കോടതികയറ്റുമെന്നുവരെ ഭീഷണിമുഴക്കുന്നു അദ്ദേഹം. എം.ജി.ആർ ആണ്‌ സിനിമയിൽ പുലമൈ പിത്തന്റെ 'ഗോഡ്ഫാദർ' സ്വാഭാവികമായും എം.ജി.ആർ പടങ്ങളിലെ ഹിറ്റുകൾ വികളമാക്കി പുനരവതരിപ്പിക്കുന്നതിനോടാണ്‌ അദ്ദേഹത്തിന്‌ ഏറെ എതിർപ്പ്‌.
റീമിക്സ്‌ എന്ന പ്രവണതയോട്‌ പൊതുവെ ആഭിമുഖ്യമില്ലാത്ത റഹ്മാൻ എന്തിനീ പരീക്ഷണത്തിനൊരുങ്ങി എന്നാണ്‌ പുലമൈ പിത്തൻ ഉൾപ്പെടെയുള്ള വിമർശകർക്ക്‌ പിടികിട്ടാത്ത മറ്റൊരു കാര്യം. മൂന്നു വർഷം മുമ്പ്‌ 'ന്യൂ' എന്ന ചിത്രത്തിനു വേണ്ടി 'പണത്തോട്ട'ത്തിലെ 'പേശുവത്കിളിയാ' എന്ന ഗാനം റീമിക്സ്‌ ചെയ്യാൻ റഹ്മാനെ നിർബന്ധിച്ചതാണ്‌ നടനും സംവിധായകനുമായ എസ്‌.ജെ.സൂര്യ. കണ്ണദാസന്റെ വരികളും റഹ്മാന്റെ സംഗീതവും ചേർന്നാൽ എങ്ങനെയിരിക്കും എന്നറിയാനുള്ള കൗതുകത്തിൽ നിന്നുദിച്ചതായിരുന്നു സൂര്യയുടെ ആഗ്രഹം. പക്ഷേ റീമിക്സിൽ താൽപര്യമില്ലെന്നു പറഞ്ഞ്‌ റഹ്മാൻ ഒഴിഞ്ഞുമാറി. "പഴയ ഗാനം പുന:സൃഷ്ടിക്കാം. എന്നാൽ അത്‌ പഴയ ഈണം നിലനിർത്തിക്കൊണ്ടാവില്ല. എന്റെ സ്വന്തം ഈണത്തിലായിരിക്കും"-അന്ന്‌ റഹ്മാൻ പറഞ്ഞു. അങ്ങനെയാണ്‌ 'പടഗോട്ടി'യിൽ വാലി രചിച്ച്‌ വിശ്വനാഥൻ -രാമമൂർത്തി ഈണമിട്ട 'തൊട്ടാൽ പൂമലരും'എന്ന പഴയ സൂപ്പർഹിറ്റ്‌ ഗാനം പുതിയ ഈണത്തിൽ ഹരിഹരന്റെയും ഹരിണിയുടെയും ശബ്ദത്തിൽ റഹ്മാൻ റെക്കോർഡ്‌ ചെയ്തത്‌. ആ പാട്ട്‌ ഹിറ്റാവുകയും ചെയ്തു.

പിന്നീടൊരിക്കൽ കുമുദം വാരികയ്ക്ക്‌ റഹ്മാൻ തന്റെ നിലപാട്‌ വ്യക്തമാക്കി."റീമിക്സ്‌ ഒരു ട്രെന്റാണ്‌. ജനത്തിനു താൽപര്യം നശിക്കുന്നതോടെ ആ ട്രെൻഡും അസ്തമിക്കും. റീ മിക്സിൽ തന്നയുണ്ട്‌ നല്ലതും ചീത്തയും. പഴയ ക്ലാസിക്ക്‌ ഗാനങ്ങൾ റീമിക്സ്‌ ചെയ്യുമ്പോൾ അവയുടെ ആത്മാവിന്‌ ക്ഷതമേൽക്കാൻ പാടില്ല എന്നതാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം".
'പൊൻമകൾ വന്താൽ' എന്ന ഗാനത്തിൽ തന്റെ വിശ്വാസപ്രമാണത്തോട്‌ നീതി പുലർത്താൻ റഹ്മാനു കഴിഞ്ഞിട്ടുണ്ടോ എന്നത്‌ മറ്റൊരു ചോദ്യം. ഒന്നു തീർച്ചയാണ്‌. സമീപകാലത്തിറങ്ങിയ മറ്റു പല റീമിക്സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റഹ്മാന്റെ 'പൊൻമകൾ' സഹനീയമാണ്‌. ഒറിജിനൽ ഗാനത്തിന്റെ സൗന്ദര്യാംശങ്ങളിൽ ചിലതെങ്കിലും നിലനിർത്താൻ റഹ്മാനു കഴിഞ്ഞിരുന്നു.
പക്ഷേ, മറ്റു പല വിന്റേജ്‌ ഗാനങ്ങളുടേയും സ്ഥിതി ഇതല്ല. എങ്കേയും എപ്പോതും, മൈ നേം ഈസ്‌ ബില്ല എന്നിവ ഉദാഹരണം. 28 വർഷം മുമ്പാണ്‌ രജനികാന്തിന്റെ ബില്ലയ്ക്കുവേണ്ടി കണ്ണദാസനും, എം.എസ്‌.വിശ്വനാഥനും, എസ്‌.പി.ബാലസുബ്രഹ്മണ്യവും ചേർന്ന്‌ 'മൈനേം ഇസ്‌ ബില്ല' സൃഷ്ടിച്ചതു. അന്നതൊരു ഹിറ്റായിരുന്നു. യുവൻ ശങ്കർ രാജ സമീപ കാലത്തു ആ ഗാനം റീമിക്സിലൂടെ 'പുനരുജ്ജീവിപ്പിച്ചു'. കെ.കീയും നവീനും പാടിയ പുത്തൻ 'ബില്ല' കേട്ടാൽ പഴയ ഗാനത്തെ സ്നേഹിച്ചവർ അസഹ്യതയോടെ കാതുപൊത്തിയേക്കാം. 'നിനയ്ത്താലെ ഇനിക്കും' എന്ന ചിത്രത്തിലെ 'എങ്കെയും എപ്പോതും' എന്ന ഗാനത്തിനുമുണ്ടായി ഈ ദുർഗതി. കണ്ണദാസൻ-എം.എസ്‌.വി ടീമിന്റെ ഈ പഴയ സൂപ്പർഹിറ്റ്‌ ഗാനം 'പൊല്ലാതവൻ' എന്ന ചിത്രത്തിനുവേണ്ടി വീണ്ടും അവതരിപ്പിച്ചതു സംഗീതസംവിധായകൻ ജി.വി.പ്രകാശാണ്‌.
