Friday, September 25, 2009

എഡിറ്റോറിയൽ-മാത്യു നെല്ലിക്കുന്ന്‌





)







mathew nellickunnu

എന്റെ വേരുകൾ എവിടെ ?

എന്റെ നാട്‌ എന്നും ഉള്ളിൽ കുളിർ പടർത്തുന്ന ഒരു ഭൂവി ഭാഗം.
എറണാകുളം ജില്ലയുടെ കിഴക്കൻ മലയോരമേഖലയിലാണ്‌ ആ സ്ഥലം. കദളിക്കാട്‌. നാലു വശവും മലനിരകൾ കോട്ടതീർത്ത കൊച്ചുഗ്രാമം. കളകളംകൂട്ടി കുതിച്ചൊഴുകുന്ന പലകൈത്തോടുകളുണ്ട്‌ വിശാലമായ പാടശേഖരങ്ങളുടെ മാറിടങ്ങളിൽ. മലയോരത്തുകൂടി വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴ മറ്റൊരു കാഴ്ച.
വയലേലകളിലും ചരിഞ്ഞ ഭൂമിയിലും മല്ലിടുന്ന കർഷകരാണേറെയെങ്കിലും അവർ അന്യോന്യം അടുത്തറിഞ്ഞു. പരസ്പരം സ്നേഹിച്ചു.
ഗ്രാമത്തിലെ വെട്ടുവഴികൾക്കിരുവശവും വളർന്നു പന്തലിച്ചു നിൽക്കുന്ന കാട്ടുചെടികൾ നിറയെ ഏക്കാളവും മനോഹരമായ പൂക്കൾ കാണും. കൊടിയ വേനലിൽ പോലും ജലസമൃദ്ധി വഴിയിറമ്പുകളിൽ തഴച്ചു നിൽക്കുന്ന മാവുകളിൽ നിന്നും പൊട്ടി വീഴുന്ന കണ്ണിമാങ്ങകൾ പെറുക്കി തിന്നും. കിണറുകളിൽ നിന്നും ലഭിക്കുന്ന ശുദ്ധമായ പച്ചവെള്ളം കോരിക്കുടിച്ചും തിമർത്ത്‌ ആർത്തുള്ളസിച്ചു നടക്കുന്ന സ്കൂൾ കുട്ടികൾ ഗ്രാമത്തിന്റെ തുടിപ്പുകൾ.
എത്രരസകരവും ഹൃദ്യവുമായ കാഴ്ചകൾ, ഓർമ്മകൾ.
വളരെ ഉയരത്തിൽ നിൽക്കുന്ന മണിയന്ത്രംമല. മലഞ്ചെരുവിൽ വലിയ മരങ്ങൾ, മരങ്ങളിൽ ചേക്കേറുന്ന വിവിധയിനം പക്ഷികൾ. കുറുക്കനും കുരങ്ങനും മുള്ളൻപന്നിയുമുൾപ്പെടെ വിവിധയിനം കാട്ടുമൃഗങ്ങളും അവിടെ യഥേഷ്ടം വിഹരിച്ചിരുന്നു.
എന്നാൽ ഇന്ന്‌ മരങ്ങളുൾപ്പെടെ അതെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. നോക്കുമ്പോൾ തരിശുഭൂമിയുടെ പ്രതീതി.
കുട്ടിക്കാലത്ത്‌ എന്റെ ആകാശത്തിന്‌ അതിരായി നിന്ന മലയും യന്ത്രഭീകരന്മാർ നക്കിത്തുടച്ചു നിരപ്പാക്കിയിരിക്കുന്നു. കൊടിയ വേനലിൽപ്പോലും മലകളിൽനിന്നും താഴ്‌വാരങ്ങളിലേക്ക്‌ ഒഴുകിയിറങ്ങിയിരുന്ന ജലസമൃദ്ധമായിരുന്ന നീരുറവകൾ വറ്റിവരണ്ടു കിടക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിച്ചതിലൂടെ പണ്ടു കണ്ടിരുന്ന അപൂർവ്വയിനം പക്ഷികളും മൃഗങ്ങളും ഇല്ലാതായിരിക്കുന്നു. കാരണവന്മാർ ആയുർവേദ ഔഷധമായി ഉപയോഗിച്ചിരുന്ന വിലപ്പെട്ട മിക്ക സസ്യങ്ങളും ഇന്ന്‌ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു. പുരയിടങ്ങളിൽ നിറയെ കായ്ച്ചു കണ്ണിനു കുളിർമ്മയും മനസ്സിന്‌ ആനന്ദവും നൽകിയിരുന്ന കേരവൃക്ഷങ്ങൾ ഇല്ലാതായി. അവിടെ റബ്ബർമരങ്ങൾ സ്ഥാനം പിടിച്ചു. ഈ കാഴ്ച ഹൃദയഭേദകം.
