Showing posts with label k t shahul hameed. Show all posts
Showing posts with label k t shahul hameed. Show all posts

Wednesday, September 30, 2009

ഹേ റാം-ഷാഹുൽ ഹമീദ്‌.കെ.ടി






shahul hameed k t

ഇരുട്ട്‌ അവർക്കനുഗ്രഹമാവുന്നു, എവിടെ നിന്നോ പൊഴിയുന്ന നോട്ടുകളുടെ തിളക്കവും നോട്ടുകളുടെ പെയ്ത്തിൽ ഭരണപക്ഷവും പ്രതിപക്ഷവുമൊന്നാവുകയും കരാറുകൾ എല്ലാം പരിശോധനകളില്ലാതെ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. എതിർപ്പിന്റെ ന്യൂനപക്ഷത്തെ തള്ളിമാറ്റി, നോട്ടുകൾക്കായി പരക്കംപായുന്ന അവർ വടികുത്തി ആരോ നടന്നുപോകുന്ന ശബ്ദം കേട്ടില്ല. പുറത്തേക്കുള്ള പടിയിറങ്ങുന്ന ആ ഇടറിയ കാലൊച്ചകൾക്കൊപ്പം ഇങ്ങനെകൂടി കേട്ടു:
"നാഥുറാമിന്റെ കൂട്ടുകാരെ, എന്റെ ഇടനെഞ്ചിലേക്കൊരു വെടിയുണ്ടകൂടി ഉതിർക്കൂ...."
പോലീസുകാരാൽ വലയം ചെയ്ത ഒരാൾ പുറത്തേക്കിറങ്ങുമ്പോഴാ ശബ്ദം കേട്ടു.
"ബാപ്പൂ സമയമില്ല. ജീവപരന്ത്യം ശിക്ഷയ്ക്കു വിധിച്ച കൊലയാളിയാണു ഞാൻ. ജയിലിലേക്കു മടങ്ങണം."
വടി തഴേക്കു വീണു, കാലുകൾ തെന്നി, നിലത്തേക്കു വീഴുമ്പോൾ ശബ്ദം വിറങ്ങലിച്ചിരുന്നു.
" കൊലയാളിയും ജനപ്രതിനിധിയോ.!"
ഇടനെഞ്ചിലെന്തോ പൊട്ടിച്ചിതറി, പടികളിലൂടെ ഉരുളുമ്പോൾ വായിൽ നിന്ന്‌ രക്തം ഒലിച്ചിറങ്ങുന്നു, ഒപ്പം വാക്കുകളും...
" ഹേ റാം"......







കാട്ടിലേക്കുള്ള വഴി
ഷാഹുൽഹമീദ്‌.കെ.ടി
അവൻ ഓടുകയാണ്‌, കാട്ടുവഴിയിലൂടെ...
ഓടി ഓടി ജലാശയത്തിനരികിലെത്തിയ അവന്റെ കിതച്ചുനിൽക്കുന്ന രൂപം വെയിൽനാളങ്ങൾ ജലപ്രതലത്തിൽ വരഞ്ഞിട്ടു. കടുത്ത ദാഹമുണ്ടായിരുന്നു. കുന്തിച്ചിരുന്നു, കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്തു കുടിച്ചു. അപ്പോഴാണ്‌ ഇലച്ചാർത്തുകൾക്കിടയിലെ കടുവയെക്കണ്ടത്‌. അതും വെള്ളം കുടിക്കുകയാണ്‌. അവൻ എഴുന്നേറ്റു. കൈകളിൽ നിന്നും വെള്ളമിറ്റുന്നു. ചുണ്ടിലൂടെ ജലകണമൊലിക്കുന്നു. കടുവ നടന്നു വരികയാണ്‌, വെള്ളത്തിലൂടെ ചുവടുകൾ പിന്നാക്കം വയ്ക്കുന്ന അവൻ വൃക്ഷത്തിൽ തടഞ്ഞു. പിറകിലേക്കു നോക്കിയപ്പോൾ പിന്നിട്ടവഴികൾ കണ്ടു. ആ വഴികൾ അവസാനിക്കുന്നത്‌ ഗ്രാമത്തിലാണ്‌... അവിടെ, അച്ചൻ ഒരഗ്നിഗോളമായി പിടയുമ്പോൾ ളോഹ പൊടിക്കാറ്റിനൊപ്പം തീനാളങ്ങളുമായി പറന്നുപോവുന്നു....! സ്ഫോടനങ്ങളുടെ പുകപ്പടർപ്പിനുള്ളിൽ സിസ്റ്ററുടെ കൈകളെഴുന്നു നിൽക്കുന്നു. വെന്ത മാംസങ്ങളുമായി.....! അനാഥാലയത്തിന്റെ തകർന്ന മേൽക്കൂരയിൽ കുടുങ്ങിയ അവന്റെ കൂട്ടുകാരെ ചവിട്ടിയാണ്‌ അവർ വരുന്നത്‌, വാളും വടികളും, തീപ്പന്തങ്ങളുമായി......! അവൻ ജലാശയത്തിലേക്കു തന്നെ നോക്കി. ചുവടുകൾ മുന്നോട്ടു വച്ചു. കടുവ അരുകിലെത്തിയിരുന്നു. അതവന്റെ കാലുകളിൽ ദേഹമുരസി ജലാശയത്തിനരുകിലൂടെ നടന്നു. വനാന്തർഭാഗത്തേക്കുള്ള വഴിയിലേക്കു കയറുന്ന കടുവ അവനെ തിരിഞ്ഞു നോക്കി, തലയാട്ടി വീണ്ടും നടന്നു.
അവൻ നടക്കുകയാണ്‌ കടുവയുടെ പിറകെ.....
* ഒറീസ്സയിൽ ഹൈന്ദവ ഫാസിസ്റ്റ്‌ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ക്രൈസ്തവർ കാടുകളിൽ അഭയം പ്രാപിച്ചു.