Showing posts with label mathew nellickunnu. Show all posts
Showing posts with label mathew nellickunnu. Show all posts

Saturday, September 26, 2009

മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...-ഷൈന്‍






shine

യാത്ര -1
മഞ്ജനകരൈയിലെ തണുത്ത രാവുകളിൽ ഒന്നിച്ചിരുന്ന സം സാരിച്ച കുറെ സുഹ്രുത്തുക്കളെ ഇന്നു FaceBook വഴി കണ്ടുമുട്ടാൻ പറ്റി.
എന്റെ ജീവിതത്തിലെ ഏറ്റവും സ്വഛ്ചവും,
സ്വതന്ത്രവുമായ ദിവസങ്ങൾ..


ഊട്ടിയിൽ നിന്നും ഒരു 10 minute നീലഗിരി റെയിൽ പാതയിലൂടെ നടന്നാൽ എത്തിച്ചേരുന്ന തേയിലതോട്ടങ്ങൾക്കിടയിലുള്ള ഗ്രാമമാണു മഞ്ജനകരൈ. അവിടെ Fernhill ൽ ആയിരുന്നു ഞാനും സുഹ്രുത്തുക്കളും കഴിഞ്ഞിരുന്നതു.

Libraryൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നതു. എന്നെ അവിടെ താമസിപ്പിച്ചതു Computer അവിടെ ആയിരുന്നതു കൊണ്ടാണു. പക്ഷെ പുസ്തകങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്കു Fantacy പോലെ സ്വപ്നതുല്യമായ ഒരനുഭവം ആയിരുന്നു അത്‌. മഹാന്മാരുടെ ചിത്രങ്ങൾ തൂക്കിയ മുറിയിൽ, അവരെഴുതിയ പുസ്തകങ്ങൾ നിറഞ്ഞ അലമാരകൾക്കിടയിൽ കിടന്നു ഉറക്കത്തിലേക്കു ശരിക്കും നടന്നു കയറുക ആയിരുന്നു. ജീവിതവും, വിധിയും തമ്മിലുള്ള സംവാദങ്ങളും, മനോഹരമായ ചിത്രങ്ങളും നിറഞ്ഞ സ്വപ്നങ്ങൾ.

പുലർകാലങ്ങളിൽ നന്നെ തണുപ്പായിരിക്കും. എന്നാലും ഞാൻ രാവിലെ അഞ്ചര- ആറ്‌ ആവുമ്പോൾ തന്നെ എഴുന്നേറ്റു കുളിക്കുമായിരുന്നു. ഞാൻ എഴുന്നേൽക്കുന്നതിനു മുൻപു തന്നെ, മറ്റൊരു സുഹ്രുത്ത്‌ എഴുന്നേറ്റ്‌ എല്ലാവർക്കും കുളിക്കാനുള്ള വെള്ളം ചൂടാക്കും. കുളിച്ചിട്ടു ഞാൻ തിരികെ Libraryയിൽ പോയി, കിഴക്കോടുള്ള വലിയ ജനാലയുടെ അടുത്ത്‌ ഒരു കസേര വലിചിട്ടു അവിടെ ഇരിക്കും. ചിലപ്പോൾ Art Sectionൽ നിന്നും ഏതെങ്കിലും Paintingsന്റെ Print ഉള്ള പുസ്തകം എടുത്തു തുറന്നു വെചു അതും നോക്കിയിരിക്കും.


കുറച്ചു കഴിഞ്ഞാൽ പുകപോലെ മഞ്ഞുമൂടിയ മലഞ്ചെരിവിനും, അതിനുമപ്പുറത്തുള്ള മലയോരങ്ങൾക്കും അപ്പുറത്തു കിഴക്കു വെള്ള കീറുന്നതു കാണാം.. തേയില തോട്ടങ്ങൾക്കപ്പുറമുള്ള മലഞ്ചെരിവിലെ നടപ്പാത തെളിഞ്ഞു വരും.. എങ്ങുനിന്നോ വരുന്ന അ വഴി അവസാനിക്കുന്നതു ഞങ്ങളുടെ മലഞ്ചെരിവ്‌ അവസാനിക്കുന്നിടത്താണു. അവിടെ ഒരു രണ്ടു നില വീടുണ്ട്‌. പുലർകാലങ്ങളിൽ അവിടെ നിന്നും ഒരു jeep ആ വഴിയെ പോകുന്നതു കാണാം. ആ വീടിന്റെ ചിമ്മിനിയിൽ കൂറ്റി വെള്ള പുക വന്നു, മഞ്ഞുപോലെ പരക്കാൻ തുടങ്ങുമ്പോൾ ഞാൻ പതുക്കെ Library പൂട്ടി പുറത്തിറങ്ങും..

Libraryയുടെ തെക്കു വശത്തു അന്നു ഞങ്ങൾ Cabbageഉം, ഉരുളക്കിഴങ്ങും ക്രുഷി ചെയ്യുന്നുണ്ടായിരുന്നു. രാത്രിയിൽ ആരെങ്കിലും Compound Gate അടക്കാൻ മറന്നു പോയാൽ അലഞ്ഞു നടക്കുന്ന കുതിരകൾ കയറി മുഴുവൻ ചവിട്ടി നാശമാകുമായിരുന്നു. Gate അടച്ചാൽ തന്നെയും, ഞങ്ങളുടെ ക്രുഷിയിടതിനു തെക്കു വശത്തുള്ള പൊളിഞ്ഞ വേലിക്കിടയിലൂടെ ചിലപ്പോൾ കുതിരകൾ കയറാറുണ്ട്‌. രാവിലെ തന്നെ അതു പോയി നോക്കി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തമ്പാൻ അണ്ണനോടു പറയണം.





അവിടെ കുറെ നേരം നിന്നു, Cabbageഉം Cauliflowerഉം ഒക്കെ മുളച്ചു വരുന്നതു നോക്കിയിരിക്കും. അവിടെ അങ്ങനെ ഇരിക്കുമ്പോൾ, Australia യിൽ നിന്നും വന്ന എമ്മ അവളുടെ മുറിയിൽ നിന്നും ഇറങ്ങി വരും. ഞാൻ തോട്ടത്തിൽ നിൽക്കുന്നതു അവളുടെ മുറിയിൽ നിന്നും കാണാം. അവൾ അധികം ആരോടും സം സാരിക്കാറില്ല. ഞാൻ അന്നു ഗുരുകുലത്തിലെ "പയ്യൻ" ആയതുകൊണ്ടാവണം എന്നോടു ഒരു ചേച്ചി മട്ടു കാണിക്കും. അവൾ വന്നാൽ ഞങ്ങൾ താഴെ അടുക്കളയിൽ ചായ കുടിക്കാൻ പോവും. ഞങ്ങൾ ചെല്ലുമ്പോൾ മിക്കവാറും, ഷൗക്കത്തും,സുധിയേട്ടനും, പ്രമോദേട്ടനു, തമ്പാൻ ഡോക്ടറും കാണും. ചിലപ്പോൾ ആരെങ്കിലും guest കൾ ഉണ്ടെങ്കിൽ അവരും മൗനമായിരുന്നു ചായ കുടിക്കുന്നതു കാണാം. ഷൗക്കത്തും,സുധിയേട്ടനു കൂടി രാവിലെ തന്നെ തമാശകൾ പറയാൻ തുടങ്ങും. അതു കേട്ടു ഒരു മൗനസ്മിതത്തോടെ പ്രമോദ്‌ ചേട്ടൻ പതിവു പോലെ സൗമ്യനായി നിന്നു കറിവെക്കനുള്ളതു മുറിക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലികളൊ ചെയ്തു കൊണ്ടിരിക്കും. തമ്പാൻ ഡോക്ടർ രാവിലത്തെ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാവും. അതിനിടക്കു ഷൗക്കത്തേട്ടൻ എഴുന്നേറ്റു പോവും. ഷൗക്കത്തേട്ടൻ ചെന്നിട്ടേ ജോസെഫേട്ടൻ ചായ കുടിക്കാൻ വരു.

ചായ കുടിച്ചിട്ടു ഞാൻ കാലികളുടെ അടുത്തേക്കു പോവും. എമ്മക്കു പെയ്ന്റ്‌ ചെയ്യാനോ, എഴുതാനോ ഉള്ള മൂടിൽ അല്ലെങ്കിൽ അവളും വരും. അപ്പോഴേക്കും തഴെ നിന്നും ശങ്കരൻ വന്നു പശുക്കളെ കറന്നു കഴിയും. ശങ്കരൻ പറന്നാണു ജോലികൾ ചെയ്യുക..

ഞാൻ പശുക്കളുടെ അടുത്തു നിൽക്കുമ്പോൾ ജോസഫേട്ടൻ, ഒരു ഷാളും ചുറ്റി രണ്ടു കൈകൊണ്ടും ചായ ഗ്ലാസ്സ്‌ പിടിച്ചുകൊണ്ടു വന്നു എന്നോടു സം സാരിക്കാൻ തുടങ്ങും. കൂടുതലും സം സാരിക്കുന്നതു ജീവിതത്തെപ്പറ്റിയും. അതു എങ്ങനെ അർത്ഥപൂർണ്ണമാക്കാം എന്നും ഒക്കെ ആയിരിക്കും. ജോസെഫേട്ടൻ വൈദിക പഠനം ഇടക്കു നിർത്തിപ്പോന്ന ആളാണു. അതുകൊണ്ടാണു എപ്പോഴും active ആയ ജീവിതത്തെക്കുറിച്ചു സം സാരിക്കുന്നതെന്നു മോഹനൻ ചേട്ടൻ പറയും. മോഹനൻ ചേട്ടൻ വളരെ താമസിച്ചേ എഴുന്നേൽക്കാറുള്ളു.

മോഹനൻ ചേട്ടനെ കാണുമ്പോൾ, നടൻ ശ്രീനിവാസൻ അഭിനയിച്ച ചില കഥാപാത്രങ്ങളെ ഓർമ വരും. English സാഹിത്യം അരച്ചു കലക്കി കുടിച്ച ഒരാളാണു. ഊണിലും, ഉറക്കത്തിലും tolstoy യെക്കുറിച്ചു ചിന്തിച്ചും, സം സാരിച്ചും ജീവിക്കും. "അനിയാ" എന്നു വിളിച്ചു കൊണ്ടു അദ്ദേഹം സം സാരിച്ചു തുടങ്ങുന്നതു പലപ്പോഴും മനുഷ്യന്റെ സാമൂഹിക പ്രശ്നങ്ങളെക്കുറിചായിരിക്കും; സം സാരം അവസാനിക്കുന്നതു ഒരു "വിപ്ലവ ആഹ്വാനം" പോലെയും. പക്ഷെ അതിനുവേണ്ടി കാര്യമായി ഒന്നും ചെയ്യില്ലെന്നു മാത്രം!

ഏഴര ആകുമ്പോഴേക്കും ഞാൻ ഒന്നു കൂടി കയ്യും കാലും കഴുകാൻ dormitory ടെ അടുത്തുള്ള കുളിമുറിയിലേക്കു പോവും. അപ്പോഴും പ്രസാദേട്ടന്റെ മുറിയിൽ നിന്നും സംഗീതം സാധകം ചെയ്യുന്ന നല്ല ഇമ്പമുള്ള ശബ്ദം കേൾക്കാം. കയ്യും, കാലും കഴുകി താഴെ പ്രെയർ റൂമിൽ ചെന്നു ഇരിക്കും. 8 മണി ആവുമ്പോൾ ഞാൻ മണി അടിക്കും.

ഒരോരുത്തരായി പ്രെയർ റൂമിൽ വന്നിരിക്കും. ജോസെഫേട്ടനും, ഷൗക്കത്തിനുമൊപ്പം ഗുരു വന്നിരിക്കും. എല്ലാവരും കണ്ണുകളടച്ചു ധ്യാനത്തിലമരും. പരമമായ ആ ശാന്തതയിൽ ഞാൻ മാത്രം ഓരോരുത്തരുടെയും മുഖത്തു മാറി മാറി നോക്കിയിരിക്കും. ഞങ്ങൾ എല്ലാവരും എങ്ങനെ ഇവിടെ എത്തിയെന്നും മറ്റും ആലോചിച്ചിരിക്കും. പിന്നെ നിറഞ്ഞു കത്തുന്ന വിളക്കിലേക്കു നോക്കിയിരുന്നിട്ട്‌ ആ വെളിച്ചം ഉള്ളിലേക്കെടുക്കുന്ന പോലെ കണ്ണുകൾ അടക്കും..

