Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Saturday, September 26, 2009

മഞ്ജനകരൈയിലെ ഓക്കുമരങ്ങൾക്കിടയിൽ നിന്നും...-ഷൈന്‍






shine

യാത്ര -1
മഞ്ജനകരൈയിലെ തണുത്ത രാവുകളിൽ ഒന്നിച്ചിരുന്ന സം സാരിച്ച കുറെ സുഹ്രുത്തുക്കളെ ഇന്നു FaceBook വഴി കണ്ടുമുട്ടാൻ പറ്റി.
എന്റെ ജീവിതത്തിലെ ഏറ്റവും സ്വഛ്ചവും,
സ്വതന്ത്രവുമായ ദിവസങ്ങൾ..


ഊട്ടിയിൽ നിന്നും ഒരു 10 minute നീലഗിരി റെയിൽ പാതയിലൂടെ നടന്നാൽ എത്തിച്ചേരുന്ന തേയിലതോട്ടങ്ങൾക്കിടയിലുള്ള ഗ്രാമമാണു മഞ്ജനകരൈ. അവിടെ Fernhill ൽ ആയിരുന്നു ഞാനും സുഹ്രുത്തുക്കളും കഴിഞ്ഞിരുന്നതു.

Libraryൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നതു. എന്നെ അവിടെ താമസിപ്പിച്ചതു Computer അവിടെ ആയിരുന്നതു കൊണ്ടാണു. പക്ഷെ പുസ്തകങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്കു Fantacy പോലെ സ്വപ്നതുല്യമായ ഒരനുഭവം ആയിരുന്നു അത്‌. മഹാന്മാരുടെ ചിത്രങ്ങൾ തൂക്കിയ മുറിയിൽ, അവരെഴുതിയ പുസ്തകങ്ങൾ നിറഞ്ഞ അലമാരകൾക്കിടയിൽ കിടന്നു ഉറക്കത്തിലേക്കു ശരിക്കും നടന്നു കയറുക ആയിരുന്നു. ജീവിതവും, വിധിയും തമ്മിലുള്ള സംവാദങ്ങളും, മനോഹരമായ ചിത്രങ്ങളും നിറഞ്ഞ സ്വപ്നങ്ങൾ.

പുലർകാലങ്ങളിൽ നന്നെ തണുപ്പായിരിക്കും. എന്നാലും ഞാൻ രാവിലെ അഞ്ചര- ആറ്‌ ആവുമ്പോൾ തന്നെ എഴുന്നേറ്റു കുളിക്കുമായിരുന്നു. ഞാൻ എഴുന്നേൽക്കുന്നതിനു മുൻപു തന്നെ, മറ്റൊരു സുഹ്രുത്ത്‌ എഴുന്നേറ്റ്‌ എല്ലാവർക്കും കുളിക്കാനുള്ള വെള്ളം ചൂടാക്കും. കുളിച്ചിട്ടു ഞാൻ തിരികെ Libraryയിൽ പോയി, കിഴക്കോടുള്ള വലിയ ജനാലയുടെ അടുത്ത്‌ ഒരു കസേര വലിചിട്ടു അവിടെ ഇരിക്കും. ചിലപ്പോൾ Art Sectionൽ നിന്നും ഏതെങ്കിലും Paintingsന്റെ Print ഉള്ള പുസ്തകം എടുത്തു തുറന്നു വെചു അതും നോക്കിയിരിക്കും.


കുറച്ചു കഴിഞ്ഞാൽ പുകപോലെ മഞ്ഞുമൂടിയ മലഞ്ചെരിവിനും, അതിനുമപ്പുറത്തുള്ള മലയോരങ്ങൾക്കും അപ്പുറത്തു കിഴക്കു വെള്ള കീറുന്നതു കാണാം.. തേയില തോട്ടങ്ങൾക്കപ്പുറമുള്ള മലഞ്ചെരിവിലെ നടപ്പാത തെളിഞ്ഞു വരും.. എങ്ങുനിന്നോ വരുന്ന അ വഴി അവസാനിക്കുന്നതു ഞങ്ങളുടെ മലഞ്ചെരിവ്‌ അവസാനിക്കുന്നിടത്താണു. അവിടെ ഒരു രണ്ടു നില വീടുണ്ട്‌. പുലർകാലങ്ങളിൽ അവിടെ നിന്നും ഒരു jeep ആ വഴിയെ പോകുന്നതു കാണാം. ആ വീടിന്റെ ചിമ്മിനിയിൽ കൂറ്റി വെള്ള പുക വന്നു, മഞ്ഞുപോലെ പരക്കാൻ തുടങ്ങുമ്പോൾ ഞാൻ പതുക്കെ Library പൂട്ടി പുറത്തിറങ്ങും..

Libraryയുടെ തെക്കു വശത്തു അന്നു ഞങ്ങൾ Cabbageഉം, ഉരുളക്കിഴങ്ങും ക്രുഷി ചെയ്യുന്നുണ്ടായിരുന്നു. രാത്രിയിൽ ആരെങ്കിലും Compound Gate അടക്കാൻ മറന്നു പോയാൽ അലഞ്ഞു നടക്കുന്ന കുതിരകൾ കയറി മുഴുവൻ ചവിട്ടി നാശമാകുമായിരുന്നു. Gate അടച്ചാൽ തന്നെയും, ഞങ്ങളുടെ ക്രുഷിയിടതിനു തെക്കു വശത്തുള്ള പൊളിഞ്ഞ വേലിക്കിടയിലൂടെ ചിലപ്പോൾ കുതിരകൾ കയറാറുണ്ട്‌. രാവിലെ തന്നെ അതു പോയി നോക്കി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തമ്പാൻ അണ്ണനോടു പറയണം.





അവിടെ കുറെ നേരം നിന്നു, Cabbageഉം Cauliflowerഉം ഒക്കെ മുളച്ചു വരുന്നതു നോക്കിയിരിക്കും. അവിടെ അങ്ങനെ ഇരിക്കുമ്പോൾ, Australia യിൽ നിന്നും വന്ന എമ്മ അവളുടെ മുറിയിൽ നിന്നും ഇറങ്ങി വരും. ഞാൻ തോട്ടത്തിൽ നിൽക്കുന്നതു അവളുടെ മുറിയിൽ നിന്നും കാണാം. അവൾ അധികം ആരോടും സം സാരിക്കാറില്ല. ഞാൻ അന്നു ഗുരുകുലത്തിലെ "പയ്യൻ" ആയതുകൊണ്ടാവണം എന്നോടു ഒരു ചേച്ചി മട്ടു കാണിക്കും. അവൾ വന്നാൽ ഞങ്ങൾ താഴെ അടുക്കളയിൽ ചായ കുടിക്കാൻ പോവും. ഞങ്ങൾ ചെല്ലുമ്പോൾ മിക്കവാറും, ഷൗക്കത്തും,സുധിയേട്ടനും, പ്രമോദേട്ടനു, തമ്പാൻ ഡോക്ടറും കാണും. ചിലപ്പോൾ ആരെങ്കിലും guest കൾ ഉണ്ടെങ്കിൽ അവരും മൗനമായിരുന്നു ചായ കുടിക്കുന്നതു കാണാം. ഷൗക്കത്തും,സുധിയേട്ടനു കൂടി രാവിലെ തന്നെ തമാശകൾ പറയാൻ തുടങ്ങും. അതു കേട്ടു ഒരു മൗനസ്മിതത്തോടെ പ്രമോദ്‌ ചേട്ടൻ പതിവു പോലെ സൗമ്യനായി നിന്നു കറിവെക്കനുള്ളതു മുറിക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലികളൊ ചെയ്തു കൊണ്ടിരിക്കും. തമ്പാൻ ഡോക്ടർ രാവിലത്തെ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാവും. അതിനിടക്കു ഷൗക്കത്തേട്ടൻ എഴുന്നേറ്റു പോവും. ഷൗക്കത്തേട്ടൻ ചെന്നിട്ടേ ജോസെഫേട്ടൻ ചായ കുടിക്കാൻ വരു.

ചായ കുടിച്ചിട്ടു ഞാൻ കാലികളുടെ അടുത്തേക്കു പോവും. എമ്മക്കു പെയ്ന്റ്‌ ചെയ്യാനോ, എഴുതാനോ ഉള്ള മൂടിൽ അല്ലെങ്കിൽ അവളും വരും. അപ്പോഴേക്കും തഴെ നിന്നും ശങ്കരൻ വന്നു പശുക്കളെ കറന്നു കഴിയും. ശങ്കരൻ പറന്നാണു ജോലികൾ ചെയ്യുക..

ഞാൻ പശുക്കളുടെ അടുത്തു നിൽക്കുമ്പോൾ ജോസഫേട്ടൻ, ഒരു ഷാളും ചുറ്റി രണ്ടു കൈകൊണ്ടും ചായ ഗ്ലാസ്സ്‌ പിടിച്ചുകൊണ്ടു വന്നു എന്നോടു സം സാരിക്കാൻ തുടങ്ങും. കൂടുതലും സം സാരിക്കുന്നതു ജീവിതത്തെപ്പറ്റിയും. അതു എങ്ങനെ അർത്ഥപൂർണ്ണമാക്കാം എന്നും ഒക്കെ ആയിരിക്കും. ജോസെഫേട്ടൻ വൈദിക പഠനം ഇടക്കു നിർത്തിപ്പോന്ന ആളാണു. അതുകൊണ്ടാണു എപ്പോഴും active ആയ ജീവിതത്തെക്കുറിച്ചു സം സാരിക്കുന്നതെന്നു മോഹനൻ ചേട്ടൻ പറയും. മോഹനൻ ചേട്ടൻ വളരെ താമസിച്ചേ എഴുന്നേൽക്കാറുള്ളു.

മോഹനൻ ചേട്ടനെ കാണുമ്പോൾ, നടൻ ശ്രീനിവാസൻ അഭിനയിച്ച ചില കഥാപാത്രങ്ങളെ ഓർമ വരും. English സാഹിത്യം അരച്ചു കലക്കി കുടിച്ച ഒരാളാണു. ഊണിലും, ഉറക്കത്തിലും tolstoy യെക്കുറിച്ചു ചിന്തിച്ചും, സം സാരിച്ചും ജീവിക്കും. "അനിയാ" എന്നു വിളിച്ചു കൊണ്ടു അദ്ദേഹം സം സാരിച്ചു തുടങ്ങുന്നതു പലപ്പോഴും മനുഷ്യന്റെ സാമൂഹിക പ്രശ്നങ്ങളെക്കുറിചായിരിക്കും; സം സാരം അവസാനിക്കുന്നതു ഒരു "വിപ്ലവ ആഹ്വാനം" പോലെയും. പക്ഷെ അതിനുവേണ്ടി കാര്യമായി ഒന്നും ചെയ്യില്ലെന്നു മാത്രം!

ഏഴര ആകുമ്പോഴേക്കും ഞാൻ ഒന്നു കൂടി കയ്യും കാലും കഴുകാൻ dormitory ടെ അടുത്തുള്ള കുളിമുറിയിലേക്കു പോവും. അപ്പോഴും പ്രസാദേട്ടന്റെ മുറിയിൽ നിന്നും സംഗീതം സാധകം ചെയ്യുന്ന നല്ല ഇമ്പമുള്ള ശബ്ദം കേൾക്കാം. കയ്യും, കാലും കഴുകി താഴെ പ്രെയർ റൂമിൽ ചെന്നു ഇരിക്കും. 8 മണി ആവുമ്പോൾ ഞാൻ മണി അടിക്കും.

ഒരോരുത്തരായി പ്രെയർ റൂമിൽ വന്നിരിക്കും. ജോസെഫേട്ടനും, ഷൗക്കത്തിനുമൊപ്പം ഗുരു വന്നിരിക്കും. എല്ലാവരും കണ്ണുകളടച്ചു ധ്യാനത്തിലമരും. പരമമായ ആ ശാന്തതയിൽ ഞാൻ മാത്രം ഓരോരുത്തരുടെയും മുഖത്തു മാറി മാറി നോക്കിയിരിക്കും. ഞങ്ങൾ എല്ലാവരും എങ്ങനെ ഇവിടെ എത്തിയെന്നും മറ്റും ആലോചിച്ചിരിക്കും. പിന്നെ നിറഞ്ഞു കത്തുന്ന വിളക്കിലേക്കു നോക്കിയിരുന്നിട്ട്‌ ആ വെളിച്ചം ഉള്ളിലേക്കെടുക്കുന്ന പോലെ കണ്ണുകൾ അടക്കും..

യാത്ര- 2

പുലർകാലത്തെ ആ പ്രാർത്ഥനയിലാണു എല്ല സുഹ്രുത്തുക്കളും ഒത്തുചേരുക. എല്ലാവരും താഴെ പായ വിരിച്ചോ, കുഷ്യനുകളിട്ടോ (ഊട്ടിയിലെ തണുപ്പിൽ Tile ഇട്ട തറയിൽ പായ വിരിച്ചലും തണുപ്പരിച്ചു കയറും. പ്രായമുള്ളവർക്ക്‌ കുഷ്യനുകളില്ലാതെ ഇരിക്കാനാവില്ല.) ഇരിക്കും. ഏതാണ്ട്‌ അരമണിക്കൂറോളം ധ്യാനത്തിലമർന്നുള്ള ആ ഇരിപ്പു, അന്നൊരു പയ്യനായിരുന്ന എനിക്കു ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. പിന്നെ എല്ലാവരും അങ്ങനെ ഇരിക്കുമ്പോൾ ഞാനും ഇരിക്കുമായിരുന്നു എന്നു മാത്രം- പ്രത്യേകിച്ചും തമ്പാൻ ഡോക്ടർ ഒരു ഹെഡ്മാഷെപ്പോലെ നോക്കുമ്പോൾ!

ധ്യാനത്തിന്റെ ശാന്തവും, സുന്ദരവുമായ അവസ്ഥകളിലേക്കു ഞാൻ എത്തിപ്പെടുന്നതു പിന്നെയും കുറെ നാളുകൾക്കു ശേഷമാണു. ഞാൻ ഗുരുകുലത്തിൽ ചെന്നു പെട്ടതു, സാധാരണ അവിടെയുള്ളവർ എത്തിപ്പെട്ടതു പോലെ philosophical ആയ അറിവു നേടുക എന്ന ഉദ്ദേശ്യത്തിലായിരുന്നില്ല. പഠനം കഴിഞ്ഞു ചെറിയ വരുമാന മാർഗ്ഗവുമായി ജീവിക്കുമ്പോൾ എനിക്കു തോന്നി, ഞാൻ കണ്ടതിനും, അറിഞ്ഞതിനും അപ്പുറത്തേക്കുള്ള ഒരു ഒരു ജീവിതത്തിലേക്കു കടക്കണമെന്നു- ആത്മീയ ജീവിതതിലേക്കു എന്നു ഞാൻ പറയില്ല, പക്ഷെ കൂടുതൽ കരുത്തും ധൈര്യവും നേടി കുറച്ചു കൂടി അർത്ഥപൂർണ്ണമായ ഒരു ജീവിതം വേണമെന്നു തോന്നിത്തുടങ്ങിയിരുന്നു. എന്നെ സ്നേഹിക്കുന്നവരോടുള്ള കടമകൾ ചെയ്തു തീർക്കുകയും, കുറെയാളുകൾക്കു ജീവിക്കാൻ സഹായം ചെയ്തുകൊടുക്കുകയും ഒക്കെ ആയിരുന്നു എന്റെ സ്വപ്നം.