മഴക്കാലത്ത്‌ ജലം ഒഴുകിപ്പോകുന്നതിനും വേനൽക്കാലത്ത്‌ പാടശേഖരങ്ങളിൽ വെള്ളം കൊണ്ടു വരുന്നതിനുമായി ഉപയോഗിച്ചിരുന്ന വലുതും ചെറുതുമായ മൺവരമ്പോടുകൂടിയ പഴയ തോടുകൾ മിക്കതും ഇല്ലാതായി. പകരം കോൺക്രീറ്റുതോടുകളും ജലസേചനത്തിനായി പുതിയ കനാലുകളും രൂപംകൊണ്ടിരിക്കുന്നു. നൂറുമേനി വിളവെടുത്ത പാടശേഖരങ്ങൾ മണ്ണിട്ടുനികത്തി അവിടെ മണിമാളികകൾ പണിഞ്ഞിരിക്കുന്നു. നോക്കെത്താദൂരത്തോളം നീണ്ടുപരന്നുകിടന്നിരുന്ന ആ ഹരിതഗ്രാമം. നെല്ലേലകളുടെ ചെറുതിരകൾ...തുമ്പികളും ചിത്രശലഭങ്ങളും പക്ഷികളും കുളിരും നിറഞ്ഞ ദൃശ്യാനുഭവം ഇവിടെയായിരുന്നു എന്നു വിശ്വസിക്കാൻ തന്നെ പ്രയാസം.
തോടുകളും കുളങ്ങളും ചിറകളും വറ്റിയ, നീർച്ചാലുകൾ കനാലുകളായിക്കഴിഞ്ഞ വർത്തമാനഗ്രാമത്തിന്‌ ഇന്നു സംഭവിച്ചതെന്താണ്‌? പാടശേഖരങ്ങളിലെ അമിതമായ രാസവളപ്രയോഗത്തിന്റെയും മരുന്നുതളിയുടെയും ഫലമായി മണ്ണും ജലവും വിഷലിപ്തമായി. വിഷംതിന്ന ഭൂമി കരിനീലിച്ചു വരണ്ടുപോയി. നീരൊഴുക്കുകൾ ഗതിമുട്ടി. കുളവാഴയും പൂക്കൈതയും കാക്കപ്പൂവും വരമ്പിൽക്കൊടുവേലിയും കുറുന്തോട്ടിയും സമൃദ്ധമായിരുന്ന തോട്ടിറമ്പുകൾ തൊണ്ടവരണ്ട്‌ തേങ്ങി. ഒഴുക്കുവെള്ളത്തിൽ നേരമ്പോക്കുകൾപോലെ പുളഞ്ഞുനടന്ന മീനുകളും കുട്ടിച്ചാത്തൻ തവളകളും സ്വപ്നജീവികളായ ഞണ്ടുകളും നാണംകുണുങ്ങികളായ കുളക്കോഴികളും ഞവുണികളും എവിടെപ്പോയി?