വരികളെ മാത്രമല്ല ഗായക ശബ്ദങ്ങളെയും അപ്രസക്തമാക്കും വിധമാണ്‌ റീ മിക്സ്‌ ഒരു പക്ഷേ, 'പൊല്ലാതവന്റെ'ശിൽപികൾ ആഗ്രഹിച്ചതും അതാവാം. ചെന്നൈ സേൻട്രൽ റെയിൽവേ സ്റ്റേഷനിൽ തിരക്കുപിടിച്ച സമയത്ത്‌ ശബ്ദബാഹുല്യം സങ്കൽപിച്ചു നോക്കുക. ഈ കാതടപ്പിക്കുന്ന ശബ്ദഹോഷത്തിൽ എസ്‌.പി.ബാലസുബ്രഹ്മണ്യത്തെപ്പോലുള്ള ഒരു ഗായകന്റെ റൊമാന്റിക്‌ ശബ്ദത്തിനെന്തു പ്രസക്തി? റാപ്പിന്റെയും ഡിജിറ്റൽ അഭ്യാസങ്ങളുടെയും കൂട്ടപൊരിച്ചിലിനിടയിലെങ്ങോ പാവം എസ്‌.പി.ബിയുടെ ശബ്ദം വീണുടയുന്നത്‌ ഗാനത്തിൽ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ ആരാധകർക്കെങ്കിലും ദുഃഖം തോന്നാതിരിക്കില്ല. തന്റെ സൃഷ്ടികൾക്കു മാത്രമെന്തേ ഈ ദുർവ്വിധി എന്ന്‌ സംഗീത സംവിധായകൻ എം.എസ്‌.വിശ്വനാഥൻ തലയിൽ കൈ വച്ചു ചോദിക്കുന്നതിന്റെ വിഷ്വൽകൂടി ഈ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നോർത്തുപോയി.
എം.എസ്‌.വിയും അദ്ദേഹത്തിന്റെ പ്രിയഗായകൻ ടി.എം.സൗന്ദർരാജനുമാണ്‌ റീമിക്സ്‌ വിദഗ്ധരുടെ മുഖ്യ ഇരകൾ. 'ആ ഗാനങ്ങൾ എന്റേതുപോലുമല്ല. ദൈവം എനിക്കു കനിഞ്ഞുതന്നവയാണ്‌. അവയെ ആരെങ്കിലും വികളമാക്കുന്നത്‌ ഈശ്വരനെങ്ങനെ സഹിക്കാനാകും?' വിവാദങ്ങളിൽ നിന്ന്‌ ഒഴിഞ്ഞുനിൽക്കാൻ ആഗ്രഹിക്കുന്ന എം.എസ്‌.വിക്ക്‌ അത്രയേ പറയാനുള്ളു. പുതിയ സംഗീതസംവിധായകൻ മൗലികമായ ഈണങ്ങൾ സൃഷ്ടിക്കാനാണ്‌ ഉത്സാഹിക്കേണ്ടതെന്ന അഭിപ്രായം കൂടിയുണ്ടദ്ദേഹത്തിന്‌.
ടി.എം.സൗന്ദരാജന്റെ 'വസന്തമുല്ലൈ പോലെ വന്ത്‌ (ചിത്രം:ശാരംഗധര-സംഗീതം: ജി.രാമനാഥൻ) പോക്കിരി എന്ന ചിത്രത്തിനുവേണ്ടി റീമിക്സ്‌ ചെയ്തു കേട്ടത്‌ അടുത്ത കാലത്താണ്‌. തമിഴ്‌ സിനിമാസംഗീതത്തിലെ ക്ലാസിക്കുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഒരു ഗാനത്തെ പരിഹാസ്യമായി പുനരവതരിപ്പിച്ചതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും അവയൊന്നും വിലപ്പോയില്ല. ഭാവിയിൽ യേശുദാസിന്റെയും, കമുകറ പുരുഷോത്തമന്റെയും രവീന്ദ്രൻ മാസ്റ്ററുടെയുമെല്ലാം മലയാള ഗാനങ്ങൾക്കും ഇതേ 'ദുർഗതി' സംഭവിച്ചേക്കാം. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഗീതത്തിൽ പുതിയ പരീക്ഷണങ്ങൾക്ക്‌ മുതിരുന്നതിനു പകരം പഴയ ചരക്കുകൾവെച്ച്‌ ആനമയിലൊട്ടകം കളിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്നവരാണ്‌ നമ്മുടെ പല നവാഗത സംഗീതശിൽപികളും. "റോയൽറ്റി തന്നില്ലെങ്കിലും വേണ്ട, സ്വന്തം മക്കളെപ്പോലെ ഞാൻ സ്നേഹിക്കുന്ന എന്റെ പാട്ടുകളെ ദയവായി ഉപദ്രവിക്കരുതേ" എന്ന്‌ സംഗീത സംവിധായകരുടെ കുലപതിയായ നൗഷാദ്‌ കേണപേക്ഷിച്ചതോർക്കുക.



