Thursday, October 1, 2009

പത്തു കവിതകള്‍- ഇന്ദിരാ ബാലന്‍


indira Balan

വര്‍ഷമുകിലുകള്‍
മഴനൂലുകളെ ചേര്‍ത്തു വെച്ച ഹൃത്തിലേക്കു
പതിഞ്ഞാട്ടച്ചുവടു വെച്ചെത്തുന്നിതു വര്‍ഷമുകിലുകള്‍
നോവിന്‍ മഴ പെയ്‌തു കവിയുന്ന രാവില്‍
ഉള്ളിലുറങ്ങിക്കിടക്കും നിനവുകളെ
തട്ടിയുണര്‍ത്തുന്നുയീ മഴനൂലുകള്‍
ഏകാന്തവിഷാദ ഗാനങ്ങളായി
മനസ്സില്‍ പൂക്കുന്ന കവിതകളായി
കരയാന്‍ വിതുമ്പി നില്‍ക്കുന്ന കാര്‍-
മേഘങ്ങളെ താങ്ങി മൗനത്തിന്‍
തിടമ്പേന്തി നില്‍ക്കുമീ തേക്കുപൂവിന്‍
മൗഡ്ഡ്യത്തെയകറ്റി പെയ്‌തു നിറച്ചു
സാര്‍ത്ഥകമാക്കീ വിമൂക നിമിഷങ്ങളെ
കരിക്കാടി സന്ധ്യകളിലോളപ്പാത്തിയിലൂടെ
ആര്‍ത്തലച്ചു വീണോരു പേമഴക്കൂത്തിന്‍
ഭ്രാന്ത ഭാവം പൂണ്ടു ഭയാര്‍ത്തയാക്കിയെന്നെ
നീയന്നൊരു നാള്‍;
മറന്നുവൊ മഴനൂലുകളെ നിങ്ങള്‍
പേര്‍ത്തുമിവള്‍ തന്‍ നരച്ച സ്വപ്‌നത്ത
കാക്കും, വരണ്ട ഹൃത്തടത്തിന്നടരുകളിലേക്ക്‌
ചീറിയടിക്കുന്ന താളമായ്‌ പെയ്‌തിറങ്ങിയതും..............
തമസ്സിന്‍ പാതാളഗുഹകള്‍ താണ്ടി വന്നു
വിരഹാതുരയായി നില്‍ക്കുമീ വസുധയെ
ഉര്‍‌വ്വരയാക്കുന്നതും നീയല്ലയോ?
നഭസ്സിന്‍ നീലമിഴികള്‍ മെല്ലെ തിരുമ്മി
തുറന്നു വന്നു നീയെന്‍ വിഹ്വലസന്ധ്യകളെ
കുളിരണിയിപ്പിച്ചതുമോര്‍ക്കുന്നു ഞാന്‍
ബഹുഭാവ ഋതുസംഗീതമായി
പെയ്‌തിറങ്ങിയോരമൃത വര്‍ഷിണീ
നെടുനാളായി കണ്ടിട്ടു നിന്നെ
ഇവള്‍ക്കരികിലണയാനെന്തേ കാലവിളംബം?
വരിക വേഗം വര്‍ഷമുകിലുകളെ
ഉള്ളു പൊള്ളുന്നിതു കാണുന്നീലയൊ
പെയ്‌തു നിറഞ്ഞാലുമീയൂഷരതയില്‍
കിളിര്‍ക്കും പുതുനാമ്പിന്‍ അക്ഷരമഴയായ്‌..............

ഇഷ്‌ടം

എന്റെ പുലര്‍കാല സന്ധ്യേ
നീയെന്താണെന്നോടു പറയുന്നത്‌?
ഊഷരതക്കു മേലെ വീണ
നനവിന്റെ തുള്ളികളായി
വീണ്ടും വേട്ടയാടപ്പെടുന്നുവോ
എന്റെ ചിറകുകളുടെ ശക്തി
ക്ഷയിച്ചെന്നു കരുതുമ്പോഴും
മനസ്സേ, നീ സ്വര്‍ണ്ണരഥത്തിലേറി
ഇതെവിടേക്ക്`.......................
അഭിശപ്‌തയാണു ഞാന്‍
പേടു വന്ന വൃക്ഷം പോലെ
ജീര്‍ണ്ണിച്ചവള്‍
നിനക്കെന്നെയറിയില്ല
ഒരു മെഴുകുപ്രതിമയായി ഉരുകുന്നവള്‍
വിഷദംശനത്തിന്റെ അടയാളങ്ങള്‍
എന്നിലുണ്ടെന്നറിയുമ്പോള്‍
നിന്റെ ഈയിഷ്‌ടം വിദൂരത്താകും.......

