Wednesday, September 30, 2009

വസന്തം -ശ്രീദേവിനായര്‍





sreedevi nair
വസന്തങ്ങളുടെ ബീജം
ഓരോസ്ത്രീയും പേറുന്നുണ്ട്.
ആണിന്റെ സാമീപ്യമില്ലെങ്കിലും
കുന്തിയെപ്പോലെ സൂര്യനെയും,
കാറ്റിനെയും പ്രണയിച്ച് പ്രസവിക്കണം.

ഒരു കര്‍ണ്ണനെ പ്രസവിക്കാന്‍
ഏതുസ്ത്രീയാണ് മോഹിക്കാത്തത്?
സൂര്യന്റെ ഭാര്യയാകാന്‍ ഒരു
നിമിഷമെങ്കിലും മോഹിക്കരുതോ?

വരുണനും അഗ്നിയുമെല്ലാം നല്ല
സ്ത്രീകളെ,കന്യകമാരെ അന്യേഷിക്കു
ന്നുണ്ടെന്ന് കേട്ടു.പ്രായമാകുമ്പോഴും
ഉള്ളിലെകന്യകയെവരുണനും അഗ്നിയ്ക്കു
മായി സമര്‍പ്പിക്കാന്‍മോഹം.

വരുണന്റെയും അഗ്നിയുടെയും കുട്ടികളെ
പെറ്റുവളര്‍ത്താന്‍ ,
പെണ്ണിന്റെ ഉള്ളില്‍ ഈപ്രകൃതിദൈവങ്ങളുടെ
ബീജമുണ്ട്.

പ്രണയമഴ
ചിതറിയ മഴപോലെ ചിന്തകള്‍
പൊഴിഞ്ഞ മഴപോലെ പ്രണയം
കര്‍ക്കിടകമഴപോലെ കദനം
തുലാമഴപോലെ കാമം.
നിലാമഴപോലെ നിഴലുകള്‍
ഇരുള്‍മഴപോലെ അഴലുകള്‍
പകല്‍ മഴപോലെ അറിവുകള്‍
രാത്രിമഴപോലെ നിറവുകള്‍.

തോരാത്ത മഴപോലെ ദുഃഖം
കുളിര്‍മഴപോലെ മോഹം
മഞ്ഞുമഴപോലെ സ്വപ്നം
വേനല്‍ മഴപോലെ സത്യം.

എവിടെയും മഴ!
കരയിലുംകടലിലും,
മണ്ണിലുംമനസ്സിലും,
ജനനത്തിലുംമരണത്തിലും,
സ്നേഹത്തിലുംവെറുപ്പിലും,
ജീവനിലുംജീവിതത്തിലും,
സത്യമായുംമിഥ്യയായും മഴ!

എങ്കിലും മഴയേ;
നിന്നെ ഞാന്‍ പ്രണയിക്കുന്നു.
തീവ്രമായീ........!