യാത്ര- 2

പുലർകാലത്തെ ആ പ്രാർത്ഥനയിലാണു എല്ല സുഹ്രുത്തുക്കളും ഒത്തുചേരുക. എല്ലാവരും താഴെ പായ വിരിച്ചോ, കുഷ്യനുകളിട്ടോ (ഊട്ടിയിലെ തണുപ്പിൽ Tile ഇട്ട തറയിൽ പായ വിരിച്ചലും തണുപ്പരിച്ചു കയറും. പ്രായമുള്ളവർക്ക്‌ കുഷ്യനുകളില്ലാതെ ഇരിക്കാനാവില്ല.) ഇരിക്കും. ഏതാണ്ട്‌ അരമണിക്കൂറോളം ധ്യാനത്തിലമർന്നുള്ള ആ ഇരിപ്പു, അന്നൊരു പയ്യനായിരുന്ന എനിക്കു ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. പിന്നെ എല്ലാവരും അങ്ങനെ ഇരിക്കുമ്പോൾ ഞാനും ഇരിക്കുമായിരുന്നു എന്നു മാത്രം- പ്രത്യേകിച്ചും തമ്പാൻ ഡോക്ടർ ഒരു ഹെഡ്മാഷെപ്പോലെ നോക്കുമ്പോൾ!

ധ്യാനത്തിന്റെ ശാന്തവും, സുന്ദരവുമായ അവസ്ഥകളിലേക്കു ഞാൻ എത്തിപ്പെടുന്നതു പിന്നെയും കുറെ നാളുകൾക്കു ശേഷമാണു. ഞാൻ ഗുരുകുലത്തിൽ ചെന്നു പെട്ടതു, സാധാരണ അവിടെയുള്ളവർ എത്തിപ്പെട്ടതു പോലെ philosophical ആയ അറിവു നേടുക എന്ന ഉദ്ദേശ്യത്തിലായിരുന്നില്ല. പഠനം കഴിഞ്ഞു ചെറിയ വരുമാന മാർഗ്ഗവുമായി ജീവിക്കുമ്പോൾ എനിക്കു തോന്നി, ഞാൻ കണ്ടതിനും, അറിഞ്ഞതിനും അപ്പുറത്തേക്കുള്ള ഒരു ഒരു ജീവിതത്തിലേക്കു കടക്കണമെന്നു- ആത്മീയ ജീവിതതിലേക്കു എന്നു ഞാൻ പറയില്ല, പക്ഷെ കൂടുതൽ കരുത്തും ധൈര്യവും നേടി കുറച്ചു കൂടി അർത്ഥപൂർണ്ണമായ ഒരു ജീവിതം വേണമെന്നു തോന്നിത്തുടങ്ങിയിരുന്നു. എന്നെ സ്നേഹിക്കുന്നവരോടുള്ള കടമകൾ ചെയ്തു തീർക്കുകയും, കുറെയാളുകൾക്കു ജീവിക്കാൻ സഹായം ചെയ്തുകൊടുക്കുകയും ഒക്കെ ആയിരുന്നു എന്റെ സ്വപ്നം.

മതവിശ്വാസങ്ങളെക്കുറിച്ചും, തത്വചിന്തയ്യെകുറിച്കുമൊക്കെ എനിക്കെന്നും എന്റേതായ ഒരു കഴ്ചപ്പാടുണ്ടായിരുന്നു. വിദ്യാഭാസപരമായി നല്ല ഉന്നതി നേടിയവരും, പുരോഗമനപരമായി ചിന്തിക്കുന്നവരും ഉള്ള ഒരു അന്തരീക്ഷത്തിലായിരുന്നു ഞാൻ വളന്നത്‌ എന്നതു കൊണ്ടും, വായനയോടുള്ള അതിയായ താൽപര്യ്ം കൊണ്ടുമാവാം അങ്ങനെ വന്നത്‌. എന്തായാലും, എന്റെ സുഹ്രുത്തുക്കളുടെ അടുത്ത്‌ എത്തിപ്പെട്ടതിൽ ഇതിലൊന്നിനും വല്യ പങ്കില്ലായിരുന്നു; എന്നു മുഴുവനും പറഞ്ഞുകൂടാ- ഞാൻ ഗുരു നിത്യയുടെ ചുരുക്കം ചില പുസ്തകങ്ങൾ വായിച്ചിരുന്നു. മതത്തിന്റെ ചട്ടകൂടുകൾക്കുള്ളിൽ നിന്നും മാറി നിന്നു ചിന്തിക്കുന്ന, സാധാരണക്കരന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണു ഞാൻ അദ്ദേഹത്തെക്കണ്ടതു. മതവിശ്വാസങ്ങളെ ലാഖവത്തോടെ കണ്ടിരുന്ന എന്നെ അദ്ധേഹം ഹ്രുദയപൂർവ്വം സ്വാഗതം ചെയ്തു! കായബലം കൊണ്ടു ആൾക്കൂട്ടത്തെ നിയന്ത്രിക്കൻ കഴിയാത്തവൻ കണ്ടുപിടിച്ച ശക്തിയുള്ള ഒരു ആശയമാണു മതം എന്നാണു എന്നും ഞാൻ വിശ്വസിക്കുന്നതു.

ഗുരുകുലത്തിൽ എത്തുന്നതു മുൻപ്‌ ഞാൻ ചില NGO കളുമായി സഹകരിച്ചിരുന്നു. അതുപോലെ ചില കലാ പ്രവർത്തനങ്ങളോടും. പക്ഷെ ഉത്കൃഷ്ടമായ ആശയങ്ങളുടെ മറവിൽ, സാമൂഹികമ ചിട്ടവട്ടങ്ങളോടു കലഹിച്ച്‌ സ്വാതന്തൃയം പ്രഖ്യാപിക്കാൻ കൊതിച്ചു, വീടും, നാടും വിട്ടു വന്ന ചെറുപ്പക്കാരായിരുന്നു അവിടെ കൂടുതലും. എന്തു സ്വാതന്ത്ര്യത്തിന്റെ പേരിലായാലും, സ്വന്തം ഇഷടങ്ങളുടെ സാഫല്യത്തെക്കുറിച്ചു മാത്രം ചിന്തിച്ചു, വളർത്തി വലുതാക്കിയവരെ കണ്ണീർ കുടിപ്പിച്ചു നേടുന്ന സ്വാതന്തൃയത്തിനു ഒരു മഹത്വവും കാണാൻ എനിക്കു കഴിഞ്ഞിരുന്നില്ല. അനുസരണയിലൂടെയും, സഹനത്തിലൂടെയും കടന്നുപോയി, തെളിഞ്ഞ ബുദ്ധിയോടെ സ്വതന്തൃയ്ത്തിൽ എത്തിചേരാം എന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷെ അതിനു മനസ്സിനു നല്ല ബലം വേണം. എനിക്കു ആ ബലം കിട്ടിയതു ഗുരുകുലത്തിൽ വെച്ചു ആദ്യം വായിച്ച പുസ്തകത്തിൽ നിന്നാണു -"മിലരേപ".

പുലർകാലങ്ങളിലെ ധ്യാനത്തിനു ശേഷം, ഗുരു രണ്ടു മണിക്കൂറോളം നീളുന്ന class എടുക്കും. ചുട്ടുമിരിക്കുന്നവർ അതു എഴുതിയെടുക്കും.. ഞാൻ മിക്കപ്പോഴും എഴുതാറില്ലായിരുന്നു. ഒരിക്കൽ ജോസെഫേട്ടൻ എന്നോടും എഴുതാൻ പറഞ്ഞപ്പോൾ ഞാൻ വെറുതെ ചിരിച്ചുകൊണ്ടു കണ്ണടച്ചു കാണിച്ചു. പക്ഷെ കാണേണ്ട ആൾ അതു കണ്ടു! അതിനു ശേഷം, ഗുരുവിന്റെ ക്ലാസുകളുടെ manuscript, computerൽ ടൈപ്പ്‌ ചെയ്തു print എടുത്ത്‌ അടുത്ത ദിവസം ഗുരുവിനെ ഏൽപ്പിക്കണമായിരുന്നു. മിക്കപ്പോഴും, ഗുരു എഴുതുന്ന പുസ്തകങ്ങളായിരിക്കും..അക്കാലത്തു ബൃഹദാരണ്യകോപനിഷദ്‌ ആയിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നതു. അതിലെ ഉപമകളും, വ്യഖ്യാനങ്ങളും ഗുരു modern scienceഉമായി ബന്ധപ്പെടുത്തി പറയുന്നതു കൊണ്ട്‌ അറിയാതെ എന്റെ മനസ്സിലെ ജിജ്ഞാസ ഉണർത്തി. പിന്നെ, പിന്നെ രാത്രികളിൽ ഉറക്കമിളച്ചിരുന്നു വായിക്കാൻ തുടങ്ങി. ഉപനിഷദുക്കളും, psychologyഉം, physicsഉം എല്ലാം ഞാൻ പുതിയ ഒരു ബോധത്തോടെ കാണാൻ തുടങ്ങി.

കൂടുതൽ വായിക്കുന്തോറും, artഉം, musicഉം, scienceഉം, politicsഉം എല്ലാം തുടങ്ങുന്നതു psychologയിൽ നിന്നാണെന്നു തോന്നിപ്പോയി...അക്കാലത്തു Science and psyche എന്നൊരു പുസ്തകം വായിച്ചതോർക്കുന്നു. പക്ഷെ സങ്കീണ്ണമായ ചില പ്രശ്നങ്ങളുടെ മുൻപിൽ psychology, parapsychologyയിൽ എത്ത്കയും, physics, metaphysics ൽ എത്തുകയും ചെയ്യുന്നതു കണ്ടപ്പോൾ വീണ്ടും ആ പഴയ പ്രശ്നം എന്റെ മനസ്സിൽ വന്നു. "യഥാർത്തത്തിൽ ദൈവം ഉണ്ടോ?". ഒരു ദിവസം രാവിലെ ഗുരു painting ചെയ്തുകൊണ്ടിരിക്കുമ്പോൾ ചോദിച്ചു. ഒരു മറുപടിയും വരാഞ്ഞതു കൊണ്ട്‌, കേട്ടുകാണില്ല എന്നു കരുതി ഒന്നു കൂടി ചോദിച്ചു..പക്ഷെ മറുപടി കിട്ടിയില്ല. പക്ഷെ കുറെ നാളുകൾക്കു ശേഷം ഗുരു അതിനു മറുപടിയായി ഒരു പുസ്തകം എഴുതി. പക്ഷെ ഞാൻ ഇതു വരെ അതു വായിച്ചിട്ടില്ല!

എന്തോ ആ ചോദ്യത്തിനുത്തരം എന്റെ ഉള്ളിൽ നിന്നു വന്നതു ഞാൻ സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഉത്തരം വളരെ ലളിതം- ഒരു പൂവു കാണുമ്പോൾ അതിന്റെ ഭങ്ങി കണ്ടും, മണതും ആസ്വദിക്കുക. ആ പൂവു നുള്ളിക്കളഞ്ഞു നശിപ്പിക്കാതിരിക്കുക. ആരു ശ്രുഷ്ടിച്ചു എന്നോർത്തു വ്യാകുലപ്പെടാതിരിക്കുക. കാരണം, എനിക്കളക്കാൻ കഴിയുന്ന പരിമാണങ്ങൾക്കെല്ലാം അപ്പുറം ഉള്ള ഒന്നിനേ ഇത്ര മനോഹരമായ സ്രുഷ്ടി നടത്താനാവൂ..