അശാന്തി
കാലടികളുടെ കനത്ത ശബ്‌ദം കേട്ട്‌
അവള്‍ ഞെട്ടിയുണര്‍ന്നു
കട്ട പിടിച്ച ഇരുട്ടില്‍ ചുവന്ന കണ്ണുകളിലെ
തീപ്പൊരി പാറി..........
നിദ്രയില്‍ ഭംഗമേറ്റ അവളുടെ കാതുകളില്‍
കടന്നലുകള്‍ കുത്തി
നോവിന്റെ അവസാന അത്താണിയും
താണ്ടിയിരിക്കുന്നു
വിശപ്പിന്റെ അട്ടഹാസമുയര്‍ന്നു
ആജ്ഞയുടെ ചുവ കലര്‍ന്ന ചുവന്ന അക്ഷരങ്ങള്‍
ഹൃദയരക്തത്തിന്റെ നിറം പൂണ്ട ഞരമ്പുകള്‍ എഴുന്നു നിന്നു
അരിപിറാവിന്റെ ചിറകല്പ്പം ഒടിഞ്ഞ്രിരിക്കുന്നു
ഉയരത്തില്‍ പറക്കാനാവാതെ പ്രാണരക്ഷാര്‍ത്ഥം
ചിറകിട്ടടിച്ചുകൊണ്ടിരുന്നു
കനത്ത മഴയുടെ ചാട്ടവാറടിയില്‍ കപോതം
ആഴത്തിലേക്കു തള്ളിയിടപ്പെട്ടു
തച്ചുപരത്തിയ വേദന പൊടിഞു
പഴുതാരകള്‍ ഇഴഞ്ഞുനടന്നു
ഓരോ രാവും ശാപവാക്കുകളാല്‍ പൊതിഞ്ഞു
തീയില്‍ വെന്ത്‌ ചെമ്പരത്തിപൂപോലെ
ചുവന്ന്` പഴുത്ത്‌ വ്രണിതമായ മനസ്സ്‌
രതിവൈകൃതങ്ങളുടെ തീക്കുണഠത്തില്‍
പൊട്ടലും, ചീറ്റലും......
അവസാനം ആയുസ്സറാറായ പ്രാവിനെപ്പോലെ
നിസ്സഹായതയുടെ കുറുക
ല്‍ നേര്‍ത്തു വന്നു.............

സ്വപ്നം
കനകാംഗുലികള്‍ നീട്ടി ഉഷസ്സ്‌
മൃദുവായി തൊട്ടുണര്‍ത്തിയപ്പോള്‍
ഉള്ളില്‍ കാണാനാഗ്രഹിച്ചു കൈവന്ന
ഒരു കനകക്കിനാവിന്റെ നോവ്` നീറിപ്പടര്‍ന്നു
എങ്ങുനിന്നോ വന്ന്‌ എവിടേക്കെന്നില്ലാതെ
പോവുന്ന മഴമേഘത്തില്‍ മറഞ്ഞിരുന്ന്
നീ എന്റെയരികിലണഞ്ഞത്` എന്തിനായിരുന്നു
തലക്കു മുകളില്‍ ജ്വലിക്കുന്ന ഗ്രീഷ്‌മഋതുവിന്റെ
ഉഗ്രതാപങ്ങളില്‍ വെന്തുലഞ്ഞ മനസ്സിന്‌
ഒരു പൊന്‍‌കുടം നിറയെ കുളിര്‍നീരുമായി
നീയെത്തിയില്ലേ?
ഞാനോ ഗോപികയായി, മുളന്തണ്ടിലൊഴുകുന്ന
രാഗസുധയുടെ മര്‍മ്മരങ്ങള്‍ എന്റെ കാല്‍ച്ചിലമ്പൊലികളിലുണര്‍ന്നു
ശ്രവണപുടങ്ങള്‍ ആ മധുരനിസ്വനത്തെ തിരഞ്ഞലഞ്ഞു
ഒരു ചിത്രശലഭമായി മന്ദമാരുതനില്‍ കുണുങ്ങിനില്‍ക്കുന്ന
പനിനീര്‍ പൂവിലെ മധു നുകര്‍ന്നു
സൗന്ദര്യത്തിന്റെ സപ്‌തഭാവങ്ങളുമായി ഒഴുകിയ
സ്വപ്‌നത്തിന്റെ ചാരുത ഞാനാവോളം നുകര്‍ന്നു
രുചിഭേദങ്ങളിലെ നനവ്‌ തിരിച്ചറിഞ്ഞു
ശോണിമയിലലിഞ്ഞ സാന്ധ്യരാഗം ഒരു-
വിരഹപല്ലവി മൂളിയടുത്തു
രാവിന്റെ നാന്ദിയില്‍ നക്ഷത്രപ്പൊട്ടുകളെ
കൂട്ടു പിടിച്ച്‌ നീ നീലനഭസ്സിന്റെ അന്തരാളങ്ങ്ളിലേക്ക്‌
തെന്നിതെന്നിയകലവേ
ഒരുഷസ്സുകൂടി ജന്മം കൊള്ളുകയായിരുന്നു