എന്റെ കുട്ടിക്കാലത്ത്‌ ഭക്ഷണകാര്യത്തിൽ ഒട്ടൊക്കെ സ്വാശ്രയത്വം നേടിക്കഴിഞ്ഞിരുന്നു ഞങ്ങളുടെ നാട്‌. ജീവിക്കാനാവശ്യമായ ആഹാരസാധനങ്ങൾ സ്വന്തം വളപ്പിൽ കൃഷിചെയ്തുണ്ടാക്കിയിരുന്നു നാട്ടുകാർ. ഇന്നാകട്ടെ അവർ കച്ചവടകൃഷിയിലേക്കുമാത്രം തിരിഞ്ഞിരിക്കുന്നു. അവർക്ക്‌ നെല്ലും കപ്പയും ചേനയും ചേമ്പും മുതിരയും റാഗിയും എള്ളും പയറും മറ്റും വേണ്ട, റബ്ബറും മാഞ്ചിയവും, തേക്കും ജാതിയും ഗ്രാമ്പുവും കൊക്കോയും വാനിലയും മതിയെന്നായിരിക്കുന്നു. ഭക്ഷണത്തിന്‌ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്‌ കദളിക്കാട്ടെ മലയാളിയും ഇന്ന്‌ കഴിഞ്ഞുകൂടുന്നത്‌. കാശുണ്ടല്ലോ വാങ്ങിക്കൂട്ടാൻ; പിന്നെന്ത്‌ എന്നഭാവം എല്ലാവരുടെയും മുഖത്തുനിന്ന്‌ വായിച്ചെടുക്കാം. കവികൾ വാഴ്ത്തിപ്പാടിയ 'കേരം തിങ്ങിയ കേരളനാട്‌' മണ്ഡരിബാധിച്ച്‌ പേടുകായ്ക്കുന്ന മരമായി മാറിയതിലെന്താണത്ഭുതം! ഇപ്പോഴാകട്ടെ. റബ്ബറും ജാതിയും കൊക്കോയും പൈനാപ്പിൾകൃഷിയും പിന്നിട്ട്‌, വിവരസാങ്കേതികം ബാധിച്ച ജനം വാനിലയ്ക്കുപിറകെ കൂട്ടയോട്ടം നടത്തുന്നു.
എന്നിട്ടെന്തായി?
ഒരു കാലത്ത്‌ ശുദ്ധജല സമൃദ്ധമായിരുന്ന എന്റെ നാട്ടിൻപുറം ചോരയും നീരുംവറ്റി വരണ്ട്‌ ജരാനരകൾ ബാധിച്ചവളെപ്പോലെയായി.
കിണറ്റിൽ വെള്ളം വറ്റിയപ്പോൾ ജനം കുഴൽക്കിണർ കുഴിച്ചു. പൈപ്പ്ലൈൻ വലിച്ചു.അതിലൂടെ ഒഴുകിയെത്തുന്ന മലിനമായ മഞ്ഞജലം കുടിച്ച്‌ സംതൃപ്തരായി.
കദളിക്കാട്ടെ മുറുക്കാൻകടകളിൽപ്പോലും ഇന്ന്‌ കുപ്പിവെള്ളം സുലഭമാണ്‌. വൻ കമ്പനികളുടെ മോഹനബോർഡുകൾ എത്രവേണമെങ്കിലും കാണാം.
ഞാനെന്താണ്‌ ഇതിനെ നിർവ്വചിക്കേണ്ടത്‌; പരിഷ്കാരമെന്നോ? അതോ കലികാലത്തിന്റെ മറിമായമെന്നോ?
നൊടിനേരംകൊണ്ടാണ്‌ കേരളം മാറ്റങ്ങൾക്ക്‌ വിധേയമാകുന്നത്‌. നാടോടുമ്പോൾ നടുവേ ഓടാൻ ഓരോ മലയാളിയും തിരക്കുകൂട്ടുമ്പോൾ എന്റെ ഗ്രാമം മാത്രം എങ്ങനെ മാറാതിരിക്കും.
പാശ്ചാത്യപരിഷ്കാരങ്ങളുടെ നെല്ലും പതിരും തിരിയാതെ അന്ധമായ അനുകരണച്ചുഴികളിൽപ്പെട്ടുഴലുകയാണ്‌ നമ്മുടെ ഗ്രാമങ്ങൾ. പാശ്ചാത്യലോകം വലിച്ചെറിഞ്ഞ ജീവിതശൈലികളും ഭ്രമണങ്ങളും ആർത്തിയോടെ അഭിമാനത്തോടെ സ്വീകരിക്കുന്ന കേരളീയയുവത്വത്തെ ഓർക്കുമ്പോൾ കരയണോ അതോ ചിരിക്കണോ എന്നറിയാതെ ഞാൻ കുഴങ്ങിപ്പോകുന്നു!