കുറുക്കുവഴി
പുതിയ പല സംഗീതസംവിധായകർക്കും ഇൻസ്റ്റന്റ്‌ പ്രശസ്തിയിലേക്കുള്ള കുറുക്കുവഴിയാണ്‌ റീമിക്സ്‌. മുൻതലമുറ പാടിയും ഏറ്റുപാടിയും ഹിറ്റാക്കിയ ഗാനമാകുമ്പോൾ സംഗതി എളുപ്പം. ഹിന്ദിയിലും തമിഴിലും മലയാളത്തിലുമെല്ലാം പുറത്തിറങ്ങുന്ന റീമിക്സ്‌ ഗാനങ്ങൾക്ക്‌ പൊതുവായി ഒരു ചട്ടക്കൂടുണ്ട്‌. റീമിക്സ്‌ എന്നാൽ റാപ്പും കുറെ ഡിജിറ്റൽ ശബ്ദങ്ങളും തിരുകിക്കയറ്റുക എന്നേ ഇവിടെ അർത്ഥമുള്ളു. സംഗീതസംവിധായകന്റെ ഭാവനാവിലാസത്തിനും പ്രതിഭയ്ക്കും ജ്ഞാനത്തിനും വലിയ പ്രസക്തിയൊന്നുമില്ലവിടെ. അത്യാവശ്യം വിവരമുള്ള ഒരു സൗണ്ട്‌ എഞ്ചിനീയർ വിചാരിച്ചാൽ ഏതു പാട്ടും എങ്ങനെയും റീമിക്സ്‌ ചെയ്യാം.
പരസ്പരബന്ധമില്ലാത്ത കുറെ ഇംഗ്ലീഷ്‌ വാക്കുകൾ എച്ചുകൂട്ടി ചടുലതാളത്തിൽ വിന്യസിച്ചാൽ 'റാപ്പ്‌ ആയി എന്നാണ്‌ നമ്മുടെ പല സംഗീതസംവിധായക പ്രതിഭകളുടെയും ധാരണ. അസംബന്ധ പദങ്ങൾ റാപ്പിന്റെ ഭാഗംതന്നെ എന്നു സമ്മതിക്കുന്നു. പക്ഷേ, വെറും പിച്ചും പേയും പറച്ചിൽ മാത്രമല്ല യഥാർത്ഥ റാപ്പ്‌ അതിനൊരു സാമൂഹിക സാംസ്കാരിക പശ്ചാത്തലമുണ്ട്‌. ലക്ഷ്യവും പഴയൊരു ഗാനത്തെ മൊത്തത്തിൽ അസംബന്ധമാക്കി മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഇവിടെ പലരും റാപ്പ്‌ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ചുകേട്ടിട്ടുള്ളത്‌. റാപ്പ്‌ ഇക്കൂട്ടരുടെ കൈയിൽ 'റേപ്പ്‌' ആയി മാറുന്നു. തലമുറകൾ നെഞ്ചിലേറ്റി നടന്ന ഗാനങ്ങളെതന്നെ ഈ ചിത്രവധത്തിന്‌ തിരഞ്ഞെടുക്കണമെന്ന നിർബന്ധവുമുണ്ട്‌ നമ്മുടെ പല സംവിധായകർക്കും. ചില അതിസമർത്ഥൻ പഴയ ഗാനങ്ങളിലെ വോക്കൽ/ഓർക്കസ്ട്രൽ അംശങ്ങൾ (സാമ്പിളുകൾ) കൂടി സ്വന്തം സൃഷ്ടിയിൽ വിളക്കിച്ചേർക്കും. അസ്ഥാനത്തുള്ള ഈ പേസ്റ്റിങ്ങിലൂടെ അപമാനിതരാകുന്നത്‌ ഗാനത്തിന്റെ യഥാർത്ഥ ശിൽപികൾ തന്നെ.
സാമ്പിളുകൾ ഇങ്ങനെ യഥേഷ്ടം പ്രയോഗിക്കുന്നത്‌ പകർപ്പകാശ നിയമത്തിന്റെ നഗ്നമായ ലംഘനം കൂടിയാണ്‌ നിർഭാഗ്യവശാൽ ഇന്ത്യയിൽ ഈ നിയമം സംഗീതമേഖലയിൽ അത്ര കർശനമല്ല. അതുകൊണ്ടാണ്‌ നീതി നടത്തിക്കിട്ടാൻ ബപ്പിലഹരിയെപ്പോലുള്ള ഇന്ത്യൻ സംഗീത സംവിധായകർക്കുപോലും വിദേശ കോടതികളെ ആശ്രയിക്കേണ്ടിവരുന്നത്‌. 'ട്രൂത്ത്‌ ഫുള്ളി സ്പീക്കിങ്‌' എന്ന ആൽബമിറക്കിയ യൂണിവേഴ്സൽ മ്യൂസിക്കിനെതിരെ ലോസ്‌ ആഞ്ജലിസിലെ യു.എസ്‌. ഡിസ്ട്രിക്ട്‌ കോർട്ടിൽ കുറച്ചുകാലം മുമ്പ്‌ ബപ്പി ഒരു കേസ്‌ ഫയൽ ചെയ്തു. ആൽബത്തിലെ 'അഡിക്ടീവ്‌' എന്ന ഗാനത്തിൽ 20 വർഷം മുമ്പ്‌ താൻ ഈണം പകർന്ന 'തോഡാരേഷം ലഗ്താ ഹേ' എന്ന ലതാമങ്കേഷ്കർ ഗാനത്തിന്റെ നാലുമിനിട്ടോളം നീണ്ടു നിൽക്കുന്ന സാമ്പിൾ അനധികൃതമായി കൂട്ടിച്ചേർത്തിട്ടുണ്ടെന്നായിരുന്നു ബപ്പിയുടെ കണ്ടെത്തൽ. പരാതി സത്യമെന്നു കണ്ട കോടതി ആൽബത്തിന്റെ വിൽപ്പന തടയുകയും ചെയ്തു.
