Showing posts with label k p m navas. Show all posts
Showing posts with label k p m navas. Show all posts

Friday, September 25, 2009

മുഖം -കെ.പി.എം. നവാസ്‌


k p m navaz

കെ.പി.എം. നവാസ്‌
രാവിലെ പത്രമെടുത്ത്‌ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന മുഖങ്ങളിൽ കണ്ണോടിക്കുമ്പോൾ തന്റെ മുഖവും അതിൽ അച്ചടിച്ചു വന്നിരുന്നെങ്കിലെന്ന്‌ അയാൾ അറിയാതെ ആശിച്ചു പോകാറുണ്ട്‌.
പിന്നെ, പത്രത്തിൽ ഫോട്ടോ അച്ചടിച്ചു വന്നു കാണണമെന്നുള്ളത്‌ അയാളുടെ ഉത്ക്കടമായ മോഹമായി വളർന്നു.
പത്രത്തിലൂടെ തന്നെ നാലാളുകൾ ശ്രദ്ധിക്കുക, അവർക്കിടയിൽ താനൊരു നക്ഷത്രമായി ജ്വലിക്കുക... അലോചിക്കുന്തോറും ഉള്ളിലെ കോരിത്തരിപ്പ്‌ ഹൃദയതടങ്ങളിൽ തട്ടി ചിറ്റോളങ്ങളായി മൂർദ്ധാവിൽ വന്നടിക്കുന്നു.
അങ്ങനെ, ഒരു ദിവസം അയാളുടെ ഫോട്ടോ പത്രത്തിൽ അച്ചടിച്ചു വന്നു. പക്ഷേ, ആ ചിത്രം കാണുവാൻ അന്നയാൾ ഉണ്ടായിരുന്നില്ല.



ഒഴിവ്‌


അങ്ങനെയാണ്‌ അവർ ആ സാഹസത്തിനു തയ്യാറായത്‌.
നാട്ടിൽ തൊഴിലില്ലായ്മയും വിലക്കയറ്റവും ദാരിദ്ര്യവും കൊടികുത്തി വാഴുവാൻ തുടങ്ങിയപ്പോൾ ജനങ്ങൾ സംഘടിച്ചു. അഭ്യസ്തവിദ്യരായ യുവാക്കൾ സർക്കാർ ഉദ്യോഗസ്ഥരെ നോക്കി പല്ലിറുമ്മുകയും അസൂയപൂണ്ട്‌ കലിതുള്ളുകയും ചെയ്തു.
ഏതു വറുതിയിലും അണ പൈ കുറയാതെ മാസപ്പടി എണ്ണി വാങ്ങുന്നവർ! കൂടാതെ ഭരണചക്രത്തിന്റെ നട്ടും ബോൾട്ടും എന്ന പേരിൽ വിലക്കയറ്റത്തിന്റെ തോത്‌ അളന്നു തൂക്കി, അതിന്‌ ക്ഷാമബത്തയും മറ്റും വേറെയും എന്തിന്‌, റവന്യൂ വരുമാനത്തിന്റെ മുക്കാൽ പങ്കും ശമ്പളവും പെൻഷനുമായി അടിച്ചെടുക്കുന്ന കൂട്ടർ. നാടാകെ കത്തിയെരിഞ്ഞ്‌, ഭൂമി അടിമേൽ മറിഞ്ഞാലും പോറലേൽക്കാത്ത ഒരു വർഗ്ഗം!....
യുവാക്കളുടെ ചോര തിളച്ചു.
ഇതിനൊരു അറുതി വരുത്തണം. ചുരുങ്ങിയത്‌ ആനുകൂല്യം കൈപ്പറ്റുന്നവരിൽ ചിലരെങ്കിലും തങ്ങളിൽ നിന്നുള്ളവരായിരിക്കണം. അങ്ങനെ നീതി ഉറപ്പുവരുത്തണം.
അതിനെന്തു വഴി ?
അവർ സെക്രട്ടറിയേറ്റിലേയും സർക്കാർ ആഫീസുകളുടെയും മുമ്പിലെ വെള്ളക്കോളർ പട്ടാളത്തെ നോക്കി തലപുകഞ്ഞാലോചിച്ചു.
"ഒരു വഴിയുണ്ട്‌" അവരിൽ ഒരു ബുജിക്കു വെളിപാടുണ്ടായി. "സെക്രട്ടറിയേറ്റിൽ ബോംബു വയ്ക്കുക. ഒരു പൊട്ടലിൽ കുറേയെണ്ണം കായണം!
"അത്യുഗ്ര ശേഷിയുള്ളതു തന്നെവയ്ക്കണം..."
"ഒരു... പത്ത്‌, ആയിരമെങ്കിലും ചാകണം". മറ്റു ചിലർ ആവേശപൂർവ്വം പൈന്തുണ പ്രഖ്യാപിച്ചു." അവരുടെ ഒഴിവുകളിൽ ഞങ്ങളിൽ കുറേയാളുകൾ കയറിപ്പറ്റും.....അങ്ങനെ സാമൂഹ്യനീതി ഉറപ്പാക്കും..."
ആലോചിച്ചപ്പോൾ സൂപ്പർ ഐഡിയ.
നിർദ്ദേശം ഐകകണ്ഠ്യേന പാസായി. ഒടുവിൽ ഒരു ശുഭമുഹൂർത്തത്തിൽ അവർ അക്കാര്യം ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.
ഡും !....
ഓപ്പറേഷൻ സക്സസ്സ്‌. ഉദ്ദേശിച്ച പോലെ കുറേയെണ്ണം ചത്തൊടുങ്ങി. തൂപ്പുകാരൻ മുതൽ കാര്യക്കാരൻവരെയുള്ള അനേകം പേരുടെ കസേരകൾ ഒറ്റയടിക്കു കാലി.
യുവ വിപ്ലവകാരികളുടെ കണ്ണിൽ പൂത്തിരി കത്തി. തങ്ങളെ ഉൾപ്പെടുത്തി ഒഴുവുകൾ നികത്തപ്പെടുന്ന ശുഭ മുഹൂർത്തത്തിനായി അവർ കാതോർത്തു.
ഒരു നാൾ ഒഴിഞ്ഞു കിടന്ന കസാലകളിലൊക്കെ പുതിയയാളുകൾ കുടിയേറിയ വാർത്ത കേട്ട്‌ യുവജനസേന ആഘോഷപൂർവ്വം ആഫീസുകളിൽ ഇരച്ചു കയറി തങ്ങളിൽ ചിലരുടെയെങ്കിലും മുഖം ആ കസാലകളിൽ കുടികൊള്ളുന്നുണ്ടോ എന്നവർ പരതി.
ആ കാഴ്ച കണ്ട്‌ അവർ ഞെട്ടി.
ഒഴിവു വന്ന കസാലകളിൽ ഇരിക്കുന്നവരൊക്കെ മരിച്ചവരുടെ ആശ്രിതരായിരുന്നു. !.....