Showing posts with label punalur. Show all posts
Showing posts with label punalur. Show all posts

Monday, October 5, 2009

മൗനത്തിന്‍റെ വാക്കുകള്‍-ബൃന്ദ


brinda
മൗനത്തിന്‍റെ വാക്കുകള്‍
ആരും ഒന്നും പറയുന്നില്ല.
ചില നേരങ്ങളില്‍ അങ്ങനെയാണ്‌.
നിശ്ചലമായ ഇലകളെ നോക്കി
അരണ്ട രാത്രികളില്‍
നമ്മള്‍ പറയാറില്ലേ
ഇന്ന് കാറ്റ് വീശിയില്ലാല്ലോ എന്ന്.


എന്നാല്‍ ചാറ്റല്‍മഴ ഇലകളില്‍
സന്തൂര്‍ വായിക്കാറുണ്ട്.
വ്യക്തമായി കേള്‍ക്കാവുന്ന
ഹൃദയനാളങ്ങളില്‍ നമ്മള്‍ അറിയുന്നു
നാം പ്രണയിച്ചിരുന്നവരല്ലല്ലോ എന്ന്.
നമുക്ക് അങ്ങനെയാകാന്‍ ആഗ്രഹമുണ്ട്.

എല്ലാറ്റിന്‍‌റെയും ഉത്തരങ്ങള്‍
ചില 'പിന്നെ'കളിലാണ്‌.
ചിലപ്പോള്‍ 'പക്ഷേ'കളിലും.
ഇവയില്ലായിരുന്നുവെങ്കില്‍
നാം എന്തുചെയ്യുമായിരുന്നു?
നമ്മള്‍ ഇതല്ലാതെ ഒന്നും പറയുന്നില്ല.

ആകാശം
വര്‍ണ്ണമേഘങ്ങളെക്കൊണ്ട്
വിവിധ മുഖങ്ങള്‍
വരച്ചു കൂട്ടുന്നു.
ജെറ്റ് വിമാനങ്ങള്‍ കൊണ്ട്
നാമവയെ വെട്ടിമുറിക്കുന്നു.
പ്രണയം പരത്തുന്ന
വൈറസ് ഏതാണെന്ന്
മുഖമൂടികള്‍
തിരഞ്ഞുകൊണ്ടിരിക്കുന്നു.
-നമുക്ക് കുറേക്കൂടി അടുക്കേണ്ടതുണ്ട്
വാക്കുകളെ അതിന്‍‌റെ
വഴിക്ക് വിട്ടേക്കുക .


നമ്മള്‍ പരസ്പരം
സംസാരിച്ചില്ലയെങ്കിലും
യാത്രയുടെ നിലാവില്‍
കുളിര്‍ന്നില്ലയെങ്കിലും
ഉടലുകളാല്‍ മഴത്തുള്ളിയെ
സ്പര്‍ശിച്ചില്ലയെങ്കിലും
പുഴയുടെ ഉല്‍ഭവത്തിലേക്ക്
കുളിര്‍കാറ്റിന്‍റെ വിരല്‍ പിടിച്ച്
പോയില്ലെങ്കിലും
-ഞാന്‍ എല്ലം അറിയുന്നുണ്ട്.
നീയും അങ്ങനെതന്നെ.
നമുക്ക് ഇനി എന്തെങ്കിലും പറഞ്ഞുകൂടെ.