മതവിശ്വാസങ്ങളെക്കുറിച്ചും, തത്വചിന്തയ്യെകുറിച്കുമൊക്കെ എനിക്കെന്നും എന്റേതായ ഒരു കഴ്ചപ്പാടുണ്ടായിരുന്നു. വിദ്യാഭാസപരമായി നല്ല ഉന്നതി നേടിയവരും, പുരോഗമനപരമായി ചിന്തിക്കുന്നവരും ഉള്ള ഒരു അന്തരീക്ഷത്തിലായിരുന്നു ഞാൻ വളന്നത്‌ എന്നതു കൊണ്ടും, വായനയോടുള്ള അതിയായ താൽപര്യ്ം കൊണ്ടുമാവാം അങ്ങനെ വന്നത്‌. എന്തായാലും, എന്റെ സുഹ്രുത്തുക്കളുടെ അടുത്ത്‌ എത്തിപ്പെട്ടതിൽ ഇതിലൊന്നിനും വല്യ പങ്കില്ലായിരുന്നു; എന്നു മുഴുവനും പറഞ്ഞുകൂടാ- ഞാൻ ഗുരു നിത്യയുടെ ചുരുക്കം ചില പുസ്തകങ്ങൾ വായിച്ചിരുന്നു. മതത്തിന്റെ ചട്ടകൂടുകൾക്കുള്ളിൽ നിന്നും മാറി നിന്നു ചിന്തിക്കുന്ന, സാധാരണക്കരന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണു ഞാൻ അദ്ദേഹത്തെക്കണ്ടതു. മതവിശ്വാസങ്ങളെ ലാഖവത്തോടെ കണ്ടിരുന്ന എന്നെ അദ്ധേഹം ഹ്രുദയപൂർവ്വം സ്വാഗതം ചെയ്തു! കായബലം കൊണ്ടു ആൾക്കൂട്ടത്തെ നിയന്ത്രിക്കൻ കഴിയാത്തവൻ കണ്ടുപിടിച്ച ശക്തിയുള്ള ഒരു ആശയമാണു മതം എന്നാണു എന്നും ഞാൻ വിശ്വസിക്കുന്നതു.

ഗുരുകുലത്തിൽ എത്തുന്നതു മുൻപ്‌ ഞാൻ ചില NGO കളുമായി സഹകരിച്ചിരുന്നു. അതുപോലെ ചില കലാ പ്രവർത്തനങ്ങളോടും. പക്ഷെ ഉത്കൃഷ്ടമായ ആശയങ്ങളുടെ മറവിൽ, സാമൂഹികമ ചിട്ടവട്ടങ്ങളോടു കലഹിച്ച്‌ സ്വാതന്തൃയം പ്രഖ്യാപിക്കാൻ കൊതിച്ചു, വീടും, നാടും വിട്ടു വന്ന ചെറുപ്പക്കാരായിരുന്നു അവിടെ കൂടുതലും. എന്തു സ്വാതന്ത്ര്യത്തിന്റെ പേരിലായാലും, സ്വന്തം ഇഷടങ്ങളുടെ സാഫല്യത്തെക്കുറിച്ചു മാത്രം ചിന്തിച്ചു, വളർത്തി വലുതാക്കിയവരെ കണ്ണീർ കുടിപ്പിച്ചു നേടുന്ന സ്വാതന്തൃയത്തിനു ഒരു മഹത്വവും കാണാൻ എനിക്കു കഴിഞ്ഞിരുന്നില്ല. അനുസരണയിലൂടെയും, സഹനത്തിലൂടെയും കടന്നുപോയി, തെളിഞ്ഞ ബുദ്ധിയോടെ സ്വതന്തൃയ്ത്തിൽ എത്തിചേരാം എന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷെ അതിനു മനസ്സിനു നല്ല ബലം വേണം. എനിക്കു ആ ബലം കിട്ടിയതു ഗുരുകുലത്തിൽ വെച്ചു ആദ്യം വായിച്ച പുസ്തകത്തിൽ നിന്നാണു -"മിലരേപ".

പുലർകാലങ്ങളിലെ ധ്യാനത്തിനു ശേഷം, ഗുരു രണ്ടു മണിക്കൂറോളം നീളുന്ന class എടുക്കും. ചുട്ടുമിരിക്കുന്നവർ അതു എഴുതിയെടുക്കും.. ഞാൻ മിക്കപ്പോഴും എഴുതാറില്ലായിരുന്നു. ഒരിക്കൽ ജോസെഫേട്ടൻ എന്നോടും എഴുതാൻ പറഞ്ഞപ്പോൾ ഞാൻ വെറുതെ ചിരിച്ചുകൊണ്ടു കണ്ണടച്ചു കാണിച്ചു. പക്ഷെ കാണേണ്ട ആൾ അതു കണ്ടു! അതിനു ശേഷം, ഗുരുവിന്റെ ക്ലാസുകളുടെ manuscript, computerൽ ടൈപ്പ്‌ ചെയ്തു print എടുത്ത്‌ അടുത്ത ദിവസം ഗുരുവിനെ ഏൽപ്പിക്കണമായിരുന്നു. മിക്കപ്പോഴും, ഗുരു എഴുതുന്ന പുസ്തകങ്ങളായിരിക്കും..അക്കാലത്തു ബൃഹദാരണ്യകോപനിഷദ്‌ ആയിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നതു. അതിലെ ഉപമകളും, വ്യഖ്യാനങ്ങളും ഗുരു modern scienceഉമായി ബന്ധപ്പെടുത്തി പറയുന്നതു കൊണ്ട്‌ അറിയാതെ എന്റെ മനസ്സിലെ ജിജ്ഞാസ ഉണർത്തി. പിന്നെ, പിന്നെ രാത്രികളിൽ ഉറക്കമിളച്ചിരുന്നു വായിക്കാൻ തുടങ്ങി. ഉപനിഷദുക്കളും, psychologyഉം, physicsഉം എല്ലാം ഞാൻ പുതിയ ഒരു ബോധത്തോടെ കാണാൻ തുടങ്ങി.

കൂടുതൽ വായിക്കുന്തോറും, artഉം, musicഉം, scienceഉം, politicsഉം എല്ലാം തുടങ്ങുന്നതു psychologയിൽ നിന്നാണെന്നു തോന്നിപ്പോയി...അക്കാലത്തു Science and psyche എന്നൊരു പുസ്തകം വായിച്ചതോർക്കുന്നു. പക്ഷെ സങ്കീണ്ണമായ ചില പ്രശ്നങ്ങളുടെ മുൻപിൽ psychology, parapsychologyയിൽ എത്ത്കയും, physics, metaphysics ൽ എത്തുകയും ചെയ്യുന്നതു കണ്ടപ്പോൾ വീണ്ടും ആ പഴയ പ്രശ്നം എന്റെ മനസ്സിൽ വന്നു. "യഥാർത്തത്തിൽ ദൈവം ഉണ്ടോ?". ഒരു ദിവസം രാവിലെ ഗുരു painting ചെയ്തുകൊണ്ടിരിക്കുമ്പോൾ ചോദിച്ചു. ഒരു മറുപടിയും വരാഞ്ഞതു കൊണ്ട്‌, കേട്ടുകാണില്ല എന്നു കരുതി ഒന്നു കൂടി ചോദിച്ചു..പക്ഷെ മറുപടി കിട്ടിയില്ല. പക്ഷെ കുറെ നാളുകൾക്കു ശേഷം ഗുരു അതിനു മറുപടിയായി ഒരു പുസ്തകം എഴുതി. പക്ഷെ ഞാൻ ഇതു വരെ അതു വായിച്ചിട്ടില്ല!

എന്തോ ആ ചോദ്യത്തിനുത്തരം എന്റെ ഉള്ളിൽ നിന്നു വന്നതു ഞാൻ സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഉത്തരം വളരെ ലളിതം- ഒരു പൂവു കാണുമ്പോൾ അതിന്റെ ഭങ്ങി കണ്ടും, മണതും ആസ്വദിക്കുക. ആ പൂവു നുള്ളിക്കളഞ്ഞു നശിപ്പിക്കാതിരിക്കുക. ആരു ശ്രുഷ്ടിച്ചു എന്നോർത്തു വ്യാകുലപ്പെടാതിരിക്കുക. കാരണം, എനിക്കളക്കാൻ കഴിയുന്ന പരിമാണങ്ങൾക്കെല്ലാം അപ്പുറം ഉള്ള ഒന്നിനേ ഇത്ര മനോഹരമായ സ്രുഷ്ടി നടത്താനാവൂ..

എനിക്കുറപ്പായിരുന്നു, മഞ്ജനകരയിലെ തേയിലത്തോട്ടങ്ങൾക്കിടയിൽ ഞാൻ എത്തിപ്പെട്ടതു ഒരു യാദ്രുശ്ചികത അല്ല. പുലർകാലങ്ങളിൽ മഞ്ഞിൻ കണങ്ങൾ നിറഞ്ഞ പുൽമേട്ടിലൂടെ നടക്കുമ്പോൾ, എനീക്കറിയാമായിരുന്നു..എത്രയോ യുഗങ്ങൾ നീളുന്ന കാലത്തിന്റെ കണ്ണിയിൽ, ഞാൻ ഈ സ്ഥലത്തു എത്തിപ്പെടാൻ ഉള്ള നിയോഗം ഉണ്ടെന്നു. ഞാൻ ആയിടെക്കു "മൗനമന്ദഹാസം" എന്ന പേരിൽ ഗുരു തർജമ ചെയ്ത "Zen Flesh and Zen Bones" എന്ന ചെറു പുസ്തകം വായിക്കാൻ ഇടയായി. അതുവായിച്ചു കഴിഞ്ഞു ഞാൻ Libraryൽ ഒരു പകൽ മുഴുവനും ധ്യാനതിൽ ഇരുന്നു, അല്ല ഇരുന്നു പോയി! ആ പുസ്തകത്തിനു ഒരു മനുഷ്യനെ Hipnotise ചെയ്യണുള്ള ശേഷി ഒന്നുമില്ല.. പക്ഷെ ധ്യാനം എന്റെ ഉള്ളിൽ സ്വയം ഉണ്ടായതു അന്നാണു. മൗനത്തിന്റെ ആഴം ഞാൻ അറിഞ്ഞു.

യാത്ര -3


കഴിഞ്ഞ കുറിപ്പിൽ മഞ്ജനകരയിലെ എന്റെ ജീവിതത്തേക്കാൾ, എന്റെ ചിന്തകളെപ്പറ്റിയാണു കൂടുതലും എഴുതിയത്‌. ഈ post കൾ തുടർന്നു വായിക്കുമ്പോൾ എന്റേതായ നിരീക്ഷണങ്ങൾ കുറേ വന്നേക്കം. എല്ലാ നിരീക്ഷണങ്ങളും, വ്യഖ്യാനങ്ങളും അതു പറയുന്ന ആളുടെ ചിന്തകളുടെയും, സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ? അതുകൊണ്ടു മാത്രമാണു അത്രയും എഴുതിയതു- എന്നെക്കുറിച്ചു നിങ്ങൾക്കു ഒരു സങ്കൽപം ഉണ്ടാവാൻ വേണ്ടി മാത്രം.

ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത, വളരെ സാധാരണക്കാരനായ ഒരു മനുഷ്യൻ മാത്രമാണു ഞാൻ. 10-12 വർഷം മുൻപ്‌, പഠനം കഴിഞ്ഞു, അധികമാരുടെയും സഹായമില്ലാതെ ജീവിതം കെട്ടിപ്പടുക്കേണ്ടുന്ന ചുമതലയുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനുണ്ടാവാൻ സാധ്യതയുള്ള എല്ല വിഹല്വതകളും ഉള്ള ഒരാൾ. പക്ഷെ ഇപ്പോൾ, ഇടക്കു മനപൂർവ്വം വിധിക്കു വിട്ടു കൊടുത്തു കൊണ്ടു, ജീവിത്തെ വളരെ ലാഘവത്തോടെയും, നിർഭയത്തോടെയും കാണാൻ കഴിയുന്നെങ്കിൽ അതിനു കാരണം എന്റെ നിസ്സാരത സ്വയം മനസ്സിലാക്കുന്നതു കൊണ്ടു മാത്രമാണു. പക്ഷെ, എല്ലാം വിധിപോലെ നടക്കും എന്നു കരുതി നിഷ്ക്രിയനായി ഞാൻ ഇരിക്കുന്നില്ല. ചെയ്യാനുള്ള കടമകളും, കർത്തവ്യങ്ങളും ചെയ്യുന്നു. ചിലപ്പോൾ ഒക്കെ മടുപ്പു തോന്നാറുണ്ട്‌, എന്നാലും പിൻ തിരിയില്ല. ആ സ്തൈര്യം എനിക്കുണ്ടായത്‌, മഞ്ജനകരയിലെ കുന്നിഞ്ചെരുവുകളീടെ, ഏറെ ദൂരം മനസ്സിലൊന്നുമില്ലാതെ വെറുതെ നടന്നപ്പോൾ ആയിരിക്കണം.

പ്രഭാതങ്ങളിലുള്ള ഗുരുവിന്റെ class നടക്കുമ്പോൾ, ഒരു 11 മണിയോടടുപ്പിച്ച്‌, Fernhill ലെ postman അന്നത്തെ തപാലുമായി വരും. ലോകത്തിന്റെ പല കോണിൽ നിന്നും ആൾക്കാർ അയക്കുന്ന കത്തുകൾ, പുസ്തകങ്ങൾ ഒക്കെ കാണും. ചിലപ്പോൾ money orderകളും. അതെല്ലാം ഏൽപ്പിച്ചു കഴിഞ്ഞാൽ, postman, അടുക്കളയിൽ പോയി ഭക്ഷണം സ്വയം എടുത്തു കഴിച്ചിട്ടു പോകും. എന്തെങ്കിലും കാറണവശാൽ, postman വന്നില്ലെങ്കിൽ, class കഴിഞ്ഞു ഞാനും, മോഹനൻ ചേട്ടനോ, അല്ലെങ്കിൽ പ്രമോദ്‌ ചേട്ടനും കൂടി, മഞ്ജനകരൈയിൽ നിന്നും താഴൊട്ടു നടന്നു post officeലേക്കു പോവും.. വന്നാലും class കഴിയുമ്പോൾ ഞങ്ങൾ പുറത്തേക്കു നടക്കാൻ പോവും. അങ്ങനെ നടക്കുമ്പോൾ പ്രമോദ്‌ ചേട്ടനാണു കൂടെയുള്ളതെങ്കിൽ വൈകിട്ടു marketൽ പോകുമ്പോൾ അടുക്കളയിലേക്കു വാങ്ങേണ്ടുന്ന സാധനങ്ങളെക്കുറിച്ചു പറയും, മോഹനൻ ചേട്ടനാണെങ്കിൽ "Crime and Punishment" പോലെയുള്ള ഏതെങ്കിലും പുസ്തകങ്ങളെക്കുറിച്ചു പറയുകയും, മനുഷ്യന്റെ sex നോടുള്ള അമിത താൽപര്യത്തിൽനിന്നുമാണു എല്ലാ crime ഉം ഉണ്ടാകുന്നത്‌ എന്നും മറ്റും പറഞ്ഞു കൊണ്ടിരിക്കും. മോഹനൻ ചേട്ടൻ ഒരേ സമയം philosophy ഇഷ്ടപ്പെടുകയും, പക്ഷെ അതു മനുഷ്യന്റെ ജീവിതത്തിൽ apply ചെയ്യാൻ വേണ്ടി പറയുന്നത്‌ ഫലിക്കില്ല എന്നും വിശ്യസിച്ചിരുന്ന ഒരാളായിട്ടാണു എനിക്കു തോന്നിയിരുന്നതു. സ്വന്തം അഭിപ്രായങ്ങൾ വലിയ ശബ്ദത്തിൽ വിളിച്ചു പറഞ്ഞ്‌, അതു ശരിയാണെന്നു സ്ഥാപിക്കാൻ ആവേശതോടെ സം സാരിക്കുന്ന ഒരാൾ. എനിക്കിഷ്ടമായിരുന്നു, മോഹനൻ ചേട്ടനെ.. ജീവിതത്തിലെ സാധാരണ പ്രശ്നങ്ങൾ ശരിക്കും നേരിടേണ്ടി വന്ന ഒരു tutorial അധ്യാപകൻ അങ്ങനെയൊക്കയേ സം സാരിക്കു എന്നാണു എനിക്കു തോന്നുന്നത്‌.