എനിക്കുറപ്പായിരുന്നു, മഞ്ജനകരയിലെ തേയിലത്തോട്ടങ്ങൾക്കിടയിൽ ഞാൻ എത്തിപ്പെട്ടതു ഒരു യാദ്രുശ്ചികത അല്ല. പുലർകാലങ്ങളിൽ മഞ്ഞിൻ കണങ്ങൾ നിറഞ്ഞ പുൽമേട്ടിലൂടെ നടക്കുമ്പോൾ, എനീക്കറിയാമായിരുന്നു..എത്രയോ യുഗങ്ങൾ നീളുന്ന കാലത്തിന്റെ കണ്ണിയിൽ, ഞാൻ ഈ സ്ഥലത്തു എത്തിപ്പെടാൻ ഉള്ള നിയോഗം ഉണ്ടെന്നു. ഞാൻ ആയിടെക്കു "മൗനമന്ദഹാസം" എന്ന പേരിൽ ഗുരു തർജമ ചെയ്ത "Zen Flesh and Zen Bones" എന്ന ചെറു പുസ്തകം വായിക്കാൻ ഇടയായി. അതുവായിച്ചു കഴിഞ്ഞു ഞാൻ Libraryൽ ഒരു പകൽ മുഴുവനും ധ്യാനതിൽ ഇരുന്നു, അല്ല ഇരുന്നു പോയി! ആ പുസ്തകത്തിനു ഒരു മനുഷ്യനെ Hipnotise ചെയ്യണുള്ള ശേഷി ഒന്നുമില്ല.. പക്ഷെ ധ്യാനം എന്റെ ഉള്ളിൽ സ്വയം ഉണ്ടായതു അന്നാണു. മൗനത്തിന്റെ ആഴം ഞാൻ അറിഞ്ഞു.

യാത്ര -3


കഴിഞ്ഞ കുറിപ്പിൽ മഞ്ജനകരയിലെ എന്റെ ജീവിതത്തേക്കാൾ, എന്റെ ചിന്തകളെപ്പറ്റിയാണു കൂടുതലും എഴുതിയത്‌. ഈ post കൾ തുടർന്നു വായിക്കുമ്പോൾ എന്റേതായ നിരീക്ഷണങ്ങൾ കുറേ വന്നേക്കം. എല്ലാ നിരീക്ഷണങ്ങളും, വ്യഖ്യാനങ്ങളും അതു പറയുന്ന ആളുടെ ചിന്തകളുടെയും, സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ? അതുകൊണ്ടു മാത്രമാണു അത്രയും എഴുതിയതു- എന്നെക്കുറിച്ചു നിങ്ങൾക്കു ഒരു സങ്കൽപം ഉണ്ടാവാൻ വേണ്ടി മാത്രം.

ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത, വളരെ സാധാരണക്കാരനായ ഒരു മനുഷ്യൻ മാത്രമാണു ഞാൻ. 10-12 വർഷം മുൻപ്‌, പഠനം കഴിഞ്ഞു, അധികമാരുടെയും സഹായമില്ലാതെ ജീവിതം കെട്ടിപ്പടുക്കേണ്ടുന്ന ചുമതലയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനുണ്ടാവാൻ സാധ്യതയുള്ള എല്ല വിഹല്വതകളും ഉള്ള ഒരാൾ. പക്ഷെ ഇപ്പോൾ, ഇടക്കു മനപൂർവ്വം വിധിക്കു വിട്ടു കൊടുത്തു കൊണ്ടു, ജീവിത്തെ വളരെ ലാഘവത്തോടെയും, നിർഭയത്തോടെയും കാണാൻ കഴിയുന്നെങ്കിൽ അതിനു കാരണം എന്റെ നിസ്സാരത സ്വയം മനസ്സിലാക്കുന്നതു കൊണ്ടു മാത്രമാണു. പക്ഷെ, എല്ലാം വിധിപോലെ നടക്കും എന്നു കരുതി നിഷ്ക്രിയനായി ഞാൻ ഇരിക്കുന്നില്ല. ചെയ്യാനുള്ള കടമകളും, കർത്തവ്യങ്ങളും ചെയ്യുന്നു. ചിലപ്പോൾ ഒക്കെ മടുപ്പു തോന്നാറുണ്ട്‌, എന്നാലും പിൻ തിരിയില്ല. ആ സ്തൈര്യം എനിക്കുണ്ടായത്‌, മഞ്ജനകരയിലെ കുന്നിഞ്ചെരുവുകളീടെ, ഏറെ ദൂരം മനസ്സിലൊന്നുമില്ലാതെ വെറുതെ നടന്നപ്പോൾ ആയിരിക്കണം.

പ്രഭാതങ്ങളിലുള്ള ഗുരുവിന്റെ class നടക്കുമ്പോൾ, ഒരു 11 മണിയോടടുപ്പിച്ച്‌, Fernhill ലെ postman അന്നത്തെ തപാലുമായി വരും. ലോകത്തിന്റെ പല കോണിൽ നിന്നും ആൾക്കാർ അയക്കുന്ന കത്തുകൾ, പുസ്തകങ്ങൾ ഒക്കെ കാണും. ചിലപ്പോൾ money orderകളും. അതെല്ലാം ഏൽപ്പിച്ചു കഴിഞ്ഞാൽ, postman, അടുക്കളയിൽ പോയി ഭക്ഷണം സ്വയം എടുത്തു കഴിച്ചിട്ടു പോകും. എന്തെങ്കിലും കാറണവശാൽ, postman വന്നില്ലെങ്കിൽ, class കഴിഞ്ഞു ഞാനും, മോഹനൻ ചേട്ടനോ, അല്ലെങ്കിൽ പ്രമോദ്‌ ചേട്ടനും കൂടി, മഞ്ജനകരൈയിൽ നിന്നും താഴൊട്ടു നടന്നു post officeലേക്കു പോവും.. വന്നാലും class കഴിയുമ്പോൾ ഞങ്ങൾ പുറത്തേക്കു നടക്കാൻ പോവും. അങ്ങനെ നടക്കുമ്പോൾ പ്രമോദ്‌ ചേട്ടനാണു കൂടെയുള്ളതെങ്കിൽ വൈകിട്ടു marketൽ പോകുമ്പോൾ അടുക്കളയിലേക്കു വാങ്ങേണ്ടുന്ന സാധനങ്ങളെക്കുറിച്ചു പറയും, മോഹനൻ ചേട്ടനാണെങ്കിൽ "Crime and Punishment" പോലെയുള്ള ഏതെങ്കിലും പുസ്തകങ്ങളെക്കുറിച്ചു പറയുകയും, മനുഷ്യന്റെ sex നോടുള്ള അമിത താൽപര്യത്തിൽനിന്നുമാണു എല്ലാ crime ഉം ഉണ്ടാകുന്നത്‌ എന്നും മറ്റും പറഞ്ഞു കൊണ്ടിരിക്കും. മോഹനൻ ചേട്ടൻ ഒരേ സമയം philosophy ഇഷ്ടപ്പെടുകയും, പക്ഷെ അതു മനുഷ്യന്റെ ജീവിതത്തിൽ apply ചെയ്യാൻ വേണ്ടി പറയുന്നത്‌ ഫലിക്കില്ല എന്നും വിശ്യസിച്ചിരുന്ന ഒരാളായിട്ടാണു എനിക്കു തോന്നിയിരുന്നതു. സ്വന്തം അഭിപ്രായങ്ങൾ വലിയ ശബ്ദത്തിൽ വിളിച്ചു പറഞ്ഞ്‌, അതു ശരിയാണെന്നു സ്ഥാപിക്കാൻ ആവേശതോടെ സം സാരിക്കുന്ന ഒരാൾ. എനിക്കിഷ്ടമായിരുന്നു, മോഹനൻ ചേട്ടനെ.. ജീവിതത്തിലെ സാധാരണ പ്രശ്നങ്ങൾ ശരിക്കും നേരിടേണ്ടി വന്ന ഒരു tutorial അധ്യാപകൻ അങ്ങനെയൊക്കയേ സം സാരിക്കു എന്നാണു എനിക്കു തോന്നുന്നത്‌.

post officeൽ പോയി കത്തുകൾ ഉണ്ടോ എന്നന്വേഷിച്ചു അതുമായി ഞങ്ങൾ പിന്നെയും മുന്നോട്ടു നടക്കും. post officeന്റെ തൊട്ടപ്പുറതുകൂടി റെയിൽപാത കടന്നു പോകുന്ന ഒരു ചെറിയ തുരങ്കമുണ്ട്‌. അതിലൂടെ നടക്കാൻ എനിക്കൊരു പ്രത്യേക ഇഷ്ടമായിരുന്നു. തുരങ്കം കഴിഞ്ഞു ഒരു തിരിവു കഴിഞ്ഞാൽ ഊട്ടി തടാകം ആണു. റെയിൽ പാത കടന്നു പോകുന്ന തടാകത്തിന്റെ വശത്തു പൊതുവെ സന്ദർശകർ കുറവായിരിക്കും. അലഞ്ഞു നടക്കുന്ന കുതിരകളോ, കഴുതകളോ അല്ലെങ്കിൽ കുടിച്ചു ബോധം കെട്ടുറങ്ങുന്ന ചിലരോ മാത്രം കാണും അവിടെ.. തടാകം കല്ലു കെട്ടി തിരിച്ചിട്ടുണ്ട്‌. അവിടെ തടാകത്തിലേക്കു ചെരിഞ്ഞിറങ്ങുന്ന പുൽത്തകിടിയിൽ ഞങ്ങൾ ഇരിക്കും..,. . കുറേ നേരം ഒന്നും മിണ്ടാതെ.. കാറ്റാടി മരങ്ങളും, മഞ്ഞ നിറത്തിലുള്ള പൂക്കളും നിറഞ്ഞ അവിടെ ഇരിക്കുമ്പോൾ ചില English Cinemaകളിൽ കാണിക്കാറുള്ള Scotlandലെ തടാക തീരങ്ങൾ ഓർമ്മ വരും..

യാത്ര -4
തടാകത്തിലേക്കു ചെരിഞ്ഞിറങ്ങുന്ന പുൽത്തകിടിയിൽ ഇരിക്കുമ്പോൾ മനസ്സു മിക്കപ്പോഴും ശൂന്യമായിരിക്കും. ഇരിക്കുന്നതിനടുത്ത്‌ ആരെങ്കിലും കള്ളു കുടിച്ചു കിടക്കുന്നുണ്ടെങ്കിൽ ചിലപ്പോൾ മനസ്സിൽ അവരെക്കുറിച്ചും, ജീവിതത്തെക്കുറിച്ച്‌ അവരുടെ ചിന്തകൾ എന്തായിരിക്കും എന്നൊക്കെ ആലോചിക്കും. പിന്നെ തടാകത്തിന്റെ അങ്ങേക്കരയിൽ കൂട്ടം കൂടി നിൽക്കുന്ന സഞ്ചാരികളെ നോക്കിയിരിക്കും. അക്കൂട്ടത്തിൽ സുന്ദരികളായ പെൺകുട്ടികളെക്കാണുമ്പോൾ ഉള്ളിൽ ഒരു ഊഷ്മളത തോന്നും...ഒരു നല്ല കൂട്ടുകാരി വേണമെന്നു അന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌ - നിറുത്തതെ സം സാരിക്കുന്ന, എപ്പോഴും ചിരിക്കുന്ന ഒരു കൂട്ടുകാരി.. പക്ഷെ ഞാൻ ആ മോഹം എന്റെ സ്വപ്നങ്ങളിൽ തന്നെ അടക്കി. ഒരു തമാശക്കു എനിക്കാരേയും പ്രേമിക്കാൻ കഴിയില്ലായിരുന്നു. സ്നേഹിച്ചിട്ടു നഷ്ടപ്പെടുന്നതെനിക്കു താങ്ങാനാവില്ലാ എന്നാണു അന്നു ഞാൻ സ്വയം കരുതിയിരുന്നത്‌. പിന്നീടു വർഷങ്ങൾക്കു ശേഷം "ഒരേ കടൽ" എന്ന cinema കണ്ടപ്പോൾ എനിക്കു തോന്നി, മമ്മുട്ടി അവതരിപ്പിച്ച കഥാപാത്രവും അത്തരം ഒരു ഭയം കൊണ്ടുനടക്കുന്നുവേന്ന്. അതിൽ മമ്മുട്ടിയുടെ കഥാപാത്രം അത്തരം ബന്ധങ്ങളിൽ നിന്നും രക്ഷ നേടാൻ അരാജകത്വുത്തിന്റെ വഴി തിരഞ്ഞെടുത്തു; ഞാൻ സ്വയം ഒരു ഉൾവലിയൽ നടത്തി.