ഇത്‌ വിദേശത്തെ കഥ. ഇന്ത്യയിലാണെങ്കിൽ ബപ്പിലാഹിരി ഉൾപ്പെടെയുള്ള സംഗീതസംവിധായകർക്ക്‌ ഏതു കൊലകൊമ്പന്റെയും ഈണങ്ങളോ സാമ്പിളുകളോ ഇഷ്ടപ്രകാരം അടിച്ചുമാറ്റാൻ ആരെയും ഭയപ്പെടേണ്ടതില്ലെന്നാണ്‌ നില.
'ചൈനാ ടൗൺ' എന്ന ചിത്രത്തിനുവേണ്ടി ഞാൻ സൃഷ്ടിച്ച 'ബാർ ബാർ ദേഖാ...' എന്ന ഹിറ്റ്‌ ഗാനത്തിന്റെ ഈണം ഒരു കരീബിയൻ മ്യൂസിക്‌ ബാൻഡ്‌ അവരുടെ ഗാനത്തിൽ വർഷങ്ങളോളം ഉപയോഗിച്ചിരുന്നു-"എന്റെ അനുമതിയോടെതന്നെ. അടുത്തകാലം വരെ അതിന്റെ റോയൽറ്റിയും അവരെനിക്ക്‌ കൃത്യമായി അയച്ചുതന്നിരുന്നു. വിദേശികൾ പുലർത്തുന്ന ഈ മാന്യത നമ്മുടെ നാട്ടിലുള്ളവർ പുലർത്തിക്കാണാറില്ല. എന്റെ എത്രയോ ഗാനങ്ങൾ ഇവിടെ അനധികൃതമായി റീമിക്സ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. വികളമാക്കപ്പെട്ടിട്ടുമുണ്ട്‌. എന്റെ അറിവോ സമ്മതമോ കൂടാതെ". സംഗീതസംവിധായകൻ ബോംബെ രവി അടുത്തിടെ ഒരു കൂടിക്കാഴ്ചയിൽ പരിതപിച്ചുകേട്ടു.
പഴയഗാനങ്ങൾ ഡിജിറ്റൽ തികവോടെ പുതിയ തലമുറയ്ക്കുവേണ്ടി പുനരവതരിപ്പിക്കുക എന്ന 'ഉദ്ദേശ്യം'കൂടി റീമിക്സിനു പിന്നിലുണ്ടെന്ന്‌ പുത്തൻ സംഗീതസംവിധായകർ വാദിച്ചേക്കാം. ഈ വാദം മുഖവിലയ്ക്കെടുക്കാൻ തയ്യാറാണ്‌ ഗായകനായ എസ്‌.പി.ബാലസുബ്രഹ്മണ്യം. പക്ഷേ, ഈ പുനരവതരണം ഗാനത്തെ മാനഭംഗപ്പെടുത്തിക്കൊണ്ടാകരുതെന്ന്‌ നിർബന്ധമുണ്ടദ്ദേഹത്തിന്‌ അടുത്തിടെ 'കണ്ണാ നീ താൻടാ' എന്ന പടത്തിനുവേണ്ടി 'ഓഹോ വെണ്ണിലാ, ഓ വെണ്ണിലാ...' എന്ന പഴയ ഹിറ്റ്‌ ഗാനത്തിന്റെ റീമിക്സ്‌ വേർഷൻ പാടേണ്ടിവന്നു എസ്‌.പിക്ക്‌. സംഗീതസംവിധായകൻ അമുദഭാരതി എന്ന പുതുമുഖം. റീമിക്സ്‌ ട്രാക്ക്‌ കേട്ട്‌ എസ്‌.പി.ബി തിരിച്ചുപോയി. ശബ്ദഘോഷമാണ്‌ നിറയെ. ഒറിജിനൽ ഗാനത്തിന്റെ സൗന്ദര്യം അപ്പടി ചോർത്തിക്കയുന്ന ഓർക്കസ്ട്രേഷൻ. മേമ്പൊടിക്ക്‌ അരോചകമായ ഡിജിറ്റൽ ശബ്ദങ്ങൾ പഴയ ക്ലാസിക്‌ ഗാനത്തെ കരിവാരിത്തേക്കുന്നതിനുള്ള അമർഷം വെട്ടിത്തുറന്നു പറഞ്ഞ എസ്‌.പി.ബി ഗാനത്തിന്റെ രൂപഭാവങ്ങൾ മാറ്റാതെ പാടുന്ന പ്രശ്നമില്ലെന്ന്‌ വ്യക്തമാക്കിയതോടെ സംഗീതസംവിധായകൻ കുഴങ്ങി.
എസ്‌.പി.ബിയുടെ ഇച്ഛയ്ക്കൊത്ത്‌ കെട്ടും മട്ടും മാറ്റിയാണ്‌ ഒടുവിൽ ഗാനം റെക്കോഡ്‌ ചെയ്തത്‌. ഒറിജിനലിന്റെ ചാരുതയ്ക്ക്‌ മങ്ങലേൽപിക്കാത്ത തരത്തിലുള്ള പുതിയ വേർഷനെ അഭിനന്ദിക്കാനും മറന്നില്ല എസ്‌.പി.ബി പക്ഷേ. റീമിക്സിന്റെ കാര്യത്തിൽ ഇത്രയും കർശനമായ നിലപാടെടുക്കാൻ മറ്റുപല ഗായകർക്കും ചങ്കൂറ്റമുണ്ടാകാറില്ല. സിനിമയിൽ ധാർമ്മികത പ്രോഫഷണലിസത്തിന്റെ ഭാഗമല്ലാതായിക്കഴിഞ്ഞ കാലമല്ലേ.