post officeൽ പോയി കത്തുകൾ ഉണ്ടോ എന്നന്വേഷിച്ചു അതുമായി ഞങ്ങൾ പിന്നെയും മുന്നോട്ടു നടക്കും. post officeന്റെ തൊട്ടപ്പുറതുകൂടി റെയിൽപാത കടന്നു പോകുന്ന ഒരു ചെറിയ തുരങ്കമുണ്ട്‌. അതിലൂടെ നടക്കാൻ എനിക്കൊരു പ്രത്യേക ഇഷ്ടമായിരുന്നു. തുരങ്കം കഴിഞ്ഞു ഒരു തിരിവു കഴിഞ്ഞാൽ ഊട്ടി തടാകം ആണു. റെയിൽ പാത കടന്നു പോകുന്ന തടാകത്തിന്റെ വശത്തു പൊതുവെ സന്ദർശകർ കുറവായിരിക്കും. അലഞ്ഞു നടക്കുന്ന കുതിരകളോ, കഴുതകളോ അല്ലെങ്കിൽ കുടിച്ചു ബോധം കെട്ടുറങ്ങുന്ന ചിലരോ മാത്രം കാണും അവിടെ.. തടാകം കല്ലു കെട്ടി തിരിച്ചിട്ടുണ്ട്‌. അവിടെ തടാകത്തിലേക്കു ചെരിഞ്ഞിറങ്ങുന്ന പുൽത്തകിടിയിൽ ഞങ്ങൾ ഇരിക്കും..,. . കുറേ നേരം ഒന്നും മിണ്ടാതെ.. കാറ്റാടി മരങ്ങളും, മഞ്ഞ നിറത്തിലുള്ള പൂക്കളും നിറഞ്ഞ അവിടെ ഇരിക്കുമ്പോൾ ചില English Cinemaകളിൽ കാണിക്കാറുള്ള Scotlandലെ തടാക തീരങ്ങൾ ഓർമ്മ വരും..

യാത്ര -4
തടാകത്തിലേക്കു ചെരിഞ്ഞിറങ്ങുന്ന പുൽത്തകിടിയിൽ ഇരിക്കുമ്പോൾ മനസ്സു മിക്കപ്പോഴും ശൂന്യമായിരിക്കും. ഇരിക്കുന്നതിനടുത്ത്‌ ആരെങ്കിലും കള്ളു കുടിച്ചു കിടക്കുന്നുണ്ടെങ്കിൽ ചിലപ്പോൾ മനസ്സിൽ അവരെക്കുറിച്ചും, ജീവിതത്തെക്കുറിച്ച്‌ അവരുടെ ചിന്തകൾ എന്തായിരിക്കും എന്നൊക്കെ ആലോചിക്കും. പിന്നെ തടാകത്തിന്റെ അങ്ങേക്കരയിൽ കൂട്ടം കൂടി നിൽക്കുന്ന സഞ്ചാരികളെ നോക്കിയിരിക്കും. അക്കൂട്ടത്തിൽ സുന്ദരികളായ പെൺകുട്ടികളെക്കാണുമ്പോൾ ഉള്ളിൽ ഒരു ഊഷ്മളത തോന്നും...ഒരു നല്ല കൂട്ടുകാരി വേണമെന്നു അന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌ - നിറുത്തതെ സം സാരിക്കുന്ന, എപ്പോഴും ചിരിക്കുന്ന ഒരു കൂട്ടുകാരി.. പക്ഷെ ഞാൻ ആ മോഹം എന്റെ സ്വപ്നങ്ങളിൽ തന്നെ അടക്കി. ഒരു തമാശക്കു എനിക്കാരേയും പ്രേമിക്കാൻ കഴിയില്ലായിരുന്നു. സ്നേഹിച്ചിട്ടു നഷ്ടപ്പെടുന്നതെനിക്കു താങ്ങാനാവില്ലാ എന്നാണു അന്നു ഞാൻ സ്വയം കരുതിയിരുന്നത്‌. പിന്നീടു വർഷങ്ങൾക്കു ശേഷം "ഒരേ കടൽ" എന്ന cinema കണ്ടപ്പോൾ എനിക്കു തോന്നി, മമ്മുട്ടി അവതരിപ്പിച്ച കഥാപാത്രവും അത്തരം ഒരു ഭയം കൊണ്ടുനടക്കുന്നുവേന്ന്. അതിൽ മമ്മുട്ടിയുടെ കഥാപാത്രം അത്തരം ബന്ധങ്ങളിൽ നിന്നും രക്ഷ നേടാൻ അരാജകത്വുത്തിന്റെ വഴി തിരഞ്ഞെടുത്തു; ഞാൻ സ്വയം ഒരു ഉൾവലിയൽ നടത്തി.

കുറേ നേരം അവിടെയിരുന്നിട്ടു ഞങ്ങൾ തിരിച്ചു വന്ന വഴിയെ നടക്കും.. ഗുരുകുലത്തിലേക്കു പോകേണ്ടുന്ന വഴിയെത്തുമ്പോൾ കൂടെയുള്ള്‌ ആൾ മിക്കവാറും ഗുരുകുലത്തിലേക്കു പോവും. ഞാൻ ഊട്ടി റെയിൽപാതയിലൂടെ കുറേക്കൂടി മുന്നോട്ടു നടക്കും..sterling Resortന്റെ പുറകിലുള്ള കുന്നിൻ ചരുവിലൂടെ കടന്നു പോകുന്ന റെയിൽപാതക്കു, അവിടെ തൊട്ടടുത്ത്‌ ഒരു stop ഉണ്ട്‌- പ്രസിദ്ധമായ ഊട്ടി Lovedale School ന്റെ അടുത്തുള്ള സ്റ്റോപ്‌.(lovedale തന്നെയാണോ എന്നിപ്പോൾ ഒരു സംശയം, അതൊ Lawrence സ്കൂളോ? മറവി കൂടി വരുന്നു.) അവിടെ, മിക്കവാറും വിജനമായ ആ station ന്റെ പരിസരത്തു കുറേ നേരം ഇരിക്കും. ചിലപ്പോൾ ഗുരുകുലത്തിൽ പൂക്കളുമായി വരുന്ന അണ്ണനെ അവിടെ വെച്ചു കാണാറുണ്ട്‌..നല്ല മണമുള്ള മുല്ലപ്പൂവുകൾ. കുറച്ചു നേരം അവിടെ ഇരുന്നിട്ടു school ന്റെ അടുത്തുകൂടി തിരിഞ്ഞു Fernhill ലേക്കു പോവുന്ന വഴിയെ നടക്കും. അതു വഴി പോയാൽ ഏറെ നേരം എടുക്കും ഗുരുകുലത്തിൽ എത്തിച്ചേരാൻ..

സ്കൂളിന്റെ അവിടെനിന്നും മഞ്ജനകരൈയിലേക്കെത്തുന്ന ആ വഴിയാണു ഊട്ടിയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വഴി. രണ്ടുവശത്തും, കൂറ്റൻ ഓക്കു മരങ്ങൾ നിറഞ്ഞ പ്രശാന്തമായ ആ വഴിയിലൂടെ നടക്കുക ഒരു അനുഭവം തന്നെയാണു. പൊതു വളരെ വിജനമായിരിക്കും ആ വഴി. ഒരു 10-15 minute നടന്നാൽ, വെള്ള നിറത്തിലും, ഒരു തരം നരച്ച പച്ച നിറത്തീലും അടുക്കിവെച്ചിരിക്കുന്ന പെട്ടികൾ പോലെ വീടുകൾ Fernhillഇന്റെ ചരുവികളിൽ കാണാം. അതു വഴി മുകളിലേക്കു കയറിയാൽ ഗുരുകുലത്തിന്റെ പുറകിലുള്ള തേയിലതോട്ടത്തിനടുതെത്താം. നടന്നു വന്ന വഴിയിൽ നിന്നും, ഗ്രാമങ്ങളിലേക്കു കയറുന്നതിനു മുൻപ്‌, ഒരു ചെറിയ നീർച്ചാലിനു കുറുകെ ഉള്ള പാലം കടന്നു വിശാലമായ ഒരു പുൽമേട്ടിലൂടെ കടന്നു പോവണം. 1-2 കിലോമീറ്റർ നീളത്തിൽ വലിച്ചു കെട്ടിയിരുക്കുന്ന അയയിൽ തുണികൾ ഉണങ്ങാൻ വിരിച്ചിട്ടിരിക്കുന്നതു കാണാം. പശുക്കളും, ചെമ്മരിയാടുകളും കൂട്ടമായി മേയുന്നതും കാണാം. തണുപ്പുകാലങ്ങളിൽ, മഞ്ഞിന്മറക്കപ്പുറത്തു കൂടി അതു കാണുന്നതു മനസ്സിനെ ഒരു തരം മായിക ലോകത്തെത്തിക്കുമായിരുന്നു.

ഗുരുകുലത്തിൽ വരുന്ന ആൾക്കാരിൽ എനിക്കടുപ്പം തോന്നുന്നവരെയും കൊണ്ടു ഞാൻ അതു വഴി നടക്കാറുണ്ട്‌. കുറേ ദൂരമുള്ളതുകൊണ്ട്‌, പലർക്കും മടി തോന്നുമായിരുന്നെങ്കിലും, എന്റെ സൗഹാർദ്ദപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി കൂടെ വരുമായിരുന്ന പലരും, പിന്നീടു കത്തയക്കുമ്പോൾ ആ വഴിയെക്കുറിച്ചും, അതു വഴി നടന്നതിനേക്കുറിച്ചും ഒരു തരം ഗ്രഹാതുരത്യത്തോടെ എഴുതാറുണ്ടായിരുന്നു.

ഒരിക്കൽ,ഉമേഷ്‌ എന്നൊരു ഗുരുകുല സുഹ്രുത്തും ഞാനും കൂടി വളരെ പുലർച്ചേ അതു വഴി നടന്നു. ന ല്ലൊരു, പുല്ലംകുഴൽ വായനക്കാരനായിരുന്നു അവൻ. കണ്ടാൽ ക്രുഷ്ണവർണമാർന്ന, അലസമായി വളർത്തിയ മുടിയുള്ള ഒരു സുന്ദരൻ. ആ പുലർച്ചേ, കിഴക്കു സൂര്യന്റെ സ്വൃണ്ണ വെളിച്ചം, മഞ്ഞിൻ പുകക്കുള്ളിലൂടെ ഒരു തിളക്കത്തോടെ വന്നു മുഖത്തു വീഴുമ്പോൾ അവൻ പ്രഭാതരാഗങ്ങളിലൊന്നിൽ ആ മുളം കുഴലൂതി. നിശ്ശബ്ദമായ ആ പുലരിയിൽ ഗന്ധർവ്വ ഗാനം പോലെ അതു മഞ്ജനകരൈ ഗ്രാമത്തെയും, എന്റെ ആത്മാവിനെയും തൊട്ടുണർത്തി. ആ രാഗം വായിച്ചു തീന്നപ്പോഴേക്കും എന്റെയും,അവന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. ആ നിമിഷം അവൻ എന്റെ ആജന്മസഹോദരനായി.

Friday, September 25, 2009

എഡിറ്റോറിയൽ-മാത്യു നെല്ലിക്കുന്ന്‌





)







mathew nellickunnu

എന്റെ വേരുകൾ എവിടെ ?