കുറേ നേരം അവിടെയിരുന്നിട്ടു ഞങ്ങൾ തിരിച്ചു വന്ന വഴിയെ നടക്കും.. ഗുരുകുലത്തിലേക്കു പോകേണ്ടുന്ന വഴിയെത്തുമ്പോൾ കൂടെയുള്ള്‌ ആൾ മിക്കവാറും ഗുരുകുലത്തിലേക്കു പോവും. ഞാൻ ഊട്ടി റെയിൽപാതയിലൂടെ കുറേക്കൂടി മുന്നോട്ടു നടക്കും..sterling Resortന്റെ പുറകിലുള്ള കുന്നിൻ ചരുവിലൂടെ കടന്നു പോകുന്ന റെയിൽപാതക്കു, അവിടെ തൊട്ടടുത്ത്‌ ഒരു stop ഉണ്ട്‌- പ്രസിദ്ധമായ ഊട്ടി Lovedale School ന്റെ അടുത്തുള്ള സ്റ്റോപ്‌.(lovedale തന്നെയാണോ എന്നിപ്പോൾ ഒരു സംശയം, അതൊ Lawrence സ്കൂളോ? മറവി കൂടി വരുന്നു.) അവിടെ, മിക്കവാറും വിജനമായ ആ station ന്റെ പരിസരത്തു കുറേ നേരം ഇരിക്കും. ചിലപ്പോൾ ഗുരുകുലത്തിൽ പൂക്കളുമായി വരുന്ന അണ്ണനെ അവിടെ വെച്ചു കാണാറുണ്ട്‌..നല്ല മണമുള്ള മുല്ലപ്പൂവുകൾ. കുറച്ചു നേരം അവിടെ ഇരുന്നിട്ടു school ന്റെ അടുത്തുകൂടി തിരിഞ്ഞു Fernhill ലേക്കു പോവുന്ന വഴിയെ നടക്കും. അതു വഴി പോയാൽ ഏറെ നേരം എടുക്കും ഗുരുകുലത്തിൽ എത്തിച്ചേരാൻ..

സ്കൂളിന്റെ അവിടെനിന്നും മഞ്ജനകരൈയിലേക്കെത്തുന്ന ആ വഴിയാണു ഊട്ടിയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വഴി. രണ്ടുവശത്തും, കൂറ്റൻ ഓക്കു മരങ്ങൾ നിറഞ്ഞ പ്രശാന്തമായ ആ വഴിയിലൂടെ നടക്കുക ഒരു അനുഭവം തന്നെയാണു. പൊതു വളരെ വിജനമായിരിക്കും ആ വഴി. ഒരു 10-15 minute നടന്നാൽ, വെള്ള നിറത്തിലും, ഒരു തരം നരച്ച പച്ച നിറത്തീലും അടുക്കിവെച്ചിരിക്കുന്ന പെട്ടികൾ പോലെ വീടുകൾ Fernhillഇന്റെ ചരുവികളിൽ കാണാം. അതു വഴി മുകളിലേക്കു കയറിയാൽ ഗുരുകുലത്തിന്റെ പുറകിലുള്ള തേയിലതോട്ടത്തിനടുതെത്താം. നടന്നു വന്ന വഴിയിൽ നിന്നും, ഗ്രാമങ്ങളിലേക്കു കയറുന്നതിനു മുൻപ്‌, ഒരു ചെറിയ നീർച്ചാലിനു കുറുകെ ഉള്ള പാലം കടന്നു വിശാലമായ ഒരു പുൽമേട്ടിലൂടെ കടന്നു പോവണം. 1-2 കിലോമീറ്റർ നീളത്തിൽ വലിച്ചു കെട്ടിയിരുക്കുന്ന അയയിൽ തുണികൾ ഉണങ്ങാൻ വിരിച്ചിട്ടിരിക്കുന്നതു കാണാം. പശുക്കളും, ചെമ്മരിയാടുകളും കൂട്ടമായി മേയുന്നതും കാണാം. തണുപ്പുകാലങ്ങളിൽ, മഞ്ഞിന്മറക്കപ്പുറത്തു കൂടി അതു കാണുന്നതു മനസ്സിനെ ഒരു തരം മായിക ലോകത്തെത്തിക്കുമായിരുന്നു.

ഗുരുകുലത്തിൽ വരുന്ന ആൾക്കാരിൽ എനിക്കടുപ്പം തോന്നുന്നവരെയും കൊണ്ടു ഞാൻ അതു വഴി നടക്കാറുണ്ട്‌. കുറേ ദൂരമുള്ളതുകൊണ്ട്‌, പലർക്കും മടി തോന്നുമായിരുന്നെങ്കിലും, എന്റെ സൗഹാർദ്ദപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി കൂടെ വരുമായിരുന്ന പലരും, പിന്നീടു കത്തയക്കുമ്പോൾ ആ വഴിയെക്കുറിച്ചും, അതു വഴി നടന്നതിനേക്കുറിച്ചും ഒരു തരം ഗ്രഹാതുരത്യത്തോടെ എഴുതാറുണ്ടായിരുന്നു.

ഒരിക്കൽ,ഉമേഷ്‌ എന്നൊരു ഗുരുകുല സുഹ്രുത്തും ഞാനും കൂടി വളരെ പുലർച്ചേ അതു വഴി നടന്നു. ന ല്ലൊരു, പുല്ലംകുഴൽ വായനക്കാരനായിരുന്നു അവൻ. കണ്ടാൽ ക്രുഷ്ണവർണമാർന്ന, അലസമായി വളർത്തിയ മുടിയുള്ള ഒരു സുന്ദരൻ. ആ പുലർച്ചേ, കിഴക്കു സൂര്യന്റെ സ്വൃണ്ണ വെളിച്ചം, മഞ്ഞിൻ പുകക്കുള്ളിലൂടെ ഒരു തിളക്കത്തോടെ വന്നു മുഖത്തു വീഴുമ്പോൾ അവൻ പ്രഭാതരാഗങ്ങളിലൊന്നിൽ ആ മുളം കുഴലൂതി. നിശ്ശബ്ദമായ ആ പുലരിയിൽ ഗന്ധർവ്വ ഗാനം പോലെ അതു മഞ്ജനകരൈ ഗ്രാമത്തെയും, എന്റെ ആത്മാവിനെയും തൊട്ടുണർത്തി. ആ രാഗം വായിച്ചു തീന്നപ്പോഴേക്കും എന്റെയും,അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. ആ നിമിഷം അവൻ എന്റെ ആജന്മസഹോദരനായി.