എന്റെ നാട്‌ പുരോഗതിയുടെ പാതയിലാണ്‌. ഗ്രാമത്തിലെ മൺപാതകളെല്ലാം ടാറുപുതച്ചിരിക്കുന്നു. ഇതു കോൺട്രാക്ടർമാരുടെയും ബന്ധപ്പെട്ട എഞ്ചിനീയർമാരുടെയും കുംഭവീർപ്പിക്കാനുള്ള ഒരുപാധി കൂടിയാണ്‌. കാളവണ്ടികളുടെ മണികിലുക്കവും ചാട്ടവാറിന്റെ ശബ്ദവും കേട്ടിരുന്ന, വല്ലപ്പോഴും മാത്രം വാഹനങ്ങളോടിയിരുന്ന പാതകളിൽ ഇപ്പോൾ നിറയെ പലതരം വാഹനങ്ങൾ. അക്കൂട്ടത്തിൽ ആഡംബര വിദേശ കാറുകളുമുണ്ട്‌. റോഡിനിരുവശവുമുണ്ടായിരുന്ന തണൽമരങ്ങളെല്ലാം അപ്രത്യക്ഷമായി. പൂത്തുകായ്ച്ചു കിടന്ന കോംഗ്ങ്ങിണിപ്പടർപ്പുകളും ചെറിയ കാട്ടുപൂക്കളും നിറഞ്ഞ നാട്ടുപാതയോരങ്ങളിൽ റോഡുവികസനത്തിന്റെ കറുപ്പുചായം പൂശിവെടിപ്പാക്കിയിരിക്കുന്നു. വഴിയമ്പലങ്ങളും തണ്ണീർപ്പന്തലുകളും തണൽമരങ്ങളുമില്ലാത്ത വഴികളിൽ ഉച്ചച്ചൂടിന്റെ കനൽ നീണ്ടു പോകുന്നു.
പ്രഭാതത്തിൽ ആർത്തുള്ളസിച്ച്‌ വഴിയരികിലെ കാട്ടുപഴങ്ങളും മാമ്പഴങ്ങളും പെറുക്കിത്തിന്ന്‌ പുസ്തകസഞ്ചിയും തോളിലേറ്റി കലപില ചിലച്ച്‌ കൂട്ടംകൂട്ടമായി നടന്നുപോയിരുന്ന സ്കൂൾകുട്ടികൾ ഇന്ന്‌ അപൂർവ്വകാഴ്ചയാണല്ലോ. ഓട്ടോറിക്ഷയിലും സ്കൂൾ ബസ്സുകളിലുമാണ്‌ അവരുടെ യാത്ര. പാടത്തുനിന്നും വൃക്ഷലതാദികളെ തഴുകി വീശിയടിച്ചിരുന്ന ഇളംതെന്നലിനു പകരം ഇപ്പോൾ വാഹനങ്ങളിൽനിന്നുയരുന്ന കറുത്ത, ചൂടുപിടിച്ച പുകപടലങ്ങൾ.
കഴിഞ്ഞ മുപ്പതിലധികം വർഷങ്ങൾകൊണ്ട്‌ എന്റെ ഗ്രാമം കണ്ടാലറിയാത്തവിധം മാറി. മിക്കവാറും രണ്ടുവർഷത്തിലൊരിക്കൽ കൊതിയോടെ സ്വന്തം നാട്ടിലേക്ക്‌ ഓടിയെത്തിയിരുന്ന എനിക്ക്‌ ഈ മാറ്റങ്ങൾ പലതും നൊമ്പരവും നഷ്ടബോധവുമാണ്‌ നൽകുന്നത്‌. നല്ലതൊന്നും നടന്നിട്ടില്ലെന്നല്ല. പക്ഷേ പരിഷ്കാരപ്പാച്ചിലിൽ കുത്തിയൊലിച്ചുപോയ നന്മകൾ അതിലുമെത്ര മടങ്ങാണ്‌ എന്നു ചിന്തിച്ചുപോകുന്നു.