എന്റെ നാട്‌ എന്നും ഉള്ളിൽ കുളിർ പടർത്തുന്ന ഒരു ഭൂവി ഭാഗം.
എറണാകുളം ജില്ലയുടെ കിഴക്കൻ മലയോരമേഖലയിലാണ്‌ ആ സ്ഥലം. കദളിക്കാട്‌. നാലു വശവും മലനിരകൾ കോട്ടതീർത്ത കൊച്ചുഗ്രാമം. കളകളംകൂട്ടി കുതിച്ചൊഴുകുന്ന പലകൈത്തോടുകളുണ്ട്‌ വിശാലമായ പാടശേഖരങ്ങളുടെ മാറിടങ്ങളിൽ. മലയോരത്തുകൂടി വളഞ്ഞു പുളഞ്ഞൊഴുകുന്ന പുഴ മറ്റൊരു കാഴ്ച.
വയലേലകളിലും ചരിഞ്ഞ ഭൂമിയിലും മല്ലിടുന്ന കർഷകരാണേറെയെങ്കിലും അവർ അന്യോന്യം അടുത്തറിഞ്ഞു. പരസ്പരം സ്നേഹിച്ചു.
ഗ്രാമത്തിലെ വെട്ടുവഴികൾക്കിരുവശവും വളർന്നു പന്തലിച്ചു നിൽക്കുന്ന കാട്ടുചെടികൾ നിറയെ ഏക്കാളവും മനോഹരമായ പൂക്കൾ കാണും. കൊടിയ വേനലിൽ പോലും ജലസമൃദ്ധി വഴിയിറമ്പുകളിൽ തഴച്ചു നിൽക്കുന്ന മാവുകളിൽ നിന്നും പൊട്ടി വീഴുന്ന കണ്ണിമാങ്ങകൾ പെറുക്കി തിന്നും. കിണറുകളിൽ നിന്നും ലഭിക്കുന്ന ശുദ്ധമായ പച്ചവെള്ളം കോരിക്കുടിച്ചും തിമർത്ത്‌ ആർത്തുള്ളസിച്ചു നടക്കുന്ന സ്കൂൾ കുട്ടികൾ ഗ്രാമത്തിന്റെ തുടിപ്പുകൾ.
എത്രരസകരവും ഹൃദ്യവുമായ കാഴ്ചകൾ, ഓർമ്മകൾ.
വളരെ ഉയരത്തിൽ നിൽക്കുന്ന മണിയന്ത്രംമല. മലഞ്ചെരുവിൽ വലിയ മരങ്ങൾ, മരങ്ങളിൽ ചേക്കേറുന്ന വിവിധയിനം പക്ഷികൾ. കുറുക്കനും കുരങ്ങനും മുള്ളൻപന്നിയുമുൾപ്പെടെ വിവിധയിനം കാട്ടുമൃഗങ്ങളും അവിടെ യഥേഷ്ടം വിഹരിച്ചിരുന്നു.
എന്നാൽ ഇന്ന്‌ മരങ്ങളുൾപ്പെടെ അതെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. നോക്കുമ്പോൾ തരിശുഭൂമിയുടെ പ്രതീതി.
കുട്ടിക്കാലത്ത്‌ എന്റെ ആകാശത്തിന്‌ അതിരായി നിന്ന മലയും യന്ത്രഭീകരന്മാർ നക്കിത്തുടച്ചു നിരപ്പാക്കിയിരിക്കുന്നു. കൊടിയ വേനലിൽപ്പോലും മലകളിൽനിന്നും താഴ്‌വാരങ്ങളിലേക്ക്‌ ഒഴുകിയിറങ്ങിയിരുന്ന ജലസമൃദ്ധമായിരുന്ന നീരുറവകൾ വറ്റിവരണ്ടു കിടക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിച്ചതിലൂടെ പണ്ടു കണ്ടിരുന്ന അപൂർവ്വയിനം പക്ഷികളും മൃഗങ്ങളും ഇല്ലാതായിരിക്കുന്നു. കാരണവന്മാർ ആയുർവേദ ഔഷധമായി ഉപയോഗിച്ചിരുന്ന വിലപ്പെട്ട മിക്ക സസ്യങ്ങളും ഇന്ന്‌ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു. പുരയിടങ്ങളിൽ നിറയെ കായ്ച്ചു കണ്ണിനു കുളിർമ്മയും മനസ്സിന്‌ ആനന്ദവും നൽകിയിരുന്ന കേരവൃക്ഷങ്ങൾ ഇല്ലാതായി. അവിടെ റബ്ബർമരങ്ങൾ സ്ഥാനം പിടിച്ചു. ഈ കാഴ്ച ഹൃദയഭേദകം.
മഴക്കാലത്ത്‌ ജലം ഒഴുകിപ്പോകുന്നതിനും വേനൽക്കാലത്ത്‌ പാടശേഖരങ്ങളിൽ വെള്ളം കൊണ്ടു വരുന്നതിനുമായി ഉപയോഗിച്ചിരുന്ന വലുതും ചെറുതുമായ മൺവരമ്പോടുകൂടിയ പഴയ തോടുകൾ മിക്കതും ഇല്ലാതായി. പകരം കോൺക്രീറ്റുതോടുകളും ജലസേചനത്തിനായി പുതിയ കനാലുകളും രൂപംകൊണ്ടിരിക്കുന്നു. നൂറുമേനി വിളവെടുത്ത പാടശേഖരങ്ങൾ മണ്ണിട്ടുനികത്തി അവിടെ മണിമാളികകൾ പണിഞ്ഞിരിക്കുന്നു. നോക്കെത്താദൂരത്തോളം നീണ്ടുപരന്നുകിടന്നിരുന്ന ആ ഹരിതഗ്രാമം. നെല്ലേലകളുടെ ചെറുതിരകൾ...തുമ്പികളും ചിത്രശലഭങ്ങളും പക്ഷികളും കുളിരും നിറഞ്ഞ ദൃശ്യാനുഭവം ഇവിടെയായിരുന്നു എന്നു വിശ്വസിക്കാൻ തന്നെ പ്രയാസം.
തോടുകളും കുളങ്ങളും ചിറകളും വറ്റിയ, നീർച്ചാലുകൾ കനാലുകളായിക്കഴിഞ്ഞ വർത്തമാനഗ്രാമത്തിന്‌ ഇന്നു സംഭവിച്ചതെന്താണ്‌? പാടശേഖരങ്ങളിലെ അമിതമായ രാസവളപ്രയോഗത്തിന്റെയും മരുന്നുതളിയുടെയും ഫലമായി മണ്ണും ജലവും വിഷലിപ്തമായി. വിഷംതിന്ന ഭൂമി കരിനീലിച്ചു വരണ്ടുപോയി. നീരൊഴുക്കുകൾ ഗതിമുട്ടി. കുളവാഴയും പൂക്കൈതയും കാക്കപ്പൂവും വരമ്പിൽക്കൊടുവേലിയും കുറുന്തോട്ടിയും സമൃദ്ധമായിരുന്ന തോട്ടിറമ്പുകൾ തൊണ്ടവരണ്ട്‌ തേങ്ങി. ഒഴുക്കുവെള്ളത്തിൽ നേരമ്പോക്കുകൾപോലെ പുളഞ്ഞുനടന്ന മീനുകളും കുട്ടിച്ചാത്തൻ തവളകളും സ്വപ്നജീവികളായ ഞണ്ടുകളും നാണംകുണുങ്ങികളായ കുളക്കോഴികളും ഞവുണികളും എവിടെപ്പോയി?
എന്റെ കുട്ടിക്കാലത്ത്‌ ഭക്ഷണകാര്യത്തിൽ ഒട്ടൊക്കെ സ്വാശ്രയത്വം നേടിക്കഴിഞ്ഞിരുന്നു ഞങ്ങളുടെ നാട്‌. ജീവിക്കാനാവശ്യമായ ആഹാരസാധനങ്ങൾ സ്വന്തം വളപ്പിൽ കൃഷിചെയ്തുണ്ടാക്കിയിരുന്നു നാട്ടുകാർ. ഇന്നാകട്ടെ അവർ കച്ചവടകൃഷിയിലേക്കുമാത്രം തിരിഞ്ഞിരിക്കുന്നു. അവർക്ക്‌ നെല്ലും കപ്പയും ചേനയും ചേമ്പും മുതിരയും റാഗിയും എള്ളും പയറും മറ്റും വേണ്ട, റബ്ബറും മാഞ്ചിയവും, തേക്കും ജാതിയും ഗ്രാമ്പുവും കൊക്കോയും വാനിലയും മതിയെന്നായിരിക്കുന്നു. ഭക്ഷണത്തിന്‌ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്‌ കദളിക്കാട്ടെ മലയാളിയും ഇന്ന്‌ കഴിഞ്ഞുകൂടുന്നത്‌. കാശുണ്ടല്ലോ വാങ്ങിക്കൂട്ടാൻ; പിന്നെന്ത്‌ എന്നഭാവം എല്ലാവരുടെയും മുഖത്തുനിന്ന്‌ വായിച്ചെടുക്കാം. കവികൾ വാഴ്ത്തിപ്പാടിയ 'കേരം തിങ്ങിയ കേരളനാട്‌' മണ്ഡരിബാധിച്ച്‌ പേടുകായ്ക്കുന്ന മരമായി മാറിയതിലെന്താണത്ഭുതം! ഇപ്പോഴാകട്ടെ. റബ്ബറും ജാതിയും കൊക്കോയും പൈനാപ്പിൾകൃഷിയും പിന്നിട്ട്‌, വിവരസാങ്കേതികം ബാധിച്ച ജനം വാനിലയ്ക്കുപിറകെ കൂട്ടയോട്ടം നടത്തുന്നു.
എന്നിട്ടെന്തായി?
ഒരു കാലത്ത്‌ ശുദ്ധജല സമൃദ്ധമായിരുന്ന എന്റെ നാട്ടിൻപുറം ചോരയും നീരുംവറ്റി വരണ്ട്‌ ജരാനരകൾ ബാധിച്ചവളെപ്പോലെയായി.
കിണറ്റിൽ വെള്ളം വറ്റിയപ്പോൾ ജനം കുഴൽക്കിണർ കുഴിച്ചു. പൈപ്പ്ലൈൻ വലിച്ചു.അതിലൂടെ ഒഴുകിയെത്തുന്ന മലിനമായ മഞ്ഞജലം കുടിച്ച്‌ സംതൃപ്തരായി.
കദളിക്കാട്ടെ മുറുക്കാൻകടകളിൽപ്പോലും ഇന്ന്‌ കുപ്പിവെള്ളം സുലഭമാണ്‌. വൻ കമ്പനികളുടെ മോഹനബോർഡുകൾ എത്രവേണമെങ്കിലും കാണാം.
ഞാനെന്താണ്‌ ഇതിനെ നിർവ്വചിക്കേണ്ടത്‌; പരിഷ്കാരമെന്നോ? അതോ കലികാലത്തിന്റെ മറിമായമെന്നോ?
നൊടിനേരംകൊണ്ടാണ്‌ കേരളം മാറ്റങ്ങൾക്ക്‌ വിധേയമാകുന്നത്‌. നാടോടുമ്പോൾ നടുവേ ഓടാൻ ഓരോ മലയാളിയും തിരക്കുകൂട്ടുമ്പോൾ എന്റെ ഗ്രാമം മാത്രം എങ്ങനെ മാറാതിരിക്കും.
പാശ്ചാത്യപരിഷ്കാരങ്ങളുടെ നെല്ലും പതിരും തിരിയാതെ അന്ധമായ അനുകരണച്ചുഴികളിൽപ്പെട്ടുഴലുകയാണ്‌ നമ്മുടെ ഗ്രാമങ്ങൾ. പാശ്ചാത്യലോകം വലിച്ചെറിഞ്ഞ ജീവിതശൈലികളും ഭ്രമണങ്ങളും ആർത്തിയോടെ അഭിമാനത്തോടെ സ്വീകരിക്കുന്ന കേരളീയയുവത്വത്തെ ഓർക്കുമ്പോൾ കരയണോ അതോ ചിരിക്കണോ എന്നറിയാതെ ഞാൻ കുഴങ്ങിപ്പോകുന്നു!
എന്റെ നാട്‌ പുരോഗതിയുടെ പാതയിലാണ്‌. ഗ്രാമത്തിലെ മൺപാതകളെല്ലാം ടാറുപുതച്ചിരിക്കുന്നു. ഇതു കോൺട്രാക്ടർമാരുടെയും ബന്ധപ്പെട്ട എഞ്ചിനീയർമാരുടെയും കുംഭവീർപ്പിക്കാനുള്ള ഒരുപാധി കൂടിയാണ്‌. കാളവണ്ടികളുടെ മണികിലുക്കവും ചാട്ടവാറിന്റെ ശബ്ദവും കേട്ടിരുന്ന, വല്ലപ്പോഴും മാത്രം വാഹനങ്ങളോടിയിരുന്ന പാതകളിൽ ഇപ്പോൾ നിറയെ പലതരം വാഹനങ്ങൾ. അക്കൂട്ടത്തിൽ ആഡംബര വിദേശ കാറുകളുമുണ്ട്‌. റോഡിനിരുവശവുമുണ്ടായിരുന്ന തണൽമരങ്ങളെല്ലാം അപ്രത്യക്ഷമായി. പൂത്തുകായ്ച്ചു കിടന്ന കോംഗ്ങ്ങിണിപ്പടർപ്പുകളും ചെറിയ കാട്ടുപൂക്കളും നിറഞ്ഞ നാട്ടുപാതയോരങ്ങളിൽ റോഡുവികസനത്തിന്റെ കറുപ്പുചായം പൂശിവെടിപ്പാക്കിയിരിക്കുന്നു. വഴിയമ്പലങ്ങളും തണ്ണീർപ്പന്തലുകളും തണൽമരങ്ങളുമില്ലാത്ത വഴികളിൽ ഉച്ചച്ചൂടിന്റെ കനൽ നീണ്ടു പോകുന്നു.
പ്രഭാതത്തിൽ ആർത്തുള്ളസിച്ച്‌ വഴിയരികിലെ കാട്ടുപഴങ്ങളും മാമ്പഴങ്ങളും പെറുക്കിത്തിന്ന്‌ പുസ്തകസഞ്ചിയും തോളിലേറ്റി കലപില ചിലച്ച്‌ കൂട്ടംകൂട്ടമായി നടന്നുപോയിരുന്ന സ്കൂൾകുട്ടികൾ ഇന്ന്‌ അപൂർവ്വകാഴ്ചയാണല്ലോ. ഓട്ടോറിക്ഷയിലും സ്കൂൾ ബസ്സുകളിലുമാണ്‌ അവരുടെ യാത്ര. പാടത്തുനിന്നും വൃക്ഷലതാദികളെ തഴുകി വീശിയടിച്ചിരുന്ന ഇളംതെന്നലിനു പകരം ഇപ്പോൾ വാഹനങ്ങളിൽനിന്നുയരുന്ന കറുത്ത, ചൂടുപിടിച്ച പുകപടലങ്ങൾ.
കഴിഞ്ഞ മുപ്പതിലധികം വർഷങ്ങൾകൊണ്ട്‌ എന്റെ ഗ്രാമം കണ്ടാലറിയാത്തവിധം മാറി. മിക്കവാറും രണ്ടുവർഷത്തിലൊരിക്കൽ കൊതിയോടെ സ്വന്തം നാട്ടിലേക്ക്‌ ഓടിയെത്തിയിരുന്ന എനിക്ക്‌ ഈ മാറ്റങ്ങൾ പലതും നൊമ്പരവും നഷ്ടബോധവുമാണ്‌ നൽകുന്നത്‌. നല്ലതൊന്നും നടന്നിട്ടില്ലെന്നല്ല. പക്ഷേ പരിഷ്കാരപ്പാച്ചിലിൽ കുത്തിയൊലിച്ചുപോയ നന്മകൾ അതിലുമെത്ര മടങ്ങാണ്‌ എന്നു ചിന്തിച്ചുപോകുന്നു.