Friday, September 25, 2009

സംസാരിക്കുന്ന ഓക്കുമരം-സംസാരിക്കുന്ന ഓക്കുമരം









mathew nellickunnu
ഹാസ്യം
അതിരാവിലെ ഫോൺ ശബ്ദിക്കുന്നതു കേട്ടുകൊണ്ടാണ്‌ സാംസൺ ഉണർന്നത്‌. അങ്ങേത്തലയ്ക്കൽ തോമസ്സുകുട്ടിയാണ്‌ .എന്തെങ്കിലും പ്രാധാന്യമുള്ള വാർത്തകൾ ലഭിക്കുമ്പോൾ മാത്രമേ അയാൾ വിളിക്കാറുള്ളു. സാധാരണ രാത്രി ജോലികഴിഞ്ഞുവരുന്ന സാംസൺ ഈ സമയം നല്ല ഉറക്കത്തിലായിരിക്കും.
"എന്താണ്‌ തോമസ്സുകുട്ടി വിശേഷിച്ച്‌"
"ക്ഷമിക്കണം, ഒരു ദുഃഖവാർത്ത അറിയിക്കാനാണ്‌ വിളിച്ചതു."
"എന്താണു സംഭവം?"
"നമ്മളെല്ലാം അറിയുന്ന സൂസമ്മ രാത്രി മൂന്നുമണിയോടെ മരിച്ചു. തീരെ സുഖമില്ലാതെ അവരെ രണ്ടുമൂന്ന്‌ ദിവസംമുമ്പ്‌ ആശുപത്രിയിലാക്കിയിരുന്നു. അവിടെവച്ചായിരുന്നു അന്ത്യം".
കഴിഞ്ഞ രണ്ടു വർഷമായിട്ട്‌ പക്ഷവാതം പിടിപെട്ട്‌ ചികിത്സയിലായിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്‌. സാംസണ്‌ അവരുമായി കൂടുതൽ അടുപ്പമില്ല. തോമസ്സുകുട്ടിയുടെ നാട്ടുകാരിയാണ്‌ സൂസമ്മ.
"ഏതായാലും അടക്കത്തിന്റെ സമയം വിളിച്ചറിയിക്കണം". സാംസൺ പറഞ്ഞു.
പിറ്റേദിവസം തോമസ്സുകുട്ടി വിളിച്ച്‌ അടക്കത്തിന്റെ തീയതിയും സമയവും അറിയിച്ചപ്പോൾ ചടങ്ങിൽ ഒരുമിച്ച്‌ സംബന്ധിക്കാമെന്നുള്ള തീരുമാനമായി.
പിറ്റേദിവസം പതിനൊന്നുമണിക്കായിരുന്നു ശവസംസ്കാരം. വലിയൊരു ജനക്കൂട്ടം സംസ്കാരത്തിന്‌ വന്നെത്തിയിട്ടുണ്ട്‌. സ്വന്തക്കാരും, സുഹൃത്തുക്കളും മറ്റ്‌ പല സംസ്ഥാനങ്ങളിൽ നിന്നും എത്തിയിരുന്നു. സാംസൺ കുറച്ചുമാറി ഒരു ഓക്കുമരത്തിന്റെ തണൽപറ്റി ചടങ്ങുകൾ വീക്ഷിക്കുകയാണ്‌. തന്നിൽനിന്നും അകലെയല്ലാതെ ഓക്കുമരത്തെ ആശ്രയമായി പിടിച്ചുകരഞ്ഞുകൊണ്ട്‌ ഒരു സ്ത്രീ ഏകയായി നിൽക്കുന്നു.
സാംസണ്‌ ആ സ്ത്രീയുടെ ദുഃഖം കണ്ടപ്പോൾ സഹതാപംതോന്നി.
"അപരിചിതയായ സ്ത്രീ, നീ ഈ ഓക്കുമരത്തെ പിടിച്ചുകൊണ്ട്‌ എന്തിനാണ്‌ കണ്ണീർ പൊഴിക്കുന്നത്‌?"
"എനിക്കും കുടുംബത്തിനും വളരെ വേണ്ടപ്പെട്ടവളായിരുന്നു സൂസമ്മഅക്കച്ചി."
"അപ്പോള്‌ നിങ്ങളുടെ അക്കച്ചിയായിരുന്നോ സൂസമ്മ"
"അല്ല, ഞങ്ങൾ ബന്ധുക്കളായിരുന്നില്ല. പക്ഷെ ഒരു കുടുംബംപോലെയായിരുന്നു കഴിഞ്ഞുകൂടിയത്‌."
അകലെനിന്നും തോമസ്സുകുട്ടി വിളിക്കുന്നു.
"വാടേ, ഇത്രദൂരത്തില്‌ നിന്നാല്‌ ചടങ്ങുകള്‌ കാണുന്നതെങ്ങനെ?"
"ഞാൻ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മറ്റൊരാളെ കാണേണ്ടതിനാൽ വരട്ടെ. പിന്നെക്കാണാം."
സാംസൺ തോമസ്സുകുട്ടിയുടെ അടുത്തേക്കുനടന്നു. തോമസ്സുകുട്ടിയുടെ അടുത്തെത്തിയ സാംസന്റെ ശ്രദ്ധ ഓക്കുമരത്തിലേക്ക്‌ ഒരു നിമിഷം തിരിഞ്ഞു. ഓക്കുമരത്തിൽ ചാരി ആ സ്ത്രീ വിഷാദത്തോടെ നിൽക്കുന്നു.
"താനെന്തിനാണ്‌ ആ സ്ത്രീയുമായി സംസാരിക്കാൻപോയത്‌?"
തോമസ്സുകുട്ടി അൽപം കോപത്തോടെ ചോദിച്ചു.
"സുഹൃത്തേ, ദുഃഖിക്കുന്നവർ പ്രത്യേകിച്ച്‌ അവരൊരു സ്ത്രീയാണെങ്കിൽ നമുക്ക്‌ കണ്ടില്ലെന്ന്‌ നടിക്കുവാൻ സാധിക്കുമോ? സാംസന്റെ സ്വരത്തിൽ സഹതാപം.
"താനൊരു മണ്ടശിരോമണി. ആ സ്ത്രീ ദുഃഖിക്കുകയല്ല. ഉള്ളിൽ സന്തോഷിക്കുകയാണ്‌". തോമസ്സുകുട്ടി പറഞ്ഞു.
"അത്‌ തനിക്കെങ്ങനെ അറിയാം. താൻ ആ സ്ത്രീയെ അറിയുമോ? സാംസന്റെ സ്വരത്തിൽ ആകാംക്ഷ.
"ഞാൻ കാര്യങ്ങൾ അറിഞ്ഞിട്ടുതന്നെയാണ്‌ പറയുന്നത്‌."
തോമസുകുട്ടി.
"നിങ്ങൾക്ക്‌ എന്തുകാര്യമാണ്‌ ആ സ്ത്രീയെക്കുറിച്ച്‌ അറിവുള്ളത്‌?" സാംസൺ ചോദിച്ചു.
"എനിക്കും ഈ നാട്ടിലെ മലയാളികൾക്കും അറിയാവുന്ന ഒരു സത്യം ഞാൻ പറയാൻ ശ്രമിച്ചെന്നുമാത്രം". തോമസ്സുകുട്ടി.
"എന്നാൽ സത്യങ്ങൾ എനിക്കും അറിയാൻ താത്പര്യമുണ്ട്‌."
"ഞാനാണ്‌ സാംസന്റെ സ്ഥാനത്തെങ്കിൽ അവളോട്‌ ചോദിക്കുമായിരുന്നു. ഹേ, സ്ത്രീയേ നിനക്കെന്തുകാര്യമിവിടെ? നിന്റെ കപടമായ കണ്ണുനീർ നീയെന്തിന്‌ ഈ ഓക്കുമരത്തിൽ വീഴ്ത്തി അതിനെ അശുദ്ധമാക്കുന്നു. വിട്ടുപോയ നിന്റെ ഭർത്താവും കുഞ്ഞുങ്ങളും ഇന്നെവിടെയാണ്‌, നീ അവരെക്കുറിച്ച്‌ ഓർമ്മിക്കാറുണ്ടോ, അവരുടെ അകൽച്ചയിൽ നിനക്ക്‌ വേദനയില്ലേ, നീയെന്തിനാണ്‌ ഈ അവസരത്തിൽ ഇവിടെ വന്നത്‌? മരിച്ചുപോയിട്ടും അവരുടെ ആത്മാവിന്‌ ശാന്തിനൽകാതിരിക്കാനോ. അതോ ജഡം മണ്ണിനടിയിലിട്ടുമുടുന്നതുകണ്ട്‌ തെര്യപ്പെടാനോ? സ്ത്രീയെ നീ ഇവിടംവിട്ടുപോകുക".
"തോമസ്സുകുട്ടീ, എന്തൊക്കെയാണ്‌ ഈ പറഞ്ഞുകൂട്ടുന്നത്‌? എനിക്കൊന്നും മനസ്സിലാകുന്നില്ല. കഥയറിയാതെ ആട്ടംകാണുന്ന ഒരു കാഴ്ചക്കാരനാണ്‌ ഞാൻ." സാംസന്റെ ആകാംക്ഷ ഉച്ചാവസ്ഥയിലായി.
ചടങ്ങുകൾ പര്യവസാനിച്ചപ്പോൾ ആളുകൾ പിരിഞ്ഞുതുടങ്ങി. തോമസ്സുകുട്ടിയുടെ കാർ പ്രധാനവീഥിയിലെത്തിക്കഴിഞ്ഞു.
"എന്നാൽ താൻ ഉറക്കംതൂങ്ങാതെ കഥ കേട്ടുകൊള്ളുക."
തോമസ്സുകുട്ടി പറഞ്ഞുതുടങ്ങി:
"മീന പത്താംക്ലാസ്സ്‌ പാസ്സായതോടെ സ്വന്തക്കാരനായ രാജൻ അവളെ കൂട്ടിക്കൊണ്ടുപോയി. അവളുടെ നിർധനകുടുംബത്തിന്‌ അത്‌ വലിയ ആശ്വാസമായി. സുന്ദരിയായ മീനയ്ക്ക്‌ രാജൻ നടത്തുന്ന ട്രാവൽ കമ്പനിയിൽ ജോലിയും നൽകി. നാലഞ്ചുവർഷം രാജന്റെ കൂടെയായിരുന്നു മീനയുടെ സഹവാസം. ഇതിനകം രാജന്റെ ട്രാവൽകമ്പനിയിൽ അവൾ മാനേജരായിവരെ ഉയർത്തപ്പെട്ടു.
ആയിടയ്ക്കാണ്‌ അമേരിക്കയിൽനിന്നും തമ്പിച്ചൻ വിവാഹമോചനംനേടി നാട്ടിലെത്തിയത്‌. രണ്ടാമതും പെണ്ണുകെട്ടുകയായിരുന്നു അയാളുടെ ലക്ഷ്യം. തമ്പിച്ചന്റെ വിവാഹപ്പരസ്യം മീനയുടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ മകളെ നാട്ടിലേക്ക്‌ അത്യാവശ്യമായി വിളിപ്പിച്ചു.
വീട്ടുകാർ കാര്യങ്ങൾ വിശദമാക്കിയപ്പോൾ അമേരിക്കയിലെ വിപുലമായ ബിസ്സിനസ്സ്‌ സാദ്ധ്യതകൾ അവൾ മുന്നിൽക്കണ്ടു. കൂടിക്കാഴ്ചയിൽ അമേരിക്കൻവരനായ തമ്പിച്ചന്‌ മീനയെ ഇഷ്ടപ്പെടുകയും ചെയ്തു. 'അമേരിക്കയിൽ എന്താണ്‌ ജോലി?' 'ഗൾഫ്‌ ഓയിൽകമ്പനിയുടെ മാനേജരാണ്‌.' അതായിരുന്നു തമ്പിച്ചന്റെ ഉത്തരം. തെളിവിനായി കമ്പനിയുടെ ബാഡ്ജ്‌ കാണിച്ചപ്പോൾ മീനയ്ക്ക്‌ സന്തോഷമായി. ഉടൻതന്നെ അവൾ രാജിക്കത്ത്‌ ഡൽഹിക്കയയ്ക്കുകയും ചെയ്തു. രാജൻ അവളുടെ കത്തുവായിച്ചു ദുഃഖിച്ചു. എന്തുചെയ്യാം പെണ്ണിനെ വിശ്വസിച്ചാൽ പെരുവഴിയാണല്ലോ പ്രതീക്ഷിക്കേണ്ടത്‌. എങ്കിലും നാലഞ്ചുവർഷം അവൾ തന്മയത്വമായി സേവിച്ചതല്ലേ. രാജൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
തമ്പിച്ചായൻ മീനയുടെ വിസ ശരിയാകുന്നതുവരെ നാട്ടിൽതങ്ങി. അവർ ഒരുമിച്ചാണ്‌ അമേരിക്കയിലേക്ക്‌ തിരിച്ചതു.
അമേരിക്കയിൽ വന്ന്‌ ഏറെ താമസിയാതെ തമ്പിച്ചായന്റെ യഥാർത്ഥ ചിത്രം പുറത്തുവന്നു. ഗൾഫ്‌ പെട്രോൾപമ്പിലെ ഗ്യാസ്‌ വിൽപനക്കാരനാണ്‌ അയാൾ. ഏറെക്കാലം പമ്പിൽ ജോലിചെയ്തപ്പോൾ മാനേജർ പദവിയും ലഭിച്ചിരുന്നു. മീനയ്ക്ക്‌ കാര്യത്തിന്റെ തിരിമറികൾ അത്രരസിച്ചില്ല. അവൾ ക്രമേണ ഒരു ട്രാവൽ ഏജൻസിയിൽ ജോലിക്കു കയറി.
ഇതിനിടെ രണ്ട്‌ കുട്ടികളും പിറന്നു. മറ്റു മലയാളികളെപ്പോലെ വലിയ വീടും വിലകൂടിയ കാറും വാങ്ങാൻ കഴിയാത്തതിൽ അവൾക്ക്‌ ദുഃഖമുണ്ട്‌. പത്തു വർഷങ്ങൾകൊണ്ട്‌ മീന ട്രാവൽകമ്പനിയിലെ ഏറ്റവും കൂടുതൽ ബിസിനസ്സ്‌ ഉണ്ടാക്കുന്ന ജോലിക്കാരിയായി. ആയിടയ്ക്കാണ്‌ സൂസമ്മയ്ക്ക്‌ അസുഖം തുടങ്ങിയത്‌. അവൾക്ക്‌ ഉടൻ നാട്ടിൽപോയി എല്ലാവരെയും കാണണം. അവളുടെ ഭർത്താവ്‌ എസ്തപ്പാൻ മീനയുടെ അടുത്താണ്‌ ടിക്കറ്റെടുക്കാൻ സമീപിച്ചതു. സീസൺസമയത്ത്‌ പെട്ടെന്നുള്ള യാത്രയായതിനാൽ സീറ്റുകിട്ടാൻ പ്രയാസമായിരുന്നു. എങ്കിലും മീനയുടെ മിടുക്കുകൊണ്ട്‌ ടിക്കറ്റ്‌ തരപ്പെട്ടു.
മടങ്ങിവന്ന എസ്തപ്പാൻ മീനയുമായി കൂടുതൽ അടുത്തു. ക്രമേണ തമ്പിച്ചന്റെ ചെവിയിലും വാർത്തയെത്തി. എസ്തപ്പാന്റെ പണത്തിനുമുൻപിൽ തമ്പിച്ചൻ നിഷ്പ്രഭനായി. അയാൾ വിവാഹബന്ധം പിരിഞ്ഞ്‌ കുട്ടികളുമായി മറ്റൊരു സംസ്ഥാനത്തിലേക്ക്‌ പോയി. ക്രമേണ സൂസമ്മയുടെ രോഗാവസ്ഥ വഷളായി. മിക്കവാറും എസ്തപ്പാൻ മീനയുടെ വീട്ടിൽതന്നെയാണ്‌ ഊണും ഉറക്കവും. സൂസമ്മ നേഴ്സിംഘോമിലും. ഇപ്പോൾ സൂസമ്മയുടെ മരണാനന്തരചടങ്ങുകൾ അകലെനിന്ന്‌ വീക്ഷിക്കുവാനേ അവൾക്കാവൂ. കല്ലാര്റയുടെ അടുത്തുവരുവാൻ അവൾക്കാവില്ല.
എന്താ കാര്യങ്ങളുടെ ഗതി ഏറെക്കുറെ പിടികിട്ടിയോ?"
തോമസ്സുകുട്ടി കഥ പറഞ്ഞവസാനിപ്പിച്ചു.
"പിടികിട്ടിവരുന്നു." സാംസൺ മെല്ലെ തലകുലുക്കി. കാർ സാംസന്റെ വീടിനു താഴെയെത്തിയിരുന്നു.
"എന്നാൽ ബാക്കിക്കാര്യങ്ങൾ ഫോണിൽ സംസാരിക്കാം."
സാംസൺ കാറിൽനിന്നിറങ്ങി വീടിനെ ലക്ഷ്യമാക്കി നടന്നു.

