Showing posts with label poet. Show all posts
Showing posts with label poet. Show all posts

Monday, October 5, 2009

മൗനത്തിന്‍റെ വാക്കുകള്‍-ബൃന്ദ


brinda
മൗനത്തിന്‍റെ വാക്കുകള്‍
ആരും ഒന്നും പറയുന്നില്ല.
ചില നേരങ്ങളില്‍ അങ്ങനെയാണ്‌.
നിശ്ചലമായ ഇലകളെ നോക്കി
അരണ്ട രാത്രികളില്‍
നമ്മള്‍ പറയാറില്ലേ
ഇന്ന് കാറ്റ് വീശിയില്ലാല്ലോ എന്ന്.


എന്നാല്‍ ചാറ്റല്‍മഴ ഇലകളില്‍
സന്തൂര്‍ വായിക്കാറുണ്ട്.
വ്യക്തമായി കേള്‍ക്കാവുന്ന
ഹൃദയനാളങ്ങളില്‍ നമ്മള്‍ അറിയുന്നു
നാം പ്രണയിച്ചിരുന്നവരല്ലല്ലോ എന്ന്.
നമുക്ക് അങ്ങനെയാകാന്‍ ആഗ്രഹമുണ്ട്.

എല്ലാറ്റിന്‍‌റെയും ഉത്തരങ്ങള്‍
ചില 'പിന്നെ'കളിലാണ്‌.
ചിലപ്പോള്‍ 'പക്ഷേ'കളിലും.
ഇവയില്ലായിരുന്നുവെങ്കില്‍
നാം എന്തുചെയ്യുമായിരുന്നു?
നമ്മള്‍ ഇതല്ലാതെ ഒന്നും പറയുന്നില്ല.

ആകാശം
വര്‍ണ്ണമേഘങ്ങളെക്കൊണ്ട്
വിവിധ മുഖങ്ങള്‍
വരച്ചു കൂട്ടുന്നു.
ജെറ്റ് വിമാനങ്ങള്‍ കൊണ്ട്
നാമവയെ വെട്ടിമുറിക്കുന്നു.
പ്രണയം പരത്തുന്ന
വൈറസ് ഏതാണെന്ന്
മുഖമൂടികള്‍
തിരഞ്ഞുകൊണ്ടിരിക്കുന്നു.
-നമുക്ക് കുറേക്കൂടി അടുക്കേണ്ടതുണ്ട്
വാക്കുകളെ അതിന്‍‌റെ
വഴിക്ക് വിട്ടേക്കുക .


നമ്മള്‍ പരസ്പരം
സംസാരിച്ചില്ലയെങ്കിലും
യാത്രയുടെ നിലാവില്‍
കുളിര്‍ന്നില്ലയെങ്കിലും
ഉടലുകളാല്‍ മഴത്തുള്ളിയെ
സ്പര്‍ശിച്ചില്ലയെങ്കിലും
പുഴയുടെ ഉല്‍ഭവത്തിലേക്ക്
കുളിര്‍കാറ്റിന്‍റെ വിരല്‍ പിടിച്ച്
പോയില്ലെങ്കിലും
-ഞാന്‍ എല്ലം അറിയുന്നുണ്ട്.
നീയും അങ്ങനെതന്നെ.
നമുക്ക് ഇനി എന്തെങ്കിലും പറഞ്ഞുകൂടെ.

Wednesday, September 30, 2009

മിതമായ പലിശ-ശ്രീദേവിനായര്‍




sreedevi nair
അത്യാവശ്യ വസ്തുവാണോ വാങ്ങാന്‍ പോകുന്നതെന്ന് രണ്ടു
വട്ടം ആലോചിക്കേണ്ടിവന്നില്ല.കാരണം സമാധാനം,സന്തോഷം
ഇതില്ലാതെ ജീവിതമില്ല.ജീവിതമുണ്ടെങ്കില്‍ഒരു ഭാര്യയും.
എന്നാ യിരുന്നു ഇതുവരെയുണ്ടായിരുന്ന ഉറച്ച വിശ്വാസവും!
നീണ്ടപട്ടിക കാണിച്ച് ഒന്നും ആവശ്യപ്പെടാറില്ല ഭാര്യ.പക്ഷേ
അവളുടെ കണ്ണുകളില്‍ നോക്കാന്‍ താന്‍ മിക്കപ്പോഴും അശക്ത
നാകുന്നതുപോലെ.ദിനചര്യകളില്‍ പതിവുപോലെ ലയിക്കു
മ്പോഴും അതൃപ്തിയുടെ ആവരണമെന്നും കാര്‍മേഘമായ്
പെയ്തിറങ്ങാതെ,നിറഞ്ഞൊഴുകാതെ,തുടുത്ത് ഇരുണ്ട് നില്‍ക്കുന്ന
കുടുംബാന്തരീക്ഷം.
ചന്ദ്രഭാനു ഓഫീസില്‍ നിന്നുമിറങ്ങിയപ്പോള്‍ത്തന്നെ
കഴുത്തിലണിഞ്ഞിരുന്ന വിവാഹമാല ഊരി പോക്കറ്റിലിട്ടു.
ഇനിയും ഇതിന്കഴുത്തില്‍ തുടരാനര്‍ഹതയില്ലെന്ന് ചിന്തിച്ചു
തുടങ്ങിയിട്ട് മാസം ആറുകഴിഞ്ഞിരിക്കുന്നു.വിവാഹ വാര്‍ഷിക
ത്തിനെങ്കിലും അലപം പൊന്ന് കൊടുത്ത് ഭാര്യയെ സന്തോഷിപ്പി
ക്കാത്ത ഭര്‍ത്താവ് എന്നപേര് അയാളെവിട്ടൊഴിയാനിനി
കേവലം അല്പസമയം മാത്രം ബാക്കി.

ബാങ്കിന്റെ പടികള്‍ ഇറങ്ങിഓടിവരുമ്പോഴെല്ലാം അയാള്‍
കഴുത്തില്‍ തലോടിനോക്കുകയായിരുന്നു.എന്തോ നഷ്ടപ്പെട്ടതുപോലെ,
ഒരു വര്‍ഷംകൊണ്ട് തന്റെ ആരോആയിത്തീര്‍ന്നതായിരുന്നു
ആ‍മാല.കഴുത്തില്‍ ചുംബനംകൊണ്ട് തന്നെ കോരിത്തരിപ്പിച്ചി
രുന്നു.പലപ്പോഴുംഭാര്യയുടെ അതൃപ്തിയും പിടിച്ചുപറ്റിയിരുന്നു.
രാത്രിയുടെ നിശബ്ദനിമിഷങ്ങളില്‍മുഖത്തുരസുന്ന ആ മാലയെ
അവള്‍ അങ്ങേയറ്റം വെറുത്തിരുന്നു.ഇന്ന് ആമാല അവളുടെ
കാതില്‍ കമ്മലിന്റെ വേഷത്തില്‍ തന്നെഒളിക്കണ്ണിട്ടുനോക്കി
ചിരിക്കുന്നതുകാണാന്‍ അയാള്‍ ധൃതിവച്ചു നടന്നു.
പാതിമയക്കത്തില്‍ മാലയുടെ ഉരസലില്ലാതെ,മുഖംതിരിക്കാതെ
തന്നെനോക്കിക്കിടക്കുന്ന ഭാര്യയെ ചുംബിക്കുമ്പോഴും
അയാള്‍ അസ്വസ്ഥനായി.കമ്മലിന്റെ കള്ളച്ചിരികണ്ടല്ല,
തമാശയായാണെങ്കിലും ബാങ്കിലെ ബോഡില്‍
“മിതമായ പലിശ “ യുടെ ഇടതുവശം എഴുതിച്ചേര്‍ത്ത
അക്ഷരം അയാളെനോക്കീ “അ “ എന്ന് പറഞ്ഞു
അമിതമായിച്ചിരിച്ചപ്പോള്‍!

ശലഭച്ചിറകുകൾ -എം. കെ. ജനാർദ്ദനൻ






m k janardhanan

മഞ്ഞപ്പൂവിതളുകളിൽ കറുപ്പു
പുള്ളികൾ ചൂടിയ ഈ പൂമ്പാറ്റകളുടെ
കളിയാട്ടം കാണുക.
നിലംതൊടാപ്പുക്കൾ,തെന്നി തെന്നി നൃത്തത്തിൽ
ഇളം കാറ്റിൻറെ കിന്നരമൊഴികൾ!

ദൈവസൗഹൃദമുണരുന്നു!
പൂക്കൾ അവയെ നോക്കി ദൈവമിഴികൾ തുറക്കുന്നു.
പുൽച്ചാടികൾ അഴകു യാചിച്ച്‌ ചാടിനടക്കുന്നു.
കിളികൾ അവയ്ക്കായി ദൈവത്തിൻറെ പാട്ടുകൾ പാടുന്നു.
കുട്ടികൾ ചാരുത കടംകൊള്ളുന്നു.
കവിത ഇപ്രകാരം പ്രാർത്ഥിക്കുന്നു:
ഇവരെ ആട്ടിയോടിക്കുകയും
അടർത്തിക്കളയുകയും ചെയ്യരുതേ ,
ഇവർ ഭൂമിയുടെ നിഗൂഢ ചൈതന്യങ്ങൾ .
പ്രപഞ്ചചാരുതകൾ ഇവരിലത്രേ .
മനുഷ്യ പ്രകൃതിയെ നിഗ്രഹിച്ച്‌
നീ സ്വാർത്ഥനാകൂമ്പോൾ ,
ഈ മൃദുലതകളെ കൺകളിൽ ചേർത്തുവയ്ക്കാഞ്ഞാൽ
ജീവിതം ശൂന്യം സ്വപ്നം മൃതം.
നോക്ക്‌ ,നിശ്ശബ്ദതകളുടെ ചിലങ്ക കെട്ടിയാടൂന്ന
ജീവനൃത്തം എത്ര മനോജ്ഞം!