കാൻഡി ശ്രീലങ്കയിലെ ഒരു മൂന്നാർ പട്ടണം-എ. ക്യൂ. മഹ്ദി






a q mahdi
ടാക്സിക്കാരൻ കാൻഡിയിലെ വലിയ ഒരു ബുദ്ധക്ഷേത്രത്തിൽ എന്നെ കൊണ്ടുപോയി. അതാണ്‌ ശ്രീലങ്കയിലെ ഏറ്റവും വലിയ ക്ഷേത്രം. ബുദ്ധഭഗവാന്റെ പല്ലു സൂക്ഷിക്കുന്ന മറ്റൊരു ക്ഷേത്രത്തിലും ഭക്തരുടെ തിരക്കു കണ്ടു. കാൻഡിയിലെ പ്രസിദ്ധമായ ആർട്ട്‌ ഗാലറിയും കാണാൻ കഴിഞ്ഞു. ആൻഡമാനിലെ സെല്ലുലാർ ജയിലിന്റെ മാതൃകയിൽ പണ്ട്‌ ബ്രട്ടീഷുകാർ നിർമ്മിച്ച തടവറയും കാണേണ്ട കാഴ്ച തന്നെ.
ഒക്കെക്കണ്ട്‌, ചുറ്റലും കഴിഞ്ഞ്‌ നഗരമധ്യത്തിൽ തിരികെയെത്തിയപ്പോൾ ടാക്സിക്കാരൻ മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച സമയം ഏകദേശം പൂർത്തിയായിരുന്നു.
നല്ല വിശപ്പുണ്ട്‌. എവിടെ നിന്ന്‌ ഉച്ചഭക്ഷണം കഴിക്കും? ശ്രീലങ്കക്കാരന്റെ പാചകരുചിയിൽ മതിപ്പു തോന്നാത്തതുകൊണ്ട്‌ ചെറിയൊരു ചിന്താക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ്‌ ടാക്സിക്കാരൻ അവസരത്തിനൊത്ത്‌ ഉയർന്നത്‌. ഭക്ഷണത്തിനായി താൻ കെ.എഫ്‌.സിയിൽ കൊണ്ടുവിടാമെന്നയാൾ പറഞ്ഞപ്പോൾ, അത്ഭുതത്തോടെ ഓർത്തു, ശ്രീലങ്കയിലെ ഒരു മലമുകളിലുമുണ്ടോ ഈ അമേരിക്കൻ ഭക്ഷണസ്ഥാപനത്തിന്റെ ഔട്ട്ലെറ്റ്‌.
ടൗണിന്റെ മറ്റൊരുഭാഗത്ത്‌ അൽപ്പം ഒഴിഞ്ഞ സ്ഥലത്ത്‌, വിശാലമായ കാർപാർക്കിങ്‌ സൗകര്യമുള്ള ഒരു ഏരിയയിലായിരുന്നു കെ.എഫ്‌.സി സ്റ്റാൾ പ്രവർത്തിച്ചിരുന്നത്‌.
ഭക്ഷണത്തിനു ഒപ്പം കൂടാൻ ടാക്സിക്കാരനെ ആത്മാർത്ഥമായി ക്ഷണിച്ചുവേങ്കിലും നന്ദിപൂർവ്വം അയാൾ ക്ഷണം നിരസിക്കുകയായിരുന്നു. ടാക്സിവാടകയും വാങ്ങി അയാൾ പോകാനൊരുങ്ങി. എന്റെ മടക്കയാത്ര തീവണ്ടിയിലാകുമെന്നു സൂചിപ്പിച്ചപ്പോൾ കാൻഡി റെയിൽവേസ്റ്റേഷനിലേക്കു പോകാൻ ഒരെളുപ്പവഴിയും കാട്ടിത്തന്നിട്ടാണയാൾ പോയത്‌.
കെ.എഫ്‌.സിയിൽ നല്ല തിരക്കുണ്ട്‌. കസ്റ്റമേഴ്സിലധികവും ചെറുപ്പക്കാർ, കോളേജ്‌/സ്കൂൾ പ്രായത്തിലുള്ളവർ. വിദ്യാലയ യൂണിഫോ ധരിച്ചവർ, കോളേജ്‌ വിദ്യാർത്ഥികളാണെന്നു തോന്നുന്നു കുറേയധികം പേർ ഭക്ഷണവഴിയിൽ ക്യൂ നിൽക്കുന്നു. ഇവിടെ അടുത്തെവിടെയോ ഏതോ നല്ല സ്കൂളും കോളേജും ഉണ്ടായിരിക്കണം. കുട്ടികൾ എന്തൊക്കെയോ പരസ്പരം പറഞ്ഞ്‌ ചെറുതായി ബഹളം വയ്ക്കുന്നുണ്ട്‌.
എന്റെ ഭക്ഷണത്തിന്‌ ഓർഡർ നൽകി. പണമടച്ച രസീതുമായി ഞാനും ക്യൂവിൽ ചേർന്നു നിന്നു.
എന്താണ്‌ കെ.എഫ്‌.സി?
കെ.എഫ്‌.സി എന്നാൽ കെന്റക്കി ഫ്രൈഡ്ചിക്കൻ എന്നതിന്റെ ചുരുക്കപ്പേരാണ്‌, അതീവ രുചികരമായ കോഴിപൊരിച്ചതിന്റെ വ്യാപാരനാമം; കേക്കിന്റെയും ബിസ്ക്കറ്റിന്റെയും പേരായ 'ബ്രിട്ടാനിയ' മാതിരി. കൊക്കോക്കോള, പെപ്സി തുടങ്ങിയ പാനീയങ്ങളുടെ വ്യാപാരനാമം പോലെ.
തെക്കുകിഴക്കൻ മദ്ധ്യ അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തുകാരനാണ്‌ കേണൽ ഹാർലമന്റ്‌ ഡാൻഡേഴ്സ്‌. അദ്ദേഹം അറിയപ്പെടുന്ന ഒരു പാചകവിദഗ്ധനായിരുന്നു. ഇന്നേയ്ക്ക്‌ കൃത്യം 50 വർഷം മുമ്പ്‌, 1956-ൽ, തന്റെ പാചക വൈദഗ്ധ്യം പൊതുജനങ്ങൾക്കായി കാഴ്ചവച്ചുകൊണ്ട്‌, പൊരിച്ച കോഴിയിലൂടെ അദ്ദേഹം ആരംഭിച്ച ബിസിനസ്സാണ്‌ 'കെന്റക്കി ഫ്രൈഡ്‌ ചിക്കൻ'.
കോഴിയിറച്ചി പൊരിക്കുവാൻ സാൻഡേഴ്സ്‌ ഒരു പ്രത്യേക രീതിതന്നെ കണ്ടുപിടിച്ചു. അന്നദ്ദേഹം അതിനു പേറ്റന്റും എടുത്തു. ഇന്നു ലഭ്യമായതിൽ ഏറ്റവും രുചികരമായ കോഴിപൊരിച്ചതു കെന്റക്കി ചിക്കണാണെന്ന്‌ ലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു.
ഏതായാലും ചെറിയതോതിൽ ആരംഭിച്ച ഈ ബിസിനസ്സ്‌ വളർന്ന്‌, ഇന്ന്‌ ലോകവ്യാപകമായിത്തീർന്നിരിക്കുകയാണ്‌. ലോകത്തെവിടെ ഏതു വലിയ നഗരത്തിൽ ചെന്നാലും കെ.എഫ്‌.സി സ്ഥാപനങ്ങൾ കാണാൻ കഴിയും. പാചകം മുഴുവൻ യന്ത്രസഹായത്താലാണ്‌, കൈകൊണ്ടു തൊടാതെ.
ഇന്ത്യയിൽ ആദ്യമായി കെ.എഫ്‌.സി ഔട്ട്ലെറ്റ്‌ തുറക്കപ്പെട്ടത്‌ ബാംഗ്ലൂരിലാണ്‌. കേരളത്തിലെവിടെയും ഇതുവരെ അവർ മാർക്കറ്റിംഗ്‌ ആരംഭിച്ചിട്ടില്ല.
കോഴി പൊരിക്കുന്നതിന്റെ രീതി പരമരഹസ്യമായി കെന്റക്കി കമ്പനി ഇന്നും സൂക്ഷിക്കുന്നു; കൊക്കക്കോളയുടെ ഫോർമുല പോലെ.
1964-ൽ കേണൽ സാൻഡേഴ്സ്‌, തന്റെ നിർമ്മാണവകാശം ഒരു വൻതുക കൈപ്പറ്റിക്കൊണ്ട്‌ ഹൂബ്ലി എന്ന കമ്പനിക്കു വിറ്റു. പക്ഷേ, ഇന്നും സാൻഡേഴ്സിന്റെ ചിത്രം പതിച്ച മനോഹരമായ പാക്കറ്റുകളിലാണ്‌ കെന്റക്കി ഫ്രൈഡ്‌ ചിക്കൻ വിൽക്കപ്പെടുന്നത്‌. അതീവരുചികരമായ ഈ കോഴിക്കഷണങ്ങൾ - ഈ ഫാസ്റ്റ്ഫുഡ്ഡിനോട്‌ താത്വികമായി എനിക്ക്‌ യോജിപ്പില്ല-തിന്നുന്ന ആരും ജീവിതത്തിലൊരിക്കലും, ആ രുചി മറക്കുകില്ല. അത്‌ ഇതിന്റെ വിപണനതന്ത്രത്തിന്റെ ഒരു അത്ഭുതരഹസ്യമാണ്‌.
ഇക്കഴിഞ്ഞ ചൈനീസ്‌ യാത്രയിലും ഞാൻ ശ്രദ്ധിച്ചു, അവിടത്തെ മിക്ക നഗരങ്ങളിലും കെ.എഫ്‌.സി സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. കൊക്കക്കൊള, പെപ്സി കമ്പനികളും ചൈനയിലുടനീളം കാണുകയുണ്ടായി ഞാൻ. ചൈനയും കമ്മ്യൂണിസം മറന്ന്‌ ബഹുരാഷ്ട്രക്കുത്തക കമ്പനികളുടെ, പ്രത്യേകിച്ച്‌ അമേരിക്കൻ സ്ഥാപനങ്ങളുടെ സ്വാധീനവലയത്തിലകപ്പെട്ടിരിക്കുന്നു.
കാൻഡി കെ.എഫ്‌.സിയിലെ ക്യൂവിന്റെ നീളം കുറഞ്ഞ്‌ എന്റെ ഊഴം എത്തിയിരിക്കുന്നു.
ഞാൻ ഓർഡർ ചെയ്ത ചിക്കൻ ബർഗറും, ഫ്രൈഡ്‌ ചിക്കനും, ഫ്രഞ്ച്‌ ഫ്രൈയും, വലിയൊരു കപ്പ്‌ പെപ്സിയും, അൽപ്പം ടൊമാറ്റോ സോസും ഏറ്റു വാങ്ങി ഒരു ടേബിളിനരികിലേയ്ക്കു ഞാൻ നീങ്ങി.
വൈകിട്ട്‌ നാലു മണിക്കാണു തീവണ്ടി. അൽപ്പം നേരത്തെതന്നെ ഞാൻ സ്റ്റേഷനിലെത്തി. ഒരിടത്തരം റെയിൽവേസ്റ്റേഷൻ. വലിയ വൃത്തിയൊന്നും ഇല്ല.
150 വർഷങ്ങൾക്കു മുമ്പാണ്‌ ബ്രട്ടീഷുകാർ ഈ ബ്രട്ടീഷ്‌-സിലോൺ റെയിൽവേ സ്ഥാപിച്ചതു. ഈ പഴയ റെയിൽവേ സമ്പ്രദായമാണ്‌ ഏറെക്കുറെ ഇന്നും ശ്രീലങ്ക തുടരുന്നത്‌. വളരെ പഴയ റെയിലുകൾ. സ്റ്റേഷനുപോലും പഴമയുടെ ഗന്ധമുണ്ട്‌.
എനിക്കുപോകേണ്ട തീവണ്ടി ഓടിക്കിതച്ചെത്തി. ഒരു പഴയ വണ്ടി. എക്സ്പ്രസ്‌ ട്രെയിനിന്റെ നിലവാരമേയുള്ളു. ബോഗികളൊക്കെ പുറമെ ഭംഗിയായി പെയിന്റു ചെയ്തിട്ടുണ്ടെന്നു മാത്രം. നമ്മുടെ ഇന്ത്യൻ റെയിൽവേയെപ്പറ്റി അഭിമാനം തോന്നിയ നിമിഷങ്ങൾ.
ഉള്ളിൽ കടന്നപ്പോൾ കണ്ടു, കുഷ്യനില്ലാത്ത പലക സീറ്റുകൾ, പ്രാകൃതവുമാണ്‌. വൃത്തിയും പോര. വിറച്ചും, കുലുങ്ങിയും, ഞരങ്ങിയുമൊക്കെയായിരുന്നു സഞ്ചാരം. ഓട്ടത്തിനിടയിൽ പലകുറി ഗട്ടറുകളിൽ വീണെന്നപോലെ കുലുക്കവും ശബ്ദവും ഉണ്ടായിക്കൊണ്ടിരുന്നു. എന്നാൽ, യാത്രാവഴിയിൽ ഇരുവശത്തെയും കാഴ്ചകൾ പ്രകൃതിഭംഗി പകരുന്നവയായിരുന്നു.
നിലക്കടല മുതൽ ചെത്തിപ്പുളിയ മാമ്പഴവും, കരിക്കും, കറക്കുപമ്പരം വരെ കൊണ്ടു നടന്നു വിൽക്കുന്ന കച്ചവടക്കാരും, വൃത്തിഹീനവേഷം ധരിച്ച ഭിക്ഷക്കാരുമൊക്കെ ബോഗിയ്ക്കുള്ളിൽ തിക്കിത്തിരക്കി നടന്നു നീങ്ങി, തങ്ങളുടെ പണികളിൽ മുഴുകുന്നുണ്ട്‌.
ഈ പഴഞ്ചൻ ട്രെയിനിൽ ഞെങ്ങിഞ്ഞെരുങ്ങിയിരുന്നു സഞ്ചരിച്ചപ്പോൾ ആറു മാസം മുമ്പുള്ള ചൈനീസ്‌ യാത്രയ്ക്കിടയിൽ, ലോകത്ത്‌ ഏറ്റവും വേഗതയിൽ ഓടുന്ന ഒരു ട്രെയിനിൽ സഞ്ചരിച്ചതാണോർമ്മവന്നത്‌. ഒരു സാധാരണ വിമാനത്തിന്റെ വേഗത്തിലായിരുന്നു അത്‌ ഓടിയിരുന്നത്‌, മണിക്കൂറിൽ 430 കി.മീറ്റർ. സ്പീഡിൽ. അത്തരം ഒരു സർവ്വീസ്‌ ചൈനയിലെ ഷാങ്ൻഘായ്‌ നഗരത്തിലല്ലാതെ ലോകത്ത്‌ മറ്റൊരിടത്തും നടത്തപ്പെടുന്നില്ല.
മാഗ്ലെവ്‌-ങ്ങഅഏഘഋഢ -എന്നറിയപ്പെടുന്ന ഈ മാഗ്നെറ്റിക്‌ ട്രെയിനിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്‌ ജർമ്മനിയാണ്‌. എന്നാൽ ഇതിന്റെ പ്രവർത്തനച്ചെലവ്‌ അതിഭീമമാണ്‌. അതുകൊണ്ടുതന്നെ ജനിച്ച നാട്ടിൽ ഒരു അത്ഭുതവണ്ടിക്ക്‌ ഓടാൻ ഭാഗ്യമുണ്ടായില്ല. സമീപകാലത്തു ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ വിഷയത്തിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ചൈന, തങ്ങളുടെ രാജ്യത്തേയ്ക്ക്‌ ഇതിന്റെ സാങ്കേതികവിദ്യ നിസ്സങ്കോചം ഏറ്റുവാങ്ങുകയായിരുന്നു;പ്രവർത്തനച്ചെലവൊന്നും കാര്യമാക്കാതെ.
ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നായ ചൈനയിലെ, 'ഷാങ്ൻഘായ്‌ എയർപോർട്ട്‌ സ്റ്റേഷൻ' മുതൽ 'ലോംഗ്യാങ്ങ്‌ റോഡ്‌ സ്റ്റേഷൻ'വരെയുള്ള 30 കി.മീറ്റർ ദൂരമാണ്‌. ഇപ്പോഴിതിന്റെ യാത്രാപരിധി. 30 കി.മീറ്റർ ഏഴര മിനിറ്റുകൊണ്ട്‌ ഓടിയെത്തുന്ന ഈ അത്ഭുതവാഹനം ഓടിത്തുടങ്ങുമ്പോൾ പാളത്തിൽ നിന്നും അൽപ്പമമുയർന്ന്‌, നിലത്തു തൊടാതെ അന്തരീക്ഷത്തിലൂടെ ഒഴുകിയാണ്‌ നീങ്ങുന്നത്‌.
എന്നാൽ ഇവിടെയാകട്ടെ, കാൻഡിയിൽ നിന്നും ഈ ശ്രീലങ്കൻ തീവണ്ടി കൊളംബൊ വരെ 120 കി.മീറ്റർ ഏന്തിയിഴഞ്ഞ്‌ എത്തിയത്‌ മൂന്നര മണിക്കൂർ സമയം കൊണ്ടാണ്‌. ഭാഗ്യം, ഈ പഴയ ബ്രട്ടീഷ്‌-സിലോൺ തീവണ്ടി, കൽക്കരിയിലല്ല ഡീസലിലാണ്‌ ഓടുന്നത്‌.
ഒരു ടാക്സി പിടിച്ച്‌ കൊളംബോയിലേയ്ക്ക്‌ പോയാൽ മതിയായിരുന്നുവേന്ന്‌ ഒരു ദുർബലനിമിഷത്തിൽ മനസ്സ്‌ മന്ത്രിച്ചു. പക്ഷേ, ഈ 'തീവണ്ടിസുഖം' അനുഭവിച്ചറിയാൻ ഇതിൽ സഞ്ചരിച്ചാലേ കഴിയൂ. കൊളംബോയിലെത്തിയ ഞാൻ ഈ മുഷിഞ്ഞ തീവണ്ടിയാത്രയുടെ ക്ഷീണംകൊണ്ട്‌, മുകളിൽ കറങ്ങുന്ന പഴയ പങ്കയുടെ ഭീതിയൊന്നും മനസ്സിലൊളിപ്പിക്കാതെ, സുഖമായി ഉറങ്ങി.
ഇന്ന്‌ ശ്രീലങ്കയിലെ നാലാം പകൽ. മറ്റന്നാൾ നാട്ടിലേക്ക്‌ മടങ്ങുന്നു. അർദ്ധരാത്രിയിലാണ്‌ തിരുവനന്തപുരം ഫ്ലൈറ്റ്‌ എന്നതിനാൽ ഒരു പൂർണ്ണ ദിവസമടങ്ങുന്ന മറ്റൊരു പകൽ സമയം കൂടി വീണു കിട്ടുന്നു. ഈ സമയം ശരിയായി വിനിയോഗിക്കാൻ ഏതെങ്കിലും പരിപാടി ഇടണം.
ജാഫ്ന വരെ ഒന്നു പോയിവന്നാലോ...! വേണ്ട, ചിലപ്പോൾ ജീവനോടെ മടങ്ങിവരാനൊത്തില്ല എന്നുവരാം. ശ്രീലങ്കയിലെ ഏറ്റവും വലിയ തുറമുഖ നഗരമാണ്‌ ജാഫ്ന. ഈ സ്ഥലം തമിഴ്പുലികളുടെ സ്വാധീനമേഖല എന്നതാണ്‌ പ്രശ്നം.
പുലിമടയിലേയ്ക്കൊന്നും തിരിഞ്ഞു നോക്കില്ല എന്ന്‌ ഭാര്യയോടു ശപഥം ചെയ്തിട്ടാണു യാത്ര പുറപ്പെട്ടതുതന്നെ. 43 രാജ്യങ്ങൾ ഇതിനകം പിന്നിട്ട ഞാൻ, 30 രാജ്യങ്ങളിലേയ്ക്കെങ്കിലും ഭാര്യയുമൊത്താണു പോയിട്ടുള്ളത്‌. ആറുമാസം മുമ്പു നടത്തിയ ചൈനീസ്‌ യാത്ര, പിന്നെ ഈ ശ്രീലങ്കൻ ടൂർ, ഇവ രണ്ടിൽ നിന്നും അവൾ ബോധപൂർവ്വം സ്ലിപ്പ്‌ ചെയ്തു കളഞ്ഞു.
ചൈനീസ്‌ യാത്ര കട്ട്‌ ചെയ്തത്‌, അവിടത്തെ ലോക്കൽ ഭക്ഷണത്തെപ്പറ്റി കേട്ടറിഞ്ഞാണ്‌. പാമ്പും, ചോരയും, തവളയും, പാറ്റയും, എലിയുമൊക്കെ മാംസവിഭവങ്ങളായി തീൻമേശമേൽ നിരക്കുമെന്ന്‌ ഏതോ ലോകസഞ്ചാരിയുടെ ടി.വി.പ്രോഗ്രാമിൽ അവർ കണ്ടിരുന്നു. അതോടെ ഒരു കാരണവശാലും താൻ ചൈനക്കില്ല എന്നു പറഞ്ഞ്‌ അവൾ യാത്രയിൽ നിന്നും പാടെ ഒഴിഞ്ഞുകളഞ്ഞു. എന്നാൽ ഭാര്യ ശ്രീലങ്ക ടൂർ ഒഴിവാക്കിയത്‌ പുലികളെ പേടിച്ചു മാത്രമാണ്‌. പുലിമേഖലയിൽ ഒരു കാരണവശാലും കടക്കില്ല എന്നു ഉറപ്പു നൽകിയപ്പോഴാണ്‌, എന്റെ യാത്രാപ്പെട്ടിപോലും പായ്ക്ക്‌ ചെയ്യാൻ അവൾ സന്നദ്ധയായത്‌. വാക്കു പറഞ്ഞാൽ ഞാൻ പാലിക്കുമെന്ന്‌ ഭാര്യയ്ക്കറിയാം; ജാഫ്ന ഞാനൊഴിവാക്കി.
സാധാരണ, എന്നും പുലർച്ചക്കുതന്നെ എഴുന്നേൽക്കാറുള്ള ഞാൻ, അന്ന്‌ അൽപ്പം ലേറ്റായിട്ടാണു കണ്ണുതുറന്നത്‌. ശരിക്കും എന്നെ ഉണർത്തിയത്‌ രാഹുലിന്റെ ഫോണാണെന്നു പറയാം.
എന്റെ കഴിഞ്ഞ രണ്ടുനാളത്തെ വിശേങ്ങൾ ആരാഞ്ഞതോടൊപ്പം, ഇന്നു താൻ ഫ്രീ ആണെന്നും രാഹുൽ അറിയിച്ചു. ഇന്നത്തെ കാഴ്ചകൾ കാണാൻ ഞാൻ രാഹുലിന്റെ സഹായം തേടുകയും അവനത്‌ അംഗീകരിക്കുകയും ചെയ്തു. ഒരു നിബന്ധന, ഞാൻ ടാക്സിയിലേ പോകൂ, രാഹുലിന്റെ കാറിലാവില്ല, അതവൻ സമ്മതിച്ചു.