തൂവൽനിറച്ച തലയണകൾ-മാത്യു നെല്ലിക്കുന്ന്‌







mathew nellickunnu
ഇയ്യിടെ അവൾക്കെന്തൊക്കെയോ മാറ്റം സംഭവിച്ചിട്ടുണ്ട്‌. എന്താണാവോ കാരണം? അയാൾക്കത്ഭുതം തോന്നി.
അവധി ദിവസങ്ങളിലെ അവളുടെ നീണ്ട ഷോപ്പിങ്ങുകളും വ്യായാമ സങ്കേതത്തിലേക്കുള്ള പ്രയാണങ്ങളും അദ്യമൊക്കെ അയാൾ കൗതുകത്തോടെയാണ്‌ വീക്ഷിച്ചതു. ബ്യൂട്ടിപാർലറുകൾ സന്ദർശിച്ചതിന്റെ സുദീർഘമായ വിവരങ്ങൾ അയാൾ ക്ഷമയോടെ കേട്ടു കൊണ്ടിരുന്നു. ദിവസവും നിലക്കണ്ണാടിയുടെ മുൻപിൽ മേക്കപ്പിനു വേണ്ടി ധാരാളം സമയം ചെലവഴിക്കുക എന്നത്‌ അവളുടെ ദിനചര്യയുടെ ഭാഗമായി മാറുന്നത്‌ അയാൾക്ക്‌ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഒരിക്കൽ ഷോപ്പിങ്ങു കഴിഞ്ഞ്‌ രണ്ടു പുതിയ തലയണകളുമായി വന്നു. തൂവൽനിറച്ച തലയണകൾ. അവയുടെ നേർമ്മയും ഭംഗിയും അയാളെ ഏറെ ആകർഷിച്ചു.
പിന്നീടൊരു ദിവസം അവൾ ജോലിക്കു പോയപ്പോൾ അയാൾ രഹസ്യമായി ആ തലയണകളെടുത്തു മടിയിൽ വച്ചു. അയാൾക്ക്‌ അവയെ ലാളിക്കാനും താലോലിക്കാനും തോന്നി. അവയുടെ തൂവൽ സ്പർശം അയാൾ അനുഭവിച്ച്‌ ആസ്വദിച്ചു. തന്റെ ഭാര്യ അത്തരം ഓമനത്തമുള്ള തലയണകൾ കണ്ടെത്തിയതിൽ അയാൾ ഗോ‍ൂഢമായി ആനന്ദിച്ചു.
അക്കാലത്ത്‌ അവളുടെ മൗനത്തിന്റെ നിമിഷങ്ങൾ നീളുകയും അപ്പോഴെല്ലാം നീണ്ട നിശ്വാസങ്ങൾ അവളറിയാതെ അവളിൽ നിന്നുതിരുകയും ചെയ്തു. ആ തൂവൽത്തലയണകളിൽ അഭയം തേടുമ്പോഴാണ്‌ അവൾ ദീർഘചിന്തകളിൽ ആമഗ്നയായിത്തീർന്നിരുന്നത്‌.
അയാൾ മുറിയിൽ വന്ന അവസരങ്ങളിൽ അവളുടെ മനസ്സ്‌ മറ്റെവിടെയോ ആയിരുന്നു. നിദ്രയിൽ വീണുകിട്ടാത്ത മറ്റേതോ വിശ്രമസങ്കേതങ്ങൾ അവളുടെ തിളങ്ങുന്ന കണ്ണുകളിൽ അയാൾ കണ്ടു.
അവളുടെ ഏകാന്തത്തയെ അയാൾ ഒരിക്കലും അലോസരപ്പെടുത്തിയില്ല.
ആ തലയണകളെയും അവ സൂക്ഷിച്ചിരുന്ന മെത്തയെയും അതു കിടന്നിരുന്ന മുറിയെയും അവൾ ഇഷ്ടപ്പെടുന്നുവേന്ന്‌ അയാളറിഞ്ഞു. അവയെ വിട്ടുപോകാനാവാത്തവണ്ണം അവളെപ്പോഴും അവയിൽ തലചായ്ച്ചു കിടന്നു.
അവളുടെ സ്വൈരംകെടുത്താതിരിക്കാൻ അയാൾ പലപ്പോഴും അടുക്കളയിൽ കയറി തന്നത്താൻ ഭക്ഷണം പാചകം ചെയ്തു. ചൂടുള്ള കാപ്പി അവൾക്കുവേണ്ടി അയാൾ കിടപ്പറയിൽ കൊണ്ടുചെന്നെങ്കിലും അൽപം സ്വസ്ഥതയും വിശ്രമവും മാത്രമാണു തനിക്കു വേണ്ടതെന്ന്‌ അവൾ പറഞ്ഞു.
വീട്ടുകാര്യങ്ങളിൽ അവൾ കാണിച്ച അനാസ്ഥ അയാളെ അമ്പരപ്പിക്കാതിരുന്നില്ല. എങ്കിലും ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകളും തൊഴുത്തിൽക്കുത്തുമൊക്കെയാവാം ഇതിനെല്ലാം കാരണമെന്ന്‌ അയാൾ ആശ്വസിച്ചു.
വാരാന്ത്യത്തിൽ ജിമ്മിയുടെ വീട്ടിൽ നടക്കാനിരിക്കുന്ന വിരുന്നിനെക്കുറിച്ച്‌ അയാൾ ഭാര്യയെ വീണ്ടും ഓർമ്മിപ്പിച്ചു. എന്നാൽ അവൾ അതിൽ തീരെ താൽപര്യം കാട്ടിയില്ല. 'ഞാനിവിടെയെങ്ങാനും കിടന്നു കൊള്ളാം. നിങ്ങൾ പോയേച്ചു വന്നാ മതി.'
വിരുന്നിനു പോവാൻ കൂട്ടാക്കാതെ അവൾ തന്റെ സ്വകാര്യമായ ഏകാന്തത്തയിൽ തൂവൽത്തലയണകളെ കൂട്ടുപിടിച്ചു കിടന്നു.
ജിമ്മിയുടെ ക്ഷണം നിരസിക്കാൻ അയാൾ ഒരുക്കമായിരുന്നില്ല. പല കാര്യങ്ങളിലും പലപ്പോഴും അയാളെ സഹായിച്ചിട്ടുള്ള സുഹൃത്താണു ജിമ്മി.
ജിമ്മിയുടെ സ്വീകരണ മുറിയിൽ അയാൾ ഏറെ നേരം ചെലവഴിച്ചു.
സംസാരത്തിനിടയ്ക്ക്‌ ജിമ്മി ആയിടെ വാങ്ങിയ തൂവൽത്തലയണകൾ അയാളെ കാണിച്ചു. അവയിൽ തലവെച്ചു കിടക്കുമ്പോഴുണ്ടാകുന്ന സുഖത്തെക്കുറിച്ചു ജിമ്മി വിവരിച്ചപ്പോൾ അയാൾ തലയാട്ടി കേട്ടുകൊണ്ടിരുന്നു.