സൂത്രധാരന്‍
ചലിക്കുന്നു പാവകളോരോന്നുമീ
സൂത്രധാരന്‍ കൊരുത്തൊരീ ചരടിലായ്‌
ഇഴഞ്ഞു നീങ്ങുന്നിവര്‍ തന്‍ രാവുകളും
നനഞ്ഞ ശീല പോലിരുളില്‍ മുങ്ങുന്നു നിശ്വാസവും
കഥയറിയാതെയല്ലൊ ചമയങ്ങളുമണിവതും
പരകായങ്ങളായിയേറെ നടന്മാരും
കൂടുവിട്ടുകൂടുമാറി കാണികളുമീ രംഗവീഥിയില്‍
നിഴല്പ്പാവക്കൂത്തുകള്‍ കാണ്മതിന്നായ്‌
നിലാവു പെയ്‌ത മുഖങ്ങളുമഴിഞ്ഞുവീഴുന്നുയീ
സൂത്രധാരന്നൊരുക്കിയ വാരിക്കുഴികളില്‍
അലക്കിവെളുപ്പിക്കാന്‍ നോക്കി പല കല്ലിലും
നോവു സഹിയാഞ്ഞവയും തിരിഞ്ഞു പല വഴിയേ......
സത്യം ചവിട്ടിക്കുഴച്ച മണ്ണിലല്ലയൊ
സൂത്രധാരനാമീ കുശവന്‍ കുടങ്ങള്‍ തീര്‍പ്പതും
വെന്തുനീറിപ്പുകയുന്നോരടുപ്പുപോല്‍
ചുട്ടുപൊള്ളുന്നു സത്യമാനസങ്ങളും
നിഴലുപോലുമന്യമാകുന്നൊരീ വേളയില്‍
പ്രതിരോധഭാഷ്യം മുഴക്കീ പാവകള്‍
നിലച്ചു നിഴല്പ്പാവക്കൂത്തുകളും
അണഞ്ഞു ജ്വലിക്കും ദീപനാളങ്ങളും
പാവകള്‍ തന്‍ ചലനഭേദം കണ്ടു
ഭയക്കുന്നുവോയീ സൂത്രധാരന്‍
ഏറെയായാല്‍ തിരിഞ്ഞെതിര്‍ക്കും
ഏതു സാധുജീവി തന്‍ കരങ്ങളുമെന്നറിവീലേ
കൊലവിളി മുഴക്കി ചുവടുകള്‍ വെച്ചു
സൂത്രധാരന്‍ തന്‍ ശിരസ്സറുത്തു പാവകള്‍
കത്തീ പടുതിരിനാളങ്ങള്‍ രംഗമണ്ഡപത്തില്‍
ആടി വീണു, ഒരു ജീവിതത്തിന്‍ യവനികയും
അശാന്തി തന്‍ കരുക്കള്‍ നീക്കി
കുടിയിരിപ്പൂയനേകം സൂത്രധാരന്മാരിവിടെ
ഒടുക്കയവരെ ധര്‍മ്മത്തിന്‍ വാള്‍ത്തലയാല്‍
ശുദ്ധികലശം ചെയ്‌തു പുണ്യമാക്കുകീ വിണ്ടലത്തേയും

നിയോഗം
പ്രണയപരിഭവത്തില്‍ കുതിര്‍ന്നോരേകതാരകെ
പ്രണയത്തിരയിളകിയ കണ്ണില്‍നിന്നുമുതിര്‍ന്നു-
വീഴുവതെന്തു കുങ്കുമ സന്ധ്യ തന്‍ രാഗഭാവങ്ങളൊ
മിഴിയടച്ചുവോ കാലം ഞെട്ടറ്റടര്‍ന്നുവൊ സ്നേഹം
കൊഴിഞുവോ മണ്ണില്‍ കുതിര്‍ന്നുവോ സ്വപ്‌നം
ഒരു യുഗസന്ധ്യതന്‍ പരിവേഷത്തിലെരിഞ്ഞുവോ
ജലധി തന്നിലൊഴുക്കിയോ മേദുരകദന ഭാരങ്ങള്‍
പഴങ്കഥയില്‍ വീണോരഗ്നിശലഭത്തിന്‍ ചിറകരിഞ്ഞുവോ
തീയെരിഞ്ഞുവൊ നെഞ്ചില്‍ പുകയുന്നുവോ മനം
ഉഴറാതെ വീണ്ടും ഉണര്‍ന്നെണീക്കുക
തളരാതെ വീണ്ടും സ്ഫുടമാക്കീടുക ചിത്തം
നിനക്കായ്` മറ്റേതോ നിയോഗം കാത്തിരിപ്പൂ
തൃഷ്‌ണ വെടിഞ്ഞുണരുക വേഗം മല്‍‌പ്രിയസഖേ............

ഇടവപ്പാതി
തിരിമുറിയാതെ പെയ്‌തുമുറുകുന്ന മഴയെ-
നോക്കി ഞ്ഞാനിറയത്തു നില്‍‌ക്കെ
പടി കടന്നാരോ വരുന്നു പോല്‍‌
എളിയിലൊരു കുഞ്ഞുമായീറന്‍ മിഴികള്‍
ഏതു ദേശത്തിലെ പാതക മഴയില്‍ നിന്നു
മതികെട്ടുവരുവതോയിടവപ്പാതിയില്‍
മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ച
ജീവിതം തിരക്കി നടപ്പതോ........
ആരുമില്ലിവിടെ തണലേകുവാന്‍
ഞാനുമീ മഹാവര്‍ഷക്കോളുമല്ലാതെ
ഋണബാദ്ധ്യത തന്‍ പേമാരിയില്‍
നനഞ്ഞു കുതിര്‍ന്നു വിറച്ചിരിപ്പവള്‍ ഞാനും.................
ജീവിത ബാക്കി തേടിയെത്തിയ കദനക്കരി-
നിഴല്‍ പടര്‍ന്ന നീര്‍മിഴികളെന്തെ
ചൊല്‍‌വൂ ദീനമായ്`...................
ഇറയത്തു വീഴുമീ ജലധാരകള്‍ ഒരു-
കുറി കൂടി നെയ്‌തെടുക്കുന്നു വര്‍ണ്ണമഴനൂലുകളെന്നോ?
നെയ്‌തെടുക്കേണ്ട കനവുകളൊന്നുമിനി
കനലായിയെരിഞ്ഞില്ലേ ജീവിതവും
താരകങ്ങളുമില്ലിവിടെ രാപ്പാര്‍ക്കുവാന്‍
സ്നേഹത്തിന്‍ മുന്തിരിവള്ളികളുമില്ലാ
പോക നീര്‍‌മിഴിയെ നിരാലംബ ഞാന്‍
മാറാവ്യഥകളായി പിന്തുടരുന്ന
ജീവിതേതിഹാസത്തിന്നന്ത്യത്തില്‍
വിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നിറങ്ങിപ്പോയ
ജീവിതം തിരക്കി നടപ്പവള്‍ ഞാന്‍................
കാറ്റും കോളുമണിഞ്ഞു മിന്നല്പ്പിണറുകള്‍‌ വീശി
മുറുകുന്നു പിന്നെയുമീ ഇടവപ്പാതി..................!

സ്നേഹവൈഖരി
മഴവില്ലിന്റെ നിറം ചാലിച്ച്‌
പ്രണയരാഗത്തിന്റെ ശ്രുതി മീട്ടി
എന്റെ മൗനശിഖരങ്ങളില്‍
ചില്ലകള്‍ കൂട്ടി നീയെന്തിനീ കൂടു മെനഞ്ഞു?
ജീവിതത്തിന്റെ തിക്തരസത്തില്‍ ലയിച്ച്‌
മന്ത്രസ്ഥായിയിലേക്ക്‌ അമരുമ്പോള്‍‌
വീണ്ടുമൊരു പുതിയ സ്വരത്തിന്റെ ആരോഹണം.................
എന്റെ കാതില്‍ പതിഞ്ഞു
ഒരു വെള്ളരിപ്രാവിന്റെ കുറുകല്‍ പോലെ
ഒഴുകിയ സ്നേഹാക്ഷരത്തിന്റെ വൈഖരികള്‍........................
തരിശാര്‍ന്ന മനസ്സില്‍ തപിച്ചു കിടന്ന
മോഹങ്ങളുടെ തിരയേറ്റം....................
മുള പൊട്ടുന്ന പുതുനാമ്പുകളുടെ
അരുണിമ കലര്‍ന്ന മന്ദഹാസം
അവിടെയുതിര്‍ത്ത പൂനിലാമഴയില്‍
പൂത്ത പാരിജാതങ്ങള്‍
സംഗീത നിശയുടെ ആര്‍ദ്രത
പുതിയ ശ്രുതി, പുതിയ രാഗം, പുതിയ ഭാവം...........
ആകാശത്തെ കവിതകളായി
നക്ഷത്രക്കുഞ്ഞുങ്ങള്‍
നക്ഷത്രക്കളമെഴുത്തിന്റെ നിലാവൊളിയില്‍
ആനന്ദഭരിതയായ വസുന്ധര
സപ്ത വര്‍ണ്ണാഞ്ചിതമായ ജീവിതത്തിന്റെ
തിരുമുറ്റത്തു ഞാന്‍
അഞ്ജലീബദ്ധയായി ,ആനന്ദാശ്രുധാരകളുമായി

പുണ്യം

നിറയും തമോവായു തന്‍
പാരതന്ത്ര്യത്തില്‍ നിന്നും
ജീവകണമായി നിറയുന്നു
കവിതേ നീയെന്നുള്‍പ്പൂവില്‍

പൊന്‍‌കതിര്‍പ്പാടത്തെ
പൊന്നൊളി ദീപമായി
പാരിതിന്‍ വെളിച്ചമായി
വിലസുന്നു കവിതേ

മഴമേഘത്തേരിലേറി
അഴകിന്‍ തിരനോട്ടവുമായി
എന്നിലെയുയിരില്‍
പൂത്തുലഞ്ഞ വാസന്തമേ

ഭാവരാഗതാളമേളത്തിന്‍
പൊന്‍‌ച്ചിലമ്പൊലിയുതിര്‍ത്ത
നൃത്യദ്ധൂര്‍ജ്ജടി തന്‍‌
മധുരോദാര നര്‍ത്തനമാടിടുന്നു
നിശീഥത്തിന്‍ നീലയാമങ്ങളില്‍
പൂക്കും നിശാഗന്ധിപോല്‍
ധവളാഭ ചൊരിഞ്ഞു വെള്ളി-
ക്കൊലുസ്സണിഞ്ഞ നിലാവായി

ചിരന്തന പുണ്യമാക്കുകെന്‍
ബോധത്തെ, പുണരുകയെന്‍
സിരകളെ, വര്‍ഷിച്ചീടുക
വാക്കിന്‍ നവകേസരങ്ങളെ

വിനിദ്രയായ്‌ തൂലികയെന്‍
കരത്തിലേന്തുമ്പോഴും
നിന്‍ ഭാവശുദ്ധി തന്‍
ഭാസുര പരിമളമൊഴുകുന്നു....

സ്നേഹോഷ്‌മള ഗാഥ

നിഷാദ സ്വപ്‌നങ്ങള്‍ക്കു വിട ചൊല്ലി
ഘനശ്യാമ രാവുകളൊഴിഞ്ഞേ പോയി
സൂര്യ ശോഭ വിതറി വന്നെത്തി
ആഹ്ലാദാരവത്തിന്‍ അരുണകിരണങ്ങളും

വെള്ളിലപക്ഷി പോല്‍ ചിറകടിച്ചുയര്‍ന്നു
പറന്നു, ഹൃദയ നഭസ്സിലെ പുലരി-
മേഘത്തിന്‍ ശംഖുനാദവും
അലിവിന്റെ ഗന്ധം പൂകി
ആത്മാവൊരു തൂവലിന്‍
മൃദുത്വമായൊഴുകവേ.....
കേള്‍പ്പൂ ജീവിത മഹാസാഗര-
ഗീതി തന്‍ നിമന്ത്രണങ്ങള്‍.........

അദ്വൈത ഭാവമാം സ്നേഹസന്ദേശത്തിന്‍
മകരന്ദമൊഴുക്കി സ്നേഹനിര്‍ഭരമാക്കുകീ
തുച്ഛമാം ജീവിത നിമിഷങ്ങളെ
ആളുന്നോരഗ്നിയില്‍ കരിയാതെ
കാക്കുകീ ജീവനത്തുടിപ്പിന്‍
സ്നേഹോഷ്‌മളമാം മധുരഗാഥയെ..........