Saturday, October 3, 2009

പത്ത് കവിതകള്‍-ടി.പി. അനില്‍കുമാര്‍


«



t p anilkumar

1കുട്ടമോനേ
നമ്മടെ പടിഞ്ഞാറേ പ്ലാവിന്‍തയ്യില്‍
കടിഞ്ഞൂല്‍ ചക്കയ്ക്ക്
മുള്ളൊക്കെപ്പരന്നു
മഴച്ചക്കയ്ക്ക്
മധുരമുണ്ടാവില്ലെങ്കിലും
കാക്ക കൊത്തും മുന്നേ
ഇട്ടു വയ്ക്കാം,
ഗോപാലേട്ടന്‍ വരും

ആടിനു പ്ലാവില പെറുക്കാന്‍
കരിങ്കണ്ണിപ്പാറു
പ്ലാവിന്റെ ചോട്ടിലു തപസ്സാ
കുരുപ്പിന്റെ കണ്ണ് തട്ട്യാല്‍
കരിങ്കല്ലുവരെ പൊളിയും

പഴുക്കുമ്പളേയ്ക്കും വരാന്‍ പറ്റ്വോ?

ഒണക്കച്ചെമ്മീന്‍ കൊണ്ടരും
ചേറ്റുവേന്ന് ശകുന്തള
അമ്മ വാങ്ങാറില്ല
ചക്കക്കുരൂം ചെമ്മീനും
കുട്ടമോനില്ലാത്തോണ്ട്
വെയ്ക്കാറില്ല

തെങ്ങേറണ വേലപ്പന്‍
പതിനെട്ടാമ്പട്ടേടെ ചോട്ടിലെത്തുമ്പൊ
കരിക്ക്‌ങ്കൊലേലൊന്ന് നോക്കും
ഒന്നും മിണ്ടില്ല

കഴിഞ്ഞാഴ്ച ലതീഷ് വന്നിട്ട്
കൊറേ പുസ്തകങ്ങളെടുത്തുണ്ടോയി
ഒക്കെ പാറ്റ തിന്നല്ലോന്ന് പറഞ്ഞു
പോകുമ്പോ,
കുട്ടമോന്‍ തൊടണപോലെ
അമ്മേത്തൊട്ടു

ഒള്ളതോണ്ടോണണ്ടാക്കാം
എന്റെ കുട്ടമോനൊന്ന് വന്നാ മതി
പൂത്തറ ചെതല്‌ തട്ടി വയ്ക്കാം
പറമ്പില്‌ തുമ്പപ്പൂവൊന്നുണ്ടാവില്ല
മുറ്റത്തെ ചെത്തി പൂക്കണില്ല
ഞങ്ങളൊന്നും പൂച്ചെടികളല്ലാന്നാ
നന്ത്യാറ്വട്ടോം ചെമ്പരത്തീം

കുട്ടമോന്‍ കെടക്കണോടത്ത്
കൊറച്ച് മുക്കുറ്റി നിക്കണ്‌ണ്ട്
വരുമ്പൊ പൊട്ടിച്ച് കൊണ്ടരണേ!


2)അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍


കറുത്തവര്‍ പാടിയാടുന്ന
മദ്യശാലയില്‍
‍ബിയറിനൊപ്പം കിട്ടിയ
തൊലിയില്ലാക്കപ്പലണ്ടിപറഞ്ഞു:
പതുക്കെ കടിക്കണേ
അടിച്ചു കൊഴിക്കപ്പെട്ട
പല്ലുകളാണ്‌ ഞങ്ങള്‍

ഇന്ദ്രന്‍സിനോളം ഉയരമില്ലാത്ത
ഒരു പാട്ടുകാരന്‍
പാടുവാന്‍ തുടങ്ങുമ്പോള്‍
ഇല്ലായ്മകളുടെ രൂപകംപോല്‍
മുന്‍‌വരിയിലെ പല്ലില്ലായ്മ
തുറിച്ചു നോക്കുന്നു

അവന്റെ, പാട്ടിനൊക്കും
വിലാപത്തില്‍
ഉണങ്ങിയ ആമാശയവുമായ്‌
ഒരു നാട്‌, അവിടെ
കരിന്തൊലിയാല്‍ പൊതിഞ്ഞ
തരുണാസ്ഥികൂടങ്ങള്‍
കരിഞ്ഞ പുല്‍മേടുകള്‍
പാട്ടിനൊപ്പമുള്ള
ഓരോ ചുവടിലും
ചങ്ങലയില്‍നിന്നുള്ള കുതറലുകള്‍

വെളുത്തതു മാത്രം
തെളിഞ്ഞു കാണുന്ന
അള്‍ട്രാവയലറ്റില്‍
ഒരുത്തി വന്നു
പിന്നൊരുത്തി വന്നു
വേറൊരുത്തി വന്നു
ചിരിക്കുമ്പോഴൊക്കെ
തെളിഞ്ഞ പല്ലുകള്‍
‍കൊഴിഞ്ഞു വീഴുമോ
ഭയന്നു പോയി ഞാന്‍

അടുത്ത മേശയില്‍,
കള്ളിനുകൂട്ടിത്തിന്നുമിറച്ചിയില്‍
ഇരുട്ടിലും തിളങ്ങുന്നു
ചായം പൂശിയ നഖം

കാളക്കുടല്‍ വലിച്ചു കെട്ടിയ
തന്ത്രിവാദ്യം മീട്ടി
ഒറ്റക്കൊമ്പുള്ള ഒരു പെണ്ണ്
പാട്ടു തുടങ്ങി
ആനത്തോലുടുത്ത്‌ വേറൊരുവള്‍
‍മേശമേല്‍ നിരത്തി
ബിയറോളം തണുപ്പിച്ച
കാളമൂത്രം
ഉപ്പും മുളകുമിടാതെ
വെയിലില്‍ വെന്ത
കഴുതയുടെ ജനനേന്ദ്രിയങ്ങള്‍

പുറത്തിറങ്ങുമ്പോള്‍
‍കൊടുംചൂടിന്റെ പകല്‍
രാത്രിയുടെ പുഴുക്കത്തിന്‌
അധികാരം കൈമാറിയിട്ടുണ്ട്‌
കറുത്തതെല്ലാം വെളിപ്പെടുത്താന്‍
‍വെളിച്ചം,
തെരുവില്‍ പട്രോളിനിറങ്ങിയിട്ടുണ്ട്‌
വഴിയരികിലെ
വെണ്ണക്കല്‍ മതിലില്‍
മൂത്രമൊഴിച്ചെങ്കിലും
വറ്റിക്കാനാവുന്നില്ലല്ലോ
ഉള്ളില്‍ തിളച്ചുയരും ലോഹദ്രവം!
3)സ്കൂളിനെക്കുറിച്ച്‌
സഹ്യന്റെ മകന്‍
വായിക്കാനെടുത്തപ്പോള്‍
‍സ്കൂളോര്‍മ്മ വന്നു
വൈലോപ്പിള്ളിയെ ചൊല്ലുന്ന
രാമചന്ദ്രന്‍മാഷെ
ഓര്‍മ്മ വന്നു
കുടുക്കിനിടയില്‍ പിടിപ്പിച്ച
ബാഡ്ജില്‍നിന്ന്
മഴയില്‍, കുപ്പായത്തില്‍ പരന്ന
ചോപ്പോര്‍മ്മവന്നു
അതുകണ്ട്‌
ചീത്ത പറയാതെ ചിരിച്ച
അച്ഛനെ ഓര്‍മ്മവന്നു

എല്ലാവരും എഴുതുന്നതു കണ്ട്‍
സ്കൂളോര്‍മ്മകള്‍ ഡ്രില്ലിനു നില്‍ക്കുന്ന
ഒരോര്‍മ്മക്കവിത
പുറപ്പെട്ടുവന്നെങ്കില്‍ എന്നാഗ്രഹിച്ചു

വന്നാലും എഴുതാനായിട്ടല്ല

കുളിക്കാതെയും മുഷിഞ്ഞും
ഏഴാംക്ലാസ്സില്‍ അടുത്തിരുന്നു പഠിച്ച
സുബ്രഹ്മണ്യന്റെ വിശപ്പുമണവും,
നട്ടുച്ചയ്ക്ക്‌ ഉള്ളില്‍നിന്നു വരുന്ന
അവന്റെ തേങ്ങിക്കരച്ചിലുകളും
എഴുതാനുള്ള ഭാഷ
പലപല ക്ലാസുകളില്‍
‍പലപല രാമചന്ദ്രന്‍മാഷമ്മാര്‍
‍പഠിപ്പിച്ചിട്ടും
പലഭാഷകള്‍ മുളയുന്ന കൂടുകളില്‍
‍അന്തിയുറങ്ങിയിട്ടും
പഠിക്കാനായില്ലിതുവരെ!


4)കയിലുകുത്ത്‌


പകുതിയോളം തേഞ്ഞ്‌,
പിടി തകര്‍ന്നൊരുളിയുണ്ട്‌
മേടിമേടി ഒച്ചയും കൈപ്പാങ്ങും പോയ
കൊട്ടുവടിയുണ്ട്‌
കവുങ്ങിന്‍ മുഴക്കോലില്‍
‍തെറ്റാത്ത അളവുകളുണ്ട്‌
മടക്കിവച്ച്‌ ചോരയോടാതെ
മെലിഞ്ഞുപോയ കാലുകളുണ്ട്‌
നിവരാത്തൊരുടലും തിമിരക്കണ്ണുകളും
ചെവിമേല്‍ കുറ്റിപ്പെന്‍സിലുമുണ്ട്‌

കുനിഞ്ഞിരുന്ന്
ചിരട്ടക്കയിലുണ്ടാക്കുന്നു
ആകാശംതൊടുമുയരത്തില്‍
ദാരുഗോപുരങ്ങള്‍ പണിതയാള്‍

മാന്ത്രികന്റെ കയ്യിലെ പ്രാവിനെപ്പോല്‍
ഇണങ്ങിക്കുറുകും ചിരട്ടയുടെ
തൂവലൊതുക്കിച്ചന്തം വരുത്തുന്നു
ഇടയ്ക്ക്‌,
മുറ്റത്തു മുറുമുറുക്കുംനായയോട്‌,
അരിതിന്നതുപോരേ
നിനക്കാശാരിച്ചിയേം കടിക്കണോ
എന്നു ചിരിച്ചു നോക്കുന്നു
ഉടുക്കുപോലുണ്ടാക്കിയ
മരയുരലിലെ ഇടിച്ച മുറുക്കാന്‍
ചവച്ചു രസിക്കുന്നു

മകനിനി വിളിക്കുമ്പോള്‍
ഒരിന്‍ഷുറന്‍സ്‌ പ്രീമിയമെടുക്കാന്‍
മറക്കാതെ പറയണം
എന്തിനിങ്ങനെപ്പണിയെടുക്കുന്നു
വിശ്രമിക്കേണ്ട കാലമായില്ലേ?

മുറിക്കാനുള്ള മരത്തിന്റെ
വളവും കേടും നോക്കുംപോലെ
ചുഴിഞ്ഞു നോക്കുന്നു
ഉണങ്ങിയ പുളിങ്കാതലിനേക്കാള്‍
ദൃഢഭാവത്തില്‍

‍വിശ്രമമോ?
പണിതു തീര്‍ന്നതാണല്ലാതെ
ഇരുന്നു തേഞ്ഞതല്ലെന്റെ
പണിയായുധങ്ങളും ഞാനും

കയിലിനു കണയിടാനുഴിഞ്ഞ
മുളങ്കോലൊന്നെടുത്ത്‌
ചുമ്മാ വളവു നോക്കിയിരിക്കുമ്പോള്‍
ചിരിച്ചു ചോദിച്ചു
കയിലു കുത്താന്‍ പഠിക്കണോ?

വിഷു വരുന്നു
ഉപയോഗിക്കാനാളില്ലാതെ
വീട്ടില്‍നിന്ന് പുറപ്പെട്ടുപോയ
ചിരട്ടക്കയിലും മണ്‍പാത്രങ്ങളും
തിരിച്ചുവന്നിട്ടുണ്ട്‌ അടുക്കളകളില്‍
‍വെറുതെയെന്തിനാ കുഞ്ഞേ
ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ
എരിയും വെയിലത്ത്‌
കയിലും കുത്തി നടക്കണ്‌!


5)ശലഭങ്ങളുടെ ഉദ്യാനം


നേരത്തേ ഉണര്‍ന്ന ചിലര്‍
ചിറകു കോതി വെയിലിലേയ്ക്കിറങ്ങിയിട്ടുണ്ട്‌
അവയുടെ ചിറകുകളില്‍ വെയില്‍തട്ടി
ആകാശത്ത്‌ നിറവില്ലു വിരിയുന്നു
മുഖത്തുനിന്ന്
സ്വപ്നത്തിന്റെ പൂമ്പൊടി തുടച്ച്‌
ചിലരുണരാന്‍ തുടങ്ങുന്നതേയുള്ളൂ

ശലഭങ്ങളെ തൊടുകയോ
അവയോട്‌ മിണ്ടുകയോ ചെയ്യരുതെന്ന്
കാക്കിയിട്ട കാവല്‍ക്കാരന്റെ
പിരിച്ചു കയറ്റിയ കൊടും മീശ
മുന്നറിയിപ്പു തന്നു
അതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍
മീശയുടെ ഗൗരവത്തിനു ചേരാതെ
അയാളുടെ മൊബൈല്‍ഫോണില്‍
ഒരു കുഞ്ഞ്‌ നിര്‍ത്താതെ
പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതിന്റെ
റിംഗ്‌ ടോണ്‍ കേട്ടു
പെന്‍ഷനായ പോലീസുകാരനെ
പൂമ്പാറ്റകളുടെ കാവല്‍ക്കാരനാക്കിയവരെ
പറയുവാന്‍ വന്ന തെറിവാക്കുകള്‍
അതോടെ മറന്നുപോയ്‌

തേനും പൂമ്പൊടിയും നിറഞ്ഞ
പൂക്കളേന്തിനിന്ന് കൈകഴച്ച്‌
അവ താഴെ വച്ച്‌
ഒരു സിഗരറ്റ്‌ വലിച്ചാലോ
എന്നാലോചിക്കുന്നതുപോലെയാണ്‌
ചില ചെടികളുടെ നില്‍പ്പ്‌

അയ്യോ! പൂമ്പാറ്റകളുണരുമ്പോഴേയ്ക്കും
ഇവരെങ്ങോട്ടെങ്കിലും കടന്നു കളയുമോ
എന്നാരോ വേവലാതിപ്പെടുന്നതു കേട്ടു

തേനീച്ചകളെപ്പോലെ
ഉറുമ്പുകളെപ്പോലെ
ധൃതി പിടിച്ച്‌
പണിയിടങ്ങളില്‍ പോകാതെ
എന്നെപ്പോലെ വെറുതേ പറന്നു നടക്കുകയാണല്ലോ
ശലഭങ്ങളൊക്കെയുമെന്ന്
നീ പരിഹസിക്കുകയാണല്ലേ
മുറ്റം കടന്ന്
പൂമുഖം കടന്ന്
നമ്മുടെ കിടപ്പുമുറിയില്‍പ്പോലും
വളര്‍ന്ന കാട്ടുചെടികള്‍
വെട്ടിക്കളയാന്‍ വയ്യാത്ത
മടിയനാണ്‌ ഞാനെന്ന്
പ്ലീസ്‌, ആരോടും പറയാതിരിക്കൂ

ഉയരമുള്ള കല്ലിന്മേല്‍ കയറിനിന്ന്
എന്തിനിങ്ങനെ കൈവീശുന്നു?
ഇനി നിന്റെ ഒരു കുറവേയുള്ളൂ!
നീയൊരു ശലഭമോ പക്ഷിയോ അല്ലല്ലോ!
ചിറകെന്നത്‌ പറക്കുന്നവയ്ക്കുപോലും
ഒരു സങ്കല്‍പം മാത്രമാണ്‌

നമ്മളൊരു മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍
‍അതിന്റെ ഇലകള്‍ക്കടിയില്‍നിന്ന്
ഒരേ സമയം
കൊക്കൂണുകളായിരം പൊട്ടിത്തുറന്ന്
ശലഭങ്ങളായിരം പറന്നുയര്‍ന്നിരുന്നെങ്കില്‍
‍വെറുതെ കണ്ടുനില്‍ക്കാമായിരുന്നു
ഒരു പക്ഷേ നിനക്കൊരു സന്തോഷം തോന്നുമായിരുന്നു

നല്ല മഴക്കാറുണ്ട്‌
ഇടിവെട്ടിപ്പെയ്യുമായിരിക്കും
ഇനിയിപ്പോള്‍ അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല


6)സെമിത്തേരിയിലെ നട്ടുച്ച


നിഴലുകള്‍
‍അവനനവനിലേയ്ക്കു മാത്രം
നീളുകയോ ചുരുങ്ങുകയോ
ചെയ്യുന്ന സ്ഥലത്തെയാണ്‌
സെമിത്തേരി എന്നു വിളിക്കുക
എന്നൊരു പാഠമുണ്ടായിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്‌!
നട്ടുച്ച മാത്രമാണവിടത്തെ നേരം
വെയില്‍ മാത്രം കാലാവസ്ഥയും

ക്ഷാമപ്രദേശത്തേയ്ക്ക്‌
മരുന്നും വസ്ത്രവുമായി വരുന്ന
കപ്പലും കാത്ത്
തുറമുഖത്തു നില്‍ക്കുന്ന
ഒരാളെപ്പോലുണ്ട്‌
നിന്റെ നില്‍പ്പിലെ അവശതയും
നോട്ടവും

കൈ വിറച്ചു വിറച്ച്‌,
മുറുകെപ്പിടിച്ചിരുന്ന
രണ്ടു പനിനീര്‍പ്പൂക്കളുടേയും
ഇതളുകള്‍ക്കൊപ്പം
നീയും താഴെ വീണു പോയെങ്കിലോ
എന്ന ഭയമെനിക്കുണ്ടായിരുന്നു

മുറുകെപ്പിടിച്ചപ്പോള്‍
‍പിടിവിടല്ലേ വിടല്ലേ എന്ന്
നിന്റെ കൈകള്‍
കരഞ്ഞുകൊണ്ടേ ഇരിക്കുന്നത്‌
നീ അറിയുന്നുണ്ടായിരുന്നോ?

ഒരാള്‍ക്കു നില്‍ക്കാവുന്ന നിഴല്‍
എനിയ്ക്കുണ്ടായിരുന്നെങ്കില്‍
നിന്നെ ഞാന്‍ അതിന്റെ
ചുവടെ നിര്‍ത്തുമായിരുന്നു

സെമിത്തേരിയില്‍ കാറ്റു വീശുന്നില്ല
ചെറുമരക്കൊമ്പിലെ ഇലകള്‍
എന്തിന്റേയോ അടയാളങ്ങള്‍
‍കാറ്റെന്നു കാണിച്ചു തന്നു
ദിനവും പലതവണ മരിക്കുന്ന
നമ്മളോട്‌ സഹതപിക്കുന്നതുപോലെ‌

ഉച്ച നേരത്തെ ഇലയിളക്കം
ആത്മാവുകളുടെ വര്‍ത്തമാനമാണെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്‌!
നീ കണ്ണും ചെവിയുമോര്‍ക്കുന്നത്‌
കണ്ടാലറിയാം
പറഞ്ഞു തീര്‍ന്നിട്ടില്ലാത്ത പലതുമാണ്‌
കാണുന്നതും കേള്‍ക്കുന്നതുമെന്ന്

പൊന്നുപണിക്കാരുടെ
പണിയിടങ്ങളില്‍ വന്ന്
തമിഴന്മാര്‍ മണലില്‍നിന്ന്
പൊന്‍തരികള്‍ അരിച്ചെടുക്കുന്നതുപോലെ
കളഞ്ഞുപോയ ഒരു പാട്ട്‌
പലകുറി ജലമാവര്‍ത്തിച്ച്‌
നീ അരിച്ചെടുക്കുകയാണോ?

കല്ലറയില്‍ കുനിഞ്ഞുമ്മവയ്ക്കുമ്പോള്‍
‍ചുട്ടുപൊള്ളുന്ന സിമന്റ്‌
നിന്റെ ചുണ്ടുകളോട്‌
എന്തെങ്കിലും പറഞ്ഞുവോ‌?


7)കമ്മ്യൂണിസ്റ്റ്‌പച്ചയ്ക്കിടയില്‍ പാമ്പുകള്‍
ഊരിയിട്ട കുപ്പായങ്ങള്‍


എന്റെ വീട്ടിലേയ്ക്ക്‌
പിച്ചകത്തിന്റെ അതിരുകളുള്ള
വഴിയുണ്ടായിരുന്നെന്നും
നട്ടുച്ചയ്ക്കതിലൂടെ
പൊട്ടിയൊഴുകുന്ന വിയര്‍പ്പുമായി,
തണ്ണിമത്തനോ പഴമാങ്ങയോ
അമ്മാന്റെ കടയിലെ കപ്പലണ്ടിയോ
കലാകൗമുദിയോ വാങ്ങി
‌അച്ഛന്‍ വരാറുണ്ടെന്നതും
നേരായിരിക്കുമോ?

അങ്ങനെയെങ്കില്‍
കാവിലെ വള്ളികളില്‍നിന്ന്
മാനത്തേയ്ക്ക്‌ വിരുന്നുപോകുന്ന
ഊമന്താടികള്‍
കമ്മ്യൂണിസ്റ്റ്‌ പച്ചയ്ക്കിടയില്‍
‍പാമ്പുകള്‍ ഊരിയിട്ട കുപ്പായങ്ങള്‍
പണ്ട്‌ അമ്പലനടയില്‍
ഞങ്ങള്‍ നട്ട ചുവന്ന കൊടികള്‍
പാട്ടമ്പലത്തിനുപിന്നില്‍
കരികൊണ്ടെഴുതിയ പേരുകള്‍
എനിയ്ക്ക്‌ ഓര്‍മ്മ വരേണ്ടതല്ലേ

അയല്‍ വീട്ടിലെ പെണ്‍കുട്ടികള്‍
കണ്ണെഴുതി പൊട്ടു തൊടുവിച്ച
ഉറക്കെ കുരയ്ക്കാനറിയാത്ത
ടൈഗറിനെ മറക്കുമോ?

കളിമണ്‍ ചുമരുകളും
നീലച്ചായമടിച്ച
ഒറ്റജനാലകളുമുണ്ടായിരുന്ന
എന്റെ പഴയ വീടെങ്കിലും മറക്കുമോ?

നിങ്ങള്‍ നുണ പറയുകയാണ്‌
ഞാനിവിടത്തുകാരനല്ല
ഞാന്‍ കണ്ടതും തൊട്ടതും
അതൊന്നുമല്ല

എനിയ്ക്കറിയാവുന്ന ചുവപ്പ്‌
ചെമ്പരത്തിപ്പൂവിന്റേതല്ല
എന്റെ ഉള്ളിലെ കാവി
മുളയത്തെ വല്യമ്മയുടെ
വീട്ടില്‍ പോകുമ്പോള്‍ കണ്ട
ചരല്‍ക്കുന്നുകളുടേതല്ല
പുഴക്കരയില്‍
മീനുകളൊളിച്ചു കളിക്കുന്ന
കണ്ടല്‍ച്ചെടികളുടെ ഇലകളില്‍
എന്റെ പച്ചയില്ല

നിങ്ങള്‍ എന്നെ വിളിക്കുന്നതല്ല
എന്റെ പേര്
തലയ്ക്കുപിന്നില്‍ ഒരടികൊണ്ട്‌
ഞാനിപ്പോള്‍
തീവ്രപരിശീലന വിഭാഗത്തിലാണ്‌


8)സ്വപ്നസ്തംഭനം


വിശേഷിച്ചൊന്നുമുണ്ടായില്ല
വൈകീട്ട്‌ കുളി കഴിഞ്ഞ്‌
ഭസ്മം തൊട്ടു

അത്താഴത്തിനു മുന്‍പ്
രണ്ടെണ്ണം കഴിച്ചു
പതിവില്ലാതെ ആരെയോ
ഫോണില്‍ വിളിച്ച്‌
എന്തോ പറയുന്നുണ്ടായിരുന്നു

ഉറക്കത്തില്‍
എന്തൊ ചൊല്ലുന്നുണ്ടായിരുന്നു
ആരെയോ
പേരുചൊല്ലി വിളിക്കുന്നുണ്ടായിരുന്നു

രാവിലെ
കാപ്പിയുമായിവിളിക്കാന്‍ ചെന്നപ്പോള്‍...


9)എന്നെങ്കിലും മുന്നില്‍ വരുമോ? വിടാതെ പിന്തുടരുന്നതെന്തിനെന്ന് കോപിക്കുമോ?


അടുത്തുകിടന്നാരോ
പനിക്കുന്നതിന്‍ ചൂടില്‍
‍പൊള്ളുന്നുണ്ടുറങ്ങാത്ത
രാത്രികളേറെ നാളായ്‌

സിനിമാടാക്കീസിനു പുറത്ത്‌
ശബ്ദരേഖ കേള്‍ക്കുന്നതുപോലെ
അയാള്‍ കാണും ദു:സ്വപ്നങ്ങളുടെ
സൗണ്ട്‌ ട്രാക്ക്‌ കേള്‍ക്കുന്നുണ്ട്‌
ഉറക്കത്തിലിടയ്ക്കിടെ

രാവിലെ പുറത്തിറങ്ങുവാന്‍
ചെരിപ്പിടുമ്പോള്‍, അത്
‍തൊട്ടു മുമ്പാരോ ഇട്ടുനടന്ന്
ഊരിവച്ചതുപോലെ കിതക്കുന്നു
മറ്റൊരാള്‍ വായിച്ച പഴമയോടെ
തിണ്ണയിലിരിക്കുന്നു പത്രം

തൂണിനുപിന്നില്‍ നിഴല്‍
‍അടക്കിയ ചുമ
സിഗരറ്റ്‌ പുകയോ പ്രഭാതമഞ്ഞോ
മൂടിയ രൂപം

ഇരുവശവും ഇലകള്‍ തിങ്ങിയ
വഴിയിലൂടെ
കുളത്തിലേക്കു നടക്കുന്നേരം
ഒപ്പമുണ്ടായിരുന്നു
പരിചയമുള്ളൊരെണ്ണമണം
ഉടുമുണ്ടുലയുമൊച്ചയും

കുളത്തില്‍ മുങ്ങി നിവരുമ്പോള്‍
ഒപ്പം മുങ്ങിയതിന്നടയാളം
ജലവൃത്തങ്ങളായ്‌ കണ്ടു
സോപ്പു തേയ്ക്കാനെടുത്തതില്‍
മുന്‍പാരോ തേച്ചതിന്‍ നനവ്‌

കുളികഴിഞ്ഞു പോരുമ്പോള്‍
ഒരു മിന്നായം മിന്നിയോ!
തോളൊപ്പമെത്തും ചെമ്പന്മുടി,
മുതുകില്‍ ചുണങ്ങിന്റെ
പൂക്കളം കണ്ടോ!

ഭയവിസ്മയങ്ങളുള്ളില്‍
മേളവും അമിട്ടുമൊരുക്കുന്നല്ലോ!
ഉടലും മനസ്സുമൊരു
പൂരപ്പറമ്പായ്‌
ഉറക്കമൊഴിക്കുന്നല്ലോ!


10)ഉടലുകളാല്‍ വളയപ്പെടുന്ന ദിവസം ആത്മാവ്‌ എന്തു ചെയ്യും?


ഒരിക്കല്‍
ഒരറബി നഗരത്തിന്റെ പിന്നാമ്പുറത്ത്‌
സ്ഥിരം വരവുകാരായ
കെട്ടിടം പണിക്കാര്‍ പഠിപ്പിച്ച
ഉറുദുവും പുഷ്‌തുവും തെലുങ്കും
തെറിയും മണക്കുന്ന
ഇംഗ്ലീഷുപോലുള്ളൊരു ഭാഷയില്‍
‍സോവിയറ്റ്‌ നാട്ടില്‍നിന്നു വന്ന ഒരു പെണ്ണ്
ഒരു മലയാളി യുവാവിനോട്‌
നിന്നെ എനിയ്ക്കിഷ്ടമായെന്ന് പറഞ്ഞു

അവളവന്‌ വോഡ്ക ഒഴിച്ചു കൊടുത്തു
ഉപ്പും പച്ചമുളകും ചെറുനാരങ്ങാനീരുമുള്ള
തീജലം കുടിക്കുമ്പോള്‍
തന്റെ അലമാരയിലുള്ള
പെട്ടിപ്പാറ്റകള്‍‍ പകുതിയോളം തിന്നു തീര്‍ത്ത
ഗോര്‍ക്കിയുടെ പുസ്തകം
അവനോര്‍മ്മ വന്നു
കുട്ടിക്കാലത്ത്‌ പാഠപുസ്തകം പൊതിഞ്ഞിരുന്ന
സോവിയറ്റ്‌ നാടിന്റെ മിനുസക്കടലാസും
അതിലെ മഞ്ഞു മനുഷ്യന്റെ മുള്ളങ്കിമൂക്കും
ഓര്‍മ്മ വന്നു

അവളുടെ പ്രിയ വോള്‍ഗയെ
പേരാറെന്നും പെരിയാറെന്നുമൊക്കെ
ചെറുനദികളായി പരിഭാഷപ്പെടുത്താറുണ്ട്‌
തന്റെ നാട്ടിലെ ചിലരെന്ന്
അവന്‍ അവള്‍ക്ക്‌ പറഞ്ഞു കൊടുത്തു
ലോക്കല്‍ സെക്രട്ടറി ഉസ്മാനിക്കയെ
ഉസ്മാനോവ്‌ എന്നാണ്‌
രഹസ്യമായി വിളിക്കുകയെന്നും

അവള്‍ക്കതൊന്നും മനസ്സിലായില്ല
അവള്‍ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല
ചുവന്ന ചട്ടയുള്ള പാസ്പോര്‍ട്ടാണ്‌
അവളുടെ കൈയ്യിലുള്ള ഏക പുസ്തകം
അവളുടെ സാഹിത്യ-വേദപുസ്തകം

എന്തിനാണ്‌ നീ
ഇത്തരമൊരു തൊഴിലില്‍ എന്ന്
ധൃതിപ്പെട്ട്‌ നഗ്നനാകുമ്പോള്‍ അവന്‍ ചോദിച്ചു
തീ പിടിച്ച വയര്‍ കെടുത്താന്‍
മഞ്ഞുവാരിത്തിന്നു മരിച്ച
അമ്മയെക്കുറിച്ച്‌ അവള്‍ പറഞ്ഞില്ല
പകരം, പഴുത്ത ചെറുനാരങ്ങാമുലകള്‍
‍അവന്റെ ചുണ്ടില്‍ അമര്‍ത്തി

ജനിച്ചിട്ടിതേവരെ മുലകുടിച്ചിട്ടില്ലാത്ത
കുഞ്ഞിന്റെ ആര്‍ത്തിയോടെ
അവന്‍ മുട്ടിമുട്ടിക്കുടിക്കുമ്പോള്‍
മഞ്ഞുനദിപോലെ ഉറഞ്ഞുപോയെങ്കിലും
അലയിളക്കുന്നുവെന്ന് അവള്‍ ഭാവിച്ചു

ചരിത്രരചന അവസാനിപ്പിച്ച്‌
എലിക്കാട്ടവും ശുക്ലവും
പുകയിലയും മണക്കുന്ന
രതിപ്പുരയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍
‍ആത്മാവില്‍ ഇറ്റുപോലും തീജലമില്ലാഞ്ഞിട്ടും
അവന്‌ ഉറക്കെ കരയണമെന്ന് തോന്നി


11)ഒരു നാടു മുഴുവന്‍ ഒരേ സ്വപ്നം കാണുന്നു


സ്കൂളില്‍ പോകുന്ന കുട്ടികളെ
കൊതിയോടെ വിളിക്കുന്നത്‌
പുളിയും മധുരവും വിളഞ്ഞ
പേരയും ചാമ്പമരങ്ങളുമാണ്‌
സുഗന്ധവും സുവര്‍ണവുമുള്ള
മുല്ലയും പനിനീരുമാണ്‌
കുറ്റിച്ചെടികള്‍ക്കിടയില്‍
‍ആരെങ്കിലുമുണ്ടോ?

പെണ്ണെന്നു പറയുമ്പോള്‍
‍അയയില്‍ തൂങ്ങുന്ന തുണി
കുരുക്കായി പിരിഞ്ഞുതരും
ആത്മാവുപേക്ഷിച്ച ജീര്‍ണവസ്ത്രം
കീറിമുറിക്കാന്‍
വിറകുപുരയ്ക്കുള്ളിലെ
ആയുധം കിതയ്ക്കും

അയല്‍ക്കാരന്റെ മാംസത്തിലേയ്ക്ക്‌
എളുപ്പം കയറിപ്പോകാമെന്ന്
അരയിലെ കത്തി
പലവട്ടമായി ഉറപ്പു തരുന്നു
അവന്റെ അടുക്കളയില്‍നിന്ന്
കൊണ്ടുവരാറുള്ള പകര്‍ച്ചകള്‍ക്ക്‌
ദു:സ്വാദായിരുന്നെന്ന് വിചാരിച്ചാല്‍ മതി

നട്ടുച്ചയ്ക്ക്‌
വിജനമായ വഴിയിലൂടെ
വളവ്‌ തിരിഞ്ഞ്‌
ആരോ വരുന്നുണ്ട്‌

നാരായണന്മാഷ്‌
പെന്‍ഷന്‍ വാങ്ങിവരികയാവും
നബീസുമ്മ
മോളെക്കാണാന്‍ പോയി വരികയാവും
വലിച്ചുപൊട്ടിക്കാന്‍ പാകത്തില്‍
കഴുത്തിലെ പൊന്മാല
വെയിലില്‍ തിളങ്ങുന്നുണ്ടാവും


ടി.പി.അനില്‍കുമാര്‍
തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളത്ത്‌ 1969ല്‍ ജനിച്ചു. അച്ഛന്‍: ടി.എന്‍.പ്രഭാകരന്‍, അമ്മ: ശാരദ.
അപ്പുമാഷെ സ്കൂള്‍, തളിക്കുളം ഗവണ്‍മന്റ്‌ ഹൈസ്ക്കൂള്‍, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളില്‍ പഠിച്ചു. 1992 മുതല്‍ ഷാര്‍ജജയില്‍ ജോലി ചെയ്യുന്നു.
ഭാര്യ ബിനി. ഇരട്ടക്കുട്ടികള്‍: നിരഞ്ജന്‍, അഞ്ജന.
പുസ്തകം : രണ്ട് അധ്യായങ്ങളുള്ള നഗരം (കവിതാസമാഹാരം‍)
ഇ-വിലാസം : anilantp@yahoo.com