യാമങ്ങൾ തീരുമ്പോൾ -മാത്യു നെല്ലിക്കുന്ന്‌






mathew nellickunnu

വിശ്വാസികൾ ഭക്തിപൂർവ്വം കുർബാന കാണുന്നു.
കേരളത്തിലെ എല്ലാ ചിട്ടകളും - പള്ളിവികാരിയും തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും ചേർന്ന്‌ അമേരിക്കയിലും അവതരിപ്പിച്ചിട്ടുണ്ട്‌. വിശുദ്ധസ്ഥലത്തേക്ക്‌ ചെരുപ്പുകളണിഞ്ഞ്‌ പ്രവേശിച്ചുകൂടാ. സ്ത്രീകൾമാത്രം പള്ളിയുടെ ഇടതുഭാഗത്ത്‌ ആസനസ്ഥരാകുക. പുരുഷന്റെ ഇടതുഭാഗത്തെ വാരിയെല്ലാണല്ലോ സ്ത്രീയുടെ ഉൽപത്തിക്കുകാരണം. ആർക്കും ഉതപ്പുനൽകാതെ സ്ത്രീകൾ വസ്ത്രംധരിക്കുക, ശിരസ്സും ശരീരഭാഗങ്ങളും മറച്ച്‌ ദിവ്യബലിയിൽ സംബന്ധിക്കുക. ഇതെല്ലാം പരസ്യമായി എഴുതിവെച്ചിട്ടില്ലെങ്കിലും പള്ളിയങ്കണത്തിലെ അലംഘനീയ നിയമങ്ങളായിരുന്നു.
അന്നൊരു വിവാഹകൂദാശയുടെ ദിനമായിരുന്നു. മറ്റുപള്ളികളിലെ വിശ്വാസികളും ക്രിസ്ത്യാനികളല്ലാത്ത മലയാളികളും വിവാഹത്തിന്‌ വന്നെത്തിയിട്ടുണ്ട്‌. പലരും ചെരുപ്പിന്റെ വാറഴിക്കാനോ, ചെരുപ്പുകൾ പള്ളിയുടെ പുറത്തിടാനോ മെനക്കെട്ടില്ല. കൂട്ടത്തിൽ സാംസണും കല്യാണത്തിന്‌ വന്നിട്ടുണ്ട്‌. പള്ളിയിലെ ഒരു നേതാവ്‌ ചെരുപ്പുമായി ആളുകൾ അകത്തുകടക്കുന്നത്‌ കണ്ടെത്തി. അൾത്താരയിൽ കല്യാണം കെട്ടിക്കുന്നതിനുമുൻപുള്ള നീണ്ടുകുർബാനയ്ക്ക്‌ മറ്റ്‌ അച്ചന്മാരുമായി പള്ളിവികാരി പ്രവേശിച്ചു. നേതാവ്‌ അച്ചന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. പള്ളിവികാരി ജനക്കൂട്ടത്തെ അഭിസംബോധനചെയ്ത്‌ സംസാരിക്കുകയാണ്‌.
"ആരും വിശുദ്ധസ്ഥലത്ത്‌ ചെരുപ്പുധരിച്ച്‌ പ്രവേശിക്കരുത്‌. ആരെങ്കിലും ചെരുപ്പ്‌ ധരിച്ചിട്ടുണ്ടെങ്കിൽ പുറത്ത്‌ അഴിച്ചുവെയ്ക്കുക. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച്‌ നിൽക്കരുത്‌. സ്ത്രീകൾ പള്ളിയുടെ ഇടതുവശത്ത്‌ നിൽക്കുക".
ഇതുകേട്ടപ്പോൾ സാംസണ്‌ ചിരിവന്നു.
"എന്താണ്‌ നിങ്ങൾ ചിരിക്കുന്നത്‌. അച്ചൻ പറഞ്ഞതുകേട്ടില്ലേ? ചെരുപ്പഴിച്ച്‌ പുറത്തിടുക, അല്ലെങ്കിൽ പള്ളിക്ക്‌ പുറത്തുപോവുക".
തോമാച്ചൻ എന്ന ഒരു ഭക്തനാണ്‌ സാംസണോട്‌ ഇങ്ങനെയാവശ്യപ്പെട്ടത്‌.
"താങ്കൾ ആദ്യം പള്ളിക്കകത്ത്‌ നിൽക്കുന്നവരെ പുറത്തിറക്കി ചെരുപ്പഴിപ്പിക്കുക. പിന്നെ അച്ചന്മാരുടെ ചെരുപ്പുകൾ അഴിച്ചുമാറ്റാനാവശ്യപ്പെടുക. വേലിതന്നെ വിളവുതിന്നാൽ പറ്റുമോ.താൻ കൂടുതൽ നേതാവുകളിച്ചാൽ തന്റെ മുഖത്തിന്റെ ഷെയ്പ്പ്‌ ഞാൻ മാറ്റും. ഈ പള്ളിപ്പണിക്ക്‌ ഞാനും സംഭാവന നൽകിയതാണ്‌."
പള്ളി നേതാവ്‌ ആളുകൾ ശ്രദ്ധിക്കുന്നതിനുമുൻപ്‌ തൽക്കാലം അവിടെനിന്നും വലിഞ്ഞു.
"എന്താണ്‌ നേതാവുമായി രാവിലെ ഒരു ഉടക്ക്‌?"
ചെറിയാച്ചൻ ന്യൂസുപിടിക്കാൻ സാംസണോട്‌ കാര്യമാരാഞ്ഞു.
"അവന്റെയൊക്കെ ഒരു പത്രാസുകണ്ടില്ലേ. പള്ളി പണിയുന്നതിനുമുൻപ്‌ കുഞ്ഞാടുകളുടെ പിറകെനടന്ന്‌ പിരിക്കുക. കെട്ടിടം ഉയർന്നു കഴിഞ്ഞപ്പോൾ എങ്ങുമില്ലാത്ത ഗമ. എന്താണ്‌ ഇവനോക്കെ കരുതുന്നത്‌. ഒരു പള്ളി ഉയർത്തിക്കെട്ടിയാൽ എല്ലാം നേടിയെന്നോ. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?
സാംസൺ.
"സാംസൺ, നിങ്ങൾ ശാന്തനാകു. നാട്ടിൽ നിന്നും ഒന്നുമില്ലാതെ ഇരതേടിവന്നവനോക്കെ ചില്ലറക്കാശിന്‌ വകയായപ്പോൾ ആരോടെങ്കിലും മെക്കിട്ടുകേറിയില്ലെങ്കിൽ ശ്രദ്ധിക്കപ്പെടുമോ."
ചെറിയാച്ചൻ സാംസണെ ആശ്വസിപ്പിച്ചു.
"ഇത്തരം ശ്രദ്ധക്ഷണിക്കൽ പദ്ധതികൊണ്ട്‌ മലയാളികൾ ഇവിടെ രക്ഷപ്പെടുമോ. എത്ര പള്ളികൾ ഇവിടെ മത്സരിച്ചുനിർമ്മിച്ചു. എല്ലാവർക്കും വാസ്തവത്തിൽ ഒരു പള്ളിയുടെ ആവശ്യമല്ലേയുള്ളു. വിവിധ സമയങ്ങൾ ചിട്ടപ്പെടുത്തി ഞായറാഴ്ച കുർബ്ബാനകൾ ഒരു പള്ളിയിൽത്തന്നെ നടത്താനാകും. അനേകം ആരാധനാലയങ്ങൾ മത്സരിച്ച്‌ കെട്ടിപ്പടുക്കുമ്പോൾ മനുഷ്യർതമ്മിലുള്ള ബന്ധങ്ങൾ ചിതറുന്നു. പോക്കറ്റിലെ കാശ്‌ കല്ലിനും, കോൺക്രീറ്റിനും, ഇവിടുത്തെ കാടു പിടിച്ചുകിടക്കുന്ന സ്ഥലങ്ങൾക്കുമായി ചോർന്നുപോകുന്നു. ഇത്തരം ധൂർത്തടികളുടെ പിന്നിൽ ദീർഘവീക്ഷണമില്ലാത്ത സാമൂഹ്യനേതാക്കളുടെ കറുത്തകൈകൾ പ്രവർത്തിക്കുന്നു. അവർക്ക്‌ പള്ളിപ്പണിയിൽ കാശടിച്ചുമാറ്റാനും അവസരമൊരുങ്ങുന്നു. വൈദികർ സാമുഹ്യനന്മയെ ലക്ഷ്യംവെച്ചുവേണം വിശ്വാസികളെ നയിക്കുവാൻ."
സാംസൺ ക്ഷോഭിച്ചു.
"ഇത്‌ ക്രിസ്ത്യാനികളുടെമാത്രം പ്രശ്നമല്ല. മറ്റു സമുദായക്കാരും ഇതുതന്നെയാണ്‌ ചെയ്യുന്നത്‌".
ചെറിയാച്ചൻ സാധാരണമട്ടിൽ പറഞ്ഞു.
"അതെ, എല്ലാവിഭാഗവും പണം എങ്ങനെ വിനിയോഗിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്‌. ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം പുത്തൻപണമാണ്‌. ദീർഘവീക്ഷണവും സംയമനവും പാലിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു." സാംസൺ പറഞ്ഞു.
"എന്താണ്‌ സാമൂഹ്യക്ഷേമത്തിനു ചെയ്യാനാവുക?"
ചെറിയാച്ചൻ ചോദിച്ചു.
"എത്രയോ നല്ലകാര്യങ്ങൾ സമൂഹത്തിനുവേണ്ടി ചെയ്യാനാവും. നോക്കൂ, ഇവിടെ കുടിയേറിപ്പാർത്ത യഹൂദരും, പോളിഷുകാരും ഇറ്റലിക്കാരും അവരുടെ സമൂഹനന്മയ്ക്കായി ഒത്തൊരുമിച്ചുപ്രവർത്തിച്ചു. അതുകൊണ്ട്‌ അവർ സമൂഹത്തിൽ പുരോഗമിച്ചു. രാഷ്ട്രീയതലത്തിൽ സ്വാധീനമുള്ള നേതാക്കന്മാരുണ്ടായി. സാമ്പത്തികമായി വലിയ നേട്ടങ്ങളും കൈവരിച്ചു. എല്ലാത്തിന്റെയും തുടക്കം പള്ളിയും കൂട്ടായ്മയുമായിരുന്നു. ഉദാഹരണത്തിന്‌ പള്ളിയിൽ ഒരു പുതിയ മെമ്പർക്ക്‌ വീടുവാങ്ങണം. പള്ളിഫണ്ടിൽനിന്നും പലിശയില്ലാതെ പണംകൊടുത്ത്‌ വീടുവാങ്ങിക്കുന്നു. എത്രയോ പണമാണ്‌ ബാങ്കുകാർ പലിശയായി വാങ്ങുന്നത്‌. മനുഷ്യന്റെ ജന്മാവകാശത്തിന്റെ ഒരു ഭാഗമാണല്ലോ സ്വന്തമായി ഒരുതുണ്ട്‌ ഭൂമിയും അവിടെ അവന്റെ സ്വപ്നമായ വീടും. കാറില്ലാതെ ഒരു വ്യക്തിക്കും തൊഴിൽചെയ്യുവാനോ സാമൂഹ്യവ്യവസ്ഥിതിയെ ഉൾക്കൊള്ളാനോ സാധിക്കുമോ? ഈ രണ്ട്‌ ആവശ്യങ്ങൾക്കുമായി എത്രമാത്രം പണമാണ്‌ ഓരോ വ്യക്തിയും പലിശയായി മാസംതോറും ചെലവാക്കുന്നത്‌. ഈ പ്രശ്നത്തിന്‌ സമൂഹത്തിന്റെ മുഖമുദ്രയായ ആരാധനാലയങ്ങൾ മുൻകൈയെടുത്താൽ എത്രയോ കുടുംബങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തമാവും. നമ്മളിൽ ഏറെപ്പേരും മധ്യപ്രായം കഴിഞ്ഞവരാണ്‌. വാർദ്ധക്യത്തിന്റെ മുദ്രകൾ നമ്മിൽ പതിഞ്ഞുകഴിഞ്ഞു. ചുളിഞ്ഞതൊലിയും നരവീണ തൊലിയും വിവിധ രോഗങ്ങളും നമ്മെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്‌. പണ്ടത്തെപ്പോലെ വരുമാനമാർഗ്ഗമില്ല. ആരോഗ്യം നഷ്ടമായി. വീടിന്റെയും കാറിന്റെയും വിലവർദ്ധന. നമ്മുടെ കുറഞ്ഞവരുമാനത്തിൽ എങ്ങനെ ഇവ നിലനിർത്തും?" സാംസൺ സ്വയംമറന്ന്‌ പറഞ്ഞുകൊണ്ടിരുന്നു.
"ഇതിനെന്താണ്‌ ഒരു രക്ഷാമാർഗ്ഗം?"
ചെറിയാച്ചൻ സ്വകാര്യമായി ചോദിച്ചു.
"സമൂഹം ഒറ്റക്കെട്ടായി നിൽക്കുക. അതിന്‌ വൈദികരും നേതൃത്വനിരയിലുള്ളവരും സഹകരിക്കുക. എല്ലാ സാധനങ്ങളും വിൽക്കുന്ന ഗ്രോസറിക്കടകൾ സഹകരണാടിസ്ഥാനത്തിൽ ആരംഭിക്കുക. ഒരു വീടിനാവശ്യമായ എല്ലാം അവിടെ കുറഞ്ഞവിലയ്ക്ക്‌ നൽകുവാൻ കഴിയും. അനേകംപേർക്ക്‌ തൊഴിൽനൽകുവാനും ഇത്തരം സ്ഥാപനങ്ങൾക്കു സാധിക്കും. 50 കഴിഞ്ഞവർക്കായി കുറേ സ്ഥലം വാങ്ങി അപ്പാർട്ടുമന്റുകൾ സ്ഥാപിക്കുക. അവിടെ കൂട്ടമായി സമ്മേളിക്കുവാനും വെടിപറയുവാനും ചീട്ടുകളിക്കുവാനും കമ്മ്യൂണിറ്റിഹാൾ ഉപകരിക്കും. വാടകയ്ക്കെടുക്കാതെ പാർട്ടികൾ നടത്താം. അവിടെ വ്യായാമത്തിനും മറ്റുല്ലാസങ്ങൾക്കും സൗകര്യമൊരുക്കുക. ഏതാനും വാനുകളുണ്ടെങ്കിൽ അവിടെ പോകുന്നതിനും സൗകര്യമായി. ഈ സംവിധാനംകൊണ്ട്‌ പ്രായമായവർക്ക്‌ വീടിന്റെയോ കാറിന്റെയോ ആവശ്യമില്ല. മാസംതോറും എത്രയോ പണമാണ്‌ വീടിനും കാറിനും നാം ചെലവാക്കുന്നത്‌."
സാംസൺ വികാരംകൊണ്ടു.
"സമൂഹത്തെ ഇത്തരംകാര്യങ്ങൾ പറഞ്ഞു ബോധവൽക്കരിക്കാൻ നാം കടപ്പെട്ടിരിക്കുന്നു."
ചെറിയാച്ചൻ അതുശരിവച്ചു.
കല്യാണത്തിന്റെ പ്രധാന ചടങ്ങുകളും ദിവ്യബലിയും കഴിഞ്ഞു. ഇനി വധുവരന്മാർ ബന്ധുക്കളുമായി ഫോട്ടോയെടുക്കുക എന്ന ചടങ്ങാണ്‌. അതിന്‌ ക്ഷണിക്കപ്പെട്ടവർ സംബന്ധിക്കണമെന്നില്ല.
ആളുകൾ പാർട്ടിനടക്കുന്ന ഹോട്ടലിലേക്ക്‌ യാത്രയായിത്തുടങ്ങി. സാംസൺ കാറിനെ ലക്ഷ്യമാക്കിനടന്നു.

എഡിറ്റോറിയൽ-മാത്യു നെല്ലിക്കുന്ന്‌





)







mathew nellickunnu

എന്റെ വേരുകൾ എവിടെ ?

എന്റെ നാട്‌ എന്നും ഉള്ളിൽ കുളിർ പടർത്തുന്ന ഒരു ഭൂവി ഭാഗം.
എറണാകുളം ജില്ലയുടെ കിഴക്കൻ മലയോരമേഖലയിലാണ്‌ ആ സ്ഥലം. കദളിക്കാട്‌. നാലു വശവും മലനിരകൾ കോട്ടതീർത്ത കൊച്ചുഗ്രാമം. കളകളംകൂട്ടി കുതിച്ചൊഴുകുന്ന പലകൈത്തോടുകളുണ്ട്‌ വിശാലമായ പാടശേഖരങ്ങളുടെ മാറിടങ്ങളിൽ. മലയോരത്തുകൂടി വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴ മറ്റൊരു കാഴ്ച.
വയലേലകളിലും ചരിഞ്ഞ ഭൂമിയിലും മല്ലിടുന്ന കർഷകരാണേറെയെങ്കിലും അവർ അന്യോന്യം അടുത്തറിഞ്ഞു. പരസ്പരം സ്നേഹിച്ചു.
ഗ്രാമത്തിലെ വെട്ടുവഴികൾക്കിരുവശവും വളർന്നു പന്തലിച്ചു നിൽക്കുന്ന കാട്ടുചെടികൾ നിറയെ ഏക്കാളവും മനോഹരമായ പൂക്കൾ കാണും. കൊടിയ വേനലിൽ പോലും ജലസമൃദ്ധി വഴിയിറമ്പുകളിൽ തഴച്ചു നിൽക്കുന്ന മാവുകളിൽ നിന്നും പൊട്ടി വീഴുന്ന കണ്ണിമാങ്ങകൾ പെറുക്കി തിന്നും. കിണറുകളിൽ നിന്നും ലഭിക്കുന്ന ശുദ്ധമായ പച്ചവെള്ളം കോരിക്കുടിച്ചും തിമർത്ത്‌ ആർത്തുള്ളസിച്ചു നടക്കുന്ന സ്കൂൾ കുട്ടികൾ ഗ്രാമത്തിന്റെ തുടിപ്പുകൾ.
എത്രരസകരവും ഹൃദ്യവുമായ കാഴ്ചകൾ, ഓർമ്മകൾ.
വളരെ ഉയരത്തിൽ നിൽക്കുന്ന മണിയന്ത്രംമല. മലഞ്ചെരുവിൽ വലിയ മരങ്ങൾ, മരങ്ങളിൽ ചേക്കേറുന്ന വിവിധയിനം പക്ഷികൾ. കുറുക്കനും കുരങ്ങനും മുള്ളൻപന്നിയുമുൾപ്പെടെ വിവിധയിനം കാട്ടുമൃഗങ്ങളും അവിടെ യഥേഷ്ടം വിഹരിച്ചിരുന്നു.
എന്നാൽ ഇന്ന്‌ മരങ്ങളുൾപ്പെടെ അതെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. നോക്കുമ്പോൾ തരിശുഭൂമിയുടെ പ്രതീതി.
കുട്ടിക്കാലത്ത്‌ എന്റെ ആകാശത്തിന്‌ അതിരായി നിന്ന മലയും യന്ത്രഭീകരന്മാർ നക്കിത്തുടച്ചു നിരപ്പാക്കിയിരിക്കുന്നു. കൊടിയ വേനലിൽപ്പോലും മലകളിൽനിന്നും താഴ്‌വാരങ്ങളിലേക്ക്‌ ഒഴുകിയിറങ്ങിയിരുന്ന ജലസമൃദ്ധമായിരുന്ന നീരുറവകൾ വറ്റിവരണ്ടു കിടക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിച്ചതിലൂടെ പണ്ടു കണ്ടിരുന്ന അപൂർവ്വയിനം പക്ഷികളും മൃഗങ്ങളും ഇല്ലാതായിരിക്കുന്നു. കാരണവന്മാർ ആയുർവേദ ഔഷധമായി ഉപയോഗിച്ചിരുന്ന വിലപ്പെട്ട മിക്ക സസ്യങ്ങളും ഇന്ന്‌ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു. പുരയിടങ്ങളിൽ നിറയെ കായ്ച്ചു കണ്ണിനു കുളിർമ്മയും മനസ്സിന്‌ ആനന്ദവും നൽകിയിരുന്ന കേരവൃക്ഷങ്ങൾ ഇല്ലാതായി. അവിടെ റബ്ബർമരങ്ങൾ സ്ഥാനം പിടിച്ചു. ഈ കാഴ്ച ഹൃദയഭേദകം.
മഴക്കാലത്ത്‌ ജലം ഒഴുകിപ്പോകുന്നതിനും വേനൽക്കാലത്ത്‌ പാടശേഖരങ്ങളിൽ വെള്ളം കൊണ്ടു വരുന്നതിനുമായി ഉപയോഗിച്ചിരുന്ന വലുതും ചെറുതുമായ മൺവരമ്പോടുകൂടിയ പഴയ തോടുകൾ മിക്കതും ഇല്ലാതായി. പകരം കോൺക്രീറ്റുതോടുകളും ജലസേചനത്തിനായി പുതിയ കനാലുകളും രൂപംകൊണ്ടിരിക്കുന്നു. നൂറുമേനി വിളവെടുത്ത പാടശേഖരങ്ങൾ മണ്ണിട്ടുനികത്തി അവിടെ മണിമാളികകൾ പണിഞ്ഞിരിക്കുന്നു. നോക്കെത്താദൂരത്തോളം നീണ്ടുപരന്നുകിടന്നിരുന്ന ആ ഹരിതഗ്രാമം. നെല്ലേലകളുടെ ചെറുതിരകൾ...തുമ്പികളും ചിത്രശലഭങ്ങളും പക്ഷികളും കുളിരും നിറഞ്ഞ ദൃശ്യാനുഭവം ഇവിടെയായിരുന്നു എന്നു വിശ്വസിക്കാൻ തന്നെ പ്രയാസം.
തോടുകളും കുളങ്ങളും ചിറകളും വറ്റിയ, നീർച്ചാലുകൾ കനാലുകളായിക്കഴിഞ്ഞ വർത്തമാനഗ്രാമത്തിന്‌ ഇന്നു സംഭവിച്ചതെന്താണ്‌? പാടശേഖരങ്ങളിലെ അമിതമായ രാസവളപ്രയോഗത്തിന്റെയും മരുന്നുതളിയുടെയും ഫലമായി മണ്ണും ജലവും വിഷലിപ്തമായി. വിഷംതിന്ന ഭൂമി കരിനീലിച്ചു വരണ്ടുപോയി. നീരൊഴുക്കുകൾ ഗതിമുട്ടി. കുളവാഴയും പൂക്കൈതയും കാക്കപ്പൂവും വരമ്പിൽക്കൊടുവേലിയും കുറുന്തോട്ടിയും സമൃദ്ധമായിരുന്ന തോട്ടിറമ്പുകൾ തൊണ്ടവരണ്ട്‌ തേങ്ങി. ഒഴുക്കുവെള്ളത്തിൽ നേരമ്പോക്കുകൾപോലെ പുളഞ്ഞുനടന്ന മീനുകളും കുട്ടിച്ചാത്തൻ തവളകളും സ്വപ്നജീവികളായ ഞണ്ടുകളും നാണംകുണുങ്ങികളായ കുളക്കോഴികളും ഞവുണികളും എവിടെപ്പോയി?
എന്റെ കുട്ടിക്കാലത്ത്‌ ഭക്ഷണകാര്യത്തിൽ ഒട്ടൊക്കെ സ്വാശ്രയത്വം നേടിക്കഴിഞ്ഞിരുന്നു ഞങ്ങളുടെ നാട്‌. ജീവിക്കാനാവശ്യമായ ആഹാരസാധനങ്ങൾ സ്വന്തം വളപ്പിൽ കൃഷിചെയ്തുണ്ടാക്കിയിരുന്നു നാട്ടുകാർ. ഇന്നാകട്ടെ അവർ കച്ചവടകൃഷിയിലേക്കുമാത്രം തിരിഞ്ഞിരിക്കുന്നു. അവർക്ക്‌ നെല്ലും കപ്പയും ചേനയും ചേമ്പും മുതിരയും റാഗിയും എള്ളും പയറും മറ്റും വേണ്ട, റബ്ബറും മാഞ്ചിയവും, തേക്കും ജാതിയും ഗ്രാമ്പുവും കൊക്കോയും വാനിലയും മതിയെന്നായിരിക്കുന്നു. ഭക്ഷണത്തിന്‌ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്‌ കദളിക്കാട്ടെ മലയാളിയും ഇന്ന്‌ കഴിഞ്ഞുകൂടുന്നത്‌. കാശുണ്ടല്ലോ വാങ്ങിക്കൂട്ടാൻ; പിന്നെന്ത്‌ എന്നഭാവം എല്ലാവരുടെയും മുഖത്തുനിന്ന്‌ വായിച്ചെടുക്കാം. കവികൾ വാഴ്ത്തിപ്പാടിയ 'കേരം തിങ്ങിയ കേരളനാട്‌' മണ്ഡരിബാധിച്ച്‌ പേടുകായ്ക്കുന്ന മരമായി മാറിയതിലെന്താണത്ഭുതം! ഇപ്പോഴാകട്ടെ. റബ്ബറും ജാതിയും കൊക്കോയും പൈനാപ്പിൾകൃഷിയും പിന്നിട്ട്‌, വിവരസാങ്കേതികം ബാധിച്ച ജനം വാനിലയ്ക്കുപിറകെ കൂട്ടയോട്ടം നടത്തുന്നു.
എന്നിട്ടെന്തായി?
ഒരു കാലത്ത്‌ ശുദ്ധജല സമൃദ്ധമായിരുന്ന എന്റെ നാട്ടിൻപുറം ചോരയും നീരുംവറ്റി വരണ്ട്‌ ജരാനരകൾ ബാധിച്ചവളെപ്പോലെയായി.
കിണറ്റിൽ വെള്ളം വറ്റിയപ്പോൾ ജനം കുഴൽക്കിണർ കുഴിച്ചു. പൈപ്പ്ലൈൻ വലിച്ചു.അതിലൂടെ ഒഴുകിയെത്തുന്ന മലിനമായ മഞ്ഞജലം കുടിച്ച്‌ സംതൃപ്തരായി.
കദളിക്കാട്ടെ മുറുക്കാൻകടകളിൽപ്പോലും ഇന്ന്‌ കുപ്പിവെള്ളം സുലഭമാണ്‌. വൻ കമ്പനികളുടെ മോഹനബോർഡുകൾ എത്രവേണമെങ്കിലും കാണാം.
ഞാനെന്താണ്‌ ഇതിനെ നിർവ്വചിക്കേണ്ടത്‌; പരിഷ്കാരമെന്നോ? അതോ കലികാലത്തിന്റെ മറിമായമെന്നോ?
നൊടിനേരംകൊണ്ടാണ്‌ കേരളം മാറ്റങ്ങൾക്ക്‌ വിധേയമാകുന്നത്‌. നാടോടുമ്പോൾ നടുവേ ഓടാൻ ഓരോ മലയാളിയും തിരക്കുകൂട്ടുമ്പോൾ എന്റെ ഗ്രാമം മാത്രം എങ്ങനെ മാറാതിരിക്കും.
പാശ്ചാത്യപരിഷ്കാരങ്ങളുടെ നെല്ലും പതിരും തിരിയാതെ അന്ധമായ അനുകരണച്ചുഴികളിൽപ്പെട്ടുഴലുകയാണ്‌ നമ്മുടെ ഗ്രാമങ്ങൾ. പാശ്ചാത്യലോകം വലിച്ചെറിഞ്ഞ ജീവിതശൈലികളും ഭ്രമണങ്ങളും ആർത്തിയോടെ അഭിമാനത്തോടെ സ്വീകരിക്കുന്ന കേരളീയയുവത്വത്തെ ഓർക്കുമ്പോൾ കരയണോ അതോ ചിരിക്കണോ എന്നറിയാതെ ഞാൻ കുഴങ്ങിപ്പോകുന്നു!
എന്റെ നാട്‌ പുരോഗതിയുടെ പാതയിലാണ്‌. ഗ്രാമത്തിലെ മൺപാതകളെല്ലാം ടാറുപുതച്ചിരിക്കുന്നു. ഇതു കോൺട്രാക്ടർമാരുടെയും ബന്ധപ്പെട്ട എഞ്ചിനീയർമാരുടെയും കുംഭവീർപ്പിക്കാനുള്ള ഒരുപാധി കൂടിയാണ്‌. കാളവണ്ടികളുടെ മണികിലുക്കവും ചാട്ടവാറിന്റെ ശബ്ദവും കേട്ടിരുന്ന, വല്ലപ്പോഴും മാത്രം വാഹനങ്ങളോടിയിരുന്ന പാതകളിൽ ഇപ്പോൾ നിറയെ പലതരം വാഹനങ്ങൾ. അക്കൂട്ടത്തിൽ ആഡംബര വിദേശ കാറുകളുമുണ്ട്‌. റോഡിനിരുവശവുമുണ്ടായിരുന്ന തണൽമരങ്ങളെല്ലാം അപ്രത്യക്ഷമായി. പൂത്തുകായ്ച്ചു കിടന്ന കോംഗ്ങ്ങിണിപ്പടർപ്പുകളും ചെറിയ കാട്ടുപൂക്കളും നിറഞ്ഞ നാട്ടുപാതയോരങ്ങളിൽ റോഡുവികസനത്തിന്റെ കറുപ്പുചായം പൂശിവെടിപ്പാക്കിയിരിക്കുന്നു. വഴിയമ്പലങ്ങളും തണ്ണീർപ്പന്തലുകളും തണൽമരങ്ങളുമില്ലാത്ത വഴികളിൽ ഉച്ചച്ചൂടിന്റെ കനൽ നീണ്ടു പോകുന്നു.
പ്രഭാതത്തിൽ ആർത്തുള്ളസിച്ച്‌ വഴിയരികിലെ കാട്ടുപഴങ്ങളും മാമ്പഴങ്ങളും പെറുക്കിത്തിന്ന്‌ പുസ്തകസഞ്ചിയും തോളിലേറ്റി കലപില ചിലച്ച്‌ കൂട്ടംകൂട്ടമായി നടന്നുപോയിരുന്ന സ്കൂൾകുട്ടികൾ ഇന്ന്‌ അപൂർവ്വകാഴ്ചയാണല്ലോ. ഓട്ടോറിക്ഷയിലും സ്കൂൾ ബസ്സുകളിലുമാണ്‌ അവരുടെ യാത്ര. പാടത്തുനിന്നും വൃക്ഷലതാദികളെ തഴുകി വീശിയടിച്ചിരുന്ന ഇളംതെന്നലിനു പകരം ഇപ്പോൾ വാഹനങ്ങളിൽനിന്നുയരുന്ന കറുത്ത, ചൂടുപിടിച്ച പുകപടലങ്ങൾ.
കഴിഞ്ഞ മുപ്പതിലധികം വർഷങ്ങൾകൊണ്ട്‌ എന്റെ ഗ്രാമം കണ്ടാലറിയാത്തവിധം മാറി. മിക്കവാറും രണ്ടുവർഷത്തിലൊരിക്കൽ കൊതിയോടെ സ്വന്തം നാട്ടിലേക്ക്‌ ഓടിയെത്തിയിരുന്ന എനിക്ക്‌ ഈ മാറ്റങ്ങൾ പലതും നൊമ്പരവും നഷ്ടബോധവുമാണ്‌ നൽകുന്നത്‌. നല്ലതൊന്നും നടന്നിട്ടില്ലെന്നല്ല. പക്ഷേ പരിഷ്കാരപ്പാച്ചിലിൽ കുത്തിയൊലിച്ചുപോയ നന്മകൾ അതിലുമെത്ര മടങ്ങാണ്‌ എന്നു ചിന്തിച്ചുപോകുന്നു.