ചെട്ടികുളങ്ങര
മലയാളത്തിൽ തമിഴ്‌-ഹിന്ദി ഭാഷകളിലെന്നപോലെ സജീവമല്ല റീമിക്സ്‌ തരംഗം. 'കാട്ടുപൂക്കളി'ൽ വയലാർ-ദേവരാജൻ ടീം ഒരുക്കി യേശുദാസ്‌ പാടിയ 'മാണിക്യവീണയുമായെൻ...' എന്ന മനോഹരഗാനം ഒരു വ്യാഴവട്ടം മുമ്പ്‌ 'കളമശ്ശേരിയിൽ കല്യാണയോഗം' എന്ന ചിത്രത്തിനുവേണ്ടി വികളമായി പുനരവതരിപ്പിക്കപ്പെട്ടതാണ്‌ നമ്മുടെ ഭാഷയിൽ റീമിക്സ്‌ വിവാദത്തിനു തിരികൊളുത്തിയ സംഭവം. സംഗീത സംവിധായകൻ എന്ന പേരിലും അറിയപ്പെടുന്ന ടോമിൻ ജെ.തച്ചങ്കരി ഐ.പി.എസ്സായിരുന്നു പാളിപ്പോയ ആ പരീക്ഷണത്തിനു പിന്നിൽ. അന്ന്‌, സ്വന്തം സൃഷ്ടിയെ അപമാനിച്ചതിന്റെ പേരിൽ കോടതി നടപടിക്കുവരെ മുതിർന്നതാണ്‌ ദേവരാജൻമാസ്റ്റർ. പരിമിതമായ സാങ്കേതിക സൗകര്യങ്ങളുടെ പൈന്തുണയോടെ ആലേഖനം ചെയ്യപ്പെട്ട പഴയ ഗാനങ്ങൾ പുതിയ തലമുറയ്ക്കുകൂടി ആസ്വാദ്യമായിത്തീർക്കാൻ ഇത്തരം ചെപ്പടിവിദ്യകളൊക്കെ ആവശ്യമായി വരില്ലേ എന്ന 'വികട' ചോദ്യത്തിന്‌ ഉരുളയ്ക്കുപ്പേരി കണക്കെ മാസ്റ്റർ നൽകിയ മറുപടി മറന്നിട്ടില്ല. "നമ്മുടെയൊക്കെ അച്ഛനമ്മമാർക്ക്‌ പ്രായാധികൃത്താൽ അൽപം ചന്തം കുറഞ്ഞുപോയി എന്നുവെച്ച്‌ അവരെ അപമാനിച്ച്‌ റോട്ടിലിറക്കിവിടുമോ?
അങ്ങനെ റോട്ടിലിറക്കിവിട്ട ഒരു പഴയ ഗാനം നാം കഴിഞ്ഞവർഷം കേട്ടു 'സിന്ധു' എന്ന ചിത്രത്തിനുവേണ്ടി വർഷങ്ങൾക്കു മുമ്പ്‌ ശ്രീകുമാരൻതമ്പി-എം.കെ.അർജുനൻ ടീം ഒരുക്കിയ 'ചെട്ടികുളങ്ങര ഭരണിനാളിൽ.."ഛോട്ടാ മുംബൈ'യ്ക്കുവേണ്ടി റീമിക്സ്‌ ചെയ്തത്‌ രാഹുൽരാജ്‌ ആണ്‌. ഏതു മാനദണ്ഡമനുസരിച്ചാണെങ്കിലും ഹൃദയഭേദകമായ ഒരനുഭവം. ചെട്ടി ചെട്ടി ചെട്ടി എന്ന മട്ടിലുള്ള പുതിയ വേർഷൻ കേട്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. രചയിതാവായ ശ്രീകുമാരൻതമ്പിക്കും സംഗീതസംവിധായകൻ അർജുനൻ മാസ്റ്റർക്കും വരുംതലമുറകൾ തിരിച്ചറിയുന്ന 'ചെട്ടികുളങ്ങര' ഛോട്ടാ മുംബൈ'യിലെ ഈ റീമിക്സ്‌ വേർഷനായിരിക്കും എന്നതാണ്‌ ഏറ്റവും വലിയ വിരോധാഭാസം. അതിന്റെ ഒറിജിനൽ കാലത്തിന്റെ ചവറ്റുകുട്ടയിൽ ഒതുങ്ങാൻ പോകുന്നു. എല്ലാ ഹിറ്റ്‌ റീമിക്സ്‌ ഗാനങ്ങളുടേയും 'മൂലകൃതി'കൾക്ക്‌ ഉണ്ടായേക്കാവുന്ന ദുര്യോഗമാണിത്‌-സലിൽ ചൗധരിയുടെ 'കല്യാണപ്രായത്തിൽ' (നെല്ല്‌) ഉൾപ്പെടെ.
ഓർമ്മ വരുന്നത്‌ യശഃശരീരനായ പ്രശസ്ത ഗായകൻ സി.ഒ.ആന്റോ അൽപം ഹാസ്യവും അതിലേറെ വേദനയും ഇടകലർത്തി വിവരിച്ച ഒരനുഭവമാണ്‌ മധ്യകേരളത്തിലെങ്ങോ ഒരു ഗാനമേളാവേദിയിൽ തന്റെ മാസ്റ്റർപീസായ 'മധുരിക്കും ഓർമ്മകളേ' എന്ന നാടകഗാനം ഹൃദയസ്പർശിയായി പാടി ജനത്തെ കൈയിലെടുത്തശേഷം ബാക്ക്‌ സ്റ്റേജിൽ ചെന്നിരുന്ന ആന്റോയെ തേടി ഒരു പ്രേക്ഷകനെത്തുന്നു. ഗായകനെ കൈപിടിച്ചുകുലുക്കി അഭിനന്ദിച്ച ശേഷം ടിയാൻ പറഞ്ഞു: 'കലക്കി ചേട്ടാ, മാർക്കോസ്‌ പാടിയപോലെ തന്നെയുണ്ട്‌.
ചിരിക്കണോ കരയണോ എന്നറിയാതെ തരിച്ചിരുന്നുപോയി ആന്റോ ഒപ്പമിരുന്ന ആരോ ആ ഗാനത്തിന്റെ ഒറിജിനൽ ഗായകനാണ്‌ മുന്നിലിരിക്കുന്നതെന്ന്‌ അപരിചിതന്‌ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്തോ വലിയ തമാശകേട്ടപോലെ ചിരിച്ച്‌ അയാൾ ഇറങ്ങിപ്പോയി. ഈ സംഭവം അയവിറക്കിയ ശേഷം, ആന്റോ നൊമ്പരത്തോടെ കൂട്ടിച്ചേർത്ത വാക്കുകൾ മറക്കാനാവില്ല; "കുറ്റം ആ മനുഷ്യന്റേതല്ല എന്റെ പാട്ടുകൾ രണ്ടാമത്‌ പാടിയിറക്കിയ മാർക്കോസിന്റേതുമല്ല; കാലത്തിന്റേതാണ്‌. ഇങ്ങനെയൊക്കെയേ ഇനി നടക്കൂ". മറ്റു പല പഴയ പാട്ടുകാർക്കും ഉണ്ടായിട്ടുണ്ടാകാം ഇത്തരം അനുഭവങ്ങൾ.
ജമൈക്കയിൽ നിന്ന്‌
യഥാർത്ഥത്തിൽ റീമിക്സ്‌ എന്താണ്‌ നമ്മുടെ നാട്ടിലെ സിനിമാപ്പാട്ടുകളിൽ ആവർത്തിച്ചു പ്രയോഗിക്കപ്പെടുവരുന്ന, തികച്ചും സ്റ്റീരിയോടൈപ്പ്ഡ്‌ ആയ ഒരഭ്യാസമല്ല അത്‌ ഡീജേകൾക്കും (ഡിസ്ക്‌ ജോക്കി) എഞ്ചിനീയർമാർക്കും പരീക്ഷണത്തിന്‌ അനന്തസാധ്യതകൾ തുറന്നുകൊടുക്കുന്ന ഒരു പ്രത്യേക സംഗീതശാഖ തന്നെയാണ്‌ ജമൈക്കയിലെ ഡാൻസ്‌ ഫ്ലോറുകളിലാണ്‌ റീമിക്സിന്റെ ബീജാവാപമെന്ന്‌ ചരിത്രം പറയുന്നു.
ജമൈക്കയിലെ സാമൂഹിക സാംസ്കാരിക സാഹചര്യത്തിൽ അന്നതൊരു അനിവാര്യതയായിരുന്നു. കരീബിയൻ നാടുകളൊന്നടങ്കം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന 1960കൾ. ഏതുതരം സംഗീതവുമായും അനായാസം ഹൃദയബന്ധം സ്ഥാപിക്കാൻ കഴിവുണ്ടായിരുന്ന ജമൈക്കക്കാർക്ക്‌ ഇഷ്ടസംഗീതം ആസ്വദിക്കുക ദുഷ്കരമായി മാറിയ കാലം. വിദേശത്തുനിന്ന്‌ എത്തുന്ന റിക്കാർഡുകൾക്ക്‌ പൊള്ളുന്ന വില. സ്വന്തം നാട്ടിലാണെങ്കിൽ റിക്കാർഡിങ്ങിനും ആൽബം പ്രോഡക്ഷനും താങ്ങാനാവാത്ത ചെലവും. വൈവിധ്യമാർന്ന സംഗീതം ആസ്വദിക്കാനുള്ള സാധാരണക്കാരന്റെ ഏക മാർഗം ഡിസ്കോത്തെക്കുകളും ക്ലബ്ബുകളും മാത്രമായി. ഡിസ്ക്‌ ജോടികളും (ഗാനങ്ങൾ തിരഞ്ഞെടുത്ത്‌ സ്റ്റേജിൽ അവതരിപ്പിക്കുക മാത്രമല്ല, അത്യാവശ്യത്തിന്‌ പുതിയ ലിറിക്സ്‌ സൃഷ്ടിക്കാനും കൂടെപ്പാടാനുമൊക്കെ കഴിവുള്ളവരായിരുന്ന ഈ ഡീജേകൾ) സൗണ്ട്‌ സിസ്റ്റം ഓപ്പറേറ്റർമാരുമായിരുന്നു ഡാൻസ്‌ ഫ്ലോറുകളിലെ തമ്പുരാക്കന്മാർ. ക്ലബ്ബുകൾ തമ്മിൽ മത്സരം കനത്തതോടെ ജനത്തെ പിടിച്ചിരുത്താൻ പുതുപുത്തൻ പൊടിക്കൈകൾ പരീക്ഷിക്കാതെ രക്ഷയില്ലെന്നായി ഇക്കൂട്ടർക്ക്‌.
രണ്ടു ട്രാക്കുകളിലാണ്‌ അന്ന്‌ റിക്കാർഡിങ്‌ ഒന്ന്‌ ഗായക ശബ്ദത്തിനുവേണ്ടി; മറ്റേത്‌ പശ്ചാത്തല വാദ്യവൃന്ദത്തിനും. രണ്ടു ട്രാക്കുകളിലും മിക്സ്‌ ചെയ്യുന്ന പതിവു ശൈലി വിട്ട്‌ ഓർക്കസ്ട്ര ട്രാക്കുമാത്രം ഡാൻസ്‌ ഫ്ലോറുകളിൽ കേൾപ്പിച്ചാലോ എന്ന്‌ ആദ്യം ചിന്തിച്ചതു പ്രോഡ്യൂസർ റുഡോൾഫ്‌ 'റുഡി' റെഡ്‌വുഡ്ഡാണ്‌. ബ്രെയൻസ്മിത്ത്‌ എന്ന എഞ്ചിനീയറുടെ സഹായത്തോടെ ഗാനങ്ങളുടെ റിഥം ട്രാക്ക്‌ വേർതിരിച്ചെടുത്ത്‌ റുഡി നൃത്തവേദികളിൽ കേൾപ്പിക്കുന്നു. ഈ ട്രാക്കിന്റെ പശ്ചാത്തലത്തിൽ സ്വയം രചിച്ച വരികളുപയോഗിച്ച്‌ യഥേഷ്ടം ഗാനങ്ങളുണ്ടാക്കി ഡീജേകൾ പാടിത്തകർത്തു തുടങ്ങിയതോടെ ജമൈക്കൻ സംഗീതത്തിൽ പുതിയ സംസ്കാരത്തിനു തുടക്കമായി. ഒരേ റിഥം ട്രാക്ക്‌ തന്നെ വ്യത്യസ്ത ഡീജേകൾ അവതരിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. വൈവിധ്യമാർന്ന അനുഭൂതികളാണ്‌ ഇത്തരം പരീക്ഷണങ്ങൾ സാധാരണക്കാരായ സംഗീതാസ്വാദകർക്ക്‌ പകർന്നു നൽകിയത്‌.
വാദ്യോപകരണ ട്രാക്ക്‌ മാത്രം ഉപയോഗിച്ചുള്ള ഈ ഉദ്യമത്തിനു ജമൈക്കൻ എഞ്ചിനീയർമാർ 'വേർഷൻ'എന്ന ഓമനപ്പേരു നൽകി. താമസിക്കാതെ മറ്റ്‌ എഞ്ചിനീയർമാരും പ്രോഡ്യൂസർമാരും റൂഡിയുടെ മാതൃക പിൻതുടർന്നു. 45 ആർ.പി.എം മ്യൂസിക്‌ റിക്കാർഡുകളുടെ ഒരു പുറത്ത്‌ പൂർണ്ണമായ ഗാനവും മറുപുറത്ത്‌ ഓർക്കസ്ട്രൽ വേർഷൻ മാത്രവും ആലേഖനം ചെയ്ത്‌ വിപണിയിലെത്തിക്കുന്ന പതിവിനും അതോടെ തുടക്കമായി. വേർഷൻ ട്രാക്കിൽ ഡിലേ, എക്കോ തുടങ്ങിയ സ്പേഷ്യൽ ഇഫക്ടുകൾ ചേർത്തുതുടങ്ങിയത്‌ കിങ്ങ്ടബ്ബി എന്ന പ്രശസ്ത സൗണ്ട്‌ എഞ്ചിനീയറാണ്‌.
1980-കളോടെ വേർഷനുപകരം റീമിക്സ്‌ എന്ന പ്രയോഗം ലോകമെങ്ങും പ്രചാരം നേടി. ആൽബങ്ങൾ പുറത്തിറക്കുമ്പോൾ നൃത്തപ്രേമികൾക്കു വേണ്ടി അവയുടെ റീമിക്സ്‌ പതിപ്പുകളും പുറത്തിറക്കാൻ സംഗീതജ്ഞർ മുൻകൈയെടുത്തു തുടങ്ങിയത്‌ ഇക്കാലത്താണ്‌. റീമിക്സിങ്‌ ഒരു സർഗ്ഗാത്മക കളയായി വളരുകയായിരുന്നു. റീമിക്സ്‌ വിദഗ്ധരുടെ ഒരു പുതുതലമുറ തന്നെ ഇതോടപ്പം തന്നെ ഉയർന്നുവന്നു; ഒപ്പം എണ്ണമറ്റ പകർപ്പവകാശ പ്രശ്നങ്ങളും.
ഇന്ത്യൻ അനുഭവം.
ബാബ സെഹ്ഗാളിനേയും ബിദ്ദുവിനേയും പോലുള്ളവർ ഇവിടെ റീമിക്സ്‌ നേരത്തെ അവതരിപ്പിച്ചിരുന്നുവേങ്കിലും അതൊരു തരംഗമായി മാറുന്നത്‌ ആശാഭോസ്ലയുടെ 'രാഹുൽ ആൻഡ്‌ ഐ' പുറത്തിറങ്ങിയ ശേഷമാണ്‌. ഭർത്താവും സംഗീത പ്രതിഭയുമായ രാഹുൽ ദേവ്‌ ബർമ്മനുള്ള ശ്രദ്ധാജ്ഞലിയായി അദ്ദേഹത്തിന്റെ ഹിറ്റുകൾ സ്വയം വീണ്ടുംപാടി ഡിജിറ്റൽ തികവോടെ വിപണിയിലിറക്കുകയായിരുന്നു ആശ. റീമിക്സ്‌ എന്ന ആശയത്തിന്‌ ഇന്ത്യയിൽ ണല്ലോരളവോളം സ്വീകാര്യത നൽകിയ ചുവടുവെപ്പായിരുന്നു ഇത്‌. ഒറിജിനലുകളോട്‌ അങ്ങേയറ്റം നീതി പുലർത്തിക്കൊണ്ടാണ്‌ ആശ ഗാനങ്ങൾ ആലപിച്ചതു എന്ന പ്രത്യേകതയുണ്ട്‌.
റീമിക്സിനോട്‌ എതിർപ്പില്ലെന്ന്‌ ആശ പറയുന്നു. "എതിർപ്പ്‌ മോശം റീമിക്സിനോടു മാത്രമാണ്‌. പല ക്ലാസിക്ക്‌ ഗാനങ്ങളോടും പുതിയവർ പാടുന്നതു കേട്ടാൽ കഷ്ടംതോന്നും. അവ അശ്ലീലചേഷ്ടകളോടെ വിഷ്വലൈസ്‌ ചെയ്യപ്പെടുന്നത്‌ അതിലും വലിയ ദുരന്തം. റീമിക്സുകൾ പലതും വിവരക്കേടിന്റേയും ഔചിത്യരാഹിത്യത്തിന്റെയും പ്രതീകങ്ങളായി മാറിയിരിക്കുന്നു".
റീമിക്സ്‌ പ്രവണതയോട്‌ ആശയ്ക്കുള്ള അനുഭാവം സഹോദരിയായ ലതാമങ്കേഷ്ക്കർക്കില്ല. പല്ലും നഖവും ഉപയോഗിച്ച്‌ എതിർക്കപ്പെടേണ്ടതെന്ന്‌ ലതാജി അഭിപ്രായപ്പെടുന്നു. ക്ലാസിക്ക്‌ ഗാനങ്ങൾ മാത്രമല്ല 'ഷോലെ' യെപ്പോലുള്ള ക്ലാസിക്‌ ചിത്രങ്ങൾ പുനർനിർമ്മിക്കുന്നതിനുപോലും എതിരാണവർ. "മഹത്തായ സൃഷ്ടികളെ നാം എന്തിനു നോവിക്കുന്നു?" ലതയുടെ വീക്ഷണം വളരെ ലളിതം.
അന്തസ്സോടെയും റീമിക്സ്‌ നിർവ്വഹിക്കാമെന്ന്‌ തെളിയിച്ച ഗായകനാണ്‌ ജഗ്ജിത്‌ സിംഗ്‌. ക്ലോസ്‌ ടു മൈ ഹാർട്ട്‌ എന്ന ആൽബത്തിൽ കുട്ടിക്കാലം മുതൽ താൻ മനസ്സിൽവച്ചാരാധിച്ചിരുന്ന ഗാനങ്ങൾ സ്വതഃസിദ്ധമായ ശൈലിയിൽ പുനരവതിപ്പിക്കുകയായിരുന്നു ഗസലിന്റെ രാജകുമാരൻ. വരികളുടെ ആത്മാവിന്‌ പോറലേൽപ്പിക്കാതെ, യഥാർത്ഥ സംഗീത ശിൽപികളോടുള്ള ആദരവ്‌ നിലനിർത്തിക്കൊണ്ടുള്ള ജഗ്ജിത്തിന്റെ ഗാനാഞ്ജലി അധികമാരുടേയും നെറ്റിചുളിപ്പിക്കാതിരുന്നതും അതുകൊണ്ടാവാം.
പൂർവ്വസൂരികളെ വിസ്മരിച്ചുകൊണ്ട്‌ ഭാവനാശൂന്യമായി റീമിക്സ്‌ ചെയ്യുമ്പോഴാണ്‌ അനശ്വര ഗാനങ്ങൾ 'ചരമമടയുക' എന്ന്‌ പ്രശസ്തഗായകൻ മന്നാഡെ പറഞ്ഞുകേട്ടു. രോഷന്റെ ഈണത്തിൽ 'ദിൽഹി തോഹേ'യിൽ താൻ പാടിയ അനശ്വരമാക്കിയ (അനശ്വരഗാനമെന്നത്‌ ഒരു സങ്കൽപമാത്രമാണെന്ന്‌ സമീപകാലത്തുയർന്ന ഒരുവാദമുഖം)'ലാഗാ ചുനരി മേ ദാഗ്‌' എന്ന ഗാനം ശന്തനു മൊയ്ത്ര അടുത്തിടെ റീമിക്സ്‌ ചെയ്തു കേട്ടപ്പോഴായിരിക്കണം മന്നാഡെയ്ക്ക്‌ ഇതു ബോധ്യമായത്‌. പാടിയ ശുഭ മുദ്ഗലിനുപോലും റീമിക്സിനു രക്ഷിക്കാനായില്ല എന്നാണ്‌ എന്റെ വിനീതമായ അഭിപ്രായം.
റീമിക്സ്‌ തരംഗം ശക്തിയാർജ്ജിക്കുകയാണ്‌ ഹിന്ദിയിലും തമിഴിലുമെങ്കിലും ഒപ്പം റീമിക്സിനെതിരായ മുറുമുറുപ്പുകളും. 'മൂലകൃതി'യോട്‌ റീമിക്സുകാർ അൽപംകൂടി കരുണകാണിക്കണമെന്ന അഭിപ്രായവും പ്രബലം. പല ഗാനങ്ങളുടേയും സൃഷ്ടിക്കു പിന്നിൽ തപസ്യ പുതുക്കൽ വിദഗ്ധന്മാർ കാണാതെപോകരുതെന്ന്‌ അഭിപ്രായപ്പെടുന്നവരിൽ ഗസൽ ഗായകൻ പങ്കജ്‌ ഉദാസുമുണ്ട്‌.
" 'ചാന്തി ജൈസെ രംഘെ തേരാ, സോനാ ജൈസെ ബാൽ' എന്ന ഗാനത്തിന്റെ കാര്യമെടുക്കുക. പാക്‌ കവി ഖാദിൽ ഷിഫായും ഇന്ത്യാക്കാരൻ റഷീദും ചേർന്നാണ്‌ ആ ഗാനം രചിച്ചതു. ആറുമാസം വേണ്ടി വന്നു അത്‌ റെക്കോർഡ്‌ ചെയ്തെടുക്കാൻ. എത്രയോ ഉറക്കമില്ലാത്ത രാവുകൾ ഈ ഗാനത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി ഞാൻ ചിലവിട്ടിരിക്കുന്നു. ഒടുവിലൊരുനാൾ ആ ഗാനം റെക്കോർഡ്‌ ചെയ്ത്‌ കേട്ടപ്പോഴുണ്ടായ ആത്മനിർവൃതി പറഞ്ഞറിയിക്കാനാവില്ല. അത്തരമൊരു ഗാനം കഷ്ടിച്ച്‌ നാലു മണിക്കൂർ കൊണ്ട്‌ ഏതെങ്കിലുമൊരു സ്റ്റുഡിയോവിലിരുന്ന്‌ ഒരാൾ റീമിക്സ്‌ ചെയ്ത്‌ സ്വന്തം പേരിൽ പുറത്തിറക്കിയെന്നു കേട്ടാൽ, ആർക്കായാലും വേദന തോന്നുകയില്ലേ?"
പങ്കജ്‌ ഉദാസിന്റെ ചോദ്യം ആരുടെയൊക്കയോ ചങ്കിൽ ചെന്നു കൊള്ളുന്നുണ്ട്‌., തീർച്ച..