Saturday, October 3, 2009

മഹാമനസ്കതയുടെ മാതൃകാപുരുഷൻ - ഇ എന്‍ എസ്dr. g . velayudhan
അധികമൊന്നും പ്രശസ്തി ആഗ്രഹിക്കാതെ ചെയ്യുന്ന കാര്യങ്ങളുടെ സാർത്ഥകതയിൽ സമാധാനവും സന്തോഷവും നേടുന്ന അപൂർവ്വമായ വ്യക്തിത്വമാണ്‌ ആതുരശുശ്രൂഷകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.ജി.വേലായുധൻ.
തിരുവനന്തപുരം ജി.ജി.ഹോസ്പിറ്റൽ ചീഫ്‌ മെഡിക്കൽ ഓഫീസറായ വേലായുധൻ സംസ്ഥാനത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകനാണെന്ന്‌ നിസ്സംശയം പറയാം. ഒരാൾ ഒറ്റയ്ക്ക്‌ ഇത്രയും കാര്യങ്ങൾ ചെയ്യുമോ എന്ന്‌ അത്ഭുതപ്പെടുത്തുന്നവർക്ക്‌ അദ്ദേഹം നൽകുന്ന മറുപടി ഇതാണ്‌. എനിക്കു പ്രശസ്തി വേണമെന്ന്‌ തോന്നിയിട്ടില്ല. നിർധനരായ കുട്ടികൾക്കും പാവപ്പെട്ടവർക്കും രോഗികൾക്കും എന്നെക്കൊണ്ട്‌ കഴിയുന്ന സഹായങ്ങൾ ചെയ്യുമ്പോൾ എനിക്കു കിട്ടുന്ന സന്തോഷം. അതിനെയാണ്‌ വിലമതിക്കുന്നത്‌. കേരളത്തിലെ ആദ്യത്തെ പുരുഷ ഗൈനക്കോളജിസ്റ്റായ ഡോ.വേലായുധൻ ഈരംഗത്ത്‌ വലിയൊരു പ്രബോധകനും ജേതാവുമാണ്‌. ഇദ്ദേഹത്തിന്റെ സേവന മേഖലകളെ ഇവിടെ ചുരുക്കി പ്രതിപാദിക്കുകയാണ്‌.
1. തിരുവനന്തപുരത്തെ 38 സ്കൂളുകളിൽ പ്രഭാത ഭക്ഷണം കൊടുക്കുന്നത്‌ ഈ ഡോക്ടാണ്‌. പതിനായിരം കുട്ടികൾക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്‌. പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്ന കുട്ടികളെ എന്ത്‌ പഠിപ്പിച്ചാലും തലയിൽ കയറില്ല. കുമാരപുരത്തെ അപ്പർ പ്രൈമറി സ്കൂളിലായിരുന്നു ഇതിന്റെ തുടക്കം. ഡോക്ടർ പറയുന്നു.
2. പഠിക്കാൻ കഴിവുള്ള കുട്ടികളുടെ ചെലവുകൾ ഏറ്റെടുത്ത്‌ നടത്തുന്നു. ഇപ്പോൾ 16 കുട്ടികളെ ഡോക്ടർ ദത്തെടുത്ത്‌ പഠിപ്പിക്കുന്നു. ഇതിൽ മൂന്നുപേർ എഞ്ചിനീയറിങ്ങിനും രണ്ടുപേർ മെഡിസിനും ഒരാൾ ഡന്റൽ ശയൻസിനും ഒരാൾ പോളിടെക്നിക്കിലും പഠിക്കുന്നു.
3. ഗ്രാമീണ മേഖലയിൽ സൗജന്യ ആതുരസേവന സമ്പ്രദായം തുടങ്ങി.
4. തിരുവനന്തപുരത്തെ അനാഥരുടെ മന്ദിരമായ ശ്രീചിത്രാ പുവർഹോമിനെ നവീകരിച്ചത്​‍്‌ ഡോക്ടർ ഒറ്റയ്ക്കാണ്‌. ഒരു സൗകര്യവുമില്ലാതിരുന്ന അവിടെ മുറികൾ തിരിച്ച്‌ കുട്ടികൾക്ക്‌ പഠിക്കാൻ അവസരമൊരുക്കി. പഠനോപകരണങ്ങളും യൂണിഫോമുകളും നൽകി. അന്തേവാസികൾക്ക്‌ ജി.ജി.ഹോസ്പിറ്റലിൽ പ്രത്യേക ചെക്കപ്പും ചികിത്സയും നടത്തി. ഇപ്പോഴും ചികിത്സാ സഹായം തുടരുന്നു. പുവർഹോമിൽ നേത്രചികിത്സാ ക്യാമ്പും നടത്തി.
ക്യാമ്പംഗങ്ങൾക്കായി ഒരു കയർ യൂണിറ്റ്‌ തുടങ്ങി. സ്വന്തം ജന്മദിനങ്ങൾ പുവർഹോമിൽ നടത്തി. ഹോമിലെ ഭക്ഷണരീതിയും നവീകരിച്ചു. ഡോക്ടറുടെ ജന്മദിനങ്ങളിൽ ധാരാളംപേരെ ക്ഷണിച്ച്‌ സദ്യകൊടുത്തത്‌ പല പ്രമുഖർക്കും പ്രേരണയായി. പല സമ്പന്നരും ഇപ്പോൾ ഇവിടെ ജന്മദിനം ആഘോഷിക്കാനെത്തുന്നു. ഒരു ദിവസത്തെ ഭക്ഷണം സ്പോൺസർ ചെയ്യാനുള്ള സാഹചര്യവും ഡോക്ടറാണ്‌ തുടങ്ങിയത്‌. ഇപ്പോൾ പലരും ഈ രീതിയിൽ ഭക്ഷണം എത്തിക്കുന്നുണ്ട്‌.
5. പട്ടത്ത്‌ സ്ത്രീ ശാക്തീകരണത്തിനായി ഒമ്പത്‌ തയ്യൽകേന്ദ്രങ്ങൾ തുടങ്ങി. 122 പേർക്ക്‌ പരിശീലനം നൽകി. ഇതിൽ 33 പേർ തയ്യൽജോലി ചെയ്ത്‌ ഉപജീവനം തേടുന്നു. 55 പേർ സ്വന്തം നിലയിൽ തയ്യൽ സ്ഥാപനങ്ങൾ നടത്തുന്നു. തൊഴിലില്ലാത്ത സ്ത്രീകൾക്ക്‌ ഹോം നേഴ്സിങ്ങിൽ പരിശീലനം നൽകി. ഇത്‌ പാവപ്പെട്ട സ്ത്രീകൾക്ക്‌ സ്വന്തം കാലിൽ നിൽക്കാൻ സഹായകമായി.
6. പട്ടം കേശവദാസപുരം നഗരപ്രദേശത്തുള്ള മൂന്നുറോളം ചേരിനിവാസികൾക്ക്‌ (ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ളവർക്ക്‌) വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടത്തി. 5000 രൂപ വീതം മുടക്കി 51 കക്കൂസുകൾ നിർമ്മിച്ചു നൽകി. തൈക്കൂട്ടത്ത്‌ ബാലവാടി തുടങ്ങി. മെഡിക്കൽ ക്യാമ്പുകൾ നടത്തി. ഇവിടെയുള്ള കുട്ടികൾക്ക്‌ പോളിയോ വാക്സിൻ സമ്പ്രദായവും ആരംഭിച്ചു. രോഗപ്രതിരോധത്തിനായുള്ള എല്ലാ മുൻകരുതലുകളും ഉറപ്പുവരുത്തി.
7. തിരുവനന്തപുരത്തിനും കോവളത്തിനും ഇടയ്ക്കുള്ള പത്തുറ ദ്വീപ്‌ ഡോക്ടർ ഏറ്റെടുത്ത്‌ സഹായങ്ങൾ ചെയ്ത്‌ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി. മൂന്നു കിലോമീറ്റർ നീളമുള്ള ഈ ദ്വീപ്‌ 1989ലാണ്‌ ഏറ്റെടുത്തത്‌. 223 വീടുകളാണ്‌ അവിടെയുണ്ടായിരുന്നത്‌. ഈ ദ്വീപിൽ ആഴ്ചയിൽ രണ്ട്‌ ദിവസം പ്രവർത്തിക്കുന്ന ക്ലിനിക്ക്‌ തുടങ്ങി. സൗജന്യമായി മരുന്നു നൽകുന്ന സംവിധാനം ഏർപ്പെടുത്തി. കയർ, മത്സ്യബന്ധന മേഖലകളിലാണ്‌ ഗ്രാമവാസികൾ തൊഴിൽ ചെയ്തിരുന്നത്‌. ഇടവേളകളിലെ പട്ടിണി ഒഴിവാക്കാൻ സൗജന്യഭക്ഷണം നൽകാനും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സ്ഥിരം തൊഴിൽ നൽകുന്നതിന്റെ ഭാഗമായി ദ്വീപിലെ 60 യുവാക്കളെ കലവൂരിലെ കയർപിരി കേന്ദ്രത്തിലെത്തിച്ച്‌ പരിശീലനം നൽകി. ദ്വീപിൽ കയർയൂണിറ്റ്‌ തുടങ്ങിയത്‌ വഴിത്തിരിവായി. കയർപിരി പരിശീലനവും ആരംഭിച്ചു. കുട്ടികൾക്കായി ഒരു പാർക്ക്‌ നിർമ്മിച്ചു. ജി.ജി.ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ 30 സെന്റ്‌ സ്ഥലം വാങ്ങി 16 മുറികളോടെ രണ്ടുനില കെട്ടിടം നിർമ്മിച്ചു. ഏറ്റവും പാവപ്പെട്ട 15 കുടുംബങ്ങൾക്ക്‌ ഈ വീടുകളിൽ 15 എണ്ണം കൈമാറി. ഇതിനപ്പുറമായി 22 ആധുനിക കക്കൂസുകളും പണികഴിപ്പിച്ചു.
8. ഡോ.അംബേദ്കർ മെമ്മോറിയൽ ഹൗസിംങ്ങ്‌ സ്കീം ഡോക്ടർ വേലായുധന്റെ മഹത്തായ സംരംഭമാണ്‌. 1993-ൽ കടംപള്ളി പഞ്ചായത്തിൽ ഈ പദ്ധതിക്ക്‌ തുടക്കമായി. വരാന്തയും ആധുനിക കക്കൂസുകളുമുള്ള വീടാണ്‌ അദ്ദേഹം ഇവിടെ ഓരോരുത്തർക്കും സാക്ഷാത്ക്കരിച്ചതു. 2003-ൽ പള്ളിച്ചൽ, കൊടുകാൽ, മാരണല്ലോ‍ൂർ, മലയിൻകീഴ്‌, വിളപ്പിൽ, അതിയന്നൂർ, ബാലരാമപുരം, നേമം എന്നിവിടങ്ങളിലായി മറ്റൊരു ഹൗസിങ്‌ സ്കീമും അദ്ദേഹം ആരംഭിച്ചു. വീടില്ലാത്തവർക്കായി അദ്ദേഹം 170 വീടുകൾ നിർമ്മിച്ചു നൽകി.
9. സ്വന്തം സ്ഥാപനമായ ജി.ജി ഹോസ്പിറ്റലിലെ വീടില്ലാത്ത തൊഴിലാളികൾക്കായി അദ്ദേഹം മറ്റൊരു പദ്ധതിയും നടപ്പാക്കി. ഇതിന്റെ ഭാഗമായി 24 വീടുകളാണ്‌ പണിതുകൊടുത്തത്‌.
10. ആരോഗ്യരംഗത്ത്‌ ഡോ.ജി.വേലായുധൻ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. ഗർഭധാരണം, ഗർഭകാല ശുശ്രൂഷ, അബോർഷൻ, പ്രസവം എന്നീ കാര്യങ്ങളെപ്പറ്റിയുള്ള പല അബദ്ധധാരണകളും അദ്ദേഹം തിരുത്തി. പഠനവും ഗവേഷണവും ശുശ്രൂഷയും ഒരേസമയം കൊണ്ടുപോയി അദ്ദേഹം രോഗികളുടെ വിശ്വാസമാർജ്ജിച്ചു. ഗർഭിണികളായ ഡോക്ടർമാർപോലും ഡോ.വേലായുധനെ സമീപിക്കുന്നത്‌ അദ്ദേഹത്തിന്റെ വിശ്വാസ്യതയുടെ അടയാളമായി കാണേണ്ടതാണ്‌. അബോർഷൻ തടയുന്നതിനു ചികിത്സാരീതി വികസിപ്പിച്ചതാണ്‌ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്‌. 'അമ്മ ആകുമ്പോൾ അറിയാൻ' എന്നൊരു പുസ്തകതന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഗ്രാമങ്ങളിലുള്ളവർക്ക്‌ ഗർഭകാല പരിചരണം നടത്താൻ ഇത്‌ സഹായകമായി. ഗർഭിണികളിൽ കണ്ടുവരുന്ന സന്ധിവേദന, കൈ കാൽമുട്ടുവേദന തുടങ്ങിയവയ്ക്കെല്ലാം ഡോക്ടർ വളരെ ലളിതമായ വ്യായാമമുറകൾ നിർദ്ദേശിച്ചു. നൂറുശതമാനവും വിജയംകണ്ടു.
കുട്ടികളുടെ വളർച്ചയ്ക്കും അവരുടെ ഭാവിക്കും കുടുംബാസൂത്രണം ആവശ്യമാണെന്ന്‌ അദ്ദേഹം ചിന്തിച്ചു. പ്രസവത്തിനുശേഷമുള്ള സ്റ്റര്റിലൈസേഷൻ ഓപ്പറേഷൻ നടത്തിയ ആദ്യ കേരള ഡോക്ടർ വേലായുധനാണ്‌.
പുകവലിക്കെതിരെ സൈൻ ബോർഡുകൾ സ്ഥാപിച്ചുകൊണ്ടാണ്‌ ഡോക്ടർ തീരദേശവാസികളെ ഇതിലേക്ക്‌ ശ്രദ്ധക്ഷണിച്ചതു.
സ്വന്തം ജീവിതത്തെ ഒരു മലർവാടിയാക്കിയ മഹാനാണ്‌. ഡോ.ജി.വേലായുധൻ. അദ്ദേഹം ഒരു പുഷ്പത്തെപ്പോലെ മറ്റുള്ളവർക്ക്‌ നന്മമാത്രം ചൊരിയുന്നു. ഡോ.വേലായുധന്റെ ചിരിയും പ്രകൃതവും ഏതൊരാൾക്കും മനസ്സിനു സുഖം തരും. അദ്ദേഹം എപ്പോഴും സേവനസന്നദ്ധനാണ്‌. മറ്റുള്ളവർക്കുവേണ്ടി ഒരാൾ എങ്ങനെ ജീവിക്കണമെന്നറിയണമെങ്കിൽ ഈ ഡോക്ടറെ മാതൃകയാക്കണം.
വലിയ സാമൂഹിക അവബോധമാണ്‌ ഡോക്ടറുടെ കൈമുതൽ. അദ്ദേഹത്തിനു സാമൂഹ്യജീവിതത്തിന്റെ സമരവും ചരിത്രവും ഉച്ചനീചത്വങ്ങളും വിവേചനവും ദാരിദ്ര്യവും എല്ലാം മനസ്സിലാകും. ജീവിതം ഒരു സമരമാക്കിയതുകൊണ്ട്‌ ഓരോ അധ്വാനത്തിന്റെയും ഗുണം ശരിക്കറിയാം. തന്റെ ആദർശത്തിന്റെ പ്രതീകാത്മകമായ ആവിഷ്കാരം എന്നതുപോലെ ജി.ജി ഹോസ്പിറ്റലിനു മുന്നിൽ രണ്ട്‌ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്‌. ഒന്ന്‌ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക്‌ തുടക്കക്കാരനായ ഡോ.പൽപ്പുവിന്റേതാണ്‌. കേരളത്തിലെ അധഃസ്ഥിത ജനതയ്ക്ക്‌ ആത്മവിശ്വാസവും ജീവിതദർശനവും നൽകിയ ഡോ.പൽപ്പുവിനെ മാതൃകയാക്കിയത്‌ ഡോ.വേലായുധന്റെ മഹത്തായ ജീവിതാവബോധം കൊണ്ടാണ്‌. മറ്റൊരു പ്രതിമ ഇന്ത്യൻ ഭരണഘടനാശിൽപിയും അധഃകൃതരുടെ പടത്തലവനുമായ ഡോ.അംബേദ്ക്കറുടേതാണ്‌. ഈ രണ്ട്‌ മഹാന്മാരുടെയും ജീവിതപന്ഥാവിലെ വെളിച്ചം ഡോ.വേലായുധൻ ശിരസ്സാവഹിച്ച്‌ കർമ്മമാർഗം പ്രകാശ പ്രവാഹമാക്കിയിരിക്കുന്നു. സ്വന്തം പ്രകാശപാതയെപ്പറ്റി ഡോ . വിശദീകരിച്ചതു ഇങ്ങനെയാണ്‌: ജീവിതം നശ്വരമാണ്‌. ജീവതത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാനുള്ള അവസരം പാഴാക്കരുത്‌. മറ്റുള്ളവർക്കുകൂടി പ്രയോജനം ചെയ്യുന്നതാകണം നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കേണ്ടതെന്ന ശ്രീനാരായണ ഗുരുവിന്റെ ഉപദേശം എന്റെ പ്രാണനാണ്‌. നാളേക്കുവേണ്ടി അധികം കരുതിയിട്ട്‌ കാര്യമില്ല. കഴിവിന്റെ പരമാവധി പ്രയത്നിക്കുക. പ്രതിഫലേച്ഛയില്ലാതെ. എല്ലാവരും ഈ രീതിയിൽ ചിന്തിച്ചാൽ ലോകം എത്ര മാറിയേനെ. ഞാൻ ലക്ഷക്കണക്കിനു രോഗികളെ ചികിത്സിച്ചു. ഇപ്പോഴും നോക്കുന്ന രോഗികളുമായി ഇടപഴകുമ്പോൾ എനിക്കു വലിയ സുഖം കിട്ടുന്നുണ്ട്‌. പണത്തേക്കാൾ വലുതാണ്‌ രോഗിയുടെ സമാധാനവും അവന്റെ ചിരിയും.

ഭാര്യ: ഓമന, മക്കൾ : ഡോ.മീര ദുബായിൽ ഗൈനക്കോളജിസ്റ്റ്‌. ഡോ.മായ (അന്തരിച്ചു), ചിത്ര (തിരുവനന്തപുരത്ത്‌ ജവഹർകോളനിയിൽ താമസം.)


കടപ്പാട്: ഗോകുലംശ്രീ