'ആനകളുടെ അനാഥാലയത്തിലെ വികലാംഗൻ'
ഇ.ക്യു.മഹ്ദി
മുൻ നിശ്ചയപ്രകാരം രാവിലെ 8 മണിക്കുതന്നെ രാഹുൽ റൂമിൽ വന്നെത്തി. വൈ.എം.സി.എ മാനേജർക്കു സ്വന്തമായി ഒരു ടാക്സി കാറുണ്ട്‌. അതാണ്‌ ഇന്നത്തെ യാത്രയ്ക്ക്‌ ഏർപ്പാടു ചെയ്തത്‌.
ഏഷ്യയിലെ ആനകളുടെ ഏക അനാഥാലയം - എലിഫന്റ്‌ ഓർഫനേജ്‌-സ്ഥിതി ചെയ്യുന്നതു ശ്രീലങ്കയിലാണ്‌, കൊളംബോയിൽ നിന്നും 85 കി.മീ അകലെ 'പിന്നവാല' എന്ന സ്ഥലത്ത്‌. അവിടേയ്ക്കുള്ള സന്ദർശനമാണ്‌ രാഹുൽ നിർദ്ദേശിച്ചതു. ശരിക്കും ആ സ്ഥലം എന്റെ പരിപാടിയിൽ ഞാൻ മുൻകൂട്ടി ഉദ്ദേശിച്ചിരുന്നതുമാണ്‌. അതുകഴിഞ്ഞ്‌ മറ്റൊരു സന്ദർശനം രാഹുൽ നിർദ്ദേശിച്ചതു, 'നുവാര ഏലിയ'എന്ന ഹിൽസ്റ്റേഷനാണ്‌. പറഞ്ഞു കേട്ടിടത്തോളം നമ്മുടെ ഊട്ടി പോലൊരു സ്ഥലം. കൊളംബോയിൽ നിന്നും കുറേ അകലെയാണ്‌; ആറു മണിക്കൂർ വഴിദൂരവുമുണ്ട്‌.
'നുവാര ഏലിയ' നാളത്തേയ്ക്കു നിശ്ചയിച്ചു, നാളെ അർദ്ധരാത്രിയിൽ മാത്രമാണ്‌ തിരുവനന്തപുരത്തേയ്ക്കുള്ള ഫ്ലൈറ്റ്‌. ഒരു പകൽദിവസം അങ്ങിനെ ഫലപ്രദമാക്കാനും കഴിയുന്നു.
ഞങ്ങളുടെ കാർ പിന്നവാലയ്ക്കു പുറപ്പെട്ടു. ഇത്‌ തികഞ്ഞ ഒരു ഫോറസ്റ്റ്‌ ഏരിയ ആണ്‌. മെയിൻറോഡിൽ നിന്നും ഒരു സബ്‌റോഡ്‌ വഴി രണ്ടു കിലോമീറ്റർ തിരിഞ്ഞുപോകണം ആനകളുടെ ഈ സങ്കേതത്തിലേയ്ക്ക്‌.
ണല്ലോരു ഡ്രൈവറും കണ്ടീഷനുള്ള ഒരു കാറുമായിരുന്നു അത്‌. 'ആനകളുടെ അനാഥാലയം' എന്നറിയപ്പെടുന്ന ഈ സ്ഥലം വിശ്വപ്രസിദ്ധമാണ്‌. ഏഷ്യയിൽ ഇത്തരം മറ്റൊരു സങ്കേതമില്ല. കാട്ടിൽ നിന്നും അനാഥമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആനകളെ മുഴവൻ ഈ കേന്ദ്രത്തിൽ കൊണ്ടുവന്നു പാർപ്പിച്ച്‌ ഇവിടെ വളർത്തുന്നു. തീരെചെറിയ കുട്ടികളടക്കം നിരവധി ആനകൾ ഇവിടെ സസുഖം വാഴുന്നുണ്ട്‌.
1975-ലാണ്‌ ഈ അനാഥാലയം തുടങ്ങിയത്‌. അവശരായി വനമദ്ധ്യത്തിൽ കാണപ്പെടുന്ന ആനകളെ ചികിത്സിക്കുവാൻവേണ്ടി മാത്രം ആരംഭിച്ചതാണീ കേന്ദ്രം. പിന്നീട്‌ ശ്രീലങ്കൻ ഫോറസ്റ്റ്‌ വകുപ്പ്‌, വളരെ വിശാലമായ സൗകര്യം ഈ മിണ്ടാപ്രാണികൾക്കു ഒരുക്കുകയും ഇപ്പോൾ നൂറോളം ആനകൾ ഇവിടെ സുരക്ഷിതരായി വളരുകയും ചെയ്യുന്നു. ഇത്രയും ആനകൾക്ക്‌ ആകെക്കൂടി അഞ്ചോ ആറോ പാപ്പാന്മാർ മാത്രമേ ഉള്ളൂവേന്നതാണ്‌ അതിശയകരം. ഇടയന്റെ ആട്ടിൻകൂട്ടം പോലെ പാപ്പാനുമുമ്പിൽ അനുസരണ കാട്ടുന്നു, ഇവിടുത്തെ ഈ ഭീമൻ ജന്തുക്കൾ.
ഒരു തീരെകുഞ്ഞൻ ആനയ്ക്ക്‌ തളളയാന മുലയൂട്ടുന്ന രസകരമായ രംഗവും കാണാനിടയാവുന്നു.
രണ്ടുമാസം പ്രായമുളള ഒരാനക്കുട്ടിയെ ചൂണ്ടി രാഹുൽ, ആനക്കാരനോടു സിംഹളഭാഷയിൽ എന്തോ ചോദിച്ചു.മറുപടി ഇംഗ്ലീഷിലായിരുന്നു.
"ഫൈവ്‌ ലിറ്റർ പേർ ടൈം...", പാപ്പാൻ അഞ്ചു കൈവിരലുകൾ വിടർത്തിക്കാട്ടി പറഞ്ഞു.ഒരു കുട്ടിയാനയ്ക്ക്‌ ഒരു നേരം കൊടുക്കേണ്ട കുപ്പിപാലിന്റെ അളവാണ്‌ ആനപരിപാലകൻ ചോദ്യത്തിനുത്തരമായി രാഹുലിനോടു പറഞ്ഞത്‌. 'ഒരു നേരം അഞ്ചു ലിറ്റർ...'.
രാവിലെ ഒരു ജാഥപോലെ ഇവയെ നടത്തികൊണ്ടു വന്ന്‌ 'മഹാഓയ' പുഴയിലിറക്കി തേച്ചുകുളിപ്പിക്കുന്നു.ഒരു ഗജനീരാട്ട്‌. ഈ ആനപ്രകടനം കാണാൻ യൂറോപ്യരും, അമേരിക്കക്കാരും ഉൾപ്പെടെ വലിയൊരു സംഘം വിദേശടൂറിസ്റ്റുകൾ വീഡിയോ ക്യാമറകളും ഒരുക്കി കാത്തിരിപ്പുണ്ടായിരുന്നു. കുളിപ്പിക്കുന്നതിനിടയിലാണ്‌ പല തള്ളയാനകളും തങ്ങളുടെ അരുമക്കുട്ടികൾക്കു മുലയൂട്ടുന്നത്‌. ഒരു പാപ്പാനു പിന്നിൽ ജാഥയായി, വരിവരിയായി നീങ്ങുന്ന നൂറിലേറെ ആനകൾ, എത്ര രസകരമായ കാഴ്ചയായിരുന്നു അത്‌. ആനകളുടെ ഒരു 'ദേശീയസമ്മേളനം' നടക്കുന്നതുപോലെ തോന്നും, കണ്ടാൽ.
തൃശൂർ പൂരമഹോത്സവത്തിന്‌, തിളങ്ങുന്ന നെറ്റിപ്പട്ടവും ധരിച്ച്‌ നിരനിരയായി നിൽക്കുന്ന ഗജവീരന്മാരെ കാണുമ്പോഴുള്ള അനുഭവത്തിൽ നിന്ന്‌ എത്രയോ വ്യത്യസ്ഥമാണ്‌, അലങ്കാരമോ വാദ്യമേള പശ്ചാത്തലമോ ഇല്ലാതെ, കാട്ടുമരങ്ങളുടെ വന്യതയ്ക്കിടയിലൂടെ അനുസരണയോടെ, ഒതുക്കത്തോടെ, തലയാട്ടി നടന്നു നീങ്ങുന്ന ഈ ആനകളുടെ കാഴ്ച. നൂറുകണക്കിനു ആനകൾ, അവയുടെ കുഞ്ഞുകുട്ടികളുമായി നടന്നുനീങ്ങുന്ന കാഴ്ച, കൗതുകത്തോടെയേ നോക്കിക്കാണാനാവൂ.
വലിയൊരു കാലിക്കൂട്ടംപോലെ, ഇവിടെ, ഈ അനാഥാലയത്തിൽ ഗജവീരന്മാർ മേഞ്ഞുനടക്കുന്നു.
ഇവയ്ക്കൊന്നും കാലിൽ ചങ്ങലക്കെട്ടില്ല. പാപ്പാൻ ചൂണ്ടുന്ന വാരിക്കുന്തത്തിന്റെ ഭീഷണിയില്ല. നാട്ടിലേപ്പോലെ താൻ നയിക്കുന്ന ആനയ്ക്കു മുമ്പിൽ മദ്യപിച്ചെത്തുന്ന ആനക്കാരന്റെ ക്രൂരമായ ശാസനയില്ല. അസ്വാതന്ത്രത്തിന്റെ ഒരു ബന്ധനവുമില്ലാതെ, സർവ്വസ്വതന്ത്രരായി, കാട്ടിലെന്നപോലെ നിർഭയരായി അവ തലയുയർത്തി നടന്നുപോകുന്നു.
ആനവേട്ടയോടൊപ്പം ശ്രീലങ്കൻ വനമേഖലകളിലെ തമിഴ്പുലി ആക്രമണങ്ങളുടെ സംഘർഷങ്ങളുംമൂലം മാതാപിതാക്കളെ നഷ്ടമായി അലഞ്ഞുതിരിയുന്ന കുട്ടിയാനകൾക്ക്‌, ഈ വാസഗൃഹം ശരിക്കും ഒരനാഥാലയം തന്നെ. കാട്ടിനുള്ളിൽ ഭക്ഷണത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലിനിടെ ചതിക്കുഴികളിലോ, വെള്ളക്കെട്ടിലോ അകപ്പെട്ടുപോകുന്ന കുട്ടികളെ വനംസംരക്ഷണസേന ഇവിടെ എത്തിക്കുന്നു.
തുടക്കത്തിൽ ഏഴ്‌ അനാഥ ആനകളുമായാണ്‌ ഈ ആലയം ആരംഭിച്ചതു. ഏഴ്‌ ഹെക്ടർ പുൽമേടും ചുറ്റും അതിവിശാലമായ തെങ്ങിൻതോപ്പുകളുമുണ്ട്‌ ഈ വളർത്തുകേന്ദ്രത്തിന്‌. മൂന്നു തലമുറയുടെ ചരിത്രം പേറുന്ന ഇപ്പോഴിവിടെയുള്ള പഴയ കുടുംബനാഥന്മാരും, നാഥകളും. ഈ നൂറിലധികം അംഗങ്ങളിൽ 25 പേരും കുട്ടിയാനകളാണ്‌. ഇതിനകം നാൽപ്പതോളം ആനപ്രസവങ്ങൾ നടന്നുകഴിഞ്ഞ ഈ ആനത്തറവാട്ടിൽ, 1984-ലാണ്‌ ആദ്യകുട്ടി പിറന്നത്‌. നവജാത ആനശിശുവിന്റെ പേര്‌ സുകുമാലി എന്നാണ്‌.
ദിവസവും ആയിരത്തിലധികം വിദേശസന്ദർശകർ ഇവിടെയെത്തുന്നുണ്ട്‌. അവരിൽ നിന്നുള്ള സന്ദർശനഫീസ്‌ വരുമാനംകൊണ്ടാണ്‌ ഈ അനാഥലയത്തിന്റെ നിത്യച്ചെലവുകൾ നിർവ്വഹിക്കപ്പെടുന്നത്‌. ഒരാനയ്ക്ക്‌ മാസം 33000-രൂപയോളം ചെലവുണ്ട്‌. ഈ സ്ഥാപനം നടത്തുന്നത്‌, ശ്രീലങ്കയിലെ നാഷണൽ സുവോളജിക്കൽ ഗാർഡനാണ്‌.
ഇവിടെ, ഈ സംഘത്തിൽ, ഞാൻ രണ്ട്‌ ദുരന്ത കഥാപാത്രങ്ങളെ കാണുകയുണ്ടായി. എൽ.ടി.ടിക്കാർ കാട്ടിൽ ഒളിപ്പിച്ചുവച്ച കുഴിബോംബുപൊട്ടി ഒരു മുൻകാൽ മുറിഞ്ഞുപോയ 'സാമ' എന്ന ഒരു പത്തുവയസുകാരൻ, മുടന്തി ഏന്തിവലിഞ്ഞ്‌ മറ്റ്‌ ആനകളോടൊപ്പം നടന്നു നീങ്ങാൻ ബദ്ധശ്രമം നടത്തുന്നു. മറ്റൊരു കാഴ്ച, ഒരു അന്ധനായ കരിവീരന്റേതാണ്‌. തലയെടുപ്പുള്ള, ഒരു 'ഗുരുവായൂർ കേശവൻ' അവന്‌ പ്രായം എഴുപത്‌. ആനക്കൊമ്പുവേട്ടക്കാർ എയർപിസ്റ്റൺകൊണ്ടു വെടിവച്ച്‌, അവന്റെ രണ്ടു കണ്ണുകളും തകർത്തുകളഞ്ഞു. അതിനെ കൊന്ന്‌, കൊമ്പുകൾ ഊരിയെടുക്കുക എന്നതായിരുന്നു ഈ ദുഷ്ടന്മാരുടെ ലക്ഷ്യം. പക്ഷേ, വനപാലകർ തക്കസമയത്ത്‌ ഇടപെട്ടതിനാൽ രാജ എന്നു പേരുള്ള ആ കരിവീരന്‌ കണ്ണുകൾ മാത്രമേ നഷ്ടമായുള്ളു.
ഞാൻ ഉൽകണ്ഠാപൂർവ്വം ശ്രദ്ധിച്ചു, ആനകളുടെ പൊതുപ്രകടനജാഥയിൽ ഈ അന്ധന്‌ ഒപ്പം നടന്നെത്താനാവുന്നില്ല. ഒരു പ്രത്യേകസമയത്ത്‌, ജാഥയിൽ പങ്കെടുക്കാതെ, പരിശ്ശീലനം സിദ്ധിച്ച ചില പാപ്പാന്മാരുടെ ശബ്ദനിയന്ത്രണത്തിൽ ആ സാധുമൃഗം നടന്നുനീങ്ങുന്നതു കണ്ടപ്പോൾ ശരിക്കും എന്റെ കണ്ണുകൾ നനഞ്ഞുപോയി. പലപ്പോഴും നടക്കുന്നതിനിടെ അവന്റെ കണ്ണുകളുടെ സ്ഥാനത്ത്‌ കൃഷ്ണമണികളില്ല, ചലിക്കുന്ന രണ്ടുമാംസഗോളങ്ങൾ മാത്രം. ഈ പ്രപഞ്ചത്തിലെ ഒരു വന്യസൗന്ദര്യവും ആ മൃഗത്തിനു കാണാൻ ഭാഗ്യമില്ല. തീർത്തും ദയനീയമായ ഒരനുഭവം.
ഞങ്ങൾ കൊളംബൊയിൽ മടങ്ങിയെത്തിയപ്പോൾ വൈകിട്ട്‌ 5 മണി കഴിഞ്ഞിരുന്നു. ചെറിയൊരു നഗരപ്രദക്ഷിണം നടത്തിക്കഴിഞ്ഞ്‌, അൽപ്പനേരം ബീച്ചിലിരുന്നിട്ട്‌, ഞാനും രാഹുലും അന്നത്തെ രാത്രിഭക്ഷണത്തിന്‌ ആ പഞ്ചനക്ഷത്ര ഹോട്ടൽ പോയി, ടാജ്‌ കൊളംബോയിൽ.
സന്ധ്യക്ക്‌ ഒപ്പം വൈ.എം.സി.എ വരെ വന്നിട്ട്‌ രാഹുൽ മടങ്ങുംമുമ്പ്‌ പിറ്റേന്നു പകൽ സമയത്തേയ്ക്ക്‌ ഒരു പരിപാടിയും ഞാൻ തയ്യാറാക്കി; അർദ്ധരാത്രിയിലാണല്ലോ മടക്ക ഫ്ലൈറ്റ്‌.
'നുവാര ഏലിയ' എന്ന വളരെ ഉയർന്ന ഒരു ഹിൽസ്റ്റേഷനാണ്‌ ലക്ഷ്യം. കൊളംബൊയിൽ നിന്ന്‌ 200 കി.മീറ്ററോളം ദൂരമുണ്ട്‌.
യാത്രയ്ക്കു രാഹുൽ ഒരു നിബന്ധനവച്ചു. തന്റെ കാറിൽപോകാം, ടാക്സിവേണ്ട, നിർബന്ധമാണെങ്കിൽ യാത്രയിൽ പെട്രോൾ ഒഴിച്ചു തന്നാൽ മതി. ഞാനതംഗീകരിച്ചു.
കൊളംബൊയിലെ അവസാനരാത്രികൂടി കടന്നുപോയി. നിശ്ചയിച്ച പ്രകാരം രാവിലെ 6 മണിക്കുതന്നെ രാഹുൽ കാറുമായി എത്തി.
വളരെ രസകരമായ ഒരു യാത്രയായിരുന്നു അത്‌. പോകുംവഴി ചില ചെറിയഗ്രാമങ്ങളും ഇടത്തരം പട്ടണങ്ങളും പിന്നിട്ട്‌, പ്രകൃതിരമണീയമായ പരിസരങ്ങൾ താണ്ടി കാർ പൊയ്ക്കൊണ്ടിരുന്നു. തമിഴർ തിങ്ങിപ്പാർക്കുന്ന ഒരു ചെറിയ പട്ടണത്തിലാണ്‌ പ്രഭാതഭക്ഷണത്തിനു രാഹുൽ കാർ നിർത്തിയത്‌. രുചികരമായ ചൂട്‌ ഇഡ്ഡലിയും വടയുമായിരുന്നു വിഭവങ്ങൾ. തമിഴന്റെ പാചക നൈപുണ്യം സിംഹളന്റേതിനേക്കാൾ എത്രയെത്ര നല്ലത്‌. ഹോട്ടൽ താജിലേത്‌ ഒഴിവാക്കിയാൽ, ഈ ശ്രീലങ്കൻ യാത്രയിലെ ഏറ്റവും രുചികരമായ ഭക്ഷണമായിരുന്നു ആ തമിഴ്‌ കോളനിയിൽ നിന്നും കിട്ടിയ പ്രാതൽ.
ഏതു വിദേശയാത്രയിലും, പാക്കേജ്‌ ടൂറിൽ പോകുമ്പോൾ ട്രാവൽ കമ്പനി ഏർപ്പാടു ചെയ്തു തരുന്ന ഇന്ത്യൻ ഭക്ഷണം എപ്പോഴും വളരെ മെച്ചപ്പെട്ടതാവും. പക്ഷേ, അതൊക്കെ വടക്കേ ഇന്ത്യൻ സമ്പ്രദായത്തിലുള്ളവയായിരിക്കും. ഇത്തരം യാത്രകളിൽ പങ്കെടുക്കുന്നതിൽ 90 ശതമാനവും വടക്കേ ഇന്ത്യക്കാർ തന്നെ. യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും പോകുമ്പോൾ, ഇന്ത്യൻ ഭക്ഷണത്തോടൊപ്പം ചില ദിവസങ്ങളിൽ ഇന്ത്യൻ റസ്റ്റാറന്റുകൾ തീരെ ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രം പാശ്ചാത്യഭക്ഷണമാണു വിളമ്പിത്തരിക. എത്ര മുന്തിയതാണെങ്കിലും, നാം ഇന്ത്യാക്കാർക്ക്‌ അത്‌ ഒരിക്കലും ആസ്വാദ്യകരമാവില്ല. ഒന്നുകിൽ വടക്കേഇന്ത്യൻ ഭക്ഷണം, അതല്ലെങ്കിൽ യൂറോപ്യൻ-ഇതു രണ്ടും തിന്നു മടക്കുമ്പോൾ ഒരു സൗത്ത്‌ ഇന്ത്യൻ ഇഡ്ഡലി-വടയോ, മസാല ദോശയോ ഒക്കെ തിന്നാൻ നാം കൊതിച്ചുപോകും. ചില യാത്രകളിൽ അത്തരം അപൂർവ്വ അവസരങ്ങൾ വീണു കിട്ടാറുമുണ്ട്‌.
ഒരനുഭവം വിവരിക്കാം. യൂറോപ്പ്‌ യാത്രയാണ്‌. ഞാനും ഭാര്യയും പാക്കേജ്‌ ടൂർ ആണ്‌. ഒട്ടാകെ 40 പേർ യാത്രാസംഘത്തിലുണ്ട്‌. ഞങ്ങൾ ഒഴികെ മറ്റുള്ളവരൊക്കെ വടക്കേ ഇന്ത്യാക്കാർ.
യൂറോപ്പിലെ പത്തുരാജ്യങ്ങളുടെ സന്ദർശനമാണു പട്ടികയിൽ. ഈ യാത്രയിൽ ഒരു ബോണസ്‌ (സമ്മാനം) എന്ന നിലയിൽ ട്രാവൽ കമ്പനി ഒരു ദിവസത്തെ ദുബായ്‌ സന്ദർശനംകൂടി ഞങ്ങൾക്കനുവദിച്ചിരുന്നു.
ഒമ്പതാമത്തെ രാജ്യമായ ഫ്രാൻസിൽ നിന്നും അവസാന പോയന്റായ യു.കെ.യിലേയ്ക്ക്‌ പോവുകയാണ്‌. ലണ്ടനിലേയ്ക്കുള്ള ഈ യാത്ര ട്രെയിൻ വഴിയാണ്‌. യൂറോ റെയിൽ വഴി. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന തീവണ്ടി അതിന്റെ പാത, കുറേ ദൂരം കടലിനടിയിൽ കൂടിയാണ്‌. ഒരു ടണൽ വഴി, ഇംഗ്ലീഷ്‌ ചാനലിനടിയിൽകൂടിയാണ്‌ ആ സുദീർഘ ടണൽ നിർമ്മിച്ചിരിക്കുന്നത്‌.
ആ യാത്രയിലെ ഞങ്ങളുടെ ടൂർ മാനേജർ ബോംബെ നിവാസിയായ ഒരു പാഴ്സി ചെറുപ്പക്കാരനാണ്‌, മിസ്റ്റർ റോണി പാലിയോ. സമർത്ഥൻ.
കടലിനടിയിൽ കൂടിയുള്ള തീവണ്ടി സഞ്ചാരത്തിനിടെ, റോണി, യാത്രക്കാരായ ഞങ്ങൾക്ക്‌ ഒരു ഓഫർ തരുന്നു. ആവശ്യക്കാർക്ക്‌, താൽപര്യമുണ്ടെങ്കിൽ ഒരു സൗത്തിന്ത്യൻ ഭക്ഷണശാല ലണ്ടനിൽ പരിചയപ്പെടുത്തിത്തരാം. "നാം താമസിക്കുന്ന ഹോട്ടലിനടുത്തുതന്നെയാണ്‌ റസ്റ്റോറന്റ്‌." അയാൾ തുടർന്നു.
"അവിടെ നിന്നും നിങ്ങൾക്കു ചൂട്‌ ഇഡ്ഡലിയും വടയും കഴിക്കാം. മസാലദോശ വാങ്ങി, ചൂടോടെ ഉള്ളിലാക്കാം. പരിപ്പുവട വാങ്ങി കരുമുരാ കടിച്ചു തിന്നാം.." വിവരണം അങ്ങിനെ നീണ്ടുപോയി.
കഴിഞ്ഞ 20 ദിവസത്തെ യൂറോപ്പ്‌ യാത്രയ്ക്കിടെ ഒരു നാടൻ ഭക്ഷണം കഴിക്കാനവസരം ഉണ്ടായിട്ടില്ല. എന്റെ ഉള്ളിലെ കൊതി ആർത്തിയോടെ തലയുയർത്തി.
"ഏതാണോ ഹോട്ടൽ....എവിടെയാണത്‌. ഹോട്ടലിന്റെ പേരെന്താണു റോണീ..." എന്റെ തിടുക്കവും ചോദ്യത്തിന്റെ രീതിയും അയാളെ രസിപ്പിച്ചെന്നു തോന്നി.
"ഹോട്ടൽ ചെട്ടിനാട്‌, നാം താമസിക്കുവാൻ പോകുന്ന ഹോട്ടലിനു ഒരു വിളിപ്പാടാകലെ..."
അയാളൊന്നു ചിരിച്ചു. എന്നിട്ടു തന്റെ വാക്കുകൾ തുടർന്നു.
"പക്ഷേ.... വില അൽപ്പം ഏറും. ഒരു ഇഡ്ഡലിക്ക്‌ 65 രൂപ വിലവരും. ലണ്ടനല്ലേ, ഇവിടെ ഏതു ഇന്ത്യൻ ഭക്ഷണത്തിനും നല്ല വില കൊടുക്കേണ്ടിവരും.."
വിലയൊന്നും പ്രശ്നമല്ല എന്ന മട്ടാണ്‌ എനിക്കെങ്കിലും ഞാൻ മെല്ലെ തൊട്ടരികിലിരുന്ന ശ്രീമതിയോട്‌ ശബ്ദം താഴ്ത്തി മന്ത്രിച്ചു." റോണിക്കു തെറ്റുപറ്റിയതാവും. ഒരു ഇഡ്ഡലിക്കു 65 രൂപയോ? ഒരു പ്ലേറ്റിനാവും, മൂന്നോ നാലോ എണ്ണമുള്ള ഒരു പ്ലേറ്റിന്‌..."
താമസിക്കുന്ന ലണ്ടൻ ഹോട്ടലിൽ നിന്നും ഒന്നു ഫ്രേഷ്‌ ആയ ഉടൻ ഞങ്ങൾ പുറത്തുചാടി. അപരിചിതമായ നഗരത്തിലെ, റോണി സൊ‍ാചന നൽകിയ വഴിയിലൂടെ ഹോട്ടൽ ചെട്ടിനാടും തിരക്കി ഞങ്ങൾ നടന്നു. ഒടുവിൽ ആ റസ്റ്റോറന്റ്‌ കണ്ടെത്തുകയും ചെയ്തു.
ചെറിയൊരു റസ്റ്റോറന്റ്‌. വളരെ ഭംഗിയിൽ അലങ്കരിച്ച ഒരു ചെറിയ ഹാൾ. ഏഴെട്ടു ടേബിളുകൾ മാത്രം.
ഉടമസ്ഥനുമായി പരിചയപ്പെട്ടു. സുമുഖനായൊരു ചെറുപ്പക്കാരൻ. ഡെൽഹി സ്വദേശിയാണ്‌. ഹോട്ടൽ മാനേജ്‌മന്റിൽ ഡിപ്ലോമ എടുത്ത ആ യുവാവ്‌. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ ജോലി ഉപേക്ഷിച്ച്‌, എട്ടു വർഷം മുമ്പ്‌ ഡെൽഹിയിൽ നിന്നും വന്ന്‌ തുടങ്ങിയതാണീ സൗത്തിന്ത്യൻ ഭക്ഷണശാല. വെജിറ്റേറിയൻ റസ്റ്റോറന്റിന്റെ പേര്‌ ടൂർമാനേജർ പറഞ്ഞു കേട്ടപ്പോൾ, ഏതെങ്കിലും തമിഴ്‌നാടു സ്വദേശിയുടേതാവും ഈ ഹോട്ടൽ ചെട്ടിനാട്‌ എന്നാണ്‌ ഞാൻ മനസ്സിൽ കരുത്തിയത്‌.
റസ്റ്റോറന്റിൽ ഓർഡറെടുക്കാനും, വിളമ്പാനുമെല്ലാം ഈ സഹൃദയൻ മാത്രം. ഒരു വൺമാൻ ഷോ. പാചകത്തിനു മാത്രമായി ഒരടുക്കളക്കാരനുമുണ്ട്‌. കിച്ചനിൽ.
ഞാനാ റസ്റ്റോറന്റുടമയുമായി സംഭാഷണം നടത്തുന്നതിനിടെ, ഭാര്യ, മേശപ്പുറത്തിരുന്ന മെനുകാർഡിലൂടെ കണ്ണോടിക്കുകയായിരുന്നു.
ഒടുവിൽ അവൾ കണ്ടുപിടിച്ചു, ഇഡ്ഡലി വട സെക്ഷൻ, മെനുകാർഡിലെ വില നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി. റോണിക്കു തെറ്റുപറ്റിയിരിക്കുന്നു. അയാളല്ലേ പറഞ്ഞത്‌ ഒരു ഇഡ്ഡലിക്ക്‌ 65 രൂപയെന്ന്‌. ഇവിടെ വിലവിവരപ്പട്ടികയിൽ അച്ചടിച്ചിരിക്കുന്നത്‌, ഒരു ഇഡ്ഡലിക്ക്‌ ഒരു പൗണ്ട്‌ വിലയെന്നാണ്‌. ഒരു പൗണ്ടിന്റെ അന്നത്തെ ഇന്ത്യൻ മൂല്യം 80 രൂപ.
വിലയൊന്നും നോക്കിയില്ല, ആവശ്യംപോലെ ഓർഡർ ചെയ്ത്‌ രുചികരമായി ഭക്ഷിച്ചു. ഇതിനിടെ ഭാര്യ ഒരു അതിബുദ്ധി കാട്ടുകയുണ്ടായി. അതിനു പിഴ 360 രൂപ. ഏതായാലും 80 രൂപ വച്ചു വാങ്ങിക്കഴിക്കുയല്ലേ ഓരോ ഇഡ്ഡലിയും, നമുക്കു കുറച്ചു സാമ്പാർ കൂടി വാങ്ങിക്കഴിക്കാം. നാട്ടിലെ പോറ്റി ഹോട്ടലുകളിൽ സ്റ്റീൽ ബക്കറ്റിൽ കൊണ്ടുവന്നാണ്‌ സാമ്പാറും ചട്ണിയും യഥേഷ്ടം പകർന്നു തരുന്നത്‌.
ഇവിടെ ഞങ്ങൾ രണ്ടാൾക്കും രണ്ടുപ്രാവശ്യം വീതം ഓരോ കൊച്ചു പ്ലേറ്റിൽ സാമ്പാർ കൊണ്ടുവന്നു തന്നിരുന്നു. ബിൽ വന്നപ്പോൾ കണ്ടു, ഈ ഓരോ പ്ലേറ്റിനും ഓരോ പൗണ്ടുവീതം ചാർജ്ജ്‌ ചെയ്യപ്പെട്ടിരിക്കുന്നു.
ബിൽ പ്രകാരം 24 പൗണ്ടിന്റെ ശാപ്പാടാണ്‌ ഞങ്ങൾ രണ്ടാളും കൂടി അകത്താക്കിയത്‌. 1920 രൂപയുടെ ഇഡ്ഡലി വട. എന്നിട്ടും വയർ പൂർണ്ണമായി നിറഞ്ഞോ എന്നൊന്നും ചോദിക്കരുത്‌.
അമേരിക്കയിലെ ഒരു ടീസ്റ്റാളിൽ നിന്നും ഉണ്ടായ ഒരു ചെറിയ അനുഭവംകൂടി അനുബന്ധമായി ഇവിടെ ചേർക്കാം.
ന്യൂയോർക്ക്‌ സിറ്റി. ഞങ്ങൾ താമസിച്ചതു ഹോട്ടൽ എഡിസണിലാണ്‌. അതൊരു പഞ്ചനക്ഷത്ര ഹോട്ടലായിരുന്നു. മുപ്പത്തിയഞ്ചാം നിലയിലാണ്‌ മുറി. ഒട്ടാകെ 52 ഫ്ലോറുകളുള്ള ഒരു ബഹുനില മന്ദിരമാണത്‌.
പാക്കേജ്‌ ടൂറിൽ, മൂന്നുനേരം ഭക്ഷണം ടൂർ കമ്പനിവകയായി ഏർപ്പാടു ചെയ്യപ്പെടുന്നുണ്ട്‌. എന്നാൽ പുലർച്ചയുള്ള ബെഡ്കോഫി-ചായയും ആവാം- സൗജന്യമല്ല. ഓർഡർ ചെയ്തു വരുത്തിയാൽ ബിൽ വരും. ആദ്യദിവസം ഞങ്ങൾ ഓരോ ചായയ്ക്ക്‌ ഓർഡർ നൽകി. ഒരു തേയിലക്കോപ്പയിൽ ചായയും രണ്ടു കപ്പുകളും കൊണ്ടുവരപ്പെട്ടു.
നല്ലചായ തന്നെ. ബിൽ ഒപ്പിട്ടു കൊടുത്തപ്പോൾ ചായയുടെ വില ശ്രദ്ധിച്ചു. 10 ഡോളർ. ഓരോ ചായക്കു അഞ്ചു ഡോളർ വീതം - 225 ഇന്ത്യൻ രൂപ വീതം- ആണ്‌ ചാർജ്ജ്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ആകെ 450 രൂപ.
എന്നാൽ സൗജന്യമായി, ർറൂമിൽ ചായ ഉണ്ടാക്കി കുടിക്കുവാനുള്ളത്‌ എല്ലാം മുറിയിൽ ഒരുക്കിയിട്ടുണ്ട്‌. ഒരു ഇലക്ട്രിക്‌ കെറ്റിൽ, തേയില, കാപ്പിപ്പൊടി, പാൽപ്പൊടികവർ, പിന്നെ ഷുഗർക്യൂബുകളും. പ്ലഗ്ഗ്‌ ഒന്നു കുത്തി ചായ ഉണ്ടാക്കാൻ മടിച്ചപ്പോൾ മടിയിൽ നിന്നും 450 രൂപ പോയികിട്ടി.
അന്ന്‌ ന്യൂയോർക്ക്‌ നഗരസന്ദർശനമായിരുന്നു. പല ഷോപ്പിങ്‌ സെന്ററുകളിലും നടന്നലഞ്ഞ്‌, ഒരു ചെറിയ പാർക്കിനടുത്തെത്തി. ഒരു ടീസ്റ്റാൾ അവിടെ കണ്ടു. ഒരു പരിഷ്കൃത തട്ടുകട.
ചായയുടെ വില എഴുതിവച്ചിട്ടുണ്ട്‌ നാലു ഡോളർ, ഹോട്ടൽ ചായയെക്കാൾ ഒരു ഡോളർ കുറവ്‌. ഇത്ര വിലകൂടിയ ചായ വേണ്ടെന്നു ശ്രീമതി. അവൾക്കു വേണ്ടെങ്കിലും എനിക്കൊരു ചായ കൂടിയേ കഴിയൂ.
നാലു ഡോളർ കൊടുത്ത്‌ ടോക്കൺ വാങ്ങി ചായ വിതരണക്കാരി മദാമ്മപ്പെണ്ണിനടുത്തു ചെന്നു. ടോക്കൺ വാങ്ങി പെട്ടിയിലിട്ടിട്ട്‌ അവൾ, ഒരു പേപ്പർ കാപ്പിൽ കുറച്ചു തിളച്ചവെള്ളം ഒഴിച്ചു തന്നു. അതു കൈയിൽ ഏറ്റുവാങ്ങി അടുത്ത പ്രക്രിയ എന്തെന്നറിയാൻ കാത്തുനിന്നു. കണ്ണുകൾ മാത്രം ചലിപ്പിക്കുന്ന ഒരു റബ്ബർ പാവ കണക്കിന്‌, വശത്തേക്കു അവൻ കണ്ണുരുട്ടി കാണിച്ചിട്ട്‌, ഒരു ഡയലോഗ്‌ പറഞ്ഞു.
"ടീ ബാഗ്‌, ഷുഗർ, ആന്റ്‌ മിൽക്ക്‌ ഈസ്ദേർ...." പാലും പഞ്ചസാരയുമൊക്കെ അതാ ഇരിക്കുന്നു വേണമെങ്കിൽ എടുത്തുകലക്കി കുടിച്ചോളൂ എന്ന മട്ടിൽ.
രണ്ടു രൂപ നാട്ടിൽ വില വരുന്ന ഒരു ടീ ബാഗ്‌, അൽപ്പം പഞ്ചസാര, ചെറിയൊരു പാക്കറ്റ്‌ പാൽപ്പൊടി, തീർന്നു പരിപാടി. ഞാനും ഭാര്യയുംകൂടി എത്ര കലക്കി മിക്സ്‌ ചെയ്യാൻ ശ്രമിച്ചിട്ടും ആ നാല്‌ ഡോളർ ചായക്ക്‌ ഒരു രുചിയും, ഗുണവും, കടുപ്പവും കിട്ടിയില്ല. കടുപ്പമുള്ളത്‌ ഒന്നിനു മാത്രം ചായയുടെ വിലയ്ക്ക്‌.
മണി ഒന്നായിരിക്കുന്നു. രാഹുൽ ഡ്രൈവിങ്ങിനിടെ സമയം എന്നെ ഓർമ്മിപ്പിച്ചു.
വളവും തിരിവും ചുരവുമൊക്കെ താണ്ടി, ഞങ്ങൾ 'നുവാര ഏലി'യയുടെ നെറുകയിൽ എത്തി. നല്ലതണുപ്പുള്ള അന്തരീക്ഷം.
ഇത്‌ മനോഹരമായ ഒരു ചെറുപട്ടണംതന്നെ. തണുപ്പുള്ള കാലാവസ്ഥകൊണ്ടും ഇംഗ്ലീഷുകാർ പണിതുയർത്തിയ ഒരു നഗരമെന്നതിനാലുമാവാം, ലിറ്റിൽ ഇംഗ്ലണ്ട്‌ എന്നാണ്‌ ഈ കൊച്ചുപട്ടണം അറിയപ്പെടുന്നത്‌. 'നുവാര ഏലിയ' എന്നാൽ പ്രകാശത്തിന്റെ നഗരം എന്നർത്ഥം.
പട്ടണത്തിന്റെ ഉയർന്നുതാഴ്‌ന്നു കിടക്കുന്ന ഭൂപ്രദേശങ്ങൾക്കു ചുറ്റും മഞ്ഞു പെയ്തിറങ്ങുന്ന മൊട്ടക്കുന്നുകൾക്കു നടുവിൽ ഇംഗ്ലീഷുകാർ പ്രൗഢിയോടെ പണിതുയർത്തിയ നഗരമാണിത്‌. പഴമയുടെ നിറവും ഗന്ധവുമുള്ള കെട്ടിടങ്ങൾ ഇവിടുത്തെ കാഴ്ചകളിൽ പ്രധാനമായവയാണ്‌. പണ്ട്‌ ബ്രട്ടീഷുകാർ പരിചാരകരായി കൊണ്ടുവന്ന തമിഴരെയും അന്ന്‌ അവർ, നഗരത്തിലങ്ങിങ്ങു കുടിയിരുത്തുകയുണ്ടായി. ഇന്ന്‌ ശ്രീലങ്കയിലെ തമിഴരുടെ വലിയൊരു കേന്ദ്രം കൂടിയാണ്‌ ഈ സ്ഥലം.
വൈകിട്ട്‌ നാലു മണിയോടെ ഞങ്ങളാ ചെറുനഗരത്തോടു വിടപറഞ്ഞ്‌, ഇറക്കം ഇറങ്ങാൻ തുടങ്ങി. ഇപ്പോൾ തന്നെ തിരിച്ചാലേ രാത്രി 10 മണിക്കെങ്കിലും കൊളംബോയിലെത്താനാവൂ. ർറൂമിയിൽ എത്തിയിട്ടുവേണം പാക്കിങ്‌ നടത്താൻ. രാത്രി മൂന്നു മണിക്കാണ്‌ ഫ്ലൈറ്റ്‌. അതിനായി 12 മണിക്കുതന്നെ എയർപോർട്ടിൽ റിപ്പോർട്ട്‌ ചെയ്യണം.
അഞ്ചു നാളത്തെ ഹൃദ്യമായ ശ്രീലങ്കൻ ഓർമ്മകളെ മനസ്സിൽ താലോലിച്ചുകൊണ്ട്‌, ഞാൻ കൊളംബൊ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാനത്തിന്റെ പടികൾ കയറി. ഒരു ചെറിയ രാജ്യത്തെ സന്ദർശനത്തിന്റെ വലിയ ഓർമ്മകളുമായി സീറ്റ്‌ ബെൽറ്റ്‌ മുറുക്കി. കണ്ണടച്ചു ഞാനിരുന്നു. വിമാനം ടേക്ക്‌ ഓഫ്‌ ചെയ്യുന്ന മൂളലിനിടെ എപ്പോഴോ ചെറിയൊരു മയക്കത്തിലേയ്ക്ക്‌ ഞാൻ വഴുതിവീണു.
(അവസാനിച്ചു)
a q mahdi
